04 July Saturday
എംജിയുടെ പഠന റിപ്പോർട്ട്‌ 3 മാസത്തിനകം; രാജ്യത്ത്‌ ആദ്യം

വേട്ടയാടും ഇനി ‘മരട്‌’

ശ്രീരാജ‌് ഓണക്കൂർUpdated: Friday Jan 17, 2020


കൊച്ചി
നിയമങ്ങളെ മൂകസാക്ഷിയാക്കി വമ്പൻ കെട്ടിടങ്ങൾ നിർമിക്കുന്നവരെയും അതിനു കൂട്ടുനിൽക്കുന്നവരെയും ‘മരട്‌’ ഇനി വേട്ടയാടും. ബിൽഡർമാർക്കും റിയൽ എസ്‌റ്റേറ്റ്‌ മാഫിയകൾക്കും അവർക്ക്‌ ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ഈ പാഠപുസ്‌തകം വായിക്കാതെ മുന്നോട്ടു പോകാനാകില്ല. മരട്‌ ഫ്ലാറ്റ്‌ കേസിൽ മൂന്നു ഉദ്യോഗസ്ഥരുടെ അറസ്‌റ്റും അഴിമതിക്കാരുടെ ഉറക്കംകെടുത്തും.

എതിർപ്പുകൾ മറികടക്കാൻ കോടതിയിൽ പോകുന്ന   തന്ത്രം പൊളിഞ്ഞതോടെയാണ്‌ മരടിലെ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നാലും നിലംപൊത്തിയത്‌. ഇവയുടെ നിർമാണം ആരംഭിച്ചപ്പോൾ തന്നെ അന്നത്തെ എൽഡിഎഫ്‌ സർക്കാർ ഇടപെട്ടിരുന്നു. പെർമിറ്റ്‌ സർക്കാർ റദ്ദാക്കി. എന്നാൽ, ബിൽഡർമാർ ഹൈക്കോടതിയിൽ പോയി സാങ്കേതിക കാരണങ്ങൾ നിരത്തി സ്‌റ്റേ വാങ്ങുകയായിരുന്നു. അതിന്റെ മറവിലാണ്‌ കെട്ടിടങ്ങൾ പടുത്തുയർത്തിയത്‌. സർക്കാരിനെ കേസിൽ കക്ഷിയാക്കാതിരിക്കാനുള്ള കുബുദ്ധിയും കാട്ടി.   അതിനാൽ സർക്കാർ കേസിന്റെ വിവരങ്ങൾ അറിഞ്ഞില്ല.  കോടതിയിൽനിന്ന്‌ അനുകൂലവിധി സമ്പാദിക്കാനുള്ള ശേഷിയും മാഫിയകൾക്കുണ്ടായിരുന്നു. 

കേസ്‌ സുപ്രീംകോടതിയിൽ എത്തിയപ്പോഴും ഫ്ലാറ്റ്‌ മാഫിയ കടുത്ത നടപടികൾ പ്രതീക്ഷിച്ചില്ല. മുമ്പ്‌,  കൊച്ചിയിൽ തീരദേശപരിപാലന നിയമം ലംഘിച്ച്‌  നിർമിച്ച മറ്റൊരു ഫ്ലാറ്റിന്റെ കേസ്‌ സുപ്രീംകോടതി ഒരു കോടി രൂപ പിഴയിട്ട്‌ തീർത്ത സംഭവമായിരുന്നു അവരുടെ മനസ്സിൽ. ആ തുക ഒറ്റ അപാർട്‌മെന്റിന്റെ വിലയേ വരൂ.  അതേപോലെ, മരടുകേസും പിഴയിൽ ഒതുങ്ങുമെന്ന   ധാരണയാണ്‌ സുപ്രീംകോടതി തച്ചുടച്ചത്‌. 


 

ജനവാസ കേന്ദ്രങ്ങളിൽ വമ്പൻ കെട്ടിടങ്ങൾ പൊളിക്കുന്നത്‌ പ്രായോഗികമല്ലെന്ന ധാരണകളും മരടിൽ  തകർന്നടിഞ്ഞു. നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്ന ധാരണയിൽ ജനങ്ങൾ എതിർപ്പുമായി മുന്നോട്ടു വരുന്നതിലായിരുന്നു മാഫിയയുടെ പ്രതീക്ഷ. എന്നാൽ, തൊട്ടടുത്തുള്ള അങ്കണവാടി കെട്ടിടംപോലും സംരക്ഷിച്ച്‌  ഫ്ലാറ്റുകൾ വീഴ്‌ത്താൻ കഴിഞ്ഞതോടെ പുതിയ ചരിത്രമാണ്‌ പിറന്നത്‌. മുംബൈ ആസ്ഥാനമായ എഡിഫസ്‌, ചെന്നൈയിലെ വിജയ്‌ സ്‌റ്റീൽസ്‌ കമ്പനികൾ നടപ്പാക്കിയ ‘ഇംപ്ലോഷൻ’ സാങ്കേതികവിദ്യ നാശനഷ്ടവും പ്രകമ്പനവും  ഇല്ലാതാക്കി. സമീപത്തെ വീടുകളും കായലും   സുരക്ഷിതം. 

പൊളിച്ച സ്ഥലങ്ങളിൽ പുതിയ നിയമമനുസരിച്ച്‌ വീണ്ടും അതേ രീതിയിൽ ഫ്ലാറ്റുകൾ നിർമിക്കാമെന്ന ധാരണയും ബിൽഡർമാർ പരത്തിയിട്ടുണ്ട്‌. കണ്ടൽക്കാടുകൾ നശിപ്പിച്ചാണ്‌ ഇവിടങ്ങളിൽ ഫ്ലാറ്റുകൾ നിർമിച്ചത്‌. കൂടാതെ പാടങ്ങൾ നികത്തിയതിനും കായൽ കൈയേറിയതിനുമുള്ള കുറ്റങ്ങൾ നിലനിൽക്കെ വീണ്ടും നിർമാണം നടത്താമെന്നുള്ളത്‌ നിയമവ്യവസ്ഥയെ കളിയാക്കുന്നതിന്‌ തുല്യമാണെന്ന്‌ നിയമ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

തദ്ദേശ വകുപ്പിലെ സ്ഥലംമാറ്റങ്ങൾ അഴിമതിയിൽ മുങ്ങിയിരുന്ന യുഡിഎഫ്‌ ഭരണകാലങ്ങളിൽ ഏറ്റവും ‘വിലപിടിച്ച’ പഞ്ചായത്തായിരുന്നു മരട്‌. ലക്ഷങ്ങൾ കോഴ വാങ്ങി അവിടേക്ക്‌ ഉദ്യോഗസ്ഥർ സ്ഥലംമാറ്റങ്ങൾ തരപ്പെടുത്തി. നിയമങ്ങളെ വെല്ലുവിളിച്ച്‌ അവിടെ ഫ്ലാറ്റ്‌ മാഫിയകൾ അരങ്ങുവാണപ്പോൾ ഉദ്യോഗസ്ഥർ പലരും കോടീശ്വരന്മാരായി.

എംജിയുടെ പഠന റിപ്പോർട്ട്‌ 3 മാസത്തിനകം; രാജ്യത്ത്‌ ആദ്യം
മരടിൽ ഫ്ലാറ്റുകൾ പൊളിച്ചപ്പോഴുണ്ടായ വായുമലിനീകരണത്തെക്കുറിച്ച്‌ എംജി സർവകലാശാല പരിസ്ഥിതി ശാസ്‌ത്രവിഭാഗം നടത്തുന്ന പഠനം ഈ വിഷയത്തിൽ രാജ്യത്ത്‌ ആദ്യത്തേതാകും. പ്രോ വൈസ്‌ ചാൻസലറും പരിസ്ഥിതി ശാസ്‌ത്ര വിഭാഗത്തിലെ അധ്യാപകനുമായ ഡോ. സി ടി അരവിന്ദകുമാറിന്റെ നേതൃത്വത്തിൽ വിവിധ ഉപകരണങ്ങൾ സ്ഥാപിച്ച്‌ ഗവേഷണവിദ്യാർഥികൾ നടത്തുന്ന പഠനം തുടരുകയാണ്‌. റിപ്പോർട്ട്‌ മൂന്നുമാസത്തിനകം പ്രസിദ്ധീകരിക്കാനാണ്‌ ഉദ്ദേശ്യം.  

നിയന്ത്രിത സ്‌ഫോടനം കുറഞ്ഞ ആഘാതമാണ്‌ അന്തരീക്ഷത്തിൽ ഏൽപ്പിച്ചിട്ടുള്ളതെന്നാണ്‌ പഠനസംഘത്തിന്റെ പ്രാഥമിക നിഗമനം. സ്‌ഫോടനങ്ങൾ കൃത്യമായിരുന്നെന്ന്‌ ഡോ. സി ടി അരവിന്ദകുമാർ പറഞ്ഞു. ഇത്തരം സ്‌ഫോടനങ്ങളിൽ നൂറുമീറ്റർ പരിധിക്കുള്ളിൽ വലിയ പൊടിപടലമുണ്ടാകാറുണ്ട്‌. മരടിലും അത്‌ സംഭവിച്ചു. 200 മീറ്ററിന്‌ മുകളിൽ അന്തരീക്ഷത്തിൽ പൊടിപടലം വ്യാപിച്ചെങ്കിലും 24 മണിക്കൂറിനുള്ളിൽ സാധാരണ നിലയിലായി. 8–-10 മണിക്കൂറിൽ കൂടുതൽ അവ അന്തരീക്ഷത്തിൽ തങ്ങിനിന്നിട്ടില്ല. ആദ്യദിനത്തിൽ കാറ്റ്‌ പല ദിശയിലായിരുന്നു. രണ്ടാംദിനം ഒരു ദിശയിലും. അതനുസരിച്ച്‌ മാലിന്യത്തിന്റെ വ്യാപനവും സംഭവിച്ചിരിക്കും. രണ്ട്‌ ദിവസവും 2.5 മൈക്രോണിൽ (പിഎം 2.5) താഴെ വലിപ്പമുള്ള അപകടകാരിയായ  മാലിന്യത്തിന്റെയും പിഎം 10 മാലിന്യത്തിന്റെയും അളവ്‌ സാധാരണയിലും പത്തിരട്ടിയോളമായിരുന്നു. അധികനേരം ഇവ അന്തരീക്ഷത്തിൽ തങ്ങിയാൽ കാറ്റിന്റെ ഗതിയനുസരിച്ച്‌ കൂടുതൽ വ്യാപിക്കും. കൊച്ചിയിലെ ഉയർന്ന അന്തരീക്ഷ മലിനീകരണ തോതിന്‌ പുറമെയാണിതെന്നതിനാൽ അപകടകരമാകും.

സ്‌ഫോടനത്തിലൂടെ മാലിന്യത്തിന്റെ വ്യാപനം എത്രത്തോളമുണ്ടായിട്ടുണ്ടെന്ന്‌ വിവിധ ദിക്കുകളിൽ തുറന്നസ്ഥലങ്ങളിൽ നിറച്ചുവച്ച ബക്കറ്റിലെ വെള്ളത്തിൽ വീഴുന്ന പൊടിയുടെ അളവ്‌ പരിശോധിച്ച്‌ കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഈർപ്പമുള്ള അന്തരീക്ഷമായതിനാൽ കൂടുതൽ പൊടി അന്തരീക്ഷത്തിൽ തങ്ങാതെ താഴേക്ക്‌ ഇരുന്നു. ഈ പൊടി കാറ്റുള്ളപ്പോഴെല്ലാം പറന്ന്‌ 100 മീറ്റർ താഴെ അന്തരീക്ഷത്തിൽ ഇപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നു. 

വായുവിലും ജലത്തിലും പടർന്നിട്ടുള്ള ലോഹമാലിന്യം, രാസമാലിന്യം എന്നിവയുടെ അളവും വ്യാപ്‌തിയും പഠനവിധേയമാക്കുന്നുണ്ട്‌. പൊടിയുടെ സാമ്പിൾ പരിശോധിച്ചാണ്‌ ഇത്‌ കണ്ടെത്തുക. വായുവിലെ വിവിധ രാസഘടകങ്ങളുടെ സാന്നിധ്യമളക്കാനുള്ള ആംബിയന്റ്‌ എയർ ക്വാളിറ്റി മോണിറ്ററിങ് വാൻ ഇപ്പോഴും മരടിലുണ്ട്‌. രാജ്യത്ത്‌ ഇത്തരമൊരു സ്‌ഫോടന പരമ്പര ആദ്യമാണെന്നതാണ്‌ അതിന്റെ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുന്ന പഠനത്തെ പ്രസക്തമാക്കുന്നത്‌. വിദേശങ്ങളിലെല്ലാം സമാന സാഹചര്യങ്ങൾ പഠനവിധേയമാക്കിയിട്ടുണ്ടെന്നും ആ മാതൃകയിലുള്ള പഠനം ഭാവിയിൽ സമാനസാഹചര്യങ്ങളെ വിശകലനം ചെയ്യാനുള്ള അടിസ്ഥാന പ്രമാണമായി മാറുമെന്നും ഡോ. സി ടി അരവിന്ദകുമാർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top