21 November Thursday

സ്വപ്‌നം കാണുക വിദ്യാർഥികളേ...

സി രാമചന്ദ്രൻUpdated: Thursday Oct 17, 2019


ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ ജ്വാലാവാഹിയായി തുടങ്ങി രാജ്യത്തെ വിദ്യാർഥിസമൂഹത്തെയാകെ ജ്വലിക്കുന്ന മനസുകളായി മാറ്റാൻ ശ്രമിച്ച എ പി ജെ അബ്‌ദുൾകലാമിന്റെ ജന്മദിനമാണ്‌ ഒക്‌ടോബർ 15.  ലോക വിദ്യാർഥിദിനമായി അന്നേദിവസം ആചരിക്കാൻ ഐക്യരാഷ്‌ട്രസഭ തീരുമാനിച്ചത്‌ അദ്ദേഹത്തിന്‌ വിദ്യാർഥികളുമായുള്ള ബന്ധം വ്യക്തമാക്കുന്നു. കുട്ടികളുമായി ഇടപഴകുവാനും അവരെ പ്രചോദിതരാക്കാനുമുള്ള അേദ്ദഹത്തിന്റെ ശ്രമം അവസാനശ്വാസംവരെ തുടർന്നു.

‘സ്വപ്‌നം കാണുക, സ്വപ്‌നം കാണുക, സ്വപ്‌നം കാണുക. സ്വപ്‌നങ്ങൾ ചിന്തകളായി മാറും.ചിന്തകൾ പ്രവൃത്തിയിലേക്ക്‌ നയിക്കും’ എന്നായിരുന്നു വിദ്യാർഥികളെ പ്രചോദിപ്പിക്കുവാനായി അദ്ദേഹം ആഹ്വാനം ചെയ്‌തത്‌. ‘ആരാണ്‌ ശത്രു ?’ എന്ന കുട്ടികളുടെ ചോദ്യത്തിന്‌ അദ്ദേഹം നൽകിയ മറുപടി ‘ദാരിദ്ര്യമാണ്‌ ശത്രു, അതിനോടാണ്‌ പൊരുതേണ്ടത്‌’ എന്നായിരുന്നു. ഇല്ലാത്ത ശത്രുവിനെ കണ്ടെത്താൻ ഭരണാധിപൻമാർ കിണഞ്ഞു ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ‘പ്രശ്‌നങ്ങളുടെ മൂലകാരണം ദാരിദ്ര്യമാണ്‌,  പൊരുതേണ്ടത്‌ സ്വന്തം ജനങ്ങളോടല്ല’ എന്ന്‌ കലാം നമ്മെ ഓർമിപ്പിക്കുന്നു.

സ്വന്തം ജീവിതത്തെ റോക്കറ്റിന്റെ വിവിധ ഘട്ടങ്ങൾക്കു സമാനമായി  അദ്ദേഹം വീക്ഷിക്കുന്നു. വിക്രം സാരാഭായ്‌, സതീഷ്‌ ധവാൻ, ബ്രഹ്മപ്രകാശ്‌ എന്നിവരുടെ ശിക്ഷണത്തിൽ ഇസ്രോയിലെ റോക്കറ്റ്‌ ഗവേഷണത്തിനായി പ്രവർത്തിച്ചതാണ്‌ ഒന്നാം ഘട്ടം. രണ്ടാം ഘട്ടം ആരംഭിക്കുന്നത്‌ പ്രതിരോധ ഗവേഷണ വിഭാഗ(ഡിആർഡിഒ)ത്തിൽ പ്രവർത്തിച്ചിരുന്ന 1987 മുതലുള്ള കാലയളവാണ്‌.  ‘ഉറങ്ങുന്ന സിംഹം’ എന്ന്‌ അദ്ദേഹംതന്നെ വിശേഷിപ്പിച്ച ആ സ്ഥാപനത്തെ ഗർജിക്കുന്ന സിംഹമായി അദ്ദേഹം മാറ്റിയെടുത്തു.

അറ്റോമിക്‌ എനർജി വകുപ്പും പ്രതിരോധ ഗവേഷണ വിഭാഗവുമായി സഹകരിച്ച്‌ സായുധസേനയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ശക്തമാക്കുവാൻ ശ്രമിച്ചതാണ്‌ മൂന്നാം ഘട്ടം. ആ കാലഘട്ടത്തിൽ ഹൃദ്രോഗികൾക്കായി വില കുറഞ്ഞ സ്‌റ്റെന്റും അംഗവൈകല്യമുള്ള കുട്ടികൾക്കായി ഭാരം കുറഞ്ഞ ഉപകരണങ്ങളും വികസിപ്പിച്ചെടുത്ത്‌ പ്രയോഗത്തിലാക്കിയതാണ്‌ അദ്ദേഹത്തിന്‌ ഏറെ സംതൃപ്‌തി നൽകിയത്‌. കൂടാതെ ‘ഇന്ത്യ മില്ലെനിയം വിഷൻസ്‌‐2020’ എന്ന ഉജ്വലമായ ഭാവിപദ്ധതിയുടെ രൂപരേഖ പ്രകാശനം ചെയ്യുന്നതും ഈ സമയത്താണ്‌.

എഴുപതാം വയസ്സിൽ ഔദ്യോഗിക ജീവിതത്തിൽനിന്ന്‌ വിരമിച്ചശേഷം ഇന്ത്യയിലെ വിദ്യാർഥിസമൂഹവുമായി സംവദിച്ചുനടന്ന കാലമാണ്‌ നാലാം ഘട്ടം. വിവേചനബുദ്ധിയും വിവേകവുമുള്ള വരുംതലമുറയാണ്‌ ഇന്ത്യയിലെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണേണ്ടതെന്ന്‌ അദ്ദേഹം വിലയിരുത്തി.  ഭരണത്തിന്റെ ഉച്ചിയിൽ രാഷ്‌ട്രപതി സ്ഥാനത്തിരിക്കുമ്പോഴും അധ്യാപകനായിരിക്കാനാണ്‌ അബ്‌ദുൾകലാം ഇഷ്ടപ്പെട്ടത്‌. അതുകൊണ്ടുതന്നെയാണ്‌ ആ കാലത്തെ അഞ്ചാം ഘട്ടമെന്ന്‌ അദ്ദേഹം വിശേഷിപ്പിക്കാതിരുന്നത്‌.


പ്രധാന വാർത്തകൾ
 Top