26 August Monday

കണ്ണീർ തോരാതെ കവളപ്പാറ

ജോബിൻസ‌് ഐസക‌്Updated: Tuesday Aug 13, 2019



കവളപ്പാറ
ഉറ്റവരുടെ അവശേഷിപ്പുകൾ തേടുകയാണ്‌ ഒരു ഗ്രാമം. യന്ത്രക്കൈകൾ വകഞ്ഞുമാറ്റിയ മണ്ണിനടിയിൽ  തെളിഞ്ഞുവരുന്ന അടയാളങ്ങളിൽ പ്രതീക്ഷയോടെയാണവർ പരതുന്നത്‌. കുഞ്ഞുങ്ങൾ ഓടിക്കളിച്ച മണ്ണിൽ പുതഞ്ഞ് കളിപ്പാട്ടങ്ങൾ, ചെളിപുരണ്ട പുത്തനുടുപ്പ്‌, പുസ്‌തകങ്ങൾ.. വാഹനങ്ങൾ.. വീട്ടുപകരണങ്ങൾ.. കാണാമറയത്തായ പ്രിയപ്പെട്ടവരുടെ ഓർമ പതിഞ്ഞവയൊക്കെ തെളിയുമ്പോൾ കണ്ണീർ വാർക്കുകയാണിപ്പോഴും കവളപ്പാറ. 19 മൃതദേഹം ഇതുവരെ കിട്ടി. ശേഷിക്കുന്ന 40 പേർക്കായി തെരച്ചിൽ തുടരുകയാണ്‌. 

കവളപ്പാറയിലെ കാഴ്‌ചകളിപ്പോഴും ഹൃദയഭേദകമാണ്‌. ഭൂദാനം–-കവളപ്പാറ റോഡിന് തെക്കുഭാഗത്തെ മുത്തപ്പൻമല വ്യാഴാഴ്‌ച രാത്രി എട്ടോടെയാണ്‌ ഇടിഞ്ഞത്‌. 500 മീറ്ററോളം ഉയരത്തിൽ ഉരുൾപൊട്ടി അടർന്ന മല മൂന്നുഭാഗങ്ങളായി അടിവാരത്തെ വീടുകളുടെ മുകളിലേക്ക്‌ അമരുകയായിരുന്നു.  40 അടിവരെ ഉയരത്തിൽ വീടുകൾക്കുമുകളിൽ മണ്ണുമൂടി. 41 വീടുകളും അതിൽ മറഞ്ഞു. അടിയിൽ മണ്ണിടിഞ്ഞ ഭാഗം 700 മീറ്റർ വരും. സമീപത്തെ ടാറിട്ട റോഡ് കാണാനില്ല.  വലിയ ഭാഗം അടർന്ന കിഴക്കുവശത്ത്‌ ഒരുവീടുമാത്രമാണ്‌ ബാക്കിയായത്‌. മുത്തപ്പൻമലയുടെ മണ്ണിടിഞ്ഞ മുകൾഭാഗത്ത് ഇപ്പോഴും ഉറവകളുണ്ട്. കൂറ്റൻ കല്ലുകളും മരങ്ങളും ചെളിയിൽ പുതഞ്ഞ് കിടക്കുന്നതിനാൽ മുകളിലേക്ക് കയറുക പ്രയാസം.  അൻപത് ഏക്കറോളം സ്ഥലത്ത് കൃഷിചെയ്‌ത തെങ്ങും കവുങ്ങും മറ്റ് മരങ്ങളും മണ്ണിൽ പുതഞ്ഞനിലയിലാണ്‌.

ദുരന്തത്തിൽ പെട്ടത്‌ 59 പേർ
കവളപ്പാറ
ഉരുൾപൊട്ടലിൽ കാണാതായെന്ന് കരുതിയ  63 പേരിൽ നാലുപേർ ബന്ധുവീടുകളിലുണ്ടെന്ന്‌ സ്ഥിരീകരിച്ചതോടെ മണ്ണിനടിയിൽ പെട്ടത്‌ 59 പേരെന്ന്‌ സ്ഥിരീകരിച്ചു. മന്ത്രി കെ ടി ജലീലാണ് ഇക്കാര്യം അറിയിച്ചത്‌. തിങ്കളാഴ്‌ച കണ്ടെടുത്ത ആറ്‌ മൃതദേഹങ്ങളിൽ ഒരെണ്ണം തിരിച്ചറിഞ്ഞില്ല. പ്ലാന്തോട്ടത്തിൽ സുബ്രഹ്മണ്യന്റെ ഭാര്യ സുധ(33), പള്ളത്ത്‌ ശങ്കരൻ(70), പള്ളത്ത്‌ ശിവന്റെ ഭാര്യ രാജി(35), കവളപ്പാറ കോളനിയിലെ രാധിക(45), താന്നിയിൽ പ്രിയദർശൻ(32)എന്നിവരെയാണ്‌ തിരിച്ചറിഞ്ഞത്‌.  40 പേർക്കായി  തെരച്ചിൽ തുടരുകയാണ്‌.


പ്രധാന വാർത്തകൾ
 Top