24 August Saturday

‘‘പാടണമെന്നൊരു വെമ്പലിലിങ്ങനെ വാടുകയാണെൻ ജീവൻ

പി വി ജീജോUpdated: Tuesday Jul 16, 2019


‘‘പാടണമെന്നൊരു വെമ്പലിലിങ്ങനെ  വാടുകയാണെൻ ജീവൻ... ’’പണ്ടു പാടിയ പാട്ടിന്റെ വരികൾ കാണുമ്പോൾ  ഒന്നു മൂളാൻ പോലുമാവാതെ മൗനരാഗം മീട്ടുകയാണ‌് നസീം എന്ന ഗായകൻ. ജീവിതഗാനം നിലച്ച നിസ്സഹായതയിൽ വേദിയിൽ ഇരിക്കുമ്പോൾ സ‌്ക്രീനിൽ തന്റെ പഴയ പാട്ട‌് തെളിയുന്നു. വേദിയിലും സ‌്ക്രീനിലും ഒരാൾതന്നെ–-എം എസ‌് നസീം. കോഴിക്കോട‌് ടൗൺഹാളിലാണ‌്  സംഗീതലോകത്തെ വിഷാദാർദ്രമായ  ഒരേട‌് തെളിഞ്ഞത‌്.

എ എസ് നസീം അന്ന്‌

എ എസ് നസീം അന്ന്‌

പാടാനോർത്തൊരു മധുരിത ഗാനം പാടാനാകാത്ത സങ്കടരാഗവുമായി  ചുണ്ടുകൾ ചലിപ്പിക്കുന്നുണ്ട‌്. അക്ഷരങ്ങൾ പുറത്തുവരാതെ, ഒരു പാട്ട‌് പാടാൻ കൊതിച്ച‌് പതിനാലുവർഷമായി ഈ ജീവിതം. തിങ്കളാഴ‌്ച കോഴിക്കോട‌് ടൗൺഹാളിലായിരുന്നു പാടുന്ന ഗായകനും പാടാനാകാത്ത പാട്ടുകാരനുമുള്ള നൊമ്പരമാർന്ന ദൃശ്യം. നസീമിന്റെ പുസ‌്തക പ്രകാശനമായിരുന്നു വേദി.   ശബ്ദം തിരിച്ചുകിട്ടാതെയുള്ള ഇദ്ദേഹത്തിന്റെ മൗനരാഗജീവിതത്തിന‌് 20ന‌് 14 വർഷം തികയും.  കോഴിക്കോട‌് അബ്ദുൾഖാദറിന്റെയും ബാബുരാജിന്റെയും നാട്ടിൽ  ഒരു പാട്ട‌് വീണ്ടും പാടാൻ  മോഹിക്കുകയാണ‌് നസീം.

മലയാളിയെ പാട്ടിന്റെ പാലാഴിയിലാറാടിച്ച മധുരിതഗാനങ്ങൾ ഏറെ ആലപിച്ച ഗായകനാണ‌് അദ്ദേഹം.  2005 ജൂലൈ 20-നാണ‌് ആ ശബ്ദം നിലച്ചത‌്.  പക്ഷാഘാതം വന്ന‌് ശരീരം തളർന്നതായിരുന്നു തുടക്കം. എ എം രാജയുടെയും പി ബി ശ്രീനിവാസന്റെയും പാട്ടുകൾ ഭാവാർദ്രമായി പാടി മലയാളിക്ക‌് പ്രിയങ്കരനായ പാട്ടുകാരനായി.  മുഹമ്മദ‌് റഫി, ആന്റോ, ജോബ‌്മാഷ‌് തുടങ്ങിയ കാലത്തിന‌ുപിന്നിൽ മറഞ്ഞ ഗായകരുടെ പാട്ടുകൾ   തേൻനിലാവൊലിയായി  പാടി മലയാളി മനസ്സിൽ ഇടംനേടി. 

ദേശ–-വിദേശങ്ങളിലായി ആയിരക്കണക്കിന‌് വേദികളിൽ പാടിയിട്ടുണ്ട‌്. ‘അനന്തവൃത്താന്തം’ സിനിമയിലും പാടി. കിട്ടിയ പുരസ‌്കാരങ്ങൾ ഏറെ.  ഇടനെഞ്ചിൽ താളവുമായി പുറത്തുവരാത്ത വാക്കിന‌് ഈണമിട്ട നസീമിന‌് അഭിലാഷമൊന്നേയൊന്ന‌്.  ജീവിതഗാനം നിലയ‌്ക്കുംമുമ്പേ  പാട്ടിന്റെ പുതിയൊരു വിഭാതം ഉദിക്കണേയെന്ന‌്. തിരുവനന്തപുരം കഴക്കൂട്ടത്തെ വെട്ടുറോഡിൽ അസ‌്മയിൽ പാട്ടുകേട്ടും കണ്ടും സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ കഴിയുകയാണ‌് അദ്ദേഹമിപ്പോൾ.

പ്രാണരാഗം പോലെ പരിചരിക്കുന്ന ജീവിതസഖി ഷാഹിദക്കും മക്കൾ നദിയക്കും നസ‌്മിക്കുമൊപ്പമാണ‌്  കോഴിക്കോട്ടെത്തിയത‌്. ബന്ധുകൂടിയായ സംഗീതജ്ഞൻ എം എസ‌് ബാബുരാജിന്റെ വീടും സന്ദർശിച്ചായിരുന്നു മടക്കം.


പ്രധാന വാർത്തകൾ
 Top