24 June Monday

ഉച്ചത്തിൽ പറയുക; ഞാൻ ഇടതുപക്ഷത്ത‌് : എം മുകുന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019


എഴുത്തുകാരന് സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിൽനിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ല. പ്രത്യേകിച്ചും ഈ തെരഞ്ഞെടുപ്പു കാലത്ത്. ഞാൻ ഇടതുപക്ഷത്താണെന്ന് ഓരോ എഴുത്തുകാരനും ഉച്ചത്തിൽ വിളിച്ചുപറയേണ്ട സമയമാണിത്. എല്ലാ അർഥത്തിലും സ്വാതന്ത്ര്യമുള്ള ഒരു സമൂഹത്തെ സ്വപ്നം കാണുന്നവരാണ് എഴുത്തുകാർ. അവരുടെ നാവ് അറുക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് അതിനെതിരെ ജാഗ്രത പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണം. സ്വാതന്ത്ര്യമുള്ള ഒരു സമൂഹം നിലനിൽക്കണമെന്ന്‌ ആഗ്രഹിക്കുന്ന ഓരോ എഴുത്തുകാരനും ഞാൻ ഇടതുപക്ഷത്താണെന്ന് വിളിച്ചുപറയാനുള്ള അവസരംകൂടിയാണ് ഈ തെരഞ്ഞെടുപ്പുകാലം. കാരണം  മനുഷ്യാവസ്ഥകളിൽ ഏറ്റവും ഉദാത്തമായ അവസ്ഥ ഇടതുപക്ഷമാണ്.

എഴുത്തുകാരന്റെ സ്വപ്നം എന്നും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ളതാണ്, അല്ലാതെ വൻ മണിമാളികകളല്ല. മറ്റാരെക്കാളും  പൊതുമനസ്സിന്റെ ഇടങ്ങളിൽ എഴുത്തുകാരന് സ്ഥാനമുണ്ട്. രാഷ്ട്രീയക്കാർക്ക് കടന്നുചെല്ലാനാകാത്ത മനുഷ്യമനസ്സിന്റെ ചില ഇടങ്ങളിൽ എഴുത്തുകാരന് മാത്രമാണ് പ്രവേശനം. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പുകാലത്ത് എഴുത്തുകാരന് വലിയ ഉത്തരവാദിത്തമാണ് നിർവഹിക്കാനുള്ളത്.  എത്ര അരാഷ്ട്രീയ വാദിയെന്നു പറഞ്ഞാലും എല്ലാ എഴുത്തുകാരുടെ ഉള്ളിലും രാഷ്ട്രീയമുണ്ട്. ചിലർ പ്രത്യക്ഷമായി ഇടപെടുന്നില്ലെന്ന് വരാം. എങ്കിലും രാഷ്ട്രീയമുണ്ട്. അത് ഇടതുപക്ഷമാണെന്ന് ഉറക്കെ പറയാനുളള പറ്റിയ അവസരംകൂടിയാണ് തെരഞ്ഞെടുപ്പു കാലം.  ഇഷ്ടദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷേ, വർത്തമാനകാല ഇന്ത്യയിൽ അതുപോലും നിഷേധിക്കപ്പെടുകയാണ്. ഭക്ഷണം കഴിക്കാനും എഴുതാനും  പറയാനുമെല്ലാം സ്വാതന്ത്ര്യം വേണം. പക്ഷേ, എഴുത്തുകാരുടെ നാവരിയാനുളള ശ്രമമാണ് നടക്കുന്നത്.

സാഹിത്യകാരന്റെ ഭൗതികമായ സ്വപ്നം എക്കാലത്തും സ്വാതന്ത്ര്യമുള്ള ഒരു സമൂഹംതന്നെയാണ്. അതുകഴിഞ്ഞാൽ പിന്നെ അവന്റെ സ്വപ്നം അടിസ്ഥാനസൗകര്യമുള്ള നാടാണ്. പാർപ്പിടം, കുടിവെള്ളം, റോഡുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലുള്ള വികസനം. നമ്മുടെ കേരളം ഈയൊരു സ്വപ്നത്തിന്റെ സാഫല്യത്തിലും ഏറെ മുന്നേറിക്കഴിഞ്ഞു. നവകേരള സൃഷ്ടിയെന്നത് പറച്ചിൽ മാത്രമല്ല, സംഭവിക്കൽ കൂടിയാണെന്ന് ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി. കേരളം മുഴുവൻ യാത്ര ചെയ്യുന്ന എനിക്ക് റോഡുകളും പാലങ്ങളും പോലുള്ള അടിസ്ഥാനവികസനത്തിന്റെ കാര്യത്തിൽ കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ ഏറെ മുന്നേറിയിട്ടുണ്ടെന്ന് നേരിട്ട‌് മനസ്സിലാക്കാനായി. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണിത്.


പ്രധാന വാർത്തകൾ
 Top