24 August Saturday

സർഗാത്മക ജീവിതം

ജി വേണുഗോപാൽUpdated: Friday Jun 14, 2019



പഴവിളയെ ആദ്യം കാണുന്നത് "മാളൂട്ടി’യിലെ സ്വർഗങ്ങൾ സ്വപ്നം കാണും എന്ന ഗാനത്തിന്റെ കമ്പോസിങ്  വേളയിലാണ്. ഭരതൻ സംവിധാനം ചെയ്ത ആ ചിത്രത്തിലെ ഗാനങ്ങൾ മലയാളം മറക്കാത്തവയാണെന്ന് പറയാം.  ജോൺസൺ ഈണം നൽകിയ പാട്ടുകൾ ആലപിച്ചവരിൽ  സുജാതാ മോഹനനും  യേശുദാസിനുമൊപ്പം ഞാനും.  
സുഹൃത്തും പ്രൊഡ്യൂസറുമായ ഹരി പോത്തനോടൊപ്പം ഹോട്ടൽ മുറിയിൽ കയറിവന്ന് എന്റെ തോളത്ത് കൈയിട്ട്, ദീർഘകാല സുഹൃത്തിനെപ്പോലെ, എന്നാൽ ജ്യേഷ്ഠന്റെ വാത്സല്യത്തോടെ പഴവിള സംസാരിച്ചു. ആ ഗാനത്തിന്റെ റിക്കോർഡിങ്ങിനുശേഷമാണ് ഞാൻ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിൽ പോകുന്നത്.

പഴയകാല സിനിമാക്കഥകളും കെ ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള അതികായന്മാരുമായുള്ള അടുപ്പവുമെല്ലാം  പറയുമായിരുന്നു ഒരുകാലത്ത് സാഹിത്യ‐ സിനിമാ മണ്ഡലങ്ങളിൽ പ്രസിദ്ധമായ തിരുവനന്തപുരത്തെ “നികുഞ്ജം’  സൗഹൃദകൂട്ടായ്മയിലെ ആ പോരാളി. മറ്റാർക്കുമറിയാത്ത അക്കാലത്തെ സംഭവങ്ങൾ, കഥകൾ ഒരിക്കലും മറക്കാനാവില്ല.

അവസാനം പഴവിളയെ  കാണുന്നത് ഒരു യാത്രക്കിടെ കരുനാഗപ്പള്ളിയിൽവച്ചാണ്. പ്രമേഹം കാരണം മുറിച്ചുനീക്കേണ്ടി വന്ന കാലുകളെക്കുറിച്ച് അദ്ദേഹത്തിന്  വ്യാകുലതയേയുണ്ടായിരുന്നില്ല. പോയതെല്ലാം പോയി. മറ്റുള്ളവ കൊണ്ട് സന്തോഷമായി ജീവിക്കുമെന്നായിരുന്നു നിശ്ചയം.  ശാരീരികാവശതകൾക്കിടയിലും കവിതയും സാഹിത്യവുമൊന്നും അവസാനകാലംവരെയും ആ മനസ്സിൽനിന്ന് ഒഴിഞ്ഞുപോയില്ല. ജീവിതത്തോടുള്ള പഴവിളയുടെ തത്ത്വശാസ്ത്ര സമീപനവും അതായിരുന്നു.


പ്രധാന വാർത്തകൾ
 Top