24 June Monday

സീറിപ്പായും പെൺ കവിഞ്ജർകൾ

ഇ എൻ അജയകുമാർUpdated: Saturday Apr 13, 2019


കോയമ്പത്തൂർ
അൻപുള്ള അമ്മാ, കടവുളിൻ മടിയിൽ, വിളയാടികൊണ്ടിരുന്തേൻ, കോവിലെ കാൺപിപ്പിതാക ശൊല്ലി, എന്നൈ, ഉൻ കരുവറൈക്കുൾ, പ്രവേശിക്ക ശെയ‌്താർ, കടവുൾ. (സ‌്നേഹമുള്ള അമ്മ, ദൈവത്തിന്റെ മടിയിൽ കളിച്ചുകൊണ്ടിരുന്നു, ക്ഷേത്രം കാണിക്കാമെന്നു പറഞ്ഞ‌് എന്നെ നിന്റെ ഗർഭപാത്രത്തിൽ പ്രവേശിപ്പിച്ചു, ദൈവം)–-കരുവറൈ വാസനൈ(ഗർഭപാത്രത്തിന്റെ മണം) എന്ന കവിതയിൽ കനിമൊഴി എഴുതിയതാണിത‌്. തമിഴ‌്നാട‌് തെരഞ്ഞെടുപ്പിൽ മൂന്ന‌് പെൺകവികളാണ‌് മാറ്റുരയ‌്ക്കുന്നത‌്. മതനിരപേക്ഷ  പുരോഗമന മുന്നണിയുടെ സ്ഥാനാർഥികളായാണ‌് മൂന്നുപേരും അങ്കത്തട്ടിലിറങ്ങിയത‌്. സ‌്ത്രീകൾക്കുവേണ്ടി എഴുതിയും പ്രവർത്തിച്ചും സമൂഹത്തിൽ അർഹമായ സ്വീകാര്യത നേടിയവരാണ‌് മൂവരും.

കനിമൊഴി
സ‌്റ്റെർലൈറ്റ‌് കോപ്പർ കമ്പനിക്കെതിരെ അതിശക്തമായ സമരം നടത്തി 13 പേർ രക്തസാക്ഷികളായ തൂത്തുക്കുടിയിലാണ‌് കനിമൊഴി മത്സരിക്കുന്നത‌്. ദ‌ ഹിന്ദു പത്രത്തിന്റെ സബ‌് എഡിറ്റർ, കുങ്കുമം വാരികയുടെ എഡിറ്റർ ഇൻ ചാർജ‌്, സിംഗപ്പുരിൽനിന്ന‌് പ്രസിദ്ധീകരിച്ചിരുന്ന തമിഴ‌്മുരശ‌് വാരികയുടെ ഫീച്ചർ എഡിറ്റർ എന്നീ നിലകളിലൂടെയാണ‌് കനിമൊഴി സാഹിത്യലോകത്ത‌് എത്തിയത‌്. തുടർന്ന‌് ശികരങ്കളിൽ ഉറൈക്കിറത‌് കാലം, അഗത്തിണൈ, പാർവൈകൾ, കറുക്കും മരുതാണി, ബോംബെ ജയശ്രീയുമായി ചേർന്ന‌് ചിലപ്പതികാരം സംഗീത ആൽബം എന്നിവ രചിച്ചു. 2007 മുതൽ രാജ്യസഭാംഗമാണ‌്. ബിജെപി സംസ്ഥാന പ്രസിഡന്റ‌് തമിഴിശൈ സൗന്ദരരാജനാണ‌് എതിരാളി.

ജ്യോതിമണി
സാഹിത്യത്തിൽ അവാർഡുകൾ നേടിയിട്ടുള്ള ജ്യോതിമണിയാണ‌് കരൂർ ലോക‌്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നത‌്. കരുർ അറവക്കുറിച്ചി ശെന്നിമലൈ സ്വദേശിയായ അവർ തമിഴ‌്നാട‌് സെൻസർ ബോർഡ‌് അംഗമായിരുന്നു. 2006ൽ അമേരിക്ക, 2009ൽ മലേഷ്യ, 2010ൽ ഡൽഹി എന്നിവിടങ്ങളിൽ നടന്ന ലോക യുവജന സമ്മേളനങ്ങളിലെ പ്രതിനിധിയായി. 2011ലും 2014ലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഒറ്ററ വാസനൈ, ചിത്തിരക്കൂട‌്, നീർ പിറക്കും മുൻ എന്നീ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട‌്. 1999ൽ ഇലക്കിയ ചിന്തെനൈ അവാർഡും 2007ൽ ശക്തി അവാർഡും നേടി.

തമിഴച്ചി തങ്കപാണ്ഡ്യൻ
ചെന്നൈ സൗത്തിൽ മത്സരിക്കുന്നത‌് ഭരതനാട്യ നർത്തകിയും കവിയുമായ പ്രൊഫ. സുമതി എന്ന തമിഴച്ചി തങ്കപാണ്ഡ്യനാണ‌്. മുൻ മന്ത്രി തങ്കപാണ്ഡ്യന്റെ മകൾ. വിരുതുനഗർ മല്ലാകിണറിൽ ജനിച്ചു. ചെന്നൈ റാണിമേരി കോളേജിൽ അധ്യാപികയായിരിക്കെ വിആർഎസ‌് എടുത്തു. അച്ഛന്റെ മരണത്തെത്തുടർന്ന‌് കുങ്കുമം വാരികയിൽ എഴുതിയ കവിതയാണ‌് സാഹിത്യത്തിലേക്കുള്ള ചുവടുവയ‌്പ്. ചെറുപ്പത്തിൽതന്നെ ഭരതനാട്യം അഭ്യസിച്ച തമിഴച്ചി അറിയപ്പെടുന്ന നർത്തകിയും ഭട്ടിമൻട്രം എന്നറിയപ്പെടുന്ന സംവാദസദസ്സിലെ സ്ഥിരം പ്രാസംഗികയുമാണ‌്. എഞ്ചോട്ട‌്പെൺ, വനപേച്ചി, മഞ്ചണത്തി, അരുകൻ, അവളുക്ക‌് വെയിൽ എൻട്രു പെയർ തുടങ്ങിയവ കവിതാസമാഹരങ്ങൾ. പാമ്പാട്ടം, ശൊൽതൊടും ദൂരം, മൺവാസം തുടങ്ങിയ ലേഖന സമാഹാരങ്ങൾ, നിഴൽവെളി ഗവേഷണ പ്രബന്ധം എന്നിവയും പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിൽ ഐലൻഡ‌് ടു ഐലൻഡ‌് എന്ന പുസ‌്തകവും എഴുതി. പിശാസ‌് എന്ന സിനിമയുടെ തിരക്കഥയും അതിലെ പൊകും പാതൈ ദുരമില്ലെ എന്ന പാട്ടും തമിഴച്ചിയുടേതാണ‌്. എഐഎഡിഎംകെ മന്ത്രി ഡി ജയകുമാറിന്റെ മകൻ ജയവർധനാണ‌് എതിരാളി.
 


പ്രധാന വാർത്തകൾ
 Top