25 September Friday

ജീവൻവെച്ച്‌ അവർ ജീവിതമേകി

എം കെ പത്മകുമാർUpdated: Wednesday Aug 12, 2020


ആലപ്പുഴ
കൈത്തോടു കവിഞ്ഞ്‌ ആർത്തൊഴുകുന്ന പമ്പ  വീടുകളുടെ ജനൽ പൊക്കം വരെ എത്തി നിൽക്കുന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ അൽപ്പം വൈകിയാൽ വൻ ദുരന്തമാകും. സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന എട്ട്‌  കുടുംബങ്ങളെ രക്ഷിക്കണം.  പുഴയായി മാറിയ റോഡിലൂടെ കെഎസ്‌ഇബി ജീവനക്കാരായ  ജയനും  അനിലും നീന്തി കരപറ്റി. പോസ്റ്റിൽ കയറി  വൈദ്യുതി വിഛേദിച്ചു. 

കെഎസ്‌ഇബി കായംകുളം ഈസ്റ്റ്‌ സെക്ഷനിലെ സീനിയർ ലൈൻമാനാണ്‌ കെ ബി ജയൻ. അനിൽകുമാർ വർക്കറും. കായംകുളം ചേരാവള്ളി ക്ഷേത്രത്തിനു സമീപം മേനാത്തേരിയിൽ ജലനിരപ്പുയർന്നപ്പോളാണ്‌ ഇരുവരും രക്ഷകരായത്‌‌. സമീപവാസിയായ സാനുമാത്യു അത്‌ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെ വൈറലായി.  പേമാരിയും കുത്തൊഴുക്കും വകവെക്കാതെ  ജോലി ചെയ്യുന്ന കെഎസ്‌ഇബി ജീവനക്കാരുടെ ആത്മാർഥതയുടെ നേർ സാക്ഷ്യം കൂടിയായി ഈ ദൃശ്യം.

വീടുകളിൽ വെള്ളം കയറുന്നതിനാൽ വൈദ്യുതി  വിച്ഛേദിക്കണമെന്ന് ഞായറാഴ്ച രാത്രിയാണ്‌ ഈസ്റ്റ്‌ സെക്ഷനിൽ അറിയിച്ചത്‌. ഉടൻ ജീവനക്കാർ വാഹനത്തിൽ മേനാത്തേരിയിൽ എത്തി.  ശക്തമായ മഴ, ഇരുട്ട്‌, ആൾ പൊക്കത്തിൽ പുല്ലു വളർന്ന പോള നിറഞ്ഞ പാടത്തിനു കുറുകേയുള്ള റോഡ്‌ പുഴ പോലെ.  കുത്തൊഴുക്കും. ഒരുതരത്തിലും എത്തിപ്പെടാനാകാത്തതിനാൽ തിരിച്ചുവന്നു. തിങ്കളാഴ്ച പുലർച്ചെ ജയനും അനിലും വീണ്ടും സ്ഥലത്തെത്തി. അരണ്ട വെളിച്ചമുണ്ടെന്ന്‌ മാത്രം. ബാക്കിയെല്ലാം തലേന്നത്തെപ്പൊലെ. മടിച്ചു നിന്നില്ല. സമീപത്തെ വീട്ടിൽ നിന്ന്‌  തോർത്ത്‌  വാങ്ങി ഉടുത്തു.  കയ്യുറയും പണി ഉപകരണങ്ങളും ബാഗിലാക്കി. 

മുട്ടൊപ്പമായിരുന്നു തുടക്കത്തിൽ വെള്ളം. പിന്നെ നെഞ്ചൊപ്പം. നിലയില്ലാതായപ്പോൾ നീന്തി അക്കരെ പിടിച്ചു.  വീട്ടുകാർ ഉണർന്നു വരുന്നതേയുള്ളൂ.  ഇവരെ കണ്ടപ്പോൾ പകച്ചു. കെഎസ്‌ഇബിയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ മുഖത്ത്‌ ‘ഇത്ര വെളുപ്പിനേയോ’ എന്ന ഭാവം. പോസ്റ്റിൽ  കയറി ബന്ധം വിഛേദിച്ചു. തിരിച്ചു  നീന്തി ഇക്കരെ പിടിച്ചു. കലവൂർ വടക്കേവെളി ബാലകൃഷ്ണപിള്ളയുടെ മകനായ ജയൻ ‌ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. ഇപ്പോൾ കെഎസ്‌ഇബി വർക്കേഴ്സ്‌ അസോസിയേഷൻ (സിഐടിയു) ഹരിപ്പാട്‌ ഡിവിഷൻ ജോയിന്റ്‌ സെക്രട്ടറി‌.  വയലാർ കവല‌ കണ്ണുവെളിത്തറ വീട്ടിൽ അനിൽകുമാർ അസോസിയേഷൻ അംഗമാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top