20 May Monday
ഇന്ന‌് ലോക മാതൃദിനം

അമ്മയ്‌ക്കൊരുമ്മ

ജെയ‌്സൻ ഫ്രാൻസിസ‌്Updated: Sunday May 12, 2019

സംസ്ഥാന ശിശുക്ഷേമസമിതിയിൽനിന്ന്‌ ഈ മാസം വിരമിക്കുന്ന ആയ ആർ വത്സലകുമാരിക്ക്‌ കുഞ്ഞ്‌ മുത്തം നൽകുന്നു


തിരുവനന്തപുരം
നാല‌് വയസ്സാകുമ്പോഴേക്കും പല കുട്ടികളും ശിശുക്ഷേമസമിതിയോട‌് വിടപറയും. അപ്പോൾ മനസ്സുരുകും. അവരെ ദത്തെടുത്ത‌് പോയാലും വത്സലകുമാരിയുടെ മനസ്സിൽ എന്നും മക്കളാണവർ. ജന്മം നൽകിയവർ ഉപേക്ഷിച്ച കുരുന്നുകൾക്ക‌് വാത്സല്യത്തിന്റെ ആദ്യസ‌്പർശമായ അമ്മയാണ‌് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലെ ആയ വത്സലകുമാരി.

38 വർഷം നീണ്ട  സേവനത്തിൽ എത്ര കുട്ടികൾക്ക‌് താൻ ‘അമ്മ’യായെന്ന‌് പോലും അറിയില്ല. ഇരുപത്തിമൂന്നാം വയസ്സിലാണ‌് ആയയായി ഇവിടെ എത്തുന്നത‌്. കുട്ടികളെ പരിപാലിക്കാനുള്ള ശാസ‌്ത്രീയ അറിവുകൾ പകർന്നത‌് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. ആദ്യമായി കുട്ടിയെ ഏറ്റെടുക്കാൻപോയത‌് കാസർകോട്ട‌്. ഒരാഴ‌്ച പ്രായമുള്ള പെൺകുഞ്ഞ‌്. പിന്നെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലേക്കും ആ യാത്ര നീണ്ടു. ചിലരെ ലഭിച്ചത‌് പ്രസവിച്ച‌് നിമിഷങ്ങൾക്കുള്ളിൽ. മറ്റുചിലർക്ക‌് ഏതാനും മാസങ്ങൾമാത്രം പ്രായം. സഞ്ചിയിലാക്കിയ നിലയിൽ പോലും കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ട‌്. അപ്പു, സുരക്ഷ, ഭാഗ്യശ്രീ, ഉണ്ണി.. ഓർത്തെടുക്കാൻ ശ്രമിച്ചാൽ തീരില്ല മനസ്സിൽ തെളിയുന്ന ഓമനകളുടെ മുഖം. അമ്മത്തൊട്ടിലിൽ കുട്ടിയെ ലഭിച്ചു എന്നറിയുമ്പോൾ ഹൃദയം തുടിക്കും. ഉടൻ അവിടെ എത്തും. വാരിയെടുത്ത‌് മാറോട‌് ചേർക്കും ആ കുഞ്ഞിനെ.

സമിതിയിൽ ആദ്യമെല്ലാം വളരെ വിഷമമായിരുന്നു. ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും ഉറങ്ങുമ്പോഴും കുഞ്ഞുങ്ങളുടെ നിലവിളി. ഒരുവേള ജോലി ഉപേക്ഷിച്ചാലോ എന്നുവരെ ആലോച്ചിച്ചു. കുരുന്നുകളുടെ മുഖം അതിന‌് സമ്മതിച്ചില്ല. പിന്നീടുള്ള ഉറക്കം നഷ്ടമായത‌് അവരോടുള്ള സ‌്നേഹക്കൂടുതൽകൊണ്ട‌്. വീട്ടിൽ എത്തിയാലും കുട്ടികളെ കുറിച്ച‌ായിരുന്നു ചിന്ത. ആദ്യമായി ഒരുകുഞ്ഞിന‌് ജന്മം നൽകിയപ്പോഴും സമിതിയിലെ സ്വന്തം ഓമനകളെ മറന്നില്ല.  തന്റെ കുഞ്ഞിനെ വീട്ടിലുള്ളവരെ ഏൽപ്പിച്ച‌് സമിതിയിലേക്ക‌് ഓടും.

എല്ലാവർക്കും ഒരുപോലെ സ‌്നേഹം പങ്കിട്ട‌് നൽകിയ കുഞ്ഞുങ്ങളുടെ സ്വന്തം ‘കൊണ്ണിയമ്മ’ ഈ മാസം സമിതിയിൽ നിന്നും പടിയിറങ്ങും.

 


പ്രധാന വാർത്തകൾ
 Top