17 February Sunday

അപ്പൂപ്പൻതറയും പെരുമ്പറയനും

പ്രത്യേക ലേഖകൻUpdated: Monday Oct 15, 2018

പെരുമ്പറയൻ / അപ്പൂപ്പൻതറ

ആലപ്പുഴ
കീഴാളരെ ചേറ്റിൽ ചവിട്ടിത്താഴ‌്ത്തിയ   ജാതിമേധാവിത്വത്തിന്റെ തേർവാഴ‌്ചയുടെ ഓർമപ്പെടുത്തലായി  പാടശേഖരങ്ങളിൽ അപ്പൂപ്പൻ തറയും പെരുമ്പറയനും.

പുന്നപ്ര നൂറ്റമ്പതിൽച്ചിറപ്പാടത്ത‌് ഒന്നരനൂറ്റാണ്ടുമുമ്പാണ‌് അപ്പൂപ്പൻ എന്ന പുലയനെ സവർണരും ഗുണ്ടകളും ചേർന്ന‌് മടയിൽ കുത്തിത്താഴ‌്ത്തിയത‌്.  വെള്ളം വറ്റിക്കാൻ പ്രയാസമുണ്ടായിരുന്ന പാടത്ത‌്, വലിയ ആകാരമുള്ള അപ്പൂപ്പനെ മടയിൽ ഇരുത്തി മടകുത്തുക പതിവായിരുന്നു. ശരീരത്തിന്റെ ഒരു പരിധിവരെ ചേറ‌് നിറയുമ്പോൾ അപ്പൂപ്പൻ മതിയെന്നു പറയും.  അപ്പോൾ അപ്പൂപ്പൻ എഴുന്നേൽക്കുകയായിരുന്നു പതിവ‌്.

സംഭവദിവസം അപ്പൂപ്പനെ കൊല്ലാൻ സവർണമേധാവികൾ ഏർപ്പാടുചെയ‌്തു. അപ്പൂപ്പനെ ഇരുത്തിയശേഷം മടയ‌ുടെ ഇരുവശങ്ങളിലും  വള്ളത്തിൽനിന്ന‌് ചേറുകുത്തി അദ്ദേഹത്തെ ആളുകൾ മൂടുകയായിരുന്നുവെന്നാണ‌് തന്റെ കേട്ടറിവെന്ന‌്  അറവുകാട‌് കോളനിയിലെ  77 വയസുള്ള  കർഷകത്തൊഴിലാളി ചെല്ലമ്മ പറഞ്ഞു.  കൊല്ലാൻ പറഞ്ഞ ന്യായം  അപ്പൂപ്പൻ  വീടിനകത്തു തുരങ്കമുണ്ടാക്കി പെരുംകൂടിട്ടു മീൻ പിടിച്ചതുമൂലം പാടത്തെ വെള്ളം വറ്റിയില്ല എന്നതാണ‌്.  ജന്മിയുടെ അന്ധവിശ്വാസം അപ്പൂപ്പനെ പാടത്തിനു നടുക്ക‌് കുടിയിരുത്തി.  അപ്പൂപ്പനെ കൊന്നശേഷം വീട്ടിലെത്തിയ ജന്മി ‘ അടിയനിവിടുണ്ടേ തീണ്ടാതെ മാറിക്കോളൂ’ എന്ന‌് അശരീരി കേട്ടുവത്രെ. പിന്നീട‌് ജന്മിക്കുണ്ടായ ദുരന്തങ്ങൾക്കെല്ലാം അപ്പൂപ്പനായി ഉത്തരവാദി!  ജന്മി  കുടിയിരുത്തിയ അപ്പൂപ്പനോട‌് അനുവാദം ചോദിച്ചിട്ടേ പാടത്തിപ്പോൾ കൃഷിപ്പണി നടക്കൂ.

മൂന്നു തലമുറകൾക്കു മുമ്പുണ്ടായ സംഭവമാണ‌് പെരുമ്പറയന്റെ ചരിത്രവുമായി   ബന്ധപ്പെട്ടുള്ളത‌്.  അയ്യനാട്ടെ പാടത്ത് ഒരിക്കലും ഉറപ്പിക്കാൻ കഴിയാത്ത ഒരു മടയുണ്ടായിരുന്നു. എത്രകുട്ട മണ്ണ് കുത്തി മറച്ചാലും മട പൊട്ടും. മട ഉറപ്പിക്കൽ പ്രയാസകരമായതോടെ  ജന്മി ജ്യോത്സ്യരെ വിളിച്ചു പ്രശ്നംവച്ചു. മനുഷ്യക്കുരുതി നടത്തിയാലേ മടയുറയ‌്ക്കൂ എന്നായി ജ്യോത്സ്യൻ. മനുഷ്യക്കുരുതിക്ക‌് ജീവൻ നൽകാൻ ആളെക്കിട്ടാതെ ജന്മി അലഞ്ഞ കാലത്താണ‌്  അയ്യനാട്ടെ അടിയാൻമാരുടെ മൂപ്പനായ  കൊച്ചിട്ട്യാതിയുടെ വീട്ടിൽ  ബന്ധുവുമായ പെരുമ്പറയൻ വിരുന്നുവന്നത‌്. കോട്ടയം പുതുപ്പള്ളിക്കാരനായിരുന്നു പെരുമ്പറയൻ. അന്ന‌്   രാത്രി ഭക്ഷണം കഴിഞ്ഞു  കൊച്ചിട്ട്യാതിയും പെരുമ്പറയനും സംസാരിച്ചിരിക്കെ  കനത്ത മഴയിൽ പാടത്തെ മട വീണ്ടും പൊട്ടി. കൊയ‌്തെടുക്കാറായ നെല്ലു മുഴുവൻ നശിച്ചുപോവുമെന്ന് ഉറപ്പ്.

കൊച്ചിട്ട്യാതിയും കൂട്ടരും മട അടയ‌്ക്കാൻ പാടത്തേക്കു കുതിച്ചു; കൂടെ പെരുമ്പറയനും. മീറ്ററുകളോളം നീളത്തിൽ വീണുപോയ മട കെട്ടാൻ അക്കാലത്തു വലിയ ബുദ്ധിമുട്ടാണ്.  അന്നു രാത്രി പെരുമ്പറയനും മറ്റു പണിക്കാരോടൊപ്പം തടയിട്ടു മണ്ണ് ചവിട്ടിത്താഴ‌്ത്താൻ പാടത്തെ വെള്ളത്തിലിറങ്ങി. മൺകട്ടയിട്ട് ഉയർത്തുന്ന മട പെരുമ്പറയന്റെ നെഞ്ചുവരെ ഉയരത്തിലെത്തി. അപ്പോൾ ജൻമി പെരുമ്പറയനെ മനുഷ്യക്കുരുതിയായി മടയിൽ കൊന്നുതാഴ‌്ത്താൻ വള്ളത്തിലെ പണിക്കാർക്ക‌് രഹസ്യ നിർദേശം നൽകി.  കട്ടകൾ പെരുമ്പറയന്റെ തലവഴിയിട്ടുമൂടി.  മണ്ണ് ചവിട്ടിയുറപ്പിക്കുന്നതിനൊപ്പം പെരുമ്പറയനെയും  ചവിട്ടിയുറപ്പിച്ചു.

ജന്മിയുടെ കുടുംബത്തിന‌് ചില തിരിച്ചടികൾ ഉണ്ടായപ്പോൾ ജന്മി വീണ്ടും ജ്യോത്സ്യരെ വരുത്തി  പ്രശ‌്നം വയ‌്പ്പിച്ചു. പെരുമ്പറയനെ ആവാഹിച്ചു പ്രതിമയിലാക്കി കാലവും നേരവും നോക്കി നേർച്ച കൊടുക്കാനായിരുന്നു നിർദേശം. അങ്ങനെ പെരുമ്പറയന്റെ രൂപം കരിങ്കല്ലിൽ കൊത്തിയെടുത്തു. കൊച്ചിട്ട്യാതിയുടെ വീടായ തോപ്പിൽച്ചിറയിലെത്തിച്ചു പറമ്പിൽ പ്രതിഷ്ഠിച്ചു. നാട്ടുകാരുടെ  ദൈവമായി പെരുമ്പറയന്റെ പ്രതിമ ചതുർഥ്യാകരിയിലെ പാടവരമ്പത്തുണ്ട‌്.  ഒരു കൈയിൽ മൺകട്ടയും മറുകൈയിൽ കട്ടകുത്താനുള്ള വടിയുമേന്തി.

ഇത്തരം  നിരവധി കീഴാളരാണ‌്  കുട്ടനാടൻ പാടശേഖരങ്ങളിൽ കൊല്ലിനും കൊലയ‌്ക്കും അധികാരമുണ്ടായിരുന്ന സവർണ മേധാവികളുടെ  പ്രതാപകാലത്ത‌് ചേറ്റിൽ താഴ‌്ത്തപ്പെട്ടത‌്.


പ്രധാന വാർത്തകൾ
 Top