06 June Saturday

കൈവിടുന്ന തട്ടകങ്ങൾ

ഡി ദിലീപ്‌Updated: Thursday Apr 18, 2019

കൊച്ചി
നിലവിലുള്ള അഞ്ചിനു പുറമെ രണ്ട‌ു മണ്ഡലംകൂടി പിടിച്ചെടുക്കാൻ എൽഡിഎഫും കൈയിലുള്ള രണ്ട‌ു മണ്ഡലം നിലനിർത്തി ഒന്നുകൂടി അടർത്തിയെടുക്കാനാകുമോ എന്ന‌് യുഡിഎഫും കിണഞ്ഞുപരിശ്രമിക്കുന്ന കാഴ‌്ചയാണ‌് മധ്യകേരളത്തിൽ. 2009ൽ പാലക്കാട്ടും ആലത്തൂരിലും നിലനിർത്തിയ എൽഡിഎഫ‌് തൃശൂർ, ചാലക്കുടി, ഇടുക്കി എന്നിവ പിടിച്ചെടുത്തു. എറണാകുളവും കോട്ടയവുംകൂടി പിടിച്ചെടുക്കാനാണ‌് ശ്രമം.

ആലത്തൂരിലെ പുറം ഇളക്കങ്ങളിൽ കണ്ണുവച്ചാണ‌് ഒന്നുകൂടി അടർത്താനാകുമോ എന്ന‌് യുഡിഎഫ്‌ വൃഥാശ്രമിക്കുന്നത‌്. പാലക്കാട‌്, തൃശൂർ, ചാലക്കുടി എന്നിവിടങ്ങളിൽ മാത്രമാണ‌് എൻഡിഎ സാന്നിധ്യം അറിയിക്കാനായിട്ടുള്ളത‌്. ഹാട്രിക‌് തേടിയാണ‌് എം ബി രാജേ‌ഷ‌് പാലക്കാട്ട‌് മത്സരിക്കുന്നത‌്. മീനച്ചൂട‌് പോലെ  പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങൾക്കാണ‌് പ്രചാരണത്തിലും പ്രാമുഖ്യം. എംപിയുടെ പ്രവർത്തനംമൂലം ജനപിന്തുണ മുമ്പത്തേക്കാൾ കൂടിയ നിലയിലണ‌് എൽഡിഎഫ‌് ഇന്ന‌്. എംപി ഫണ്ടിൽ നടപ്പാക്കിയ 500 കോടിയുടെ പദ്ധതികൾ, പൊതുമേഖലാ സംരക്ഷണത്തിനുൾപ്പെടെ ശക്തമായ ഇടപെടൽ,  ഐഐടിയുടെ പൂർത്തീകരണം തുടങ്ങിയവ.

ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ‌്ഠനിലൂടെ രാജേഷിന്റെ ലീഡ‌് കുറയ‌്ക്കാനാകുമോ എന്നാണ‌് യുഡിഎഫ‌് നോക്കുന്നത‌്. നാടുമായുള്ള പരിചയം ഇതിനു സഹായിക്കുമെന്നാണ‌് പ്രതീക്ഷ.  ബിജെപിയുടെ ഏക നഗരസഭയിലെ  വൈസ‌്  ചെയർമാൻ സി കൃഷ‌്ണകുമാറാണ‌് എൻഡിഎ സ്ഥാനാർഥി. നഗരസഭയിൽ മാലിന്യപ്രശ‌്നം സജീവ ചർച്ചയായത‌് കൃഷ‌്ണകുമാറിന‌് സ്വന്തം തട്ടകത്തിൽ ഇടിവുണ്ടാക്കുമെന്ന‌് ബിജെപി ഭയക്കുന്നു.

ആലത്തൂർ രാഷ‌്ട്രീയമായി ഇടതുപക്ഷ കോട്ടയാണ‌്. ആലത്തൂരും തരൂരും ചിറ്റൂരും  നെന്മാറയും ചേലക്കരയും കുന്നംകുളവും വടക്കാഞ്ചേരിയും അടങ്ങുന്ന മണ്ഡലം. ഏഴു മണ്ഡലങ്ങളിൽ ആറും എൽഡിഎഫിന്റെ കൈവശം. കഴിഞ്ഞ രണ്ടു തവണയും ഭൂരിപക്ഷം വർധിപ്പിച്ച എൽഡിഎഫ‌ിന്റെ പി കെ ബിജു മൂന്നാം ഊഴത്തിനായി ജനവിധി തേടുന്നു.

മാധ്യമങ്ങൾ ചാർത്തിക്കൊടുത്ത പരിവേഷത്തിൽ ഉപരിതലത്തിൽ ഓളമുണ്ടാക്കാൻ കഴിയുമോ എന്നാണ‌് യുഡിഎഫ‌് സ്ഥാനാർഥി രമ്യ ഹരിദാസ‌് നോക്കുന്നത‌്. എന്നാൽ, മണ്ഡലത്തിലെ ഇടതുപക്ഷശക്തിയെ മറികടക്കാൻ കഴിഞ്ഞിട്ടില്ല. എംപിയെന്ന നിലയിൽ തനിക്ക‌ു ലഭിച്ച ഫണ്ട‌് നൂറു ശതമാനവും ബിജു പൂർത്തിയാക്കി. 20,000 കുടുംബങ്ങളിൽ കുടിവെള്ളമെത്തിച്ചു. അതേസമയം, താൻ പ്രസിഡന്റായ കുന്ദമംഗലം ബ്ലോക്ക‌ിലെ ധനവിനിയോഗത്തിലെ പരാജയം  രമ്യക്ക‌് വിശദീകരിക്കേണ്ടിവരുന്നു. ബിഡിജെഎസിലെ ടി വി ബാബുവിന‌ു വേണ്ടി ബിജെപി സജീവമല്ല.
ത്രികോണമത്സരംകൊണ്ട‌് ശ്രദ്ധേയമായ  തൃശൂർ എൽഡിഎഫിന‌് മേൽക്കൈ നൽകുന്നു. ഏഴു നിയമസഭാ മണ്ഡലത്തിലും എൽഡിഎഫ‌്. മണ്ഡലമാകെ എടുത്താൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം. അതോടൊപ്പം രാജാജി മാത്യുവിന്റെ സൗഹൃദങ്ങളും രാഷ‌്ട്രതന്ത്രജ്ഞൻ എന്ന പരിവേഷവും ഗുണം ചെയ്യും.

കോൺഗ്രസിലെ ടി എൻ പ്രതാപന‌് പ്രചാരണത്തിലൂടെ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും എ, ഐ ഗ്രൂപ്പുകളെ അകറ്റി നിർത്തിയത്‌ തിരിച്ചടിയായിരിക്കുകയാണ്‌. എൻഡിഎ സ്ഥാനാർഥി സുരേഷ‌് ഗോപി ശക്തമായ പ്രചാരണത്തിലൂടെ മുന്നോട്ടുവന്നതും പ്രതാപന്റെ വോട്ടിൽ വിള്ളൽ വീഴ്‌ത്തും.
യുഡിഎഫിന‌്  വേരോട്ടമുള്ള മണ്ഡലമായ ചാലക്കുടിയിൽ  നടനായി വന്ന‌് ജനകീയ നായകനായി മാറിയ ഇന്നസെന്റ‌ിനാണ‌് മേൽക്കൈ. പല ഘട്ടങ്ങളിലായി ആരോഗ്യപ്രശ്്‌നങ്ങളെ അതിജീവിച്ച അതേ ആത്മവിശ്വാസമാണ‌് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറയുന്നു. ജനങ്ങൾ നൽകിയ വിശ്വാസം അതിന്റെ ഇരട്ടിയായി വികസനപദ്ധതികളിലൂടെ തിരിച്ചുനൽകി. അതിന്റെ തുടർച്ചയ‌്ക്കാണ‌്  ഇക്കുറി ഇന്നസെന്റിന്റെ വോട്ടഭ്യർഥന‌. 

യുഡിഎഫ‌് കൺവീനർ ബെന്നി ബെഹനാന‌് വേണ്ടി പ്രചാരണത്തിന‌് കോൺഗ്രസ‌് പ്രവർത്തകരെ സജീവമാക്കാനായെന്നാണ്‌ യുഡിഎഫ്‌ അവകാശവാദം. ഏഴിൽ നാല‌് എംഎൽഎമാരും യുഡിഎഫിനൊപ്പം. ഇത‌് അനകൂലമായി അവർ കണക്കാക്കുന്നു. എന്നാൽ, അവയെ മറികടക്കുന്ന എതിർവികാരങ്ങളാണ‌് യുഡിഎഫിന്റെ ഉറക്കംകെടുത്തുന്നത‌്.

കിഴക്കമ്പലത്തെ ട്വന്റി–- ട്വന്റി ഗ്രൂപ്പ‌് 20,000 പേരെയാണ‌് ബെന്നി ബെഹനാനെതിരെ അണിനിരത്തിയത‌്. ഇന്നസെന്റ‌്  മിത്രമാണെന്നും അവർ പറയുന്നു. കളങ്കിതനെന്ന വി എം സുധീരന്റെ വിശേഷണവും ചർച്ച.  സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണനാണ‌് ബിജെപി സ്ഥാനാർഥി.  പ്രചാരണം അവസാനഘട്ടത്തിലേക്ക‌് എത്തുമ്പോൾ ‘അട്ടിമറിയോ?’ എന്ന ചോദ്യം എറണാകുളം ഉയർത്തുന്നു. കോൺഗ്രസിന‌് സ്വാധീനമുള്ള മണ്ഡലത്തിൽ രാഷ‌്ട്രീയാതീതമായ ചിന്ത മണ്ഡലത്തിലെങ്ങും ദൃശ്യമാണ‌്. മികച്ച പാർലമെന്റേറിയൻ എന്ന‌് ഏവരാലും അംഗീകരിക്കപ്പെട്ട പി രാജീവ‌് എൽഡിഎഫ‌് സ്ഥാനാർഥിയായെത്തിയത‌് യുഡിഎഫ‌് ക്യാമ്പിനെ അങ്കലാപ്പിലാക്കുന്നു.  ഹൈബി ഈഡനെ രംഗത്തിറക്കിയിട്ടും രാജീവിന‌ു ലഭിക്കുന്ന സ്വീകാര്യതയിൽ യുഡിഎഫ‌് കണക്കുകൂട്ടലുകൾ തെറ്റുകയാണ‌്.  കെ വി തോമസിനെ എകപക്ഷീയമായി മാറ്റിയതിൽ അദ്ദേഹത്തിന്റെ അനുയായികൾക്കുള്ള പ്രതിഷേധവും ഒടുങ്ങിയിട്ടില്ല. എൻഡിഎ സ്ഥാനാർഥിയായി രാജ്യസഭാംഗവും കേന്ദ്ര മന്ത്രിയുമായ അൽഫോൺസ‌് കണ്ണന്താനം ഒടുവിലാണ‌് മണ്ഡലത്തിലെത്തിയത‌്.

‘ഇടുക്കിയുടെ വികസനത്തുടർച്ചയ‌്ക്ക‌് വീണ്ടും ജോയ‌്സ‌്’ എന്ന മുദ്രാവാക്യം മണ്ഡലം ഏറ്റെടുത്തിട്ടുണ്ട‌്. കസ‌്തൂരി രംഗൻ റിപ്പോർട്ട‌്, പരിസ്ഥിതി ലോലപ്രദേശ വിജ്ഞാപനം എന്നിവയിലൂടെ മുൻ യുഡിഎഫ‌് സർക്കാർ മലയോരമേഖലയോട‌് കാണിച്ച ക്രൂരതയുടെ പ്രതിഷേധം അടങ്ങിയിട്ടില്ല. മണ്ഡലത്തിൽ നടത്തിയ 4750 കോടിയുടെ വികസനത്തിന്റെ തുടർച്ചയ‌്ക്കാണ‌് ജോയ‌്സ‌് ജോർജ‌് വോട്ട‌് തേടുന്നത‌്. കഴിഞ്ഞതവണ തോറ്റ ഡീൻ കുര്യാക്കോസിനെ വച്ചാണ‌് യുഡിഎഫ‌്  ഭാഗ്യം പരീക്ഷിക്കുന്നത‌്. എൻഡിഎ സ്ഥാനാർഥിയായ ബിഡിജെഎസിലെ ബിജു കൃഷ‌്ണനായി സജീവമായ പ്രചാരണംപോലും മണ്ഡലത്തിൽ ഇല്ല. 

കെ എം മാണിയുടെ അപ്രതീക്ഷിത മരണം സഹതാപമാക്കി രക്ഷപ്പെടാനാകുമോയെന്ന അവസാന ശ്രമത്തിലാണ‌്  കോട്ടയത്ത‌് യുഡിഎഫ‌്. മുൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ വി എൻ വാസവൻ ആർജിച്ച ബൃഹത്തായ സൗഹൃദബന്ധങ്ങൾ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് മുതൽക്കൂട്ടാണ‌്.  യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം തുടക്കംമുതൽ വിവാദമാക്കിയ മണ്ഡലമാണ‌് കോട്ടയം. ജോസഫ‌് ഗ്രൂപ്പിന്റെയും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും എതിർപ്പ‌് അവഗണിച്ചാണ‌് കേരള കോൺഗ്രസ‌് എം ഇവിടെ  തോമസ‌് ചാഴിക്കാടൻ എംഎൽഎയെ രംഗത്തിറക്കിയത‌്. എൻഡിഎ സ്ഥാനാർഥി പി സി തോമസിന‌് മണ്ഡലത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.


പ്രധാന വാർത്തകൾ
 Top