24 May Friday

പ്രളയത്തിനുശേഷം വരള്‍ച്ച

ഡോ.എ.രാജഗോപാല്‍ കമ്മത്ത്Updated: Thursday Sep 13, 2018

കഴിഞ്ഞ നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അളവിലുള്ള വൃഷ്ടിക്കും തുടർന്നുണ്ടായ പ്രളയത്തിനും ശേഷം സംസ്ഥാനത്ത് വരള്‍ച്ചയ്ക്കു സമാനമായ അവസ്ഥ സംജാതമായിരിക്കുന്നു.കുട്ടനാട്ടില്‍ ഇപ്പോഴും പലയിടങ്ങളും വെള്ളപ്പൊക്കത്തിന്റെ പിടിയില്‍ നിന്നും മുക്തമായിട്ടില്ല. എന്നാല്‍ കേരളത്തിലെ മറ്റു ഭാഗങ്ങളിലുള്ള നദികളിലും ആറുകളിലും കനാലുകളിലും ജലത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞത് അസ്വാഭാവികമെന്ന് കരുതപ്പെടുന്നു.

പ്രളയത്തിന് ശേഷം നദികളുടെ ഘടനയാകെ മാറിയതാകാം ഈ വറ്റി വരളുന്നതിനു കാരണം . മനുഷ്യന്റെ ഇടപെടൽ മൂലം നമ്മുടെ പുഴകളിൽ പൊതുവെ അടിത്തട്ടിൽ മണ്ണില്ലാതായിരിക്കുന്നു. പ്രളയത്തിന് ശേഷം അത് രൂക്ഷമായി. എക്കൽ അടിഞ്ഞു കൂടി ഭൂഗർഭ ജലം ഒഴുകിപ്പോയി . നദികളോട് ചേർന്നുള്ള തണ്ണീർതടങ്ങളും പാടശേഖരങ്ങളും തോടുകളും കുറഞ്ഞതോടെ ജലസംഭരണം ഇല്ലാതായി .മഴ പെയ്യുമ്പോൾ ജലം ഒഴുകുന്ന തോടുകൾ മാത്രമായി നദികൾ .

നദികളുടെ ഉൽഭവസ്ഥാനത്തുവച്ചു തന്നെ അത് ശുഷ്കിച്ച നിലയിലാണ്. മണ്‍സൂണ്‍ കാലത്തിന്റെ ഒടുക്കത്തില്‍ കേരളമുള്‍പ്പെടെയുള്ള പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുഭാഗത്ത് അന്തരീക്ഷമര്‍ദ്ദത്തില്‍ വർധന രേഖപ്പെടുത്തിയിരിക്കുന്നു. താപമേറിയ വായുഭാഗം അന്തരീക്ഷത്തിന്റെ മുകള്‍പാളികളിലേയ്ക്ക് ഉയരുകയും താപനില കുറഞ്ഞ വായുഭാഗം ഭൌമോപരിതലത്തിലേയ്ക്കും പടര്‍ന്നതാണ് അന്തരീക്ഷമര്‍ദ്ദം ഉയരാന്‍ കാരണം. ഈ വേളകളില്‍ നീരാവി ഉയര്‍ന്ന് ഘനീഭവിച്ച് മേഘങ്ങള്‍ ഉണ്ടാകുന്ന പ്രവൃത്തിയില്‍ കുറവുണ്ടാകുന്നു. ഈ അന്തരീക്ഷസ്ഥിതിയില്‍ മേഘാവരണം കുറവായിരിക്കും. കഴിഞ്ഞ കുറച്ചു ദിവസമായി ഈ ഭാഗത്ത് നല്ല തെളിഞ്ഞ ആകാശമാണ്. പകല്‍ സമയത്തുപോലും മേഘങ്ങള്‍ വളരെ കുറവാണ്. അതിനാല്‍ സൂര്യന്റെ വികിരണം നിര്‍ബാധം  ഭൗമോപരിതലത്തിലെത്തി താപനിലയില്‍ വര്‍ധനവുണ്ടാകുന്നു. സൂര്യനില്‍നിന്നും ഭൂമിയിലെത്തുന്ന വികിരണോര്‍ജ്ജം ഭൗമോപരിതലത്തിന്റെ താപം വര്‍ധിപ്പിക്കുന്നു. ഭൂമിയില്‍നിന്നും തിരികെയുള്ള താപവികിരണം, അന്തരീക്ഷത്തില്‍ നിന്നുള്ള താപം എന്നിവ ബഹിരാകാശത്തേക്കു കടക്കുന്നതിനു തടസ്സമുണ്ടാകുമ്പോള്‍ അന്തരീക്ഷസ്ഥിതിയില്‍ മാറ്റങ്ങള്‍ അനുഭവപ്പെടുന്നു. ഭൂമിയില്‍നിന്നും തിരികെ പ്രതിഫലിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവില്‍ അസന്തുലിതാവസ്ഥയുണ്ടാകുന്നത് കാലാവസ്ഥയെ ബാധിക്കുന്നു. സൂര്യന്റെ വികിരണം ഭൂമിയിലെത്തുന്നതിലെ വ്യതിയാനമാണ് പ്രാദേശികമായ താപനിലാമാറ്റത്തിനു കാരണം.

കുന്നുകള്‍ ജലസംഭരണികളാണ്. നദികളുടെ ഉത്‌ഭവസ്ഥാനത്തെ കുന്നുകള്‍ ഒരോന്നായി നശിപ്പിച്ചതുമൂലം അവയില്‍ ജലം ഊറി വരുന്നതു നിലച്ചു. അരുവികള്‍  ഇല്ലാതായി. നദീതടങ്ങള്‍ക്കരികിലായി തണ്ണിര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും ഉണ്ടായിരുന്നതെല്ലാം നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങളും റോഡുകളുമായി. സ്വാഭാവികമായ പരിതസ്ഥിതികള്‍ക്ക് വ്യതിയാനം വന്നു. ഡാമുകള്‍ ജലത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയതു മൂലം നദികളുടെ ഘടനതന്നെ മാറിയിരിക്കുന്നു. ചില പുഴകളൊക്കെ ഡാമുകള്‍ തുറന്നാല്‍മാത്രം ജലമൊഴുകുന്നവയായി. ഭാരതപ്പുഴയാകട്ടെ മഴക്കാലത്തു മാത്രം നിറഞ്ഞൊഴുകുന്നു. മറ്റു കാലങ്ങളില്‍ വെറും മണൽപരപ്പായിരുന്നു  തുടരുന്നു. പെരിയാര്‍ ഒഴുകിയിരുന്ന ഇടങ്ങളില്‍ പണിതുയര്‍ത്തിയ കോണ്‍ക്രീറ്റ് കാടുകളിലാണ് മലവെള്ളമുയര്‍ന്നത്.മറ്റു നഗരങ്ങളുടെയും കാര്യം ഇതുതന്നെ. മീനച്ചിലാറും , ചാലിയാറും, പമ്പയും, കിള്ളിയാറും നിറഞ്ഞൊഴുകിയത് അവയുടെ തീരങ്ങളില്‍ പണിതുയര്‍ത്തിയ കോണ്‍ക്രീറ്റ് വിടുകള്‍ക്കുള്ളിലൂടെയും നഗരങ്ങളിലൂടെയുമാണ്. നദികളില്‍ നിന്നുള്ള മണലൂറ്റ് വ്യാപകമായതു മൂലം ജലം ആഴ്ന്നിറങ്ങി നിലകൊള്ളുന്നതു കുറഞ്ഞിരിക്കുന്നു. മാലിന്യം തള്ളുന്നതാണ് മറ്റൊരു പ്രശ്നം. പ്ളാസ്റ്റിക്കും മറ്റു മാലിന്യവും നദികളുടെ അടിത്തട്ടിനെ ബാധിച്ച് അതിന്റെ ജലം ആഴ്ന്നിറങ്ങാനുള്ള ശേഷിയില്‍ കുറവുണ്ടായിരിക്കുന്നു. ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിനാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

ഭൂമിയിലേക്കെത്തുന്ന ഊര്‍ജ്ജം സന്തുലിതമാകണമെങ്കില്‍ ഏതാണ്ട് അതേ അളവ് ഊര്‍ജ്ജം തിരികെ ബഹിരാകാശത്തേക്ക്  താപവികിരണമായി കടക്കേണ്ടതുണ്ട്.ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള ചലനമാണ് സൗരോര്‍ജ്ജം ഭൂമിയിലെത്തുന്നതിന്റെ വ്യത്യാസത്തിന് കാരണം. ഒരേ തോതിലല്ല സൂര്യന്റെ ഊര്‍ജ്ജം ഭൂമിയിലെ എല്ലാ പ്രദേശങ്ങളിലുമെത്തുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കൂടുതല്‍ സൗരോര്‍ജ്ജം എത്തിച്ചേരുന്നു. സൗരോര്‍ജ്ജം ഭൂമിയില്‍ എത്തിച്ചേരുന്നതിലെ വ്യത്യാസങ്ങളാണ് അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ക്കും, കാറ്റ്, അന്തരീക്ഷസ്ഥിതി എന്നിവയ്ക്കും കാരണമായി വരുന്നത്. തീവ്രമായ അന്തരീക്ഷ പ്രതിഭാസങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നു. നഗരങ്ങളില്‍ താപദ്വീപുകള്‍ ഉണ്ടാകുന്നതു കാരണം താപനിലയില്‍ വ്യതിയാനം കണ്ടുവരുന്നു. ജനസംഖ്യയിലെ വര്‍ധനവു മൂലവും വ്യാവസായിക മുന്നേറ്റത്തിന്റെ കാരണത്താലും ഭൌമോപരിതലത്തിന് കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. വനമേഖലകള്‍ കുറഞ്ഞുവന്നു,പാടങ്ങളും. പിന്നീടവിടെ സിമന്റു നിറഞ്ഞു. പ്രളയത്തിനു ശേഷം ഇടുക്കിയിൽ ചില ഭാഗത്ത്‌ മണ്ണിടിഞ്ഞു. മണ്ണിനടിയിൽ നിറഞ്ഞ ഭൂഗർഭ ജലം ഒഴുകി മാറിയതോടെ ഉണ്ടായ ശൂന്യതയാണ് ഇടിഞ്ഞു വീഴാൻ (അവതലനം) കാരണം.

കാലാവസ്ഥാ ചാഞ്ചല്യം
കാലാവസ്ഥാമാറ്റം ചെറിയൊരു പ്രദേശത്തും ഉണ്ടാകും. ഒരു  ടൗണ്‍ഷിപ്പിലോ, ഒരു ചെറിയ തടാകത്തിനു സമീപമോ വ്യത്യസ്ത കാലാവസ്ഥയായിരിക്കും. വലിയ മൈതാനത്ത് കാണപ്പെടുന്ന കാലാവസ്ഥ ആയിരിക്കില്ല ചുറ്റുമുള്ള വൃക്ഷങ്ങള്‍ നിറഞ്ഞ പ്രദേശത്ത് കാണപ്പെടുക. സമുദ്രനിരപ്പില്‍നിന്നും ഒരേ ഉയരത്തില്‍ ഗ്രാമത്തിലും നഗരത്തിലുമുള്ള പ്രദേശത്ത് താപനിലാവ്യതിയാനമുണ്ടാകാന്‍ കാരണം കെട്ടിടങ്ങള്‍, ടാര്‍റോഡ്, വൃക്ഷങ്ങളില്ലായ്മ എന്നിവ മൂലം താപദ്വീപുകള്‍ രൂപപ്പെടുന്നതാണ്. നഗരങ്ങളിലും ചില ഗ്രാമപ്രദേശങ്ങളിലും താപനിലയേറി കാണുന്ന പ്രദേശങ്ങളുണ്ട്. ഉപരിതലത്തിലും വായുവിനും താപം കൂടിയിരിക്കും. നഗരവല്‍ക്കരണം മൂലം പ്രദേശത്തിന്റെ പാരിസ്ഥിതികമായ സന്തുലിതാവസ്ഥ താറുമാറായി കാണുന്നു. മണ്ണും ശിലാഭാഗങ്ങളും പോയി പകരം കോണ്‍ക്രീറ്റും ടൈലുകളും കൈയ്യടക്കുന്നു. ഇതുമൂലം താപമേറി കാണപ്പെടുന്നു. ഇത്തരം പ്രദേശങ്ങളുടെ ആധിക്യം അന്തരീക്ഷസ്ഥിതിയെ ബാധിക്കും. ദിവസം മുഴുവനും കെട്ടിടങ്ങളെയും വായുവിനെയും സൂര്യന്‍ ചൂടേറുന്നു. ഉയരം കൂടിയ കെട്ടിടങ്ങള്‍ കാറ്റിന്റെ സുഗമമായ ചലനത്തെ തടസ്സപ്പെടുത്തും. നഗരങ്ങളില്‍ ജനത്തിരക്ക് വര്‍ധിക്കുന്നതും താപമേറാന്‍ കാരണമാകുന്നു.

താപനില കൂടിവന്ന് ബാഷ്പീകരണം വര്‍ധിച്ചതോടെ വര്‍ഷണവും വര്‍ധിച്ചു. താപനില കൂടിയാല്‍ വായുവിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്ന ശേഷിയും വര്‍ധിക്കും. അന്തരീക്ഷത്തില്‍ കൂടുതല്‍ ജലം തങ്ങിനില്ക്കുന്നത് വന്‍ വര്‍ഷണത്തിനു കാരണമായി വെള്ളപ്പൊക്കവും മറ്റും ഉണ്ടാകുന്നു. കൊടുങ്കാറ്റുകളുടെ എണ്ണവും വര്‍ധിച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ താപനില കൂടാനും മറ്റു ചിലയിടങ്ങളില്‍ താപനില കുറയാനുമിടയാകുന്നു. ചിലയിടങ്ങളില്‍ വരള്‍ച്ച രൂക്ഷമാകുമ്പോള്‍ ഭൂമിയുടെ മറ്റൊരുഭാഗത്ത് ശൈത്യവും വെള്ളപ്പൊക്കവുമുണ്ടാകും.കാലം കടന്നുപോകുമ്പോള്‍ ഒരു നിശ്ചിതയിടത്തെ കാലാവസ്ഥയില്‍ സ്വയമേവ ഉണ്ടാകുന്ന മാറ്റമാണ് കാലാവസ്ഥാ ചാഞ്ചല്യം. അമ്പതുവര്‍ഷം മുതല്‍ മുകളിലോട്ടുള്ള കാലയളവുകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ഏറ്റവും താപംകൂടിയ ദശകങ്ങള്‍ക്കു കാരണം മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടല്‍ മൂലമുള്ള പ്രശ്നങ്ങളാണ്. കാലാവസ്ഥ തികച്ചും ക്രമരഹിതമായ സ്വഭാവം കാട്ടുന്നു. തീവ്രമായ കാലാവസ്ഥ പലയിടങ്ങളിലും അനുഭവപ്പെടുകയും, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവ കലശലാകുകയും ചെയ്യും. താപനിലയേറിയ ദിവസങ്ങളുടെ എണ്ണം വര്‍ധിക്കുകയും  താപതരംഗങ്ങള്‍ തീവ്രമാകുകയും ചെയ്യുന്നത് കാലാവസ്ഥാ ചാഞ്ചല്യത്തിന്റെ സൂചകമാണ്. സമുദ്രോപരിതലത്തിലെ താപനിലയിലെ വര്‍ധനവു മൂലം ഉഷ്ണമേഖലയില്‍ ചുഴലിക്കൊടുങ്കാറ്റുകളുടെ എണ്ണവും തീവ്രതയും വര്‍ധിച്ചിരിക്കുന്നു. ഇടിമിന്നല്‍,  മഴ എന്നിവയും തീവ്രമായി കാണപ്പെടുന്നു.  നിയന്ത്രണമില്ലാതെ ഭൂമിയെ മലിനപ്പെടുത്തിയതുകൊണ്ട് കാലാവസ്ഥാവ്യതിയാനവും അപ്രതീക്ഷിതമായ ദുരന്തങ്ങളും സർവസാധാരണമാകുന്നു. സമീപഭാവിയില്‍ മനുഷ്യന്റെ ചെയ്തികള്‍ മൂലം കാലാവസ്ഥയില്‍ വന്‍മാറ്റങ്ങളുണ്ടാകും എന്നാണ് പല ഗവേഷകരും കരുതുന്നത്.


പ്രധാന വാർത്തകൾ
 Top