22 September Tuesday

33 വർഷംമുമ്പ്‌ വൃക്കദാനം; 84ലും വള്ളോത്തി ഹാപ്പി

കെ ഇ നൗഷാദ്‌Updated: Friday Aug 14, 2020

വള്ളോത്തി മകൾ ലീലയോടൊപ്പം


പെരുമ്പാവൂർ
ലോക അവയവദാന ദിനമായി ആഗസ്ത്‌ 13 ആചരിക്കുന്നതൊന്നും മാഞ്ഞാലി മടത്തിപ്പറമ്പിൽ വള്ളോത്തിക്ക്‌ അറിയില്ല. 33 കൊല്ലംമുമ്പ്‌ നടത്തിയ അവയവദാനം അത്ര വലിയ സംഭവമാണെന്ന തോന്നലും ഇല്ല. വാർധക്യത്തിന്റെ ആകുലതകൾ വേട്ടയാടുന്നുണ്ടെങ്കിലും 84–-ാംവയസ്സിൽ മൂത്തമകൾ ലീലയുടെ പെരുമ്പാവൂർ മുള്ളംകുഴിയിലെ വീട്ടിൽ ഈ വൃദ്ധമാതാവ്‌ സസുഖം കഴിയുന്നു.

മൂന്ന് പെൺമക്കളിൽ ഇളയവളായ അമ്മിണിക്ക് 1987ലാണ്‌ വള്ളോത്തി വൃക്ക ദാനംചെയ്തത്‌. ഭർത്താവ് തേവൻ മരിച്ചതിനാൽ വള്ളോത്തി കൂലിവേല ചെയ്ത് കുടുംബം പോറ്റുന്നകാലമായിരുന്നു അത്‌. രോഗം മൂർച്ഛിച്ച്‌ മകൾ മരണത്തെ മുഖാമുഖം കണ്ടപ്പോൾ, വള്ളോത്തി രണ്ടാമതൊന്ന്‌ ചിന്തിച്ചില്ല. അവയവദാനത്തെക്കുറിച്ച് വലിയ ധാരണയുള്ള കാലമായിരുന്നില്ല അത്‌. എങ്കിലും മകളുടെ ജീവൻ രക്ഷിക്കുന്നതിനായി എന്തും ചെയ്യാൻ വള്ളോത്തി തയ്യാറാവുകയായിരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടറും മറ്റു ജീവനക്കാരും വള്ളോത്തിക്ക്‌ ധൈര്യംപകർന്നു. ഡോ. ജോർജ് കെ   നൈനാനാണ് ശസ്ത്രക്രിയ നടത്തിയത്.  ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ നാട്ടുകാർ സഹായിച്ചു. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും രണ്ടുവർഷത്തിനുശേഷം മകൾ മരിച്ചു.

മൂന്നുപതിറ്റാണ്ടുമുമ്പ് അവയവദാനം നടത്തിയ ആളാണ് തങ്ങളുടെ വല്യമ്മയെന്ന തിരിച്ചറിവൊന്നും കൊച്ചുമക്കൾക്കും അവരുടെ കുട്ടികൾക്കും ഇല്ല. വള്ളോത്തിയുടെ രണ്ടാമത്തെ മകൾ കുമാരി കുറുമശേരി മൂഴിക്കുളത്താണ് താമസം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top