16 February Saturday

അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് കാലം

വെബ് ഡെസ്‌ക്‌Updated: Friday Oct 13, 2017

ഭരണാധികാരികള്‍തന്നെ സ്വന്തം നാടിനെയും  നാട്ടുകാരെയും കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കിയ അഞ്ചുവര്‍ഷമായിരുന്നു കഴിഞ്ഞ യുഡിഎഫ് ഭരണം. അധികാരത്തെയും രാഷ്ട്രീയത്തെയും വഴിവിട്ടതും സദാചാരവിരുദ്ധവുമായ നടപടികള്‍ക്കായി ഉപയോഗിച്ച ആ ഭരണത്തില്‍ അഴിമതിക്കേസുകളിലും ആരോപണങ്ങളിലും പെടാതിരുന്ന ഒരു മന്ത്രിപോലുമില്ല. ഭരണത്തിന് നേതൃത്വംനല്‍കിയ ആള്‍തന്നെ അഴിമതിക്ക് നേതൃത്വം നല്‍കിയപ്പോള്‍ ഞാന്‍ മുമ്പേ, ഞാന്‍ മുമ്പേ എന്ന രീതിയില്‍ മത്സരിക്കുകയായിരുന്നു മന്ത്രിമാര്‍. കടുംവെട്ടുകളോടെയാണ് ആ ദുര്‍ഭരണം അവസാനിച്ചത് 

ഉമ്മന്‍ചാണ്ടി
കോടികളുടെ സോളാര്‍ സാമ്പത്തികത്തട്ടിപ്പിന്റെ പ്രഭവകേന്ദ്രം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ആയിരുന്നു.  സന്തതസഹചാരികളായ ജോപ്പനും ജിക്കുമോനും അറസ്റ്റിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങള്‍  പുറത്തുവന്നു.  മുഖ്യമന്ത്രിക്കുപുറമെ മറ്റു പ്രമുഖ മന്ത്രിമാര്‍ക്കും മുന്‍ കേന്ദ്രമന്ത്രിക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സരിത എസ് നായരുമായി ബന്ധമുണ്ടായിരുന്നു. കേസിലുള്ള ഉമ്മന്‍ചാണ്ടിയുടെ ബന്ധം പുറത്തുവന്നതോടെ അന്ന് അന്വേഷണം അട്ടിമറിച്ചു.
തിരുവനന്തപുരം പാറ്റൂരില്‍ സ്വകാര്യ ഫ്ളാറ്റ് നിര്‍മാതാക്കള്‍ കൈയേറിയ 17 സെന്റോളം വരുന്ന ഭൂമി അവര്‍ക്കുതന്നെ പതിച്ചുനല്‍കാനാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍  നീക്കം നടത്തിയത്.  അന്ന് റവന്യൂമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്ക്.

ഉമ്മന്‍ചാണ്ടിക്ക് പങ്കുള്ള പാമൊലിന്‍, ടൈറ്റാനിയം അഴിമതി കേസുകളുടെയും അന്വേഷണം പുരോഗമിക്കുകയാണ്.

 കെ എം മാണി, കെ ബാബു
കോടികളുടെ ബാര്‍ കോഴയില്‍  അന്നത്തെ ധനമന്ത്രിയായ കെ എം മാണിയും എക്സൈസ് മന്ത്രിയായിരുന്ന കെ ബാബുവും മുഖ്യപങ്കാളികളായി. വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് മാണിക്ക് രാജിവച്ച് ഒഴിയേണ്ടിവന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ദേശീയ ഗെയിംസ് നടത്തിപ്പിലെ അഴിമതി സംബന്ധിച്ച ആരോപണവും നാണക്കേടായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വര്‍ക്കിങ് ചെയര്‍മാനുമായ ഗവേണിങ് ബോഡിക്കായിരുന്നു ഗെയിംസിന്റെ നടത്തിപ്പുചുമതല.

സി എന്‍ ബാലകൃഷ്ണന്‍
കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന കോടികളുടെ അഴിമതി.

അടൂര്‍ പ്രകാശ്
മെത്രാന്‍ കായലടക്കം സംസ്ഥാനത്ത്  ഏക്കറുകണക്കിന് ഭൂമി നികത്തുന്നതിന് വഴിവിട്ട് അനുമതി. വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചുനല്‍കി.

അനൂപ് ജേക്കബ്
 ഭക്ഷ്യ-സിവില്‍സപ്ളൈസ്, രജിസ്ട്രേഷന്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് 27 കോടിയുടെ അഴിമതി ആരോപണമാണ് ഉയര്‍ന്നത്. അഴിമതിക്ക് വേണ്ടി മന്ത്രിയുടെ വസതിയില്‍ കൌണ്ടറുകള്‍ തുറന്നെന്നുവരെ  ആക്ഷേപം ഉയര്‍ന്നു.

യുഡിഎഫ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി,  എം കെ മുനീര്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിട്ടവരാണ്. പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റിയതടക്കമുള്ള ആരോപണങ്ങളാണ് പി കെ ജയലക്ഷ്മിക്കെതിരെ ഉയര്‍ന്നത്. വി എസ് ശിവകുമാര്‍, എ പി അനില്‍കുമാര്‍,  കെ പി മോഹനന്‍, പി കെ അബ്ദുറബ്ബ്, പി കെ ജയലക്ഷ്മി തുടങ്ങിയവരും വിവിധ അഴിമതി ആരോപണങ്ങളിലും  കേസുകളിലും പെട്ടു.

പ്രധാന വാർത്തകൾ
 Top