20 March Wednesday

നരിയുടെ മുന്നിൽപ്പെട്ട ആട്ടിൻകുട്ടി

വേണു കെ ആലത്തൂർUpdated: Wednesday Mar 13, 2019

പാലക്കാട‌്
1977ലെ നിയമസഭാ തെരഞ്ഞെടുപ്പ‌്. കമ്യൂണിസ്റ്റ്‌ പാർടിയുടെ ഉരുക്കുകോട്ടയായ ആലത്തൂരിൽ സ്ഥാനാർഥിയായി മത്സരിക്കാൻ കോൺഗ്രസിൽ ആരുമില്ല. എ കെ ആന്റണിയും കെ കരുണാകരനുമാണ‌് സ്ഥാനാർഥി ലിസ്റ്റിന്‌ അന്തിമരൂപം തയ്യാറാക്കുന്നത‌്. ആലത്തൂർ മണ്ഡലം ഒഴികെ ലിസ‌്റ്റുമായി ഇരുവരും ഡൽഹിയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടുത്തെത്തി. അപ്പോഴൊന്നും ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥിയെക്കുറിച്ച‌് സിപിഐ എം വിവരം പുറത്തുവിട്ടിരുന്നില്ല.

ഡൽഹിയിൽ എഐസിസി ഓഫീസിൽ ഇന്ദിരാഗാന്ധിയുടെ മുറിക്കു മുന്നിൽ കാത്തു നിൽക്കുന്ന ആന്റണിയോടും കരുണാകരനോടുമായി  ഇന്ദിരാഗാന്ധി പറഞ്ഞു ‘ആലത്തൂരിൽ ഇഎംഎസാണ‌് മത്സരിക്കുന്നത‌്. അവിടെ ശക്തനായ സ്ഥാനാർഥിയെ നിർത്തണം’. അന്ന‌് വാർത്താവിനിമയ സൗകര്യങ്ങൾ കുറവ‌്. എരിമയൂരിലെ വീട്ടിലേക്ക‌് രാത്രി 12ന് ഫോൺ വന്നു. അപ്പുറത്ത‌് ലീഡർ. ആലത്തൂരിൽ വിജയൻ മത്സരിക്കണം. ഫോൺ കട്ടായി. ഉറക്കം പോയ നാൾ. നരിമടയിൽപ്പെട്ട ആട്ടിൻകുട്ടിയുടെ അവസ്ഥയിലായിരുന്നു താനെന്ന‌് വി എസ‌് വിജയരാഘവൻ ഓർക്കുന്നു.

നാമനിർദേശപത്രിക സമർപ്പിക്കാൻ പോകുമ്പോൾ ഇഎംഎസ‌് ഇറങ്ങിവരുന്നു. ‘മത്സരം രാഷ്ട്രീയമാണ‌്. വ്യക്തിപരമല്ല’–- ഇ എം എസ‌് പറഞ്ഞു. അത‌് ഇന്നും  ഊർജം പകരുന്നു. ഉരുക്കുകോട്ടയിൽ പെരുതാൻതന്നെ ഉറച്ച‌ു. അന്ന‌് തൃശൂരിലെ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ മാമക്കുട്ടിയാണ‌്. അവിടത്തെ വ്യാപാരികൾ നൽകിയ വിവരത്തെ തുടർന്ന‌് ആലത്തൂരിൽ ഇഎംഎസ‌് കൂടുതൽ ശ്രദ്ധിക്കണമെന്ന‌് മാമക്കുട്ടി ആവശ്യപ്പെട്ടു. അതോടെ ഇഎംഎസ‌് മറ്റ‌് പരിപാടികൾ റദ്ദാക്കി ആലത്തൂരിൽ ക്യാമ്പ‌് ചെയ‌്തു. വോട്ടെടുപ്പ‌്ദിവസം പോളിങ്‌ സ‌്റ്റേഷനുകൾ സന്ദർശിക്കാൻ പോകവെ ഇഎംഎസിന്റെ മുഖ്യ തെരഞ്ഞെടുപ്പ‌് ഏജന്റ‌് ആലത്തൂർ ആർ കൃഷ‌്ണൻ വാഹനം കോടായതിനെത്തുടർന്ന‌് വഴിയിൽ നിൽക്കുന്നു. ഒന്നും ആലോചിച്ചില്ല. ആർ കൃഷ‌്ണനെ വണ്ടിയിൽ കയറ്റി അടുത്ത പോളിങ്‌ സ‌്റ്റേഷനിൽ ഇറക്കി. ഇതൊന്നും പാർടിക്കാർക്കുപോലും അറിയില്ല. 

ആലത്തൂരിലെ എൻഇ ഹൈസ‌്കൂളായിരുന്നു വോട്ടെണ്ണൽകേന്ദ്രം (ഇന്നത്തെ എഎസ‌്എംഎം ഹയർ സെക്കൻഡറി സ‌്കൂൾ). വൈകിട്ട‌് നാലോടെ ഇഎംഎസിനേക്കാൾ 700 വോട്ടിനു മുന്നിൽ. ജയം മണക്കുന്നു. ആവേശം ഉയരുന്നു. എന്നാൽ രാത്രി രണ്ട‌ിന് അവസാനഫലപ്രഖ്യാപനം പുറത്തുവന്നു. ഇഎംഎസ‌് 1999 വോട്ടുകൾക്ക‌് വിജയിച്ചു.

ഹാളിൽനിന്ന‌് പുറത്തുവന്നത‌് ഇഎംഎസിനോടൊത്തായിരുന്നു. ഇഎംഎസിനെ സ്വീകരിക്കാൻ വലിയ ചുവന്ന മാലയുമായി എത്തിയ പ്രവർത്തകരോട‌് അദ്ദേഹം പറഞ്ഞു. ‘തന്റെ വിജയം സാങ്കേതികം മാത്രം, യഥാർഥത്തിൽ വിജയിച്ചത‌് വിജയരാഘവനാണ‌്’. അതാണ‌് തന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ അംഗീകാരമായതെന്നും അടുത്ത മൂന്ന‌് ലോക‌്സഭാ തെരഞ്ഞെടുപ്പുകളിൽ പാലക്കാട‌് പാർലമെന്റ‌് മണ്ഡലത്തിൽനിന്ന‌് വിജയിക്കാൻ  പ്രചോദനമായതെന്നും വിജയരാഘവൻ ഓർമിക്കുന്നു.


പ്രധാന വാർത്തകൾ
 Top