26 March Tuesday

വരട്ടേ ആറ്... തെളിനീരൊഴുകി ആദി പമ്പ

എ ആർ സാബുUpdated: Thursday May 17, 2018


പത്തനംതിട്ട>കഴിഞ്ഞ വേനലവധിക്ക് പായലും പുല്ലും വള്ളിയും നിറഞ്ഞ്  കാണാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ആദിപമ്പ. ഇക്കൊല്ലം ഒന്നുരണ്ട് വേനൽമഴകൂടി കഴിഞ്ഞതോടെ ഒഴുക്കുണ്ട് ഭദ്രേശ്വരം കടവിൽ. കൂട്ടുകാരുമൊത്ത് നീന്തിക്കുളിക്കാൻ മിക്കപ്പോഴും എത്താറുണ്ട് അർജുൻ. മാസങ്ങൾകൊണ്ട് തന്റെ വീടിനടുത്ത് ഇങ്ങനെയൊരു പുഴ സൃഷ്ടിക്കപ്പെട്ടതിൽ അത്ഭുതവും ആഹ്ലാദവുമാണ് ഇടയാറന്മുള എഎംഎം എച്ച്എസ്എസിലെ വിദ്യാർഥിയായ അർജുന്. ഭദ്രേശ്വരം കടവിലും മേടയിൽ കടവിലും ചേലൂർ കടവിലുമെല്ലാം ഇപ്പോൾ വെള്ളമുണ്ട്. മുമ്പ് ഉള്ള വെള്ളത്തിലിറങ്ങിയാൽ അസുഖം പിടിപെടും എന്നതുകൊണ്ട് ആരും ആദിപമ്പയിലോ വരട്ടാറിലോ ഇറങ്ങിയിരുന്നില്ല.

കഴിഞ്ഞ ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഓതറ, പുതുക്കുളങ്ങര, കുന്നേകാട്, മംഗലം കരകളുടെ പള്ളിയോടങ്ങൾ വരട്ടാറിലൂടെ തുഴഞ്ഞ് വള്ളംകളിക്കെത്തി. പള്ളിയോട സേവാസംഘം മുൻ ജോയിന്റ് സെക്രട്ടറിയും ഓതറ പള്ളിയോട കരക്കാരനുമായ രാഹുൽരാജ് ഏറെ പ്രതീക്ഷയിലാണ്. വരട്ടാർ വീണ്ടെടുക്കലിന്റെ മുൻനിര പ്രവർത്തകനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം ചിന്നക്കട ശാഖയിലെ ജീവനക്കാരനായ രാഹുൽരാജ്. അദ്ദേഹം പറയുന്നു "ഒരു വർഷംകൊണ്ട് ഇത്രയും ചെയ്യാൻ കഴിഞ്ഞല്ലോ, എനിക്ക് ശുഭപ്രതീക്ഷയാണുള്ളത്''. പമ്പാനദിയിലെ പുത്തൻകാവിൽ അത്തിമൂട് അപകടം പതിയിരിക്കുന്ന സ്ഥലമാണ്. വീതിക്കുറവും കുത്തൊഴുക്കുമുള്ള ഇവിടെ പള്ളിയോടം മറിഞ്ഞ് ജീവാപായം വരെ ഉണ്ടായിട്ടുണ്ട്. വരട്ടാർ വീണ്ടെടുക്കലിന്റെ ഭാഗമായി ആദിപമ്പയിലെ കുന്നേക്കാട് പാലം ഉയരംകൂട്ടി പണിയുന്നത് പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ഇങ്ങനെ ചെയ്താൽ 17 പള്ളിയോടങ്ങൾക്ക് അത്തിമൂട് ഒഴിവാക്കി ആദിപമ്പയിലൂടെ ഉത്രട്ടാതി വള്ളംകളിക്ക് ആറന്മുളയിൽ എത്താൻ കഴിയുമെന്നും രാഹുൽരാജ് പറഞ്ഞു.

45 വർഷം മുമ്പ് ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പള്ളിയോടങ്ങൾ പോയിരുന്ന വരട്ടാർ ക്രമേണ ആറല്ലാതായി. കോയിപ്രം ചപ്പാത്ത്് പണിതതോടെയാണ് ഒഴുക്ക് പൂർണമായി നിലച്ച് ആദിപമ്പ വിസ്മൃതിയിലേക്ക് നീങ്ങിയത്. കാലക്രമത്തിൽ ചില ഭാഗങ്ങൾ റബർതോട്ടമായും കൃഷിയിടങ്ങളായും ചിലയിടങ്ങൾ മലിനജലം നിറഞ്ഞ ചതുപ്പുകളായും മറ്റുചില സ്ഥലങ്ങൾ മാലിന്യനിക്ഷേപ കേന്ദ്രങ്ങളായും മാറി. പഴങ്കഥയായി മാറിയ വരട്ടാർ ഒരു നാടിന്റെ തീവ്രമായ ആഗ്രഹത്തിന്റെയും സർക്കാരിന്റെ പ്രതിബദ്ധതയുടെയും ഇച്ഛാശക്തിയുടെയും ഫലമായി പുനഃസൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

വരട്ടാർ പുഴനടത്തം കഴിഞ്ഞ് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ചർച്ച 'വരട്ടേ ആറ്..' വാട്സാപ് ഗ്രൂപ്പിൽ പുരോഗമിച്ചതോടെയാണ് ആദിപമ്പ ജനകീയ പുനരുദ്ധാരണത്തിന് വഴിതെളിഞ്ഞത്. സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയിൽ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും കൈകോർത്തു. നാട്ടുകാരുടെ ഉത്സാഹവും കൂട്ടുചേർന്നപ്പോൾ വരട്ടാർ ഏതാണ്ട് പൂർണരൂപത്തിൽ തിരിച്ചെത്തി. മന്ത്രിമാരായ തോമസ് ഐസക്കും മാത്യു ടി തോമസും പിന്തുണയുമായി എത്തി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന, ആദിപമ്പയും വരട്ടാറും ചേർന്ന് 17 കിലോമീറ്റർ നീളമുള്ള വരട്ടാർ പ്രകൃതിസംരക്ഷണത്തിൽ കേരളത്തിന് വഴികാട്ടിയായി. മണിമലയാറ്റിൽ വെള്ളം പൊങ്ങുമ്പോൾ പമ്പാനദിയിലേക്കും പമ്പയിൽ ജലനിരപ്പുയർന്നാൽ മണിമലയാറ്റിലേക്കും ഒഴുകുന്ന വരട്ടാർ ഇന്ന് മുക്കാലും വീണ്ടെടുത്തിരിക്കുന്നു. 

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ വരട്ടാറിനോടനുബന്ധിച്ചുള്ള പാലങ്ങൾക്കും റോഡിനും 20 കോടി രൂപയാണ് ആദ്യഘട്ടമായി അനുവദിച്ചിരിക്കുന്നത്. മിക്കവയ്ക്കും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചുകഴിഞ്ഞു.

പ്രധാന വാർത്തകൾ
 Top