18 September Wednesday

ഒഴുകിപ്പോയത്‌ പാതാർ അങ്ങാടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

ഉരുൾപൊട്ടി ഉരുളൻ കല്ലുകൾ കൊണ്ട് മൂടിയ പാതാർ ഫോട്ടോ/ കെ ഷമീർ


കവളപ്പാറ
പാതാർ അങ്ങാടി ഇന്നില്ല,  ആറുദിവസംമുമ്പുവരെ ജനങ്ങൾ ഒത്തുകൂടിയ ഈ നാട്ടുഗ്രാമം ഇന്ന് വെറും ചരൽപ്പാറമാത്രം. അങ്ങാടിയിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളുടെ  കെട്ടിടങ്ങളും സമീപത്തെ 12 വീടുകളും ടൺ കണക്കിന് ഭാരമുള്ള ഉരുളൻ കല്ലുകളാൽ മൂടി. ദുരന്ത സൂചന മുൻകൂട്ടി അറിഞ്ഞതിനാൽ നാട്ടുകാർ മാറിത്താമസിച്ചിരുന്നു. അതിനാൽ കവളപ്പാറയിലെപോലെ മനുഷ്യജീവൻ പൊലിഞ്ഞില്ല. എങ്കിലും വീണ്ടെടുക്കാനാവാത്തവിധം ദാരുണമാണ് ഈ നാടിന്റെ ചിത്രം. 

മൂന്ന് കെട്ടിടങ്ങളിൽ നിരവധി കടകളും ഹോട്ടലും പ്രവർത്തിച്ചിരുന്നു.  ഇപ്പോൾ അവ കാണാനില്ല. അങ്ങാടിയിലൂടെ ഒഴുകിയിരുന്ന ചെറിയ പുഴയും കല്ലുമൂടി. പാലത്തിന്റെ ചെറുഭാഗംമാത്രമാണ് അവശേഷിച്ചത്. ദുരന്ത സ്മാരകമായി ചെറിയ ഒറ്റമുറിക്കടമാത്രം ശേഷിച്ചു. ഭാഗികമായി തകർന്ന രണ്ട് വീടുകൾ–- ദുരന്തഭൂമിയുടെ നേർ ചിത്രമാണിത്. അങ്ങാടിയിലെ മുസ്ലിം പള്ളിയുടെ മുൻവശം തകർന്നു. വൈകിട്ട് നിസ്കാര സമയത്ത് നിരവധിയാളുകൾ പള്ളിയിൽ ഉണ്ടായിരുന്നപ്പോഴാണ് മലമുകളിൽനിന്ന് പാറകഷ്ണങ്ങൾ കുതിച്ചെത്തിയത്. പള്ളിയുടെ ഒരു ഭാഗത്തെമാത്രംതൊട്ട് ദുരന്തം വഴിമാറുകയായിരുന്നു. പുഴയിൽ വെള്ളം കയറിയത് കാണാനെത്തിയവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.


പ്രധാന വാർത്തകൾ
 Top