12 August Wednesday

കേൾക്കൂ... തിരിച്ചറിവുള്ളവർ പറയുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 13, 2020

ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളെ നിയന്ത്രണമില്ലാതെ കടത്തിവിടണമെന്ന  ആവശ്യം ഹൈക്കോടതിതന്നെ തള്ളി. ജനവും അങ്ങനെ തന്നെ വിധിയെഴുതി. എന്നിട്ടും അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ ശാരീരിക അകലംപോലും പാലിക്കാതെ ചില പ്രതിപക്ഷ നേതാക്കൾ രാഷ്‌ട്രീയ നാടകം കളിക്കുകയാണ്‌.  ഇതുകണ്ട്,‌ കക്ഷി രാഷ്‌ട്രീയം പറയേണ്ട  സമയമല്ലെന്ന്‌ തിരിച്ചറിവുള്ള കോൺഗ്രസ്‌ നേതാക്കളടക്കം പ്രതികരിക്കുന്നു.ഈ അച്ചടക്കലംഘനം ആത്മഹത്യാപരം ഫാ. ഫ്രാൻസിസ് ആലപ്പാട്ട്
മഹാമാരിയുടെ കാലഘട്ടത്തിൽ അച്ചടക്കവും ക്രമവും ലംഘിക്കുന്നത് ആത്മഹത്യാപരമാണെന്ന്  ഫാ. ഫ്രാൻസിസ് ആലപ്പാട്ട്. സർക്കാർ മികച്ച പ്രതിരോധപ്രവർത്തനമാണ് നടത്തുന്നത്. ഇതിനെ മറികടന്ന് ഏതെങ്കിലും കക്ഷികളോ വ്യക്തികളോ താൽക്കാലിക നേട്ടത്തിന് ശ്രമിക്കുന്നത് അപകടമാണ്. ഇതുവരെ നാം കൂട്ടായി നേടിയെടുത്ത നേട്ടങ്ങൾ ഇല്ലാതാക്കാനേ തൽപ്പരകക്ഷികളുടെ ഇടപെടലുകൾ ഉപകരിക്കൂ. ഈ പ്രത്യേക സാഹചര്യം മനസ്സിലാക്കണം. ഇതിൽ കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങളല്ല, ജനപക്ഷത്തുനിന്നുള്ള തീരുമാനങ്ങളാണ് വേണ്ടത്. കൈയടി നേടാനായി ഇറക്കുന്ന പ്രസ്താവനകൾ സമൂഹത്തിൽ തെറ്റുധാരണ പടർത്താനേ ഉപകരിക്കൂ. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരെ കൃത്യമായി സ്ക്രീനിങ് ചെയ്യണം. അത് യാത്രചെയ്തെത്തുന്നവരുടെ സുരക്ഷയുടെ ഭാഗംകൂടിയാണ്. ഫാ. ഫ്രാൻസിസ് ആലപ്പാട്ട് പറഞ്ഞു.
 സര്‍ക്കാര്‍ നടപടിയോട് യോജിപ്പ്- വി എസ്‌ വിജയരാഘവൻ
ഇതര സംസ്ഥാനത്തുനിന്ന്‌ വരുന്നവർക്ക്‌ പാസ്‌ നിർബന്ധമാക്കുന്നതോടൊപ്പം നടപടിക്രമം ലഘൂകരിക്കണമെന്ന്‌  എഐസിസി അം​ഗവും  മുന്‍ എംപിയുമായ വി എസ്‌ വിജയരാഘവൻ. പാസ്‌ നിർബന്ധമാക്കിയതിനോട്‌ എതിർപ്പില്ല. എന്നാൽ,  യാത്രാനുമതി നൽകുന്നതിൽ കാലതാമസുമുണ്ടാകുന്നുവെന്ന പരാതിയുണ്ട്‌. അത്‌ പരിഹരിക്കണം. നാട്ടിലേക്ക്‌ വരുന്ന എല്ലാവരെയും പരിശോധിച്ചശേഷമേ കടത്തിവിടാവൂ. അതിനു നടപടിയെടുക്കണമെന്നും
അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ തന്ത്രം അപകടകരം റവ. രാജു അഞ്ചേരി
സംസ്ഥാനത്തെ നിയന്ത്രണങ്ങൾ മാറ്റണമെന്ന പ്രതിപക്ഷ തന്ത്രം അപകടകരമെന്ന്‌ എഴുത്തുകാരനും മാർത്തോമ്മാ സഭ സീനിയർ വൈദികനുമായ റവ. രാജു അഞ്ചേരി. കർശന നടപടികൾ മാറ്റിയാൽ കേരളം മൃതശരീരങ്ങൾകൊണ്ട്‌ നിറയും. അതുകൊണ്ട് ലോകം ആദരിക്കുന്ന കേരളത്തിന്റെ നിലപാടുകളിൽ വെള്ളംചേർക്കരുത്‌. 

ഇവിടേക്ക്‌ വരാൻ ആഗ്രഹിക്കുന്ന അവസാന ആളിനേയും കൊണ്ടുവരണം. എന്നാൽ  പാസില്ലാതെ അതിർത്തികളിൽ എത്തരുതെന്ന് ഹൈക്കോടതി പറഞ്ഞിട്ടും ചില നേതാക്കൾ ഇക്കാര്യത്തിൽ പറയുന്ന അഭിപ്രായം കേൾക്കുമ്പോൾ ഭയമാണ് ഉണ്ടാകുന്നത്. മനപ്പൂർവം രോഗം പടരണമെന്ന് ആഗ്രഹിക്കുന്നതുപോലെ തോന്നുന്നു.   രാഷ്‌ട്രീയമാകാം പ്രശ്നം. കാരണമെന്തായാലും നിയന്ത്രണങ്ങളിൽ വിള്ളൽ വീഴ്ത്താനുള്ള നീക്കം ക്രൂരതയാണ്.നിയന്ത്രണം ജനങ്ങൾക്കുവേണ്ടി പി നാരായണൻ
കൃത്യമായ പരിശോധന നടത്തിമാത്രമേ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരെ കേരളത്തിലേക്ക് കടത്തിവിടാവൂവെന്ന് കാഞ്ഞങ്ങാട് ബാറിലെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ്‌ നേതാവുമായ പി നാരായണൻ.  അതിർത്തികളിലെത്തുന്നവർ  ശരീര ഊഷ്‌മാവ്‌ താൽക്കാലികമായി മറച്ചുവയ്‌ക്കാൻ ചില ഗുളിക കഴിക്കുന്നതായി കേൾക്കുന്നു. കേരളം നടത്തുന്ന പ്രതിരോധ പ്രവർത്തനം ജനങ്ങൾക്കുവേണ്ടിയാണ്.  ക്വാറന്റൈൻ  വേണമെന്നു പറയുന്നതും നല്ലതിനുവേണ്ടിയാണ്‌. ഇക്കാര്യത്തിലൊന്നും മറിച്ചൊരഭിപ്രായത്തിന് പ്രസക്തിയില്ല–-നാരായണൻ പറഞ്ഞു.


 

പ്രതിരോധം അട്ടിമറിക്കരുത്‌  ആർ ചന്ദ്രശേഖരൻ
കോവിഡ്‌ നിയന്ത്രണം പാലിക്കാതെ മറ്റ‌ു സംസ്ഥാനങ്ങളിൽ നിന്ന്‌ ആളുകളെ എത്തിക്കുന്നത്‌ നിലവിലെ സാഹചര്യത്തെ അട്ടിമറിക്കുമെന്ന്‌ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ. എല്ലാവരുടെയും സംരക്ഷണം ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്‌. സാഹചര്യം വഷളാകാൻ സർക്കാർ നോക്കിനിൽക്കരുത്‌. ആളുകൾക്ക്‌ എന്തും പറയാം.

പക്ഷേ, കാര്യങ്ങൾ കൈവിട്ടുപോയാൽ പിന്നീട്‌ നിയന്ത്രിക്കാൻ പാടുപെടും. മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾ നാട്ടിൽ തിരിച്ചെത്തണമെന്ന്‌ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അതിനു നിയന്ത്രണം വേണം. നിയന്ത്രണം ഇവിടുള്ള അവരുടെ കൂടുംബങ്ങളെക്കൂടി സംരക്ഷിക്കാനാണ്‌. ഏതൊരു സർക്കാരിനും ഇങ്ങനെ ചെയ്യാനേ പറ്റൂ. ഒരു പാസുപോലും ഇല്ലാതെ മറ്റു സംസ്ഥാനത്ത്‌ നിന്ന് നമ്മുടെ ആളുകൾ ചെക്ക്‌പോസ്റ്റിൽ എത്തുന്നുണ്ട്‌. കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിൽ വെള്ളം ചേർക്കരുത്‌. പ്രതിരോധത്തിൽ പാളിച്ചയില്ലാതെ തന്നെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ മലയാളികളെ എത്തിക്കാനാണ്‌ സർക്കാർ ശ്രമിക്കേണ്ടത്‌. അതിൽ വീഴ്‌ചവന്നാൽ പ്രതിപക്ഷം ചോദ്യംചെയ്യും. വീട്ടിലെയും ജോലി സ്ഥലത്തെയും സാഹര്യങ്ങൾകൊണ്ടും അസുഖം ബാധിച്ചും അടിയന്തരമായി നാട്ടിൽ എത്തേണ്ടവരുണ്ടാകും. അവർക്കും ഗർഭിണികൾക്കും കുട്ടികൾക്കുമാണ്‌ തിരിച്ചുവരവിനു മുൻഗണന കൊടുക്കേണ്ടത്‌. അതിനായി  നോർക്കാ രജിസ്‌ട്രേഷൻ ഫോർമാറ്റിൽ അവസരങ്ങൾ ഒരുക്കണമെന്നും ആർ ചന്ദ്രശേഖരൻ നിർദേശിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top