22 October Thursday

ലക്ഷ്യം ജനക്ഷേമം മാത്രം

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

64 പരിശോധനകൾ ഇനി സൗജന്യം ; ഉപകരണങ്ങൾക്ക്‌ 18. 40 കോടിയുടെ ഭരണാനുമതി
സംസ്ഥാനത്തെ 300 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ രോഗനിർണയത്തിനായുള്ള 64 പരിശോധന പൂർണ സൗജന്യമാക്കുന്നു. ഹീമോഗ്ലോബിൻ, ടോട്ടൽ ലൂക്കോസൈറ്റ്, പ്ലേറ്റ്‌ലറ്റ് കൗണ്ട്, ബ്ലഡ് ഗ്രൂപ്പ്, ബ്ലീഡിങ്‌ ടൈം, ക്ലോട്ടിങ്‌ ടൈം, വിവിധ യൂറിൻ ടെസ്റ്റുകൾ, ഡെങ്കു ടെസ്റ്റ്, ഹെപ്പറ്റെറ്റിസ് ബി, ബ്ലഡ് ഷുഗർ, യൂറിക് ആസിഡ്, ടോട്ടൽ കൊളസ്‌ട്രോൾ, സിറം ടെസ്റ്റുകൾ, ഡിഫ്റ്റീരിയ ടെസ്റ്റ്, ടിബി ടെസ്റ്റ്, ന്യൂ ബോൺ സ്‌ക്രീനിങ്‌ ഉൾപ്പെടെയുള്ള സിആർപി, ടിഎസ്എച്ച് തുടങ്ങിയ പരിശോധനകളാണ്  സൗജന്യമാക്കുക.

ഇതുവരെ ഗർഭിണികൾ, 18 വയസ്സിന് താഴെയുള്ള കുട്ടികൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ, മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്ക്‌ മാത്രമായിരുന്നു  സൗജന്യം. ചെലവേറിയ  പരിശോധനകൾവരെ താഴെ തട്ടിൽ  ലഭ്യമാക്കുന്നത്‌  സാധാരണക്കാർക്ക്‌ വലിയ സഹായകമാകുമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.  ഇതിനായി മെഡിക്കൽ സർവീസസ്‌ കോർപറേഷൻ മുഖേന ഉപകരണങ്ങൾ വാങ്ങുന്നതിന്‌ (കെഎംഎസ്‌സിഎൽ) 18.40 കോടി രൂപയുടെ ഭരണാനുമതി നൽകി.  ആദ്യഘട്ടത്തിൽ 282 കുടുംബാരോഗ്യ കേന്ദ്രത്തിലും 18 അർബൻ പ്രൈമറി ഹെൽത്ത് സെന്ററിലുമാകും പദ്ധതി. രണ്ടാം ഘട്ടത്തിൽ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

         
ഇനി ജില്ലയിൽ എവിടെയും ആധാരം രജിസ്റ്റർ ചെയ്യാം ; ഉത്തരവ്‌ ഉടൻ
സബ്‌രജിസ്ട്രാർ ഓഫീസ്‌ പരിധിയില്ലാതെ ജില്ലയിൽ എവിടെയും ആധാരം രജിസ്റ്റർ ചെയ്യാവുന്ന ‘എനിവെയർ രജിസ്ട്രേഷൻ’ സമ്പ്രദായം ഉടൻ നടപ്പാക്കും. പദ്ധതിക്ക്‌  നിയമവകുപ്പ്‌ അനുമതി ലഭിച്ചു. ഉത്തരവ്‌ ഉടൻ ഇറങ്ങും. തുടർന്ന്‌ ഏതെങ്കിലും ഒരു ജില്ലയിൽ പൈലറ്റ്‌ അടിസ്ഥാനത്തിൽ ഒരാഴ്‌ച നടപ്പാക്കിയശേഷം കേരള പിറവിദിനത്തിൽ സംസ്ഥാനത്ത്‌ ആകെ നടപ്പാക്കും.

ഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സബ്‌ രജിസ്‌ട്രാർ ഓഫീസുകളിലേ നിലവിൽ ആധാരം രജിസ്റ്റർ ചെയ്യാനാകൂ. പുതിയ സംവിധാനത്തിൽ ജില്ലയിലെ ഇഷ്ടമുള്ള രജിസ്‌ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന ഓഫീസർക്ക്‌ ഭൂമി സ്ഥിതിചെയ്യുന്ന സബ്‌ രജിസ്‌ട്രാർ ഓഫീസറുടെ ഓൺലൈൻ കൺഫർമേഷൻമാത്രം മതി. സംസ്ഥാനത്തെ രജിസ്‌ട്രാർ ഓഫീസുകളിലെല്ലാം ഇപ്പോൾ ഓൺലൈൻ സൗകര്യങ്ങളുണ്ട്‌. ഭൂമി ഇടപാട്‌ ഒഴികെയുള്ള സേവനങ്ങളെല്ലാം ഓൺലൈനിലാണ്‌.

ഒരു പ്രദേശത്ത്‌ പ്രാദേശിക അവധിയോ പൂർണ ലോക്‌ഡൗണോ വരികയാണെങ്കിൽ മറ്റ്‌ രജിസ്‌ട്രാർ ഓഫീസിൽ  രജിസ്റ്റർ ചെയ്യാം. ചില ഓഫീസുകളിൽമാത്രം തിരക്കുണ്ടാകുന്ന അവസ്ഥയ്‌ക്കും മാറ്റം വരും. ഇവിടെ നിശ്ചിത എണ്ണം ആധാരങ്ങൾ കഴിഞ്ഞാൽ മറ്റ്‌ ഓഫീസുകളിലേക്ക്‌ ക്രമീകരിക്കാം. ഇത്‌ സമയബന്ധിത സേവനം ഉറപ്പാക്കാനും സഹായിക്കും.

‘കാരുണ്യ’മായത്‌ 14 ലക്ഷം പേരിൽ
സർക്കാരിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്പ്‌) വഴി രണ്ട്‌ വർഷത്തിനിടെ സഹായം നൽകിയത്‌‌ 14 ലക്ഷം പേർക്ക്‌. ആയിരം കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇതിനൊപ്പം കോവിഡ് ബാധിതരായ 3600 പേർക്കും പ്രത്യേക ആനുകൂല്യവും നൽകി. എൽഡിഎഫ്‌ സർക്കാർ അധിക സഹായവ്യവസ്ഥകൾ കൂട്ടിച്ചേർത്ത് കാരുണ്യ‌‌ പദ്ധതി വിപുലപ്പെടുത്തിയിരുന്നു. പദ്ധതിയിൽ ഉൾപ്പെടാത്ത മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനമുള്ള കുടുംബാംഗങ്ങൾക്കായി കാരുണ്യ ബനവലന്റ് ഫണ്ടും ആരംഭിച്ചു‌.

ആശുപത്രികളിൽ സജ്ജമാക്കാൻ തീരുമാനിച്ചിരിക്കുന്ന കാസ്പ് കിയോസ്‌കുകൾ കൂടി യാഥാർഥ്യമാകുന്നതോടെ പുതിയ അപേക്ഷകൾ സമർപ്പിക്കാനും വഴിയുണ്ടാകും. സംസ്ഥാനത്തെ മുന്നൂറോളം സ്വകാര്യ ആശുപത്രികളും കാരുണ്യയുടെ ഭാഗമാണ്‌. വിശദവിവരങ്ങൾക്ക്‌   (www.sha.kerala.gov.in,  www.sha.kerala.gov.in). സംശയങ്ങൾക്ക്‌ ദിശയുടെ 1056 എന്ന നമ്പരിലും ബന്ധപ്പെടാം.

6 ആശുപത്രി ഹൈടെക്‌ ആക്കാൻ നബാഡിൽനിന്ന്‌  74.45 കോടി
സംസ്ഥാനത്തെ ആറ്‌ ആശുപത്രിയുടെ സമഗ്ര വികസനത്തിന്‌ 74.45 കോടി രൂപയുടെ നബാർഡ്‌ സഹായം. കണ്ണൂർ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്‌ 19.75 കോടി രൂപ, എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിക്ക്‌ 10 കോടി, തൃശൂർ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിക്ക്‌ 12 കോടി, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളായ കണ്ണൂർ ആറളം കീഴ്പള്ളി–- 11.40 കോടി, കൊല്ലം പാലത്തറ –-10 കോടി, കണ്ണൂർ ഇരിക്കൂർ–- 11.30 കോടി എന്നിങ്ങനെയാണ്‌ തുക അനുവദിച്ചത്‌.  ഈ പദ്ധതികൾക്ക്‌ ഭരണാനുമതിയായെന്നും സാങ്കേതികാനുമതിക്കും ടെൻഡറിനുംശേഷം വേഗത്തിൽ നിർമാണം ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. പുതിയ ബഹുനില കെട്ടിടങ്ങൾ നിർമിക്കുന്നതിനും അവിടെ ആധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിതവിഭാഗം, ഒപി, വാർഡ്, ഐസിയുകൾ, ജനറൽ സ്റ്റോർ, ഫാർമസി സ്റ്റോർ, കാർ പാർക്കിങ്‌, ഡയാലിസിസ് യൂണിറ്റ്, എക്‌സറേ യൂണിറ്റ്, സ്‌കാനിങ്‌ സെന്റർ തുടങ്ങിയവ ഒരുക്കുന്നതിനുമാണ്‌ തുക ചെലവഴിക്കുക.  

കഴിഞ്ഞ ദിവസം കിഫ്ബിയിൽനിന്ന്‌ മൂന്ന്‌ മെഡിക്കൽ കോളേജിന്‌ 815 കോടി അനുവദിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിന്‌ 36.42 കോടിയുടെ കാർഡിയോളജി ബ്ലോക്കിനും പരിയാരത്തിന്‌ കാത്ത്‌ലാബിന്‌ 17 കോടിയും ഉൾപ്പെടെ ആരോഗ്യമേഖലയുടെ വികസനത്തിന്‌ ഒരു മാസത്തിനിടെ സർക്കാർ അനുവദിച്ചത്‌ 1000 കോടി രൂപയാണ്‌.

കൈവശ ഭൂമിക്ക് പട്ടയം; ആദ്യം കാസർകോട്‌ ജില്ലയിൽ
സർക്കാർ ഭൂമിയിൽ കൃഷിചെയ്തും വീടുവച്ചും താമസിക്കുന്ന മറ്റെവിടെയും ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സംസ്ഥാന സർക്കാർ പദ്ധതി. കൈവശഭൂമിക്ക് പട്ടയം പദ്ധതിയുടെ പ്രഖ്യാപനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. ആദ്യഘട്ടത്തിൽ കാസർകോട് ജില്ലയിലും തുടർന്ന് മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കും.

കാസർകോട്ടെ ഭൂരഹിതർക്ക് പദ്ധതിപ്രകാരം പട്ടയത്തിന്‌ 31 വരെ അപേക്ഷിക്കാം.  http://www.mitram.revenue.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ ജില്ലാ–-താലൂക്ക് തലങ്ങളിൽ പരിശോധിച്ച്‌ നിയമാനുസൃതമായി അർഹരായവർക്ക് ഭൂമി പതിച്ച് നൽകും. അക്ഷയകേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാം. പട്ടിക ജാതി, പട്ടികവർഗ, ബിപിഎൽ വിഭാഗങ്ങൾക്ക് സൗജന്യമായി അപേക്ഷിക്കാനും സൗകര്യമുണ്ട്‌.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top