01 December Tuesday

ഭാഗ്യ രാജൻ

സ്വന്തം ലേഖികUpdated: Wednesday Feb 12, 2020

 

കിടപ്പാടം കൈവിടാതിരിക്കാൻ ഒരു വായ്‌പകൂടി സംഘടിപ്പിക്കാനുള്ള തത്രപ്പാടിനിടെയാണ്‌ രാജനെ ഭാഗ്യദേവത തൊട്ടത്‌. കോടിയെന്നൊക്കെ കേട്ടുമാത്രം പരിചയമുള്ള രാജന്‌ ഇനി ജീവിതത്തിൽ വായ്‌പയ്‌ക്കായി അലയേണ്ട. -ക്രിസ്‌മസ്‌ –- പുതുവത്സര ബമ്പറായ 12 കോടി രൂപയുടെ ലോട്ടറിയടിച്ച പുരളിമല പട്ടികവർഗ കോളനിയിലെ പൊരുന്നൻ രാജന്‌ ഒരു പകൽ പിന്നിട്ടിട്ടും അമ്പരപ്പ്‌ വിട്ടുമാറിയിട്ടില്ല.

‘വീടിന്റെ ആധാരം ബാങ്കിൽ പണയത്തിലാണ്‌. പലിശ അടക്കാനാവാതെ കടം കൂടി. കൂത്തുപറമ്പ്‌ ഭൂപണയ ബാങ്കിൽനിന്ന്‌ വായ്‌പ കിട്ടുമോയെന്ന്‌ നോക്കാൻ പോയപ്പോഴാണ്‌ ലോട്ടറി എടുത്തത്‌’.–-  പറയുമ്പോൾ രാജന്റെ കണ്ണുകളിൽ നീർതിളക്കം.

മാലൂർ തോലമ്പ്ര പുരളിമല കോളനിയിലെ ആതിര നിവാസിൽ രാജൻ ടാപ്പിങ്ങും കൂലിപ്പണിയുമൊക്കെയായാണ്‌ ജീവിതം പുലർത്തിയത്‌. ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയും വായ്‌പയെടുത്തും മൂത്ത മകളുടെ വിവാഹം നടത്തി. പണിയില്ലാത്തതിനെ തുടർന്ന്‌ ഇടയ്‌ക്ക്‌ തിരിച്ചടവ്‌ മുടങ്ങിയതോടെ കടം പെരുകി. മറ്റൊരു വായ്‌പയെടുത്ത്‌ കുടിശ്ശിക തീർക്കാമെന്ന്‌ കരുതിയാണ്‌ രാജൻ ഭൂപണയ ബാങ്കിലേക്ക്‌ പോയത്‌. പോകുംവഴിയായിരുന്നു പയ്യൻസ്‌ ഏജൻസിയിൽനിന്ന്‌ ലോട്ടറിയെടുത്തത്‌.

രോഗം കാരണം എന്നും ജോലിക്ക്‌ പോകാനാകാറില്ല.  ഐഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഒമ്പത്‌ സെന്റിൽ നിർമിച്ച വീട്‌ പത്ത്‌ വർഷമായിട്ടും പൂർത്തിയായിട്ടില്ല.  മൂത്ത മകൾ ആതിരയുടെ കല്യാണം കഴിഞ്ഞതോടെ വീടിന്റെ രേഖയും ബാങ്കിലായി. പിന്നീട്‌ പലിശ കയറിയപ്പോൾ ഭാര്യയുടെയും മകളുടെയും സ്വർണം ഉൾപ്പെടെ പണയം വയ്‌ക്കേണ്ടി വന്നു. തിങ്കളാഴ്‌ച പേരാവൂരിലെ ലോട്ടറി കടയിൽ പോയി അടിച്ച നമ്പർ കണ്ടപ്പോൾ അത്‌ തന്റേത്‌ തന്നെയോ എന്ന്‌ ആദ്യം  സംശയിച്ചു.  ചൊവ്വാഴ്‌ച രാവിലെ പതിവുപോലെ ടാപ്പിങ്ങിന്‌ പോയി. അതിന്‌ ശേഷം പേരാവൂരിലെ കടയിൽ ചെന്ന്‌ നമ്പർ ഒന്നുകൂടി നോക്കിയപ്പോഴാണ്‌ സമ്മാനം അടിച്ചതായി ഉറപ്പായത്‌’’ –-  രാജൻ പറഞ്ഞു.  ഭാര്യ രജനിയും മകൻ രിഗിലും നിർമാണത്തൊഴിലാളികളാണ്‌. മകൾ അക്ഷര മാലൂർ എച്ച്‌എസ്‌എസിൽ പ്ലസ്‌ടു വിദ്യാർഥിനി.

കൂത്തുപറമ്പ്‌ പയ്യൻസ്‌ ലോട്ടറി ഏജൻസിയിൽനിന്നെടുത്ത എസ്‌ ടി 2669609 നമ്പർ ലോട്ടറിക്കാണ്‌ ഒന്നാം സമ്മാനം ലഭിച്ചത്‌. കേരള ബാങ്ക്‌ കണ്ണൂർ മുഖ്യശാഖയിലെ സീനിയർ മാനേജർ പി ടി സുലേഖയ്‌ക്ക്‌ ടിക്കറ്റ്‌ കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top