03 August Monday

എം ജിയുടെ പാട്ടെഴുത്തുകാരി

നിമിഷ ജോസഫ്‌Updated: Tuesday Jun 16, 2020


തിരുവനന്തപുരം
കലയെ പാഥേയമാക്കിയ ജീവിതയാത്രയായിരുന്നു പപ്പി ചേച്ചിയെന്ന്‌ അടുപ്പമുള്ളവർ വിളിക്കുന്ന പത്മജ രാധാകൃഷ്ണന്റേത്‌. കഥാകൃത്ത്, കവയിത്രി, ഗാനരചയിതാവ്, ചിത്രകാരി, നർത്തകി, പാട്ടുകാരി എന്നീ നിലകളിലെല്ലാം അവർ തന്റെ കൈയൊപ്പ്‌ ചാർത്തി.  തൈക്കാട് അമ്പലവളവിലെ മേടയിൽ വീട്ടിൽനിന്ന്‌ തിരുവനന്തപുരത്തിന്റെ സാംസ്കാരികമേഖലകളിലെ നിറസാന്നിധ്യമായി അവർ മാറി.

എം ജി രാധാകൃഷ്ണൻ ആകാശവാണിയിലായിരുന്ന സമയത്താണ്‌ ഇരുവരും പ്രണയത്തിലാകുന്നത്‌. പത്മജ എഴുതിയ വരികൾക്ക്‌ ഈണം നൽകി അദ്ദേഹം പാടി. വിവാഹശേഷവും പത്മജ എഴുതിയ ഗാനങ്ങൾ സംഗീതംചെയ്ത്‌ അദ്ദേഹം ആലപിച്ചിട്ടുണ്ട്‌. ‘ഒരു മാത്ര ഞാനൊന്നു കണ്ടേയുള്ളൂ മനതാരിലാമുഖം പതിഞ്ഞുപോയി’ എന്ന പ്രശസ്ത ഗാനവും പത്മജയുടെ ഭാവനയിൽ വിരിഞ്ഞ്‌ ഭർത്താവ്‌ സംഗീതം നൽകിയതാണ്‌. 2010ൽ ഭർത്താവും സംഗീതജ്ഞനുമായിരുന്ന എം ജി രാധാകൃഷ്ണന്റെ മരണശേഷവും കലാജീവിതത്തിൽ പത്മജ സജീവമായി.

ആനുകാലികങ്ങളിൽ  പ്രസിദ്ധീകരിച്ച  കഥകൾ പുസ്‌തകമായി പ്രസിദ്ധീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കിടെയാണ്‌  വിയോഗം. ഒടുവിൽ സാമൂഹ്യമാധ്യമത്തിലൂടെ ‘എല്ലാവരും ചൊല്ലണ്‌’ എന്ന ഗാനം മൗത്ത്‌ ഓർഗണിലൂടെ വായിച്ച്‌ കോവിഡ്‌ ചലഞ്ചെന്ന പേരിൽ പങ്കുവച്ചിരുന്നു.

എന്റെ സഹോദരി
പാട്ടുകാരൻ എന്നതിലുപരി ഒരു സഹോദരനായിരുന്നു ഞാനവർക്ക്. ഒരു കൈത്താങ്ങ്. ചേച്ചിയുടെ സംസാരങ്ങളിലെല്ലാം സിനിമയും സംഗീതവും നൃത്തവും മാത്രമായിരുന്നു വിഷയം. ഏതാനും മാസംമുമ്പ്‌ തന്റെ ഇരട്ട സഹോദരിയായ ഗിരിജ മരിച്ചപ്പോൾ പത്മജച്ചേച്ചിയെ ആകെ പരിക്ഷീണയായി കണ്ടു. “വേണു, എന്റെ ഒരു ചിറകൊടിഞ്ഞു’ എന്ന് ചേച്ചി കണ്ണീർ വാർത്തു.
ജി വേണുഗോപാൽ (ഗായകൻ)

എം ജി യുടെ നിഴൽ
സംഗീതവും സാഹിത്യവും സംഗമിച്ച്‌ മേടയിൽ തറവാട്ടിൽ വന്നുനിന്നു. സംഗീതം പ്രോജ്വലിച്ച്‌ മുന്നിൽവന്ന്‌ എം ജി രാധാകൃഷ്ണൻ സാർ ആയിനിന്നപ്പോഴും അതിന്റെ നിഴലായിമാത്രം നിന്നയാളാണ്‌ പത്മജച്ചേച്ചി.  ചേച്ചി വിടപറയുമ്പോൾ കേരളത്തിന്‌  നഷ്ടമാകുന്നത്‌ ഒരു എഴുത്തുകാരിയെയാണ്‌. 
ഒരുവിധ ഈഗോയുമില്ലാത്തയാളായിരുന്നു ചേച്ചി.
ആർ കെ ദാമോദരൻ (ഗാനരചയിതാവ്‌)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top