19 August Monday

വാട്‌സാപ്പിലെ ഹാക്കർമാർക്കെതിരെ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

ഹാക്കർമാർക്ക് വാട്സാപ്പിലൂടെ നിങ്ങളുടെ ഫോണിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ വഴി തുറന്നുകാട്ടിയ ഒരു ‘പിൻവാതിൽ' ഇക്കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. എൻ എസ്‌ ഒ ഗ്രൂപ്പിന്റെ പെഗാസസ് എന്ന മാൽവെയറാണ് ഇത്തരത്തിൽ ഹാക്കർമാർ ഇൻസ്റ്റാൾ ചെയ്തത് എന്ന് പറയപ്പെടുന്നു. സർക്കാരുകൾക്ക് പൗരന്മാരുടെ ഫോണുകളിൽ നുഴഞ്ഞു കയറി വിവരങ്ങൾ സ്വരൂപിക്കാൻ സഹായിക്കുന്ന ഈ മാൽ വെയർ ഇൻസ്റ്റാൾ ചെയ്യാനുള്ള പഴുതും ഞെട്ടിപ്പിക്കുന്നതാണ്. ഓഡിയോ കാൾ വിളിക്കുകയും ആ സമയത്ത് ഇങ്ങേത്തലയ്ക്കലെ വ്യക്തി ഫോൺ എടുത്താലും ഇല്ലെങ്കിലും ഈ തട്ടിപ്പ് സോഫ്റ്റ് വയറിനു നുഴഞ്ഞു കയറാനുള്ള പഴുത്തു തുറന്നു കിടക്കുകയും ചെയ്യും. ഇങ്ങനെ എത്ര ഫോണുകളിൽ ആർക്കൊക്കെ വേണ്ടി ഈ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെട്ടു എന്നതിന് കൃത്യമായ കണക്കുകൾ ഇല്ല എന്ന് സെക്യൂരിറ്റി നിരീക്ഷകർ പറയുന്നു. 

പത്ത് ദിവസങ്ങൾക്ക് മുമ്പ്‌ ഫേസ്‌ബുക്കിന്റെ ശ്രദ്ധയിൽപെട്ട ഈ അബദ്ധം ഇതോടുകൂടി ശരിയാക്കി എന്നാണു കമ്പനിയുടെ വാദം. എൻ എസ്‌ ഒ എന്ന കമ്പനിയാകട്ടെ,  തങ്ങൾ ഈ പഴുതു കണ്ടെത്തുക മാത്രമാണ് ചെയ്‌തതെന്നും  ഇതിലൂടെ യാതൊരു നുഴഞ്ഞു കയറ്റവും ചെയ്തിട്ടില്ല എന്നും ആണയിട്ടു പറയുന്നു. എന്നാൽ ഫേസ്‌ബുക്കിന്റെ ഭാഷ്യത്തിൽ നിന്ന് ഈ കമ്പനിയാണ് ഇതിനു പിന്നിലെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്‌.  ഈ പഴുതുള്ള വാട്സാപ്പ് പതിപ്പാണ് നിങ്ങളുടെ ഫോണിൽ എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ എത്രയും പെട്ടെന്ന് പ്ലേ/ആപ്പിൾ സ്റ്റോറിൽ ചെന്ന് നിങ്ങളുടെ വാട്സാപ്പ് പുതുക്കുക.  


പ്രധാന വാർത്തകൾ
 Top