22 October Tuesday

ഭൂമിയുടെ പുതപ്പിനെ സംരക്ഷിക്കാം

ഡോ. സംഗീത ചേനംപുല്ലിUpdated: Sunday Jun 16, 2019


പരിസ്ഥിതിക്ക് മേല്‍ മനുഷ്യന്‍  നടത്തുന്ന കടന്നുകയറ്റങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ട് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനവും കടന്നുപോയി. വായുമലിനീകരണത്തെ ചെറുക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങുമ്പോഴാണ്‌ വായു എന്ന യാഥാര്‍ത്ഥ്യത്തെപ്പറ്റി നമ്മള്‍ ഓര്‍ക്കുന്നത് പോലും. എന്നാല്‍ ഹരിതഗൃഹപ്രഭാവം മൂലമുള്ള കാലാവസ്ഥാമാറ്റങ്ങളുടേയും, ഓസോണ്‍ പാളിയുടെ നാശം മൂലമുള്ള പ്രശ്നങ്ങളുടേയും പുകമഞ്ഞിന്റെയും ഒക്കെ രൂപത്തില്‍ വായുമലിനീകരണം കാഴ്ചക്കകത്തേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. ഓരോ നിമിഷവും വാഹനങ്ങള്‍ പെരുകുന്ന, വ്യവസായ ശാലകള്‍ വിഷപ്പുക തുപ്പുന്ന, വനനശീകരണവും സമുദ്രമലിനീകരണവും ഹരിതഗൃഹവാതകങ്ങളുടെ അളവ് പെരുക്കിക്കൊണ്ടിരിക്കുന്ന കാലത്ത് വായുമലിനീകരണം ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

എന്താണ് വായുമലിനീകരണം?
ഭൂമിയുടെ പുതപ്പാണ്‌ അന്തരീക്ഷം.  സൗരവികിരണങ്ങളെ തടഞ്ഞുനിര്‍‍ത്തി ഭൂമിയുടെ താപനില ജീവന് അനുകൂലമായി നിലനിര്‍ത്തുന്നതിനാല്‍ ആ പേര് അനുയോജ്യവുമാണ്. ഭൂഗുരുത്വം മൂലം ബഹിരാകാശത്തേക്ക് രക്ഷപ്പെട്ടുപോകാതെ ഭൗമോപരിതലത്തിനോട്‌ ചേര്‍ന്നുകിടക്കുന്ന  വിവിധ തരം വാതകങ്ങളുടെ മിശ്രിതമാണ് അന്തരീക്ഷം. നൈട്രജന്‍ (78%), ഓക്സിജന്‍ (21%), ആര്‍ഗണ്‍ (0.93%), കാര്‍ബണ്‍ ഡയോക്സൈഡ് (0.04%) ഹൈഡ്രജന്‍, ഹീലിയം, നിയോണ്‍, മീഥേന്‍, ഓസോണ്‍, ജലബാഷ്പം,പൊടിപടലങ്ങള്‍, ചെറിയ ധൂളികള്‍ എന്നിവയെല്ലാം ഇതിലടങ്ങിയിരിക്കുന്നു. ബാഹ്യഇടപെടലുകളില്ലെങ്കില്‍ ഇവയുടെ അളവും അനുപാതവും ഏറെക്കുറെ സ്ഥിരമായി നിലനില്‍ക്കും. അപകടകരമായതോ ഉയര്‍ന്ന  അളവിലോ ഉള്ള വാതകങ്ങളോ, കണികകളോ ജൈവവസ്തുക്കളോ വായുവില്‍ കലരുന്നതിനാണ് വായുമലിനീകരണം എന്ന് പറയുന്നത്. സ്വാഭാവികവും മനുഷ്യനിര്‍മ്മിതവുമായ വിവിധ ഉറവിടങ്ങള്‍ വായുമലിനീകരണത്തിനു കാരണമാവാം. നാം കരുതുന്നതിലും എത്രയോ ഏറെയാണ്‌ വായുമലിനീകരണമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്നര്‍ത്ഥം.

അഗ്നിപർവത സ്ഫോടനങ്ങള്‍, കാട്ടുതീ, പൊടിക്കാറ്റുകള്‍,ജൈവവസ്തുക്കളുടെ അഴുകല്‍ തുടങ്ങിയ പ്രാകൃതിക പ്രതിഭാസങ്ങള്‍ മലിനീകരണത്തിന് കാരണമാകുന്നുണ്ടെങ്കിലും മനുഷ്യന്റെ അനിയന്ത്രിത ഉപഭോഗത്വര തന്നെയാണ് വായുമലിനീകരണത്തിന് പ്രധാന കാരണം. അതിവേഗം നഗരവത്കരിക്കപ്പെടുന്ന, ആളോഹരി വാഹനസാന്ദ്രത ഏറെക്കൂടുതലുള്ള കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വായുമലിനീകരണത്തിന്റെ ഏറ്റവും  പ്രധാനപ്പെട്ട ഉറവിടമാണ്.

ഹരിതഗൃഹ പ്രഭാവവും ആഗോളതാപനവും

സൂര്യനില്‍ നിന്നുള്ള താപത്തെ പിടിച്ചുനിര്‍ത്തുന്ന പുതപ്പുപോലെ അന്തരീക്ഷം പ്രവര്‍ത്തിക്കുന്നു. ഭൗമോപരിതലവും സമുദ്രങ്ങളുമെല്ലാം പകല്‍സമയത്ത് സൂര്യനില്‍ നിന്ന് ഭൂമിയിലെത്തുന്ന കിരണങ്ങളെ ആഗിരണം ചെയ്യുകയും രാത്രിസമയത്ത് ഇത് തിരിച്ച് പുറംതള്ളുകയും ചെയ്യുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലെ വിവിധവാതകങ്ങള്‍ ഇതിനെ പിടിച്ചുനിര്‍ത്തി ഒരുഭാഗം മാത്രം ബഹിരാകാശത്തേക്ക് തിരിച്ചയക്കുന്നു. അന്തരീക്ഷമില്ലായിരുന്നെങ്കില്‍ ഭൂമിയിലെ താപനില -18 ഡിഗ്രിമാത്രമായിരുന്നേനെ. ഇത്തരത്തില്‍ താപത്തെ പിടിച്ചുനിര്‍ത്തുന്ന പ്രതിഭാസമാണ് ഹരിതഗൃഹപ്രഭാവം എന്നറിയപ്പെടുന്നത്. കാര്‍ബണ്‍ ഡയോക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, ജലബാഷ്പം തുടങ്ങിയവയെല്ലാം ഹരിതഗൃഹ വാതകങ്ങളാണ്. ഹരിതഗൃഹവാതകങ്ങളുടെ അളവിലുണ്ടാകുന്ന വര്‍ധനവ് ഹരിതഗൃഹപ്രഭാവം വര്‍ധിക്കാനും അതുവഴി ആഗോളതാപനത്തിനും കാരണമാകുന്നു.

കാര്‍ബണ്‍ ഡയോക്സൈഡ് ആണ് ഏറ്റവും കൂടിയ അളവില്‍ അന്തരീക്ഷത്തിലുള്ള ഹരിതഗൃഹ വാതകം. മാത്രമല്ല ഇത് നൂറ്റാണ്ടുകളോളം അന്തരീക്ഷത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. മീഥേന് താരതമ്യേന ആയുസ്സ് കുറവാണ്. ക്ലോറോഫ്ലൂറോ കാര്‍ബണുകള്‍ക്ക് സ്ഥിരത കൂടുതലായതിനാല്‍ അവ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കും. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവര്‍ത്തനങ്ങളും ഹരിതഗൃഹ വാതകങ്ങളെ പുറംതള്ളുന്നുണ്ട്. ഇതില്‍ പ്രധാനം കാര്‍ബണ്‍ ഡയോക്സൈഡ് തന്നെ. 1880 നും 2012 നുമിടയില്‍ താപനില 0.85 ഡിഗ്രി വർധിച്ചിരിക്കുന്നു. ഉയര്‍ന്ന താപനില സമുദ്രജലം കൂടുതല്‍ ബാഷ്പീകരിക്കാനും അതുവഴി പേമാരികള്‍ക്കും പ്രളയങ്ങള്‍ക്കും  ചുഴലിക്കാറ്റുകള്‍ക്കുമൊക്കെ കാരണമാകുന്നു. കൂടുതല്‍ കടുത്ത വേനലും വരള്‍ച്ചയും ആഗോളതാപനത്തിന്റെ ഭാഗമായുള്ള കാലാവസ്ഥാമാറ്റങ്ങളുടെ ഫലം തന്നെ. ധ്രുവങ്ങളിലെ മഞ്ഞുരുകുന്നതും സമുദ്രനിരപ്പുയര്‍ന്ന് താഴ്ന്ന പ്രദേശങ്ങളും ദ്വീപുകളും മുങ്ങിപ്പോകുന്നതും സങ്കല്‍പ്പത്തിനപ്പുറം യാഥാര്‍ത്ഥ്യമായി മുന്നിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രളയം പോലും കാലാവസ്ഥാവ്യതിയാനത്തിന്റെ സൃഷ്ടിയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഓസോണ്‍ ദ്വാരവും ക്ലോറോഫ്ലൂറോ കാര്‍ബണുകളും
അന്തരീക്ഷത്തിന്റെ രണ്ടാം പാളിയായ സ്ട്രാറ്റോസ്ഫിയറില്‍ ഓക്സിജന്‍ തന്മാത്രകളുടെ വിഘടനം വഴി ഓസോണ്‍ തന്മാത്രകള്‍ ഉണ്ടാകുന്നു. സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജം കൂടിയ അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയിലെത്താതെ തടയുന്നത് സ്ട്രാറ്റോസ്ഫിയറിലെ ഈ ഓസോണ്‍ പാളിയാണ്. എന്നാല്‍ ക്ലോറോഫ്ലൂറോകാര്‍ബണുകള്‍ ഉള്‍പ്പടെയുള്ള വിവിധ രാസവസ്തുക്കള്‍ വിഘടിക്കാതെ സ്ട്രാറ്റോസ്ഫിയറിലെത്തുകയും അവിടെ വെച്ച് വിഘടിച്ച് ഫ്രീ റാഡിക്കലുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഓസോണ്‍ തന്മാത്രകളെ വിഘടിപ്പിച്ച് ഓസോണ്‍ നാശത്തിന് കാരണമാകുന്നു. ഒരു ക്ലോറിന്‍ റാഡിക്കലിന് പത്തുലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാനാവും. തണുപ്പുകൂടിയ ധ്രുവപ്രദേശങ്ങളില്‍ ഓസോണ്‍ നാശത്തിന്റെ അളവ് കൂടുതലായിരിക്കും. ഓസോണ്‍ സാന്ദ്രതയിലുള്ള കുറവ് ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്താനും അതുവഴി ത്വക്ക് കാന്‍സര്‍, ത്വക്‌രോഗങ്ങള്‍, കാഴ്ചത്തകരാറുകള്‍ തുടങ്ങിയവക്കും കാരണമാകുന്നു. മോൺ‌ട്രിയല്‍ ഉടമ്പടിയുടെ ഭാഗമായി ക്ലോറോഫ്ലൂറോകാര്‍ബണുകളുടെ ഉപയോഗം നിയന്ത്രിച്ചത് ഓസോണ്‍ പാളിയുടെ ആരോഗ്യം സാവധാനമെങ്കിലും വീണ്ടെടുക്കാന്‍ സഹായിക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളില്‍ ബോധപൂർവമായ ഇടപെടലുകള്‍ ഫലം ചെയ്യും എന്നതിനുള്ള നല്ല തെളിവാണിത്.

പുകമഞ്ഞും ആസിഡ് മഴയും
വാഹനങ്ങളുടെ പുകയും വ്യവസായങ്ങളില്‍ നിന്നുള്ള അവശിഷ്ടവാതകങ്ങളുമെല്ലാമാണ് പുകമഞ്ഞിന് കാരണമാകുന്നത്. നൈട്രജന്റെ വിവിധ ഓക്സൈഡുകള്‍, എളുപ്പത്തില്‍ ബാഷ്പീകരിക്കുന്ന ഓര്‍ഗാനിക് സംയുക്തങ്ങള്‍, ഓസോണ്‍ തുടങ്ങിയവയെല്ലാം ചേര്‍ന്നുണ്ടാക്കുന്ന  പുകരൂപത്തിലുള്ള മിശ്രിതമാണ് പുകമഞ്ഞ്‌ അഥവാ സ്മോഗ്. കാഴ്ചതടസ്സം, ശ്വാസം മുട്ടല്‍, ബ്രോങ്കൈറ്റിസ്, ആസ്ത്മ , കാന്‍സര്‍ തുടങ്ങിയവക്ക് കാരണമാകുന്നു. നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്സൈഡുകള്‍ ജലത്തില്‍ ലയിച്ച് സള്‍ഫ്യൂരിക് ആസിഡും നൈട്രിക് ആസിഡും ഉണ്ടാകുന്നു. ഇത് ജലത്തോടൊപ്പം കലര്‍ന്നാണ് ആസിഡ് മഴ ഉണ്ടാകുന്നത്. സസ്യങ്ങള്‍, ജലജീവികള്‍, കെട്ടിടങ്ങള്‍ എന്നിവയുടെയെല്ലാം നാശത്തിന് ആസിഡ് മഴ കാരണമാകുന്നു.വായുമലിനീകരണത്തിന്റെ ദോഷഫലങ്ങള്‍
ശ്വാസതടസ്സം മുതല്‍ കാന്‍സര്‍ വരെ വിവിധ അസുഖങ്ങള്‍ ഉണ്ടാക്കാന്‍  വായുമലിനീകരണം കാരണമാകുന്നു. പ്രതിവര്‍ഷം എഴുപത് ലക്ഷത്തിലധികം പേരുടെ മരണത്തിനും ഇത് കാരണമാകുന്നുണ്ട് ഹൃദ്രോഗം , സ്ട്രോക്ക്, പ്രമേഹം എന്നിവയ്‌ക്കും വായുമലിനീകരണം കാരണമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ശ്വാസകോശാര്‍ബുദം വർധിക്കുന്നതിനും കുട്ടികളില്‍ രക്തസമ്മര്‍ദ്ദം ഉയരുന്നതിനും നവജാത ശിശുക്കളില്‍ തൂക്കക്കുറവുണ്ടാകുന്നതിനുമെല്ലാം പിന്നില്‍ വായുമലിനീകരണത്തിന്റെ സ്വാധീനമുണ്ട്. ഓട്ടിസവും ഷിസോഫ്രീനിയയുമെല്ലാം ഉണ്ടാക്കുന്നതിന് തുല്യമായ നാശം കുട്ടികളുടെ  തലച്ചോറിനുണ്ടാക്കാന്‍ വായുമലിനീകരണത്തിന് കഴിയുമെന്ന് പഠനം സൂചിപ്പിക്കുന്നു. ഓര്‍മ്മക്കുറവ്‌, സ്മൃതിനാശം എന്നിവയ്‌ക്കും കാരണമാകുന്ന വായുമലിനീകരണം അത്ര നിസ്സാരമല്ല.

എന്ത് ചെയ്യാനാവും?
നമ്മുടെ ഊര്‍ജ്ജോപഭോഗനയമാണ് പ്രധാനമായും തിരുത്തപ്പെടേണ്ടത്. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറച്ച്  കാറ്റ്, സൂര്യപ്രകാശം, തിരമാല തുടങ്ങിയ പുതുക്കാനാവുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ കൂടുതലായി ഉപയോഗിക്കേണ്ടതുണ്ട്. അനിയന്ത്രിത വിഭവോപഭോഗം അനിയന്ത്രിതമായ ഊര്‍ജ്ജ വിനിയോഗത്തിന് കാരണമാകുമെന്നും ഓര്‍ക്കേണ്ടതുണ്ട്. സുസ്ഥിര വികസനം നയമായി സ്വീകരിക്കപ്പെടുകയും കൂടുതല്‍ ഹരിതമായ നിര്‍മ്മാണ രീതികളും  യാത്രാമാര്‍ഗ്ഗങ്ങളും സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. വാഹനങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നുമുള്ള ഉത്സര്‍ജ്ജനങ്ങള്‍ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളുണ്ടാവുകയും അത് പാലിക്കപ്പെടുകയും വേണം. വനനശീകരണം തടയാനും വനവിസ്തൃതി നിലനിര്‍ത്താനുമുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാകണം. അഞ്ചോ പത്തോ വര്‍ഷങ്ങള്‍ കൊണ്ടൊന്നും  വായുമലിനീകരണത്തിന് പരിഹാരം കാണാന്‍ കഴിയില്ലെങ്കിലും ദീര്‍ഘകാല ശ്രമങ്ങള്‍ ഫലം കാണുക തന്നെ ചെയ്യുമെന്ന് ബെയ്ജിങ്ങിനെപ്പോലുള്ള ഉദാഹരണങ്ങള്‍ കാണിക്കുന്നു. വരുന്ന  തലമുറകള്‍ക്ക് സൗജന്യവും സ്വതന്ത്രവുമായി ശ്വസിക്കാന്‍ കഴിയട്ടെ.


പ്രധാന വാർത്തകൾ
 Top