19 March Tuesday

നേരിട്ട‌് ചെയ‌്താൽ എത്തില്ല, അതന്നെ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 12, 2019

ദിനേശ്‌ വർമ


കേരളത്തിൽ ഇടതുപക്ഷത്തിന‌് വോട്ട‌് ചെയ്യുന്നത‌് എന്തിനാണെന്ന‌് ഇതിനകംതന്നെ ജനങ്ങൾക്ക‌് ബോധ്യം വന്നിട്ടുണ്ട‌്. എന്നാൽ, കോൺഗ്രസ‌് സൈബർ പോർവിളി സംഘങ്ങൾ ഇതുസംബന്ധിച്ച‌് ട്രോളിയും പോസ‌്റ്റിയും പ്രചരിപ്പിക്കുന്ന അവാസ‌്തവങ്ങൾ കുറച്ചൊന്നുമല്ല. ഇടതുപക്ഷത്തിന‌് വോട്ട‌് ചെയ‌്താൽ ജയിക്കുന്നവർ കേന്ദ്രത്തിൽ ആർക്കൊപ്പം നിൽക്കും  എന്ന ചോദ്യവും ‘കോൺഗ്രസിനൊപ്പം’ എന്ന ഉത്തരവും ഇവർ തന്നെ നൽകുന്നു. എന്നിട്ട‌് ഒരു മറുചോദ്യവും: എങ്കിൽപിന്നെ കോൺഗ്രസിന‌് നേരിട്ട‌് വോട്ട‌് ചെയ‌്താൽ പോരെ? 

ചരിത്രമൊന്നും പെട്ടെന്ന‌് ഓർമവരാത്ത ഒരാളെങ്കിലും ഈ വ്യാജബോധ നിർമ്മിതിയിൽ വീണേക്കാം. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ചിട്ടും കോൺഗ്രസ‌് എന്താണ‌് രാജ്യത്തിന‌് നൽകിയ സംഭാവന എന്ന‌് ചിന്തിക്കുന്നവർ വീഴില്ല. സാധാരണക്കാരുടെ ജീവിതനില കൂടുതൽ പരുങ്ങലിലാക്കി കോൺഗ്രസ‌് ഭരണം. മാത്രമല്ല, കോടീശ്വരന്മാരുടെയും അഴിമതിക്കാരുടേയും എണ്ണം വർധിപ്പിക്കാനും ഇടയാക്കി.

അതേസമയം, ഇടതുപക്ഷത്തിന‌് പാർലമെന്റിൽ ശക്തിയുണ്ടായ വേളയിൽ സർക്കാരിന്റെ നയപരിപാടികൾക്ക‌് തന്നെ ജനകീയമുഖം നൽകാനായി.‌ ഗ്രാമീണജനങ്ങളുടെ ജീവിതത്തെ നേരിട്ട‌് സഹായിക്കുന്ന തൊഴിലുറപ്പ‌് പദ്ധതി ഇടതുപിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സർക്കാരിന്റെ സംഭാവനയാണ‌്. വിവരാവകാശ നിയമത്തിന‌് അനുകൂലമായും പൊതുമേഖലയെ തകർക്കുന്ന ഓഹരി വിൽപനയ‌്ക്കെതിരെയും ഇടതുപക്ഷം നിലപാട‌് സ്വീകരിച്ചു. വിദേശ കോർപറേറ്റുകൾക്ക‌് വാതായനം തുറന്നുകൊടുക്കുന്നത‌് അന്ന‌് തടഞ്ഞത‌ും ഇടതുപക്ഷമാണ‌്.

ചോദ്യമെഴുതിക്കൊടുത്തിട്ട‌് സഭയിൽ നിന്ന‌് മുങ്ങുന്നവർ, ജയിച്ചാൽ പിന്നെ മണ്ഡലത്തിലേക്ക‌് തിരിഞ്ഞുനോക്കാത്തവർ, പാർലമെന്റ‌് ചട്ടങ്ങളുടെ എബിസിഡി അറിയാത്തവർ... കോൺഗ്രസ‌് എംപി മാർക്ക‌് ഇങ്ങനെ വിശേഷണങ്ങൾ പലതാണ‌്. അപ്പോഴാണ‌്, പി രാജീവിനെ പോലുള്ള പാർലമെന്റേറിയന്മാരുടെ ആവശ്യവും പ്രത്യേകതകളും തിരിച്ചറിയുന്നത‌്. രാജ്യസഭാംഗത്വ കാലാവധി പൂർത്തിയായ വേളയിൽ നൽകിയ യാത്രയയപ്പിൽ കോൺഗ്രസിലെ ഗുലാംനബി ആസാദുൾപ്പെടെ പി രാജീവിനെ കുറിച്ച‌് പറഞ്ഞ നല്ലവാക്കുകൾ മറക്കരുത‌്. രാജീവിനെ സഭയിലേക്ക‌് തിരിച്ചു കൊണ്ടുവരണമെന്നായിരുന്നു മുതിർന്ന നേതാക്കളുടെ ആവശ്യം. ഒരു ഇടതുപക്ഷ പ്രവർത്തകന്റെ പ്രതിബദ്ധതയും കൂറും വ്യക്തമാക്കുന്നു ആ അധ്യായം. 

ഇടതുപക്ഷം ശക്തമല്ലാത്തയിടങ്ങളിൽ ബിജെപിയിതര പാർടികളെ സഹായിക്കണം എന്ന നിലപാടും ഇടതുപാർടികൾ വ്യക്തമാക്കിയിട്ടുള്ളതാണ്‌.
ഇതൊന്നും മനസിലാക്കാതെ സൈബർ സ‌്പേസിൽ കേറി നിന്ന‌് ബലരാമൻമാർ വിളിച്ചുകൂവുന്ന  വ്യാജകസർത്തുകൾ വോട്ടർമാർ പെട്ടെന്ന‌് തിരിച്ചറിയും. നടൻ ശ്രീനിവാസന്റെ പേരിൽ പ്രചരിച്ച ‘കമ്യൂണിസ‌്റ്റുകാർക്ക‌് കൂറ‌് ചൈനയോടാണ‌്’ എന്ന‌ുതുടങ്ങുന്ന പോസ‌്റ്റാണ‌് ഇക്കൂട്ടത്തിൽ ‌അവസാനത്തേത്്‌. ‌അങ്ങനെയൊരു പോസ‌്റ്റ‌് ഇട്ടിട്ടില്ലെന്ന‌് അദ്ദേഹം തന്നെ വ്യക്തമാക്കിയതോടെ വ്യാജപ്രചരണം പൊളിഞ്ഞു. തങ്ങൾക്കനുകൂലമായ വസ്തുതകളൊന്നും പറയാനില്ലാത്തതുകൊണ്ട‌് ഇക്കൂട്ടർ ഇനിയും ‘കഥ’ തന്നെ തുടരുമെന്ന‌് കരുതാം.

ടി‘പ്പണി’: കുമ്മനത്തിന്റെ മടങ്ങിവരവിനെ പൂരക്കാലം പോലെ ട്രോളർമാർ ആഘോഷിക്കാനൊരുങ്ങുമ്പോൾ തന്നെ അനുയായി വെടിപൊട്ടിച്ചു; ‘ഞങ്ങളുടെ എകെജിയാണ‌് കുമ്മന’മെന്ന‌് എം ടി രമേശ‌്. എകെജിയെ മനസിലാക്കിയിട്ടില്ലെന്നത‌് പോട്ടെ, തള്ളുമ്പോൾ സ്വന്തം നേതാവിനെയെങ്കിലും മനസിലാക്കണ്ടെ, മിനിമം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top