26 January Sunday

എന്റെ മലയാളം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

പിഎസ്‌സി ചോദ്യപേപ്പർ മലയാളത്തിലാക്കാനുള്ള സർക്കാർ നിർദേശത്തിന്‌ വ്യാപകമായ പിന്തുണ.
സാഹിത്യ–- സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പ്രതികരിക്കുന്നു.

ഒരുമ ഭാഷാസ്‌നേഹത്തിന്റെ തെളിവ്‌
ഭാഷാസമരം മുഖ്യമന്ത്രിയുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന്‌ അവസാനിച്ചു. ഇത്‌ നമ്മൾക്ക്‌ ഒരു സമാശ്വാസമാണ്‌. ഇനി  എല്ലാ പിഎസ്‌സി പരീക്ഷകൾക്കും മലയാളത്തിലും ചോദ്യങ്ങളുണ്ടാകും. മാതൃഭാഷക്കുവേണ്ടി ഒരു ജനത സമരം ചെയ്യുന്നത്‌ നമ്മളെക്കുറിച്ച്‌ തെറ്റായ സന്ദേശമാണ്‌ ലോകത്തിന്‌ നൽകുക. പിഎസ്‌സി സർക്കാരിന്റെ  സൃഷ്‌ടിയാണ്‌. അതുകൊണ്ട്‌ പിഎസ്‌സിയുടെ നിരുത്തരവാദപരമായ നിലപാടുകളുടെപേരിൽ പ്രതിക്കൂട്ടിലാവുക സർക്കാർതന്നെയാവും. 

ഭരണഭാഷയും കോടതിഭാഷയും ഉദ്യോഗാർഥികളുടെ പരീക്ഷാഭാഷയുമൊക്കെ മലയാളംതന്നെ ആകണം.   മലയാളത്തിന്‌ ക്ലാസിക്കൽ ഭാഷാപദവി ലഭിച്ചതും സർക്കാർ ഭാഷാനിയമം കൊണ്ടുവന്നതും സംഘടിത ശ്രമങ്ങളുടെ ഫലമായാണ്‌ .   പതിനെട്ട്‌ ദിവസം നീണ്ട ഭാഷാസമരത്തിന്‌ ലോകത്തെങ്ങുമുള്ള മലയാളികളുടെ പിന്തുണ ലഭിച്ചു.  നമ്മുടെ മാതൃഭാഷാസ്‌നേഹത്തിനുള്ള തെളിവാണത്‌. - എം മുകുന്ദൻ
 

സാങ്കേതികപദങ്ങൾക്ക്‌ മലയാളം: വാശിവേണ്ട
പരീക്ഷ മലയാളത്തിൽ എഴുതുന്നത്  ഏറെ ഉപകാരപ്രദമാണ്. സാങ്കേതികപദങ്ങൾ മലയാളത്തിലേക്ക് തർജമചെയ്യണമെന്ന് വാശിപിടിക്കേണ്ടതില്ല. പല പദങ്ങളും മലയാളത്തിലേക്ക് മൊഴിമാറ്റാൻ എളുപ്പമല്ല. ചോദ്യം മാത്രം പോര‌ാ, സിലബസും മലയാളത്തിലാക്കണം. പാഠപുസ്തകം മുഴുവൻ മലയാളീകരിച്ചാൽ അത് മലയാളികൾക്ക് എങ്ങനെ ഉപകാരപ്രദമാകുമെന്ന് ആലോചിക്കണം. മീഡിയം മലയാളത്തിലാക്കണം. ഔദ്യോഗികഭാഷ മലയാളത്തിലാക്കണം. കോടതിഭാഷ, ഡോക്ടർമാരുടെ ഭാഷ എന്നിവിടങ്ങളിലും മലയാളഭാഷ നിർബന്ധമാക്കണം. കോടതിഭാഷ മലയാളത്തിലല്ലാത്തതിനാൽ പലരും ശിക്ഷിക്കപ്പെടുന്ന സാഹചര്യഞമുണ്ട്. മലയാളമാക്കുന്നതിന്റെ പ്രയോജനം നമുക്ക് ലഭിക്കണം. പുതിയ വാക്കുകൾ ആകാം, പക്ഷേ, എല്ലാ ഇംഗ്ലീഷ് വാക്കുകളും മലയാളത്തിൽ തർജമചെയ്യാനായെന്നു വരില്ല. അതുകൊണ്ട് മലയാളത്തിൽ ചോദ്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം, ഒഴിച്ചുകൂടാനാകാത്ത മറ്റു ഭാഷാ വാക്കുകൾ മലയാളത്തിൽ ഉച്ചരിക്കുന്നത് പഠിതാക്കൾക്ക് കൂടുതൽ ഉപകരിക്കും. - സാറാ ജോസഫ്‌

അഭിനന്ദിച്ചേ മതിയാകൂ
പിഎസ്‌സി പരീക്ഷകൾക്ക്‌ മലയാളത്തിലും ചോദ്യം ലഭ്യമാക്കുമെന്ന സർക്കാർ തീരുമാനം അഭിനന്ദനാർഹമാണ്‌. മലയാളത്തിൽ ചോദ്യങ്ങൾ ലഭിക്കുക എന്നത്‌ ഓരോ മലയാളിയുടെയും അവകാശമാണ്‌. ഇക്കാര്യം സർക്കാർ സാധിച്ചുതന്നു. ജനാധിപത്യ സർക്കാരിൽനിന്നുള്ള ജനാധിപത്യ തീരുമാനത്തെ അഭിനന്ദിച്ചേ മതിയാകൂ. അതേസമയം, ഇംഗ്ലീഷ്‌ ഭാഷയെ പൂർണമായി ഒഴിവാക്കരുത്‌.  വിദ്യാർഥികൾ പ്രാധാന്യത്തോടെ ഇംഗ്ലീഷും പഠിക്കണം. - പി വത്സല

നടപ്പാക്കാൻ വൈകരുത്‌
പിഎസ്‌സി പരീക്ഷാചോദ്യങ്ങൾ മലയാളത്തിലും നൽകാനുള്ള സർക്കാർ നിർദേശത്തിൽ സന്തോഷമുണ്ട്‌. തീരുമാനം കാലതാമസമില്ലാതെ നടപ്പാക്കാൻ പിഎസ്‌സി തയ്യാറാകണം. സാങ്കേതികത്വത്തിന്റെപേരിൽ നടപ്പാക്കൽ വൈകിക്കരുത്‌. പിഎസ്‌സി ഇല്ലാത്ത സാങ്കേതികത്വം പറഞ്ഞ്‌ സർക്കാരിനെവരെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ഒറിജിനൽ ചോദ്യം ഇംഗ്ലീഷിലല്ല, മലയാളത്തിലാണ്‌ വേണ്ടത്‌.

പിഎസ്‌സി ഇപ്പോൾ ചെയ്യുന്നതുപോലെ ഇംഗ്ലീഷിൽനിന്ന്‌ മലയാളത്തിലേക്കല്ല, മലയാളത്തിൽനിന്ന്‌ ഇംഗ്ലീഷിലേക്കാണ്‌ ചോദ്യങ്ങൾ തർജമ ചെയ്യേണ്ടത്‌. വിഷയത്തിൽ മുഖ്യമന്ത്രി മലയാളത്തിനായി കൈക്കൊണ്ട ഉറച്ച നിലപാട്‌ സ്വാഗതാർഹമാണ്‌. - അടൂർ ഗോപാലകൃഷ്‌ണൻ

ഭാഷാഭിമാനം വളർത്തും
പിണറായി സർക്കാരിന്റെ ഭാഷാ നയത്തെ ബഹുമാനിക്കുന്നയാളാണ്‌ ഞാൻ. മാതൃഭാഷക്കും പൊതുവിദ്യാലയത്തിനും പ്രാധാന്യം കൊടുക്കണമെന്ന്‌ അദ്ദേഹം അധികാരത്തിൽ വന്ന അന്നുമുതൽ പറയുന്നത്‌ ശ്രദ്ധിക്കാറുണ്ട്‌. സർക്കാരിന്റെ ഭാഷാനയം എല്ലാ സ്ഥാപനങ്ങളും പിന്തുടരേണ്ടതാണ്‌. ഇതിനെതിരായ നിലപാടായിരുന്നു പിഎസ്‌സി സ്വീകരിച്ചത്‌. ഭരണഭാഷയും കോടതിഭാഷയുമെല്ലാം മലയാളമാക്കണമെന്ന നിലപാട്‌ 2006 ലെ വി എസ്‌ അച്യുതാനന്ദൻ സർക്കാർ എടുത്തതാണ്‌. പിണറായി സർക്കാർ തുടക്കത്തിലേ അതിൽ ശ്രദ്ധിച്ചു. ഇപ്പോൾ  പിഎസ്‌സി ചോദ്യക്കടലാസ്‌ മലയാളത്തിലും ലഭ്യമാക്കാമെന്നത്‌ തീർച്ചയായും ഒരടി മുന്നോട്ടാണ്‌. ഇത്‌ മലയാളികളുടെ ഭാഷാഭിമാനം വളർത്തും. മലയാളികൾ മലയാളികളെ മലയാളത്തിൽ ഭരിക്കണം എന്നു പറയുന്നതിന്റെ ഒരു സൂചനയാണിത്‌.

കാരണം നമ്മുടെ ജനാധിപത്യമാണ്‌ മേലെ; ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം അതിനു താഴെയാണ്‌ നിൽക്കേണ്ടത്‌. ഡെമോക്രസിയെ മറികടക്കുന്ന  ബ്യൂറോക്രസി നാട്ടിലുണ്ടാകാൻ പാടില്ലെന്നുകൂടി ഈ സമരത്തിന്റെ വിജയവും സർക്കാർ തീരുമാനവും കാണിക്കുന്നുണ്ട്‌. -   എം എൻ കാരശേരി

ജനാധിപത്യത്തെ ശക്തിപ്പെടുത്തും
ഭാഷയെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്ന എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന തീരുമാനമാണ്‌ സംസ്ഥാന സർക്കാർ കൈക്കൊണ്ടത്‌. എല്ലാ പരീക്ഷകളും മാതൃഭാഷയിലാകണം.

നമ്മുടെ മാതൃഭാഷ അറിയുന്നവരാകണം ഉദ്യോഗസ്ഥതലങ്ങളിൽ വരേണ്ടത്‌. ഇംഗ്ലീഷ്‌ അറിയില്ലെന്ന കാരണംകൊണ്ടുമാത്രം മലയാളികൾ പൊതുപരീക്ഷകളിൽ പിന്നിലാകരുത്‌. മലയാളം കൂടുതൽ ഇടങ്ങളിലേക്ക്‌ വികസിക്കുന്നത്‌ നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തും.- പെരുമ്പടവം ശ്രീധരൻ

ഭാഷ  വികസനത്തിന്റെ ഭാഗം
ഒരു ഭാഷ മാതൃഭാഷയാവുക എന്നത് വെറും വ്യക്തിപരമായ അംശമല്ല. സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ അനേകം തലങ്ങൾ അതിനുണ്ട്. സംസാരഭാഷയും പഠനഭാഷയും പരീക്ഷാ ഭാഷയും ഒക്കെ ആകുമ്പോൾ മാത്രമേ ഒരു ഭാഷയ്ക്ക് വളർച്ചയും വികാസവുമുണ്ടാകൂ. അതുകൊണ്ട് മലയാളത്തിൽ പാഠപുസ്തകങ്ങൾ മാത്രമല്ല, പരീക്ഷകളും എഴുതണമെന്നത് അനിവാര്യമാണ്. അത് പിഎസ്‌‌സി പരീക്ഷ മലയാളത്തിൽ എഴുതാം   എന്നത് വലിയ കാര്യമാണ്.  കാലങ്ങളായുള്ള മലയാളികളുടെ ആവശ്യം നിറവേറ്റാൻ സഹായിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. - ഡോ. പി വി കൃഷ്‌ണൻ നായർ

ഇച്ഛാശക്തിയുള്ള സർക്കാരിന്റെ തീരുമാനം 
പിഎസ്‌സി നടത്തുന്ന പൊതുപരീക്ഷകളുടെ ചോദ്യവും ഉത്തരവും  മലയാളത്തിലാക്കാനുള്ള തീരുമാനം ലക്ഷക്കണക്കിന്‌ മലയാളികളുടെ ആശയും സ്വപ്‌നവും സഫലീകരിക്കുന്നതാണ്‌. ഇപ്പോൾ കൈക്കൊണ്ട തീരുമാനം വിശ്വസിക്കാമോ എന്ന്‌ സംശയിക്കുന്നവരുണ്ട്‌.  ഭരണഭാഷ മലയാളമാക്കാനും  സ്‌കൂളുകളിൽ മലയാളപഠനം നിർബന്ധമാക്കാനും ഇച്ഛാശക്തി കാണിച്ച സർക്കാരിന്റെ തീരുമാനമാണിത്‌. അതുകൊണ്ട്‌ ഇപ്പോഴത്തെ തീരുമാനത്തിൽ സംശയിക്കേണ്ട കാര്യമില്ല. മലയാളസമൂഹം ഒന്നടങ്കം ഈ തീരുമാനത്തെ സ്വാഗതംചെയ്യും. - ജോർജ്‌ ഓണക്കൂർ

 


 


പ്രധാന വാർത്തകൾ
 Top