21 November Thursday

കുഴിക്കാട്ടുശേരിയിലും ആയിരങ്ങൾ

ടി വി വിനോദ്‌Updated: Monday Oct 14, 2019



പുത്തൻചിറ (തൃശൂർ)
കുഴിക്കാട്ടുശേരി തീർഥകേന്ദ്രത്തിൽ ഞായറാഴ്‌ച പകൽ 2.10ന്‌ കൂട്ടമണിനാദത്തിനൊപ്പം കതിനകളും മുഴങ്ങി. വത്തിക്കാനിൽ മറിയം ത്രേസ്യയെ വിശുദ്ധയായി  പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ തൽസമയം കന്യാസ്‌ത്രീകളും പുരോഹിതരും നാട്ടുകാരും അടങ്ങുന്ന വൻജനാവലിയാണ്‌ കുഴിക്കാട്ടുശേരി തീർഥകേന്ദ്രത്തിലെത്തിയത്.

തീർഥകേന്ദ്രം സെന്റിനറി ഹാളിലെ വലിയ സ്‌ക്രീനിൽ തത്സമയ സംപ്രേക്ഷണം കാണാൻ നൂറുകണക്കിന്‌ പേരാണെത്തിയത്‌. വിശുദ്ധയായി പ്രഖ്യാപിക്കുന്നവരുടെ പേരുകളിൽ മറിയം ത്രേസ്യയുടെ പേര്‌ പരാമാർശിച്ചതോടെ സദസ്സ്‌ വൻകൈയടിയോടെ എതിരേറ്റു. തുടർന്ന്‌ വിശുദ്ധ പ്രഖ്യാപനത്തിൽ ആഹ്ലാദം അലയടിച്ചു.

ഞായറാഴ്‌ച രാവിലെ ഏഴോടെ തീർഥകേന്ദ്രത്തിലേക്ക്‌ ജനങ്ങളെത്തിത്തുടങ്ങി.  പത്തിന്‌ കുർബാനയ്‌ക്ക്‌ അപ്പസ്‌തോലിക്‌ നൂൺഷ്യോ ആർച്ച്‌ ബിഷപ്‌ മാർ ജോർജ്‌ പാനികുളം, ഹൊസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്‌റ്റ്യൻ പൊഴോലിപ്പറമ്പിൽ, ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാൾ ലാസർ കുറ്റിക്കാടൻ എന്നിവർ നേതൃത്വം നൽകി. പ്രധാന ചടങ്ങായ തിരുസ്വരൂപത്തിൽ കിരീടം ചാർത്തലിൽ രൂപത പ്രൊമോട്ടർ ഫാ. ജോസ്‌ കാവുങ്കൽ കാർമികനായി.

തുടർന്ന്‌ കബറിടത്തിൽ നൊവേന അർപ്പിച്ചു. തിരുസ്വരൂപം വഹിച്ച്‌ ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണത്തിൽ ആയിരങ്ങളാണ്‌ പങ്കെടുത്തത്‌. നേർച്ചയൂട്ടും നടന്നു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ ജോസ്‌ മഞ്ഞളി, രൂപത ചാൻസലർ ഡോ. നെവിൻ ആട്ടോക്കാരൻ എന്നിവരും ചടങ്ങുകൾക്ക്‌ നേതൃത്വം നൽകി.


പ്രധാന വാർത്തകൾ
 Top