22 June Tuesday

"ഇവിടെ എല്ലാം സെറ്റാണ് ബ്രോസ്’

ജിജോ ജോർജ്‌Updated: Monday May 17, 2021



വെർജിനിയിലെ ലിഞ്ച്ബർഗ് ലിബർട്ടി സർവകലാശാലയുടെ കായിക സ്കോളർഷിപ് (1.65 കോടി) നേടി അമേരിക്കയിലെത്തിയ മലയാളി കായികതാരം ലിസ്ബത്ത് കരോളിൻ ജോസഫ് 100 ദിവസത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

"ഇവിടെ എല്ലാം അടിപൊളിയാണ്. സ്പോർട്സ് താരങ്ങൾക്ക് ഫുൾ സപ്പോർട്ടാണ് ഇവിടെയുള്ളവർ. എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരും. നമ്മൾ മത്സരിച്ച് ജയിച്ചാൽ മതി’.

സ്കോളർഷിപ് കിട്ടി ഫെബ്രുവരി ഏഴിനാണ് ഇവിടെ എത്തിയത്. എല്ലാം അഡ്‌ജസ്റ്റായി വരാൻ കുറച്ചുദിവസമെടുത്തു. കേരളത്തിലെപ്പോലെ രാവിലെയും വൈകിട്ടുമല്ല പരിശീലനം. എന്നാൽ, നമ്മൾ രണ്ടുനേരം ചെയ്യുന്നത് ഇവിടെ ഒറ്റത്തവണകൊണ്ട് ചെയ്യും. മിക്കവാറും ദിവസം പകൽ 12ന് തുടങ്ങി വൈകിട്ട് അഞ്ചുവരെ നീണ്ടുനിൽക്കും. മത്സരിക്കാൻ പോയാലൊക്കെ ഫുൾ സപ്പോർട്ടാണ്. കോച്ചുമാർമാത്രമല്ല ഫിസിയോ, ഡോക്‌ടേഴ്സ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒപ്പമുണ്ടാകും.

ഇനി മൂന്നുമാസം സമ്മർ വെക്കേഷനാണ്. നാട്ടിലേക്ക് വരുന്നില്ല. ഈ മൂന്നുമാസം ഇവിടെനിന്ന് പരിശീലനം നടത്തിയാൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

"എല്ലാം എപ്പോളും റെഡി'
സ്കോളർഷിപ് കിട്ടിയതിനാൽ എല്ലാം ഫ്രീയാണ്. പരിശീലനത്തിനുപുറമെ താമസം, ഭക്ഷണം, പുസ്തകങ്ങൾ എല്ലാം. ഹൈ ഫെസിലിറ്റിയാണ് തരുന്നത്. യൂണിവേഴ്സിറ്റി തരുന്ന കാർഡ് ഉപയോഗിച്ച് കാര്യങ്ങളെല്ലാം നമുക്ക് സ്വന്തം ചെയ്യാം. യൂണിവേഴ്സിറ്റിയുടെ 20 റസ്റ്റോറന്റുകളിൽ എവിടന്ന് വേണമെങ്കിലും ഫ്രീയായി എപ്പോൾ വേണമെങ്കിലും ഭക്ഷണം. പുറത്തുനിന്ന് ആഴ്ചയിൽ 10 തവണ ഭക്ഷണം കഴിക്കാം. ഇതിനുപുറമെ അക്കൗണ്ടിലും യുഎസ് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. കായികതാരങ്ങളെ ഇത്രയും സപ്പോർട്ട് ചെയ്യുന്ന ഒരു സ്ഥലത്തെക്കുറിച്ച് ഇതിനുമുമ്പ് കേട്ടിട്ടില്ല–- - ലിസ്ബത്ത് പറഞ്ഞു.

കോഴിക്കോട് പുല്ലൂരാംപാറ കൊല്ലിത്താനം സജിയുടെയും ലെൻസിയുടെയും മകളാണ്. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലൂടെ കായികരംഗത്തേക്ക് വന്ന ലിസ്ബത്ത് ട്രിപ്പിൾജമ്പിൽ ലോക യൂത്ത് മീറ്റിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്‌തു. പാലാ അൽഫോൻസ കോളേജിൽ മൂന്നാംവർഷ ബിരുദ പഠനത്തിനിടെയാണ്‌ സ്കോളർഷിപ് ലഭിച്ചത്. എംജി സർവകലാശാലയിൽനിന്ന് ട്രാൻസ്ഫർ ലഭിച്ചതോടെ ലിബർട്ടി സർവകലാശാലയിൽ മൂന്നാംവർഷ മോഡേൺ ലാൻഗ്വേജസ് ആൻഡ് ബിസിനസ് സ്റ്റഡീസിന് ജോയിൻ ചെയ്തു. മലബാർ സ്പോർട്സ് അക്കാദമിയുടെ താരങ്ങളായ ആൻ ടെൻസ് ജോസഫ്, പിലോ എയ്ഞ്ചൽ ജോസഫ് എന്നിവർ സഹോദരിമാരാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top