12 August Wednesday

അടച്ചുപൂട്ടല്ലേ, മണ്ണിൽ പൊന്ന്‌ വിളയിക്കാം

ജയൻ ഇടയ്‌ക്കാട്‌Updated: Thursday May 14, 2020


കൊല്ലം
മുഖത്തലയിലെ കാടുപിടിച്ചുകിടന്ന ഒന്നരയേക്കർ സ്ഥലം ഒരുമാസംകൊണ്ട്‌‌ ചീരപാടമായി‌.  പിന്നെ പാവലും വെണ്ടയും പയറുംചേനയും വാഴയും നിറഞ്ഞു.‌ ഇത്‌ പഴയ തരിശുഭൂമിയാണോന്ന്‌ ആരുമൊന്ന്‌ സംശയിക്കും. മൂന്നു ചെറുപ്പക്കാർ, എൻജിനിയറിങ്‌ ബിരുദധാരി സജി, വീഡിയോഗ്രഫർ ശരത്‌, ക്ഷീരവികസനവകുപ്പിലെ താൽക്കാലിക ജീവനക്കാരൻ മനീഷ്;‌ ഇവരുടെ ഒത്തൊരുമയുടെ വിജയംകൂടിയാണ്‌ ഈ കാഴ്‌ച.  അടച്ചുപൂട്ടൽനാളുകളെ കൃഷിയിടത്തിലേക്ക്‌ മാറ്റിയപ്പോൾ മണ്ണ്‌ ഇവർക്ക്‌ നൽകിയത്‌ നൂറുമേനി.

കേരളത്തിന്റെ ഭക്ഷ്യഭദ്രതയ്‌ക്ക്‌ കൃഷി ശക്തിപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ്‌ ഇവരെ മണ്ണിലേക്ക്‌ ഇറക്കിയത്‌. കൊല്ലം മുഖത്തലയിലെ ഒരേക്കർ കൂടാതെ അരയേക്കർകൂടി പാട്ടത്തിനെടുക്കുകയായിരുന്നു ആദ്യം. കിലോയ്‌ക്ക്‌ 1200 രൂപ വീതം നൽകി ചീരവിത്ത്‌ വാങ്ങി. പിന്നെ കാടുതെളിച്ച്‌, മണ്ണൊരുക്കി വിത്തും വളവുമിട്ടു.  തൃക്കോവിൽവട്ടം കൃഷിഭവൻ സഹായങ്ങളും നിർദേശങ്ങളും നൽകി. ദിവസവും അഞ്ചു മണിക്കൂറെങ്കിലും കൃഷിയിടത്തിൽ ചെലവിട്ടു.  ഒരുമാസംകൊണ്ട്‌ ചീര വളർന്ന്‌ പാകമായി. വിളവെടുത്തു. ഒരുപിടി ചീര 15 രൂപയ്‌ക്ക്‌ വിറ്റു. വിവരമറിഞ്ഞ്‌ മറ്റു പ്രദേശങ്ങളിൽനിന്നും ചീര വാങ്ങാൻ ആളുകളെത്തി. ചീരയിൽനിന്ന്‌ ഒരു ലക്ഷം രൂപ വരുമാനമുണ്ടായെന്ന്‌ ഈ  കർഷകർ.

അടച്ചുപൂട്ടലിന്റെ  ആദ്യനാളുകളിൽ തോന്നിയ  വിരസത പിന്നീടുണ്ടായില്ലെന്ന്‌ യുവാക്കൾ പറഞ്ഞു.  തരിശുകിടന്ന സ്ഥലം കൃഷിയിടമായപ്പോൾ സംതൃപ്‌തി. ഇനി  പി‌ന്നോട്ടില്ല.  വാഴ‌ത്തോട്ടത്തിലെ  വരവുകൂടിചേരുമ്പോൾ  അഞ്ചുലക്ഷം രൂപ കൈയിലെത്തുമെന്നാണ്‌ പ്രതീക്ഷ. ‘മത്സ്യക്കൃഷിയും ആട്‌ ഫാമും തുടങ്ങണമെന്നുണ്ട്‌. മികച്ച വരുമാനം ലഭിക്കുമ്പോൾ എന്തിന്‌ പിൻമാറണം. നിലവിലുള്ള ജോലിക്കൊപ്പം കൃഷിയും കൊണ്ടുപോകും’–-- സജി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top