24 March Sunday

വോൾഗയുടെ തീരങ്ങൾ തഴുകുന്നതാരെ ?

പ്രദീപ്‌ ഗോപാൽUpdated: Wednesday Jun 13, 2018

ഒരു വിസിൽനാദത്തിന് അപ്പുറത്തുണ്ട് മറ്റൊരു ലോകം. പന്തും മനുഷ്യനും മാത്രമാകുന്ന ലോകം.
മൈതാനവും കളിക്കാരനും റഫറിയും പരിശീലകനും കാണിയും പന്തുമായി അദൃശ്യമായ ചരടുകൊണ്ട് കണ്ണിചേർന്നിരിക്കുന്നു. ഒറ്റയനക്കത്തിൽ ലഹരിയായി പടർന്നുകയറും. പന്തിനൊപ്പം കാലുകളും ഒരു കോടി കണ്ണുകളും. റൊസാരിയോവിലും സാവോപോേളായിലും മഡെയ്റയിലും എടവണ്ണയിലുംവരെ ആരവങ്ങളുയരും. ജയിക്കുന്നവർക്കൊപ്പം കൈയടിക്കും, തോൽവിയിൽ കണ്ണീരൊപ്പും. ചിലർക്ക് ഫുട്ബോൾ ജീവിതത്തെയും മരണത്തെയുംകുറിച്ചുള്ള കാര്യമാകുന്നു. മറ്റു ചിലർക്ക് അതിലും പ്രധാനപ്പെട്ടതാകുന്നു ഫുട്ബോൾ.

ലാറ്റിനമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയുമുണ്ട്. അതിരുകൾ എന്നേ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. കിരീടമെന്ന സ്വപ്നത്തിലേക്ക് രാജ്യങ്ങൾ മാസങ്ങൾക്ക് മുമ്പേ യാത്ര തുടങ്ങി. റഷ്യയിലേക്കുള്ള വഴിയിൽ ആൻഫീൽഡിലും ഇപ്പാനിലും ബാഴ്സലോണയിലും തന്ത്രങ്ങൾ നെയ്തെടുത്ത് അവർ വിമാനം കയറി. മികവുണ്ടായിട്ടും ഇടംകിട്ടാത്തവർ, പരിക്കിൽ പൊലിഞ്ഞവർ എല്ലാം കഴിഞ്ഞ് 23 പോരാളികളുമായി രാജ്യങ്ങൾ റഷ്യയുടെ ഹൃദയ കവാടത്തിലെത്തി. ലയണൽ മെസിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും തുടിപ്പുകളായി മാറിയിരിക്കുന്നു. ഗബ്രിയേൽ ജെസ്യൂസും ടിമോ വെർണറും ക്രിസ്റ്റ്യൻ പാവോണും ലോകവേദിയിലേക്കുള്ള ചുവടുവയ്പിലാണ്.

ബ്രസീൽ താരങ്ങളായ വില്ലിയനും നെയ്‌മറും

ബ്രസീൽ താരങ്ങളായ വില്ലിയനും നെയ്‌മറും

അട്ടിമറികളുണ്ടാകാം. എങ്കിലും ആ അട്ടിമറികൾക്ക് ക്വാർട്ടറിനപ്പുറത്തേക്ക് ജീവവായു ഉണ്ടാകാറില്ല. സാധ്യതകളിൽ ബ്രസീലും സ്പെയ്നും ജർമനിയും അർജന്റീനയുമൊക്കെയാണ്. ഫ്രാൻസും ഇംഗ്ലണ്ടും ബൽ ജിയവും പിന്നാലെ.

ബ്രസീലാണ് ഇക്കുറി സാധ്യതകളിൽ മുന്നിൽ. നെയ്മർ എന്ന മായാജാലക്കാരൻ. ടിറ്റെയെപ്പോലൊരു തന്ത്രശാലിയും പക്വമതിയുമായ പരിശീലകൻ. ബ്രസീലിന്റെ സാധ്യതകൾക്ക് ജീവൻ പകരുന്നത് ഈ രണ്ട് ഘടകങ്ങളാണ്. നെയ്മറുടെ പരിക്കുമാറി. സന്നാഹ മത്സരങ്ങളിൽ രണ്ട് ഗോളടിച്ചു. കൂട്ടിന് ജെസ്യൂസുണ്ട്, റോബർട്ടോ ഫിർമിനോയും ഫിലിപ് കുടീന്യോയുമുണ്ട്. മാഴ്സെലോ, പൗളീന്യോ, തിയാഗോ സിൽവ, കാസെമിറോ, വില്ലിയൻ, മാർക്വിന്യോസ്, അല്ലിസൺ, ജാവോ മിറാൻഡ  നിര നീണ്ടതാണ്. ബാഴ്സലോണയിലും റയൽ മാഡ്രിഡിലും മാഞ്ചസ്റ്റർ സിറ്റിയിലും പിഎസ്ജിയിലും വാണവർ. 

ജർമൻ ടീമിന്റെ പരിശീലനത്തിനിടെ മെസൂട്ട്‌ ഒസീൽ

ജർമൻ ടീമിന്റെ പരിശീലനത്തിനിടെ മെസൂട്ട്‌ ഒസീൽ

അഞ്ച് കിരീടങ്ങളുടെ ചരിത്രമുണ്ട്. പെലെ തൊട്ട് നീളുന്ന സുവർണതാരങ്ങളുണ്ട്. ലാറ്റിനമേരിക്കയുടെ സൗന്ദര്യവും കളിശാസ്ത്രവും കാലുകളിൽ ഒട്ടിച്ചേർന്നിരിക്കുന്നു. ലോകകപ്പ് ചരിത്രത്തിൽ കൊടുംവേദനയും അപമാനവുമേറ്റ കഥകളുണ്ട് ബ്രസീലിന്. മറ്റേത്രാജ്യത്തെക്കാളും മുറിവേറ്റവർ. മാരക്കാനയിൽ 1950ലെ ഫൈനലിൽ ഉറുഗ്വെയ്ക്ക് മുന്നിൽ വിലപിച്ചവരാണ് ബ്രസീൽ. സ്വന്തംകാണികൾക്ക് മുന്നിൽ തോറ്റു. അന്ന് മാരക്കാന നിശബദ്മായി. ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന്റെ നിശബ്ദതയെക്കാൾ നിശബ്‌ദമായി മറ്റൊന്നില്ല. മഞ്ഞുകട്ടയിലെന്നപോലെ മരവിച്ചുപോയി ബ്രസീൽ.

2014 ജൂലൈ എട്ടിന് ബെലോ ഹൊറിസോണ്ടോയിൽ ജർമനിയുടെ തീപ്പന്തങ്ങൾക്ക് മുന്നിൽ കരിഞ്ഞുവീണു ബ്രസീൽ. അപമാനത്തിന്റെ വേദനയിൽ നെഞ്ചുപൊട്ടി നിലവിളിച്ചവർ. സ്വന്തം നാട്ടുകാർക്ക് മുന്നിൽ ബ്രസീൽ 7‐1നാണ് തകർന്നടിഞ്ഞത്. ആ ആഘാതംവളരെ വലുതായിരുന്നു. അതിനുമപ്പുറം വലിയൊരു തിരിച്ചറിവായിരുന്നു. ചരിത്രത്തിലല്ല കളിയിലാണ് കാര്യമെന്ന് ബ്രസീൽ മനസിലാക്കി. ടിറ്റെ ബ്രസീലിനെ വാർത്തെടുത്തു.

 അർജന്റീനയുടെ ലയണൽ മെസിയും ഗൊൺസാലോ ഹിഗ്വെയ്‌നും അഗ്വേറോയും

അർജന്റീനയുടെ ലയണൽ മെസിയും ഗൊൺസാലോ ഹിഗ്വെയ്‌നും അഗ്വേറോയും

ആദ്യ റൗണ്ടിൽ സ്വിറ്റ്സർലൻഡ്, കോസ്റ്റ റിക്ക, സെർബിയ ടീമുകളെയാണ് ബ്രസീലിന് നേരിടേണ്ടത്. വെല്ലുവിളികൾ കുറവാണ്. ഒന്നാംസ്ഥാനക്കാരായിതന്നെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറാം.  പ്രീ ക്വാർട്ടറിൽ മെക്സിക്കോയോ സ്വീഡനോ ആയിരിക്കും എതിരാളികൾ. സെമിവരെ വെല്ലുവിളികൾ കുറയുമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ.

സുവർണ കാലത്തിന്റെ മേച്ചിൽപ്പുറങ്ങളിലാണ് ഇപ്പോഴും സ്പെയ്ൻ. ഇടയ്ക്കൊന്ന് കരിന്തരി കത്തിയെങ്കിലും അണഞ്ഞിട്ടില്ല. കൂടുതൽ ദീപ്തമായി തെളിഞ്ഞിരിക്കുന്നു. ഒരു തവണ മാത്രമാണ് സ്പെയ്ൻ ലോക കിരീടം ചൂടിയത്. അതിനുമുമ്പ്വരെ സാധ്യതകളുടെ ആദ്യപട്ടികയിൽ ഉൾപ്പെടാത്ത സംഘമായിരുന്നു.  കളിക്കാരുടെ കൂട്ടം. അതിനപ്പുറത്തേക്ക് വളർന്നില്ല. ബാഴ്സയിലും റയലിലും കളിക്കുന്ന കുറച്ചുകളിക്കാർ ദേശീയ ടീമിൽ വേർപെട്ടുകിടന്നു. 2008ലെ യൂറോ കപ്പിൽ ലൂയിസ് അരഗോണസ് അത്ഭുതംകാണിച്ചു. ഭിന്നിച്ചുനിന്ന ഒരുപറ്റം കളിക്കാരെ കൂട്ടിച്ചേർത്തു. പന്തടക്കം കൊണ്ട് എതിരാളികളെ കുഴക്കുന്ന ശൈലിയുണ്ടാക്കി; ടികി‐ടാക. സാവിയും ഇനിയേസ്റ്റയും ഫാബിഗ്രസും ഡേവിഡ് വിയ്യയുമെല്ലാം കളത്തിൽ വലനെയ്തു. ഫൈനലിൽ ആ വലയിൽ സ്പെയ്ൻ ജർമനിയെ വീഴ്ത്തി. ടോറെസിന്റെ ഗോളിൽ സ്പെയ്നിന് ആദ്യ പ്രധാന കിരീടം.

അതൊരു തുടക്കമായിരുന്നു. അരഗോണസിൽനിന്ന് കടിഞ്ഞാൺ വിൻസെന്റ് ഡെൽബോസ്കെ ഏറ്റുവാങ്ങി. ശൈലി മാറിയില്ല. 2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ നെതർലൻഡ്സിനെ കീകീഴടക്കി സ്പാനിഷുകാർ ലോക കിരീടം മാറോടണച്ചു.

 ഫ്രഞ്ച്‌ കളിക്കാർ പരിശീലനത്തിനിടെ

ഫ്രഞ്ച്‌ കളിക്കാർ പരിശീലനത്തിനിടെ

ഫുട്ബോൾ ലോകം സ്പെയ്നും മറ്റു രാജ്യങ്ങളുമെന്ന് വേർതിരിക്കപ്പെട്ടു. 1970കളിൽ ബ്രസീലിന്റെ സർവാധിപത്യംപോലെ സ്പെയ്നും വൻകരകൾ കീഴടക്കി. 2012ലെ യൂറോപ്യൻ കിരീടവും സ്പെയ്നിന്റെ പേരിലായി. മറുമരുന്നുകൾ നേടി ലോകം. ഒടുവിൽ 2014ലെ ലോകകപ്പിൽ സ്പെയ്നിന്റെ പ്രഭാവംമങ്ങി. അടുത്ത യൂറോ കപ്പിലും ചലനമില്ലാതെ സ്പെയ്ൻ മടങ്ങി.

  പക്ഷേ, സ്പെയ്ൻ തിരിച്ചുവരികയാണ്. ബോസ്കെ മാറി ലൊപട്ടേഗിയെത്തി. ഇനിയേസ്റ്റയും സെർജിയോ റാമോസും ജെറാർഡ് പിക്വെയും സെർജിയോ ബുസ്ക്വെറ്റ്സുമൊഴികെ നവനിരക്കാർ. ശൈലി മാറിയിട്ടില്ല. പന്തടക്കംതന്നെ കളി. പക്ഷേ, സ്പെയ്ൻ അജയ്യരാണ് ലൊപട്ടേഗിക്ക് കീഴിൽ. മാർകോ അസെൻസിയോ, ഡേവിഡ് ഡെഗെയ, ലൂകാസ് വാസ്കേസ്, ഇയാഗോ അസ്പാസ്, തിയാഗോ അലസാൻഡ്ര, ഡാനി കർവഹാൽ, ജോർഡി ആൽബ, ദ്യേഗോ കോസ്റ്റ, ഡേവിഡ് സിൽവ, ഇസ്കോ... താരസമ്പന്നമാണ് സ്പെയ്ൻ. കടലാസിൽമാത്രമല്ല കളത്തിലും ഈ വമ്പൻപേരുകൾ തിളങ്ങും.

ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗൽ, മൊറോക്കോ, ഇറാൻ ടീമുകളാണ് സ്പെയ്നിന്റെ എതിരാളികൾ. പ്രീ ക്വാർട്ടർ ഉറപ്പിക്കുന്നു സ്പെയ്ൻ. അവിടെ മിക്കവാറും ഈജിപ്തോ, റഷ്യയോ ആയിരിക്കും. ക്വാർട്ടർ മുതൽ വെല്ലുവിളി തുടങ്ങും.

ജർമൻ യന്ത്രങ്ങൾ പ്രവർത്തിച്ചു തുടങ്ങി. ഒരേ താളത്തിൽ മുഴങ്ങുന്നുണ്ട്. നിലവിലെ ചാമ്പ്യൻമാരെന്ന ഖ്യാതിയും ഒപ്പം ഭാരവുമുണ്ട്. ചാമ്പ്യൻമാരായി വന്നവർക്ക് അതിൽക്കുറവ് എന്ത് കിട്ടിയാലും സഹിക്കില്ല. 2014ലെ ലോകകപ്പിൽനിന്ന് ജർമനി മാറിയിട്ടുണ്ട്. ലോക കിരീടത്തിന് രണ്ട് മാസത്തിനിപ്പുറം അർജന്റീനയോടും ബ്രസീലിനോടും തോറ്റിട്ടുണ്ട്. സന്നാഹ മത്സരങ്ങളിൽ ഓസ്ട്രിയ തോൽപ്പിച്ചു. ജോക്വിം ലോയുടെ ഒരുക്കങ്ങളിൽ വിവാദവും നിറഞ്ഞു. പക്ഷേ, ജർമനി ജർമനിയാണ്. കളത്തിൽ ജയമാണ് ലക്ഷ്യം. ആ ലക്ഷ്യം മാർഗത്തെ സാധൂകരിക്കും. അതിൽ ലിറോയ് സാനെയുടെ കണ്ണീരിന് സ്ഥാനമില്ല. വിമർശങ്ങൾക്ക് ന്യായമില്ല. കളിയഴകിന് ഇടമില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ കളിക്കാർക്കൊപ്പം

ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ കളിക്കാർക്കൊപ്പം

ഗോൾ കീപ്പർ മാനുവൽ നോയെ മുതൽ മുന്നേറ്റത്തിൽ ടിമോ വെർണർവരെ ഒരുങ്ങിക്കഴിഞ്ഞു. മാർകോ റ്യൂസ്, മെസൂട്ട് ഒസീൽ, തോമസ് മുള്ളർ, സാമി ഖെദീര, ജോഷ്വ കിമ്മിച്ച്, മാറ്റ് ഹുമ്മെൽസ്, ജെറോം ബോട്ടെങ്, അന്റോണിയോ റൂഡിഗെർ, ടോണി ക്രൂസ്, ഇകായ് ഗുൺഡോവൻ, മരിയോ ഗോമെസ്് എതിരാളികളെ ഭയപ്പെടുത്തുന്ന പേരുകളാണ്

ലയണൽ മെസി എന്ന മാന്ത്രികന് ചുറ്റും ഹോർജെ സാമ്പവോളി ചിന്തിച്ചുകൊണ്ടു നടക്കുന്നു. അർജന്റീനക്ക് കിരീടം സ്വപ്നം കാണണമെങ്കിൽ മെസിയുടെ ഇടങ്കാൽ ഉണരണം. എതിർവലകളെ സംഹരിക്കണം. പന്തും ഇടംകാലും ഒന്നാകുന്ന നിമിഷങ്ങളുണ്ടാകണം. ആ നിമിഷങ്ങൾ സൃഷ്ടിക്കുകയാണ് സാമ്പവോളിയുടെ ജോലി. അതിന് മധ്യനിരയിൽ ആളനക്കമുണ്ടാകണം. ഏഞ്ചൽ ഡി മരിയയും ക്രിസ്റ്റ്യൻ പാവോണും മാക്സിമില്ലാനോ മെസെയും ജിയോവനി ലോ സെൽസോയുമെല്ലാം കൈ മെയ് മറന്ന് പോരാടണം. പ്രതിരോധത്തിലെ ചോർച്ചകൾ തടയണം. മുൻ ലോകകപ്പുകളിലെപ്പോലെ അമിതപ്രതീക്ഷകളില്ല ഈ ടീമിനെക്കുറിച്ച്.

ജർമനിയോടേറ്റ ഒറ്റഗോൾ തോൽവിയിൽ കിരീടമകന്ന അർജന്റീന പിന്നീട് തളരുകയായിരുന്നു. കോപയിലും തോറ്റു. യോഗ്യതാറൗണ്ടിൽ മങ്ങി. മെസിയില്ലെങ്കിൽ നിശബ്ദമാദും ഈ നിര.  എങ്കിലും അർജന്റീനയാണ്. ആരാധകരുടെ ഇഷ്ട സംഘമാണ്. കത്തിജ്വലിക്കുമെന്നുതന്നെ അവർ പ്രതീക്ഷിക്കുന്നു.

ആദ്യ റൗണ്ട് കടുപ്പമാണ്. കീഴടങ്ങാൻ മടിക്കുന്ന ഐസ്ലൻഡാണ് ആദ്യ എതിരാളി. യൂറോപ്പിലെ മിടുക്കരായ ക്രൊയേഷ്യയും അട്ടിമറിക്കാൻ കെൽപ്പുള്ള ആഫ്രിക്കൻ സംഘം നൈജീരിയയുമാണ് മറ്റ് ടീമുകൾ. പ്രീ ക്വാർട്ടറിൽ കടന്നാൽ പെറുവിനെയാണ് പ്രതീക്ഷിക്കുന്നത്. അതിന് അപ്പുറം ദുഷ്കരമായിരിക്കും മുന്നേറ്റം. മെസി മിന്നിയാൽ അർജന്റീന കുതിക്കും.

ഫ്രാൻസ് ഇപ്പോഴില്ലെങ്കിൽ ഇനിയില്ല എന്ന മട്ടിലാണ്. 1998ൽ സിനദിൻ സിദാൻ വിസ്മയിപ്പിച്ച ലോകകപ്പിനുശേഷം ഫ്രാൻസ് തെളിഞ്ഞിട്ടില്ല. കഴിഞ്ഞ യൂറോ കപ്പിൽ ഫൈനൽവരെ എത്തി,  നിരാശയോടെ മടങ്ങി.

ദിദിയർ ദെഷാമിന് കീഴിൽ വമ്പൻ കളിക്കാരുടെ കൂട്ടമാണ്. കളിക്കാരെ ഒഴിവാക്കിയതിൽതന്നെ മികച്ചൊരു ടീമുണ്ട്. അത്രയുംപേരുകേട്ട കളിക്കാരാണ് ഒഴിവാക്കിയവരിൽ പലരും. മാർഷ്യലിനും കൂമാനും പായെയ്ക്കും അവസരംകിട്ടാത്ത സംഘം. ഉൾപ്പെട്ടവരിൽ എല്ലാം മികച്ചവർ. പക്ഷേ, വെറും ആൾക്കൂട്ടമായി മാറുമോ എന്ന ആശങ്ക ദെഷാമിനുണ്ട്. യൂറോ കപ്പിലെ അനുഭവമാണ് ദെഷാമിന്റെ ഈ ആശങ്കയ്ക്ക് പിന്നിൽ.

പോൾ പോഗ്ബ, ഒൺട്വാൻ ഗ്രീസ്മാൻ, ഒളിവർ ജിറൂ, ഹ്യൂഗോ ലോറിസ്, കൈലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ, സാമുവൽ ഉംറ്റിറ്റി, റാഫേൽ വരാനെ... അതിശയിപ്പിക്കുന്ന സംഘമാണിത്. പക്ഷേ, ഒരുക്കം മികച്ചതായിരുന്നില്ല.

ആദ്യ റൗണ്ടിൽ ഓസ്ട്രേലിയ, ഡെൻമാർക്ക്, പെറു ടീമുകളാണുള്ളത്. ക്വാർട്ടർ മുതൽ പരീക്ഷണം തുടങ്ങും.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് ആദ്യ റൗണ്ട് മുതൽ വെല്ലുവിളിയാണ്. യൂസേബിയോയുടെ, ലൂയിസ് ഫിഗോയുടെ പിന്മുറക്കാരാണ്. 1966ലെ മൂന്നാംസ്ഥാനത്തിനുശേഷം ലോകകപ്പിൽ വലിയൊരു ഇടമില്ല പോർച്ചുഗലിന്. 2006ൽ സെമിയിലെത്തിയതാണ് മറ്റൊരു നേട്ടം. റൊണാൾഡോയ്ക്കുവേണ്ടി പോർച്ചുഗൽ ഈ കിരീടംകൊതിക്കുന്നുണ്ട്. സ്പെയ്ൻ ഉൾപ്പെട്ട ഗ്രൂപ്പിൽ മൊറോക്കോയും പോർച്ചുഗലിന് വെല്ലുവിളി ഉയർത്തിയേക്കാം. ഇറാനാണ് ഗ്രൂപ്പിൽ മറ്റൊരു ടീം.

1966നുശേഷം ലോക കിരീടംകൊതിക്കുന്ന ഇംഗ്ലണ്ടും ക്ലബ്ബ് ഫുട്ബോളിലെ കരുത്തരായ ഇറങ്ങുന്ന ബൽജിയവും സ്വപ്നങ്ങൾ കാണുന്നുണ്ട്. കിരീടത്തിലേക്ക് നീളുമോയെന്നത് 32 ദിനങ്ങളിൽ റഷ്യ ഉത്തരം നൽകും. 1998ലെ ക്രൊയേഷ്യയെപ്പോലെ 2002ലെ കൊറിയയപ്പോലെ കഴിഞ്ഞ ലോകകപ്പിൽ വിസ്മയിപ്പിച്ച കോസ്റ്റ റിക്കയപ്പോലെ ഏതെങ്കിലും ടീം മറഞ്ഞിരിപ്പുണ്ടാകും. ആ അട്ടിമറികളിൽ വമ്പൻ ടീമുകൾ ഒലിച്ചുപോയേക്കാം. മൊറോക്കോയും ഡെൻമാർക്കും മെക്സിക്കോയും സെനെഗലും ഐസ്ലൻഡും ജ്വലിക്കാൻ കെൽപ്പുള്ള കൂട്ടങ്ങളാണ്. ആദ്യറൗണ്ടിൽ ഇവർ തീപ്പൊരി വീഴ്ത്തിയാൽ റഷ്യയിൽ കിരീടമോഹികളുടെ കല്ലറയൊരുങ്ങും.
 

പ്രധാന വാർത്തകൾ
 Top