21 April Sunday

റായ്ഗഞ്ചിൽ ചതുഷ‌്കോണം; ഇടതുമുന്നണി ഏറെ മുന്നിൽ

ഗോപിUpdated: Sunday Apr 14, 2019


കൊൽക്കത്ത
ബംഗാളിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് റായ‌്ഗഞ്ച‌്. സിപിഐ എം  പൊളിറ്റ‌് ബ്യൂറോ അംഗം മുഹമ്മദ് സലിം രണ്ടാംതവണയാണ‌് റായ‌്ഗഞ്ചിൽനിന്ന‌്  ജനവിധി തേടുന്നത‌്. ചതുഷ‌്കോണമത്സരം അരങ്ങേറുന്ന  മണ്ഡലത്തിൽ പ്രചാരണത്തിൽ ഇടതുമുന്നണി ഏറെ മുന്നിലാണ‌്. സാധാരണക്കാരുടെ സമരപോരാളിയെ വീണ്ടും ലോ‌ക്‌സഭയിലേക്ക് അയക്കാൻ എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങുകയാണ‌്.

എംപി എന്ന നിലയിൽ കഴിഞ്ഞ അഞ്ച‌ുവർഷത്തെ പ്രവർത്തനം വലിയ അംഗീകാരമാണ് സലിമിന്  നേടിക്കൊടുത്തത്. തൃണമൂൽ കോൺഗ്രസും ബിജെപിയും വർഗീയചേരിതിരിവുണ്ടാക്കി സംഘർഷങ്ങൾ സൃഷ്ടിച്ചപ്പോൾ സമാധാനശ്രമങ്ങളുമായി ജനങ്ങളിലേക്ക‌് ഇറങ്ങിയത‌് സലിമിന്റെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകരായിരുന്നു.  എംപി ഫണ്ട‌് ഫലപ്രദമായി വിനിയോഗിച്ച‌് നിരവധി പദ്ധതികൾ നടപ്പാക്കി. എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ട‌് സീറ്റ‌് നിലനിർത്താനുള്ള  ശക്തമായ പ്രവർത്തനമാണ് ഇടതുമുന്നണി സംഘടിപ്പിക്കുന്നത‌്. വോട്ടർമാരെ നേരിൽ കാണുന്നതോടൊപ്പം  പ്രചാരണജാഥക‌ളും  പൊതുയോഗങ്ങളും നടത്തുന്നു.  സ്ഥാനാർഥിയെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ‌് എങ്ങും.  

ന്യൂനപക്ഷവിഭാഗക്കാരായ വോട്ടർമാർ കൂടുതലുള്ള റായ്ഗഞ്ച‌് ഇടതുപക്ഷത്തോടും കോൺഗ്രസിനോടും ഒരേപോലെ കൂറു പലർത്തിയിട്ടുണ്ട‌്. അഞ്ച‌ുതവണ സിപിഐ എം സ്ഥാനാർഥികളെ പാർലമെന്റിലെത്തിച്ച മണ്ഡലത്തിൽ കോൺഗ്രസിന്റെ ദേശീയനേതാവായിരുന്ന പ്രിയരഞ‌്ജൻ ദാസ് മുൻഷി രണ്ട‌ുതവണ വിജയിച്ചിട്ടുണ്ട‌്.  മുൻഷിക്കുശേഷം ഭാര്യ ദീപയും ഒരുതവണ വിജയിച്ചിരുന്നു. 2014ൽ സിപിഐ എമ്മും കോൺഗ്രസും തൃണമൂലും തമ്മിലായിരുന്നു മുഖ്യപോരാട്ടം. 

തൃണമൂലിന്റെ അക്രമരാഷ്ട്രീയത്തിനും ബിജെപിയുടെ വർഗീയതയ്ക്കുമെതിരായി  മതനിരപേക്ഷ ജനാധിപത്യ വോട്ടുകൾ ഭിന്നിക്കാതിരിക്കൻ ഇടതുമുന്നണിയും കോൺഗ്രസും തമ്മിലുണ്ടാക്കിയ സീറ്റ‌് ധാരണയ്ക്ക‌് തടസ്സമായിനിന്ന മണ്ഡലങ്ങളിൽ ഒന്ന‌് റായ‌്ഗഞ്ച‌ാണ‌്. കഴിഞ്ഞതവണ സിപിഐ എം ജയിച്ച മണ്ഡലം വിട്ടുകിട്ടണമെന്ന‌ായിരുന്നു കോൺഗ്രസിന്റെ പിടിവാശി.

സിറ്റിങ‌് സീറ്റുകളിൽ അതത് പാർടികൾതന്നെ മത്സരിക്കണമെന്ന‌ ധാരണ ലംഘിച്ചത‌് കോൺഗ്രസാണ‌്. കഴിഞ്ഞതവണ സലിമിനോട് തോറ്റ ദീപ ദാസ‌് മുൻഷിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇത് സംസ്ഥാനതലത്തിൽത്തന്നെ ഇടതുമുന്നണി–- കോൺഗ്രസ് ധാരണകളെ തകർത്തു.

കൂറുമാറിയ കനയ്യലാൽ അഗർവാൾ എന്ന  കോൺഗ്രസ് എംഎൽഎയാണ്  തൃണമൂൽ സ്ഥാനാർഥി. സംസ്ഥാന ജനറൽ സെക്രട്ടറിമാരിലൊരാളായ ദേബശ്രീ ചൗധരിയാണ‌് ബിജെപി സ്ഥാനാർഥി. ബംഗ്ലാദേശും  ബിഹാറും അതിർത്തിപങ്കിടുന്ന  ഇവിടെ വർഗീയവികാരം ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഏപ്രിൽ 18നാണ്  വോട്ടെടുപ്പ്.


പ്രധാന വാർത്തകൾ
 Top