26 March Tuesday

ലോകത്തിന് മാതൃകയായി കേരളം

കെ പ്രേമനാഥ‌്Updated: Tuesday Jun 12, 2018

കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ ആശുപത്രി ജീവനക്കാർക്കൊപ്പം. ഡോ. അരുൺകുമാർ സമീപം.


കോഴിക്കോട‌്
പേരാമ്പ്രയിൽനിന്ന‌് തുടങ്ങി മലപ്പുറം വഴി കേരളമാകെ പടരുമായിരുന്ന ഒരു മഹാ വിപത്തിനെയാണ‌് കേരളം ഇപ്പോൾ തടഞ്ഞു നിർത്തിയത‌് ‐ നിപാ എന്ന മാരക വൈറസിനെ. ഇത്തരം അപൂർവ വൈറസിനെ ഇത്രവേഗം കണ്ടെത്തി ആരോഗ്യ മേഖലയുടെ പിടിയിലൊതുക്കാൻ ഇതുവരെ ലോകത്തൊരിടത്തും കഴിഞ്ഞിട്ടില്ല. ഇത‌് വഴി കേരളം എല്ലാ വികസിത രാഷ‌്ട്രങ്ങൾക്കും മാതൃകയാവുന്നു. ലോകമെങ്ങുമുള്ള മലയാളികൾക്ക‌് അഭിമാനിക്കാം...നമ്മുടെ ഈ കൊച്ച‌് നാടിനെയോർത്ത‌്.

മെയ‌് 20 ന‌് വൈകിട്ടാണ‌് ലോകത്തെ മെഡിക്കൽ വിദഗ‌്ധരെ നടുക്കിയ പ്രഖ്യാപനം പൂണെ വൈറോളജിക്കൽ ഇൻസ‌്റ്റിറ്റ്യുട്ടിൽ നിന്ന‌് പുറത്തുവരുന്നത‌്. കേരളത്തിലെ കോഴിക്കോട‌് ജില്ലയിൽ നിപാ വൈറസ‌് കണ്ടെത്തിയിരിക്കുന്നു. രോഗി, ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിയുന്ന പേരാമ്പ്ര സ്വദേശി മുഹമ്മദ‌് സാലിഹ‌്(27). ഇതോടെ ലോകരാജ്യങ്ങൾ ജാഗ്രതയിലായി. എല്ലാ വൈറോളജിക്കൽ ഇൻസ‌്റ്റിറ്റ്യൂട്ടുകളിലെയും വാൾ കംപ്യൂട്ടറിൽ ചുവന്ന അടയാളത്തിൽ കോഴിക്കോട്ടെ പേരാമ്പ്ര അടയാളപ്പെട്ടു.

കഠിനമായ പനിയും ചുമയും ബാധിച്ച‌് 15 ന‌് പകൽ 11 നാണ‌് സാലിഹിനെ പേരാമ്പ്രയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത‌്. നില വഷളാവുന്നത‌് കണ്ട‌് 16ന‌് പകൽ പതിനൊന്നരയോടെ ഇദ്ദേഹത്തെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക‌് കൊണ്ടുപോയി. 17 ന‌് രാവിലെ ക്രിട്ടിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എസ‌് അനൂപ‌് കുമാർ എത്തി വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ‌് സഹോദരൻ ഇതേപോലുള്ള പനിബാധിച്ച‌് മരിച്ച വിവരം അറിഞ്ഞത‌്. വീട്ടിലുള്ള മൂന്ന‌് പേർക്ക‌് പനി തുടങ്ങിയെന്നും ബന്ധുക്കൾ പറഞ്ഞു. അവരോട‌് ഉടൻ ആശുപത്രിയിലെത്താൻ ഡോക്ടർ നിർദേശിച്ചു.

എഴുന്നേൽക്കാൻ പറ്റാത്ത വിധം തളർച്ച, ചുമ, കടുത്ത പനി, തലവേദന തുടങ്ങിയവക്കൊപ്പം മസ‌്തിഷ‌്ക ജ്വരത്തിന്റെ ലക്ഷണങ്ങൾകൂടി സാലിഹിൽ കണ്ടു‌. അതോടെ അനൂപ‌് കുമാർ സുഹൃത്തായ മണിപ്പാൽ സെന്റർ ഫോർ വൈറസ‌് റിസർച്ച‌് തലവൻ ഡോ. ജി അരുൺ കുമാറിനെ വിളിച്ചു. രോഗിയുടെ രക്തം, ഉമിനീർ, നട്ടെല്ലിൽനിന്ന‌് കുത്തിയെടുക്കുന്ന സെറിബ്രോ സ‌്പൈനൽ ഫ്ളൂയിഡ‌് തുടങ്ങി എല്ലാവിധ സാമ്പിളുകളും ഉടൻ മണിപ്പാലിലേക്ക‌് അയക്കാനായിരുന്നു നിർദേശം. തുടർന്ന‌് രോഗിയുടെ ഒരു ബന്ധു വശം സാമ്പിൾസ‌് മണിപ്പാലിലേക്കയച്ചു. ഇതിനിടെ ലഭ്യമായ എല്ലാ ചികിത്സ നൽകിയിട്ടും രോഗിയുടെ നില കുടുതൽ വഷളായി. 18ന‌് ഉച്ചയാവുമ്പോഴേക്കും സാലിഹ‌് മരിച്ചു.

പോസ‌്റ്റ‌് മോർട്ടത്തിന‌് ശേഷം മൃതദേഹം ബന്ധുക്കൾക്ക‌് വിട്ട‌് കൊടുത്തു. മണിപ്പാൽ വൈറസ‌് റിസർച്ച‌് സെന്ററിൽ വൈറസിനെ കണ്ടെത്താനുള്ള പരിശോധന അതിവേഗം തുടർന്നു. രാത്രി എട്ടോടെ ഡോ. അനൂപിന്റെ ഫോണിലേക്ക‌് ഡോ. അരൂണിന്റെ കോൾ, വൈറസ‌് നിപാ തന്നെ.എന്നാൽ ഇത‌് പ്രഖ്യാപിക്കാൻ സ്വകാര്യസ്ഥാപനമായ മണിപ്പാൽ വൈറസ‌് റിസർച്ചിനോ സംസ്ഥാന സർക്കാരിനോ അധികാരമില്ല. കേന്ദ്ര വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിൽ കൂടി പരിശോധിച്ച‌് ഉറപ്പ‌് വരുത്തിയശേഷം ഇന്ത്യൻ കൗൺസിൽ ഓഫ‌് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) തലവൻ ഹെൽത്ത‌് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ സമ്മതത്തോടെയെ ഇത‌് പ്രഖ്യാപിക്കാവൂ. അതിനാൽ ഡോ. അനൂപിനെ വിളിക്കുംമുമ്പ‌് ഡോ. അരുൺ കുമാർ ഐസിഎംആർ ഡയറക്ടർ ഡോ. ബെൽറാം രാഘവ‌്, കേന്ദ്ര വൈറോളജി ഇൻസ‌്റ്റിറ്റ്യുട്ട‌് ഡയറക്ടർ ഡോ. രവീന്ദ്ര മൗര്യ എന്നിവരെ വിളിച്ച‌് നിപായുടെ സാന്നിധ്യത്തെക്കുറിച്ച‌് അറിയിച്ചു. തുടർന്ന‌് 19 ന‌് രാവിലെ സാമ്പിൾസ‌് മണിപ്പാലിൽനിന്ന‌് വിമാനത്തിൽ പുണെയിലേക്കയച്ചു. രണ്ട‌് ദിവസം പരിശോധന വന്നു.  മണിപ്പാലിലെ അതേ വാക്കുകൾ: നിപാ തന്നെ.

മണിപ്പാലിൽ വൈറസിനെ തിരിച്ചറിഞ്ഞയുടൻ ഡോ. അരുൺ കുമാർ കേരളത്തിലെ പബ്ളിക്‌ ഹെൽത്ത‌് അഡീ. ഡയറക്ടർ ഡോ. റീനയെയും ഹെൽത്ത‌് സെക്രട്ടറി രാജീവ‌് സദാനന്ദനെയും വിളിച്ച‌് ജാഗ്രത ഉറപ്പുവരുത്തണമെന്ന‌് അറിയിച്ചു. ഇതിനകം മന്ത്രി ടി പി രാമകൃഷ‌്ണൻ ഡിഎംഒയെ വിളിച്ച‌് തന്റെ മണ്ഡലത്തിലുണ്ടായ പനിമരണം ഗൗരവത്തിലെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന‌് അവർ ബേബി മെമ്മോറിയൽ ആശുപത്രിയുമായി ബന്ധപ്പെട്ടു.

നിപാ സംശയം ഉയർന്നതോടെ മന്ത്രി ടി പി രാമകൃഷ‌്ണൻ മറ്റെല്ലാ പരിപാടികളും വെട്ടിച്ചുരുക്കി കോഴിക്കോട്ട‌് തങ്ങി. ഹെൽത്ത‌് ഡയറക്ടറോടും അദ്ദേഹം സംസാരിച്ചു. ഗൗരവം തിരിച്ചറിഞ്ഞ‌് രാത്രിതന്നെ അവർ കോഴിക്കോട്ടേക്ക‌് തിരിച്ചു. തൊട്ട‌് പുറകെ ആരോഗ്യ മന്ത്രി കെ കെ ശൈലജയും.

പിന്നീട‌് കേരളം കണ്ടത‌് മരണത്തിന്റെ തേരോട്ടവും അതിനെ പിടിച്ച‌് കെട്ടാനുള്ള സർക്കാർ പോരാട്ടവുമാണ‌്. ഒടുവിൽ മാരക വൈറസിനെ നേരിടാൻ നാടാകെ ഒന്നിച്ചു. മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം സർവ പിന്തുണയും നൽകി ആരോഗ്യമേഖലക്കൊപ്പം നിന്നു. ചികിത്സമുതൽ മരണം നടന്നാലുള്ള ശാസ‌്ത്രീയമായ സംസ‌്കാരം വരെ എല്ലായിടത്തും സർക്കാരിന്റെ കണ്ണും കൈയുമെത്തി.  ഡോക്ടർമാർ മുതൽ ശുചീകരണത്തൊഴിലാളിവര യും രോഗിയുടെ കൂട്ടിരിപ്പുകാർ മുതൽ സംസ‌്കാരത്തൊഴിലാളി വരെയും എല്ലാവരുടെയും സ്വയം സുരക്ഷ ഉറപ്പ‌് വരുത്തി. അതിന‌് ഫലം കണ്ടിരിക്കുന്നു. മാരകവൈറസിനെ കേരളം പിടിച്ചുകെട്ടി. മെഡിക്കൽ സയൻസിന‌് നാം പുതിയൊരു വാക്ക‌ും പ്രവൃത്തിയും സംഭാവന ചെയ‌്തു; ‘നിപാ ‐ കേരളാ മോഡൽ’.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top