26 August Monday

ജീവിതം ക്യാമ്പിൽ, മനസ്സിൽ പെരുന്നാൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

ഖദീജ, സൈനബി, ആയിഷബി, ഹസീന എന്നിവർ കോഴിക്കോട്‌ സിവിൽസ്‌റ്റേഷൻ എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ

കോഴിക്കോട്‌
‘‘വീട്ടിലാണെങ്കിൽ ഇശലുകൾ മൂളി കുട്ടികൾ കൈയിൽ മൈലാഞ്ചിയിടുമായിരുന്നു. അടുക്കളയിൽ പലഹാരങ്ങൾ ഉണ്ടാക്കുന്നതിന്റെ തിരക്കായിരിക്കും. പുതുവസ്‌ത്രങ്ങൾ കിട്ടും.’’ ഖദീജയുടെയും ഹസീനയുടെയും വാക്കുകളിൽ നിറയെ ബലിപെരുന്നാളിന്റെ ആഘോഷ സ്‌മരണകൾ.

പക്ഷേ, ഈ വർഷത്തെ പെരുന്നാൾ ഇവർക്ക്‌ ദുരിതാശ്വാസ ക്യാമ്പിലാണ്‌.  മാനം തെളിഞ്ഞെങ്കിലും വീട്ടിൽ വെള്ളം കയറി അലങ്കോലമായതിനാൽ പെരുന്നാൾ വീട്ടിൽ നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന്‌ ഇവർ പറഞ്ഞു.  

തിങ്കളാഴ്‌ച നാട്‌ ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ സിവിൽ സ്‌റ്റേഷനു സമീപത്തെ എൽപി സ്‌കൂളിലെ ക്യാമ്പിലാണ്‌ ഇവരുടെ ആഘോഷം. സിവിൽ സ്‌റ്റേഷൻ പരിസരത്തെ പറോട വയൽ വെള്ളത്തിൽ മുങ്ങിയതാണ്‌  ഇവിടെയുള്ള കുടുംബങ്ങളെ ക്യാമ്പിലെത്തിച്ചത്‌.

പ്രതികൂല സാഹചര്യമായതിനാൽ പെരുന്നാളിനു തലേദിവസമുള്ള അറഫ നോമ്പും എടുക്കാൻ കഴിഞ്ഞില്ലെന്ന്‌ ആയിഷബി പറഞ്ഞു. എങ്കിലും നിസ്‌കാരത്തിനും പ്രാർഥനയ്‌ക്കും മുടക്കമില്ല. വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചുവെന്ന്‌ ഹസീന പറഞ്ഞു. 

പറോട വയലിലെ ഖദീജ, ഭർത്താവ്‌ സെയ്‌തലവി, സൈനബി, മകൻ അൽത്താഫ്‌, ആയിഷബി, ഭർത്താവ്‌ മൊയ്‌തീൻ,  ഹസീന, മകൻ അനസ്‌  എന്നിവരാണ്‌ ക്യാമ്പിലുള്ളത്‌. ഭക്ഷണം കൃത്യമായി ലഭിക്കുന്നുണ്ട്‌. ഞായറാഴ്‌ച കോഴിക്കറിയും ചോറുമായിരുന്നു വിഭവം. കലക്ടറേറ്റിൽനിന്ന്‌ ആവശ്യത്തിനുള്ള സാധനങ്ങളും ലഭിക്കുന്നുണ്ട്‌.


പ്രധാന വാർത്തകൾ
 Top