23 July Tuesday

‘മധുരയ്‌ക്ക‌് തേർ കൊടുക്കും സുവെ’

അഭിവാദ്‌Updated: Sunday Apr 14, 2019


മധുര
‘മുല്ലൈക്ക് തേർകൊടുത്ത പാരി' - സംഘകാല കൃതികളിൽ ഒരു ഗോത്രരാജാവിനെ അടയാളപ്പെടുത്തുന്നതിങ്ങനെ. മുല്ലവള്ളിക്ക് പടരാനായി സ്വന്തം തേര് കൊടുത്ത  ‘പാരി’ എന്ന  ഗോത്രരാജാവിനെപ്പറ്റിയുള്ള മനോഹരമായ മിത്ത്. ചേര, ചോള, പാണ്ഡ്യന്മാർ ഒരുമിച്ചു വന്നിട്ടും അജയ്യനായി നിന്ന ആ ധീരനെ വീണ്ടെടുത്ത് തമിഴ് സാഹിത്യലോകത്തിന് സമ്മാനിച്ചത് ‘ആനന്ദവികടൻ’ വാരികയിൽ പ്രസിദ്ധീകരിച്ച ‘വേൽപ്പാരി' എന്ന നോവലിലൂടെ സു വെങ്കടേശൻ എന്ന എഴുത്തുകാരനാണ്.  മധുരയിലെ സിപിഐ എം സ്ഥാനാർഥിയായ സു വെങ്കടേശന്റെ പ്രചാരണത്തിലും പാരിയുടേതിനു സമാനമായ ഭാവുകത്വം കാണാം. മധുരൈ മക്കളുടെ പ്രതീക്ഷാനാമ്പുകൾക്ക് പടരാൻ ‘സ്വന്തം തേർ' കൊടുക്കുകയാണദ്ദേഹം.

‘സു വെങ്കടേശൻ ജയിച്ചാൽ നമ്മളോരോരുത്തരും ജയിച്ചതുപോലെ' പ്രമുഖ തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനിയുടെ വാക്കുകൾ. മധുര നഗരത്തിൽ സു. വെയ്ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് ഓരോ കവലയിലും അദ്ദേഹത്തിന് പറയാനുള്ളതും ഇതാണ്.  ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെ വാക്കുകളും സമാനം. സു വെങ്കടേശൻ വിജയിച്ചാൽ മധുരയുടെ ചരിത്രവും സംസ്കാരവും ആഴത്തിലറിയുന്ന പ്രഗത്ഭനായ എഴുത്തുകാരൻ തങ്ങളുടെ എംപി ആയിരുന്നുവെന്ന് മധുരൈ മക്കൾക്ക് അഭിമാനിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നടി രോഹിണിയും സംവിധായകൻ വസന്തബാലനുമടക്കം നിരവധി ചലച്ചിത്ര പ്രവർത്തകർ പ്രചാരണത്തിനെത്തി.  വോട്ടഭ്യർഥിച്ച് എഴുത്തുകാരുടെയും കലാപ്രവർത്തകരുടെയും സംഘം മണ്ഡലത്തിലുണ്ട‌്. കലാപ്രിയ, സമയവേൽ, ആർ മുരുഗവേൽ, ശക്തിജ്യോതി, യവനിക ശ്രീറാം, ഷംസുദീൻ ഹീറ തുടങ്ങി നാൽപ്പതോളം എഴുത്തുകാരാണ് സംഘത്തിലുള്ളത്.

വിവിധ ട്രേഡ് യൂണിയനുകളും ജനാധിപത്യ മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയും എസ്എഫ്ഐയുമെല്ലാം പ്രചാരണാവേശത്തിലാണ്. നാലോ അഞ്ചോ പേരടങ്ങുന്ന ചെറു സംഘങ്ങളായി തിരിഞ്ഞാണ് മഹിളാ അസോസിയേഷന്റെ പ്രചാരണം. ഡിവൈഎഫ്ഐ പ്രവർത്തകർ നേതൃത്വം കൊടുക്കുന്ന സോഷ്യൽ മീഡിയ ടീം തയ്യാറാക്കിയ വീഡിയോകൾ, ചെറു പ്രസംഗങ്ങളുടെ വീഡിയോ എന്നിവ ഡിജിറ്റൽ വാൻ സഞ്ചരിക്കുന്ന ഓരോ പ്രദേശത്തും പ്രദർശിപ്പിക്കുന്നു.  ഇതുവരെ മൂന്ന് ഡിജിറ്റൽ വാനുകളിലായി 86 ഗ്രാമത്തിൽ 186 പ്രദർശനം നടത്തി. സാമൂഹ്യമാധ്യമങ്ങളിൽ സജീവമല്ലാത്ത വലിയ വിഭാഗം വോട്ടർമാരെയാണ‌് ഈ പ്രചാരണം ലക്ഷ്യമിടുന്നതെന്ന‌് തമിഴ‌്നാട‌് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എസ്‌ ബാലവേലൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top