08 April Wednesday

‘ആപ്പി’ൽ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 12, 2020


ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണമായി തകർന്നടിഞ്ഞത്‌ ബിജെപിയുടെ സന്നാഹം. രാജ്യതലസ്ഥാനത്ത്‌ അധികാരം പിടിക്കാൻ  ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ നേതൃത്വത്തിൽ 60 കേന്ദ്രമന്ത്രിമാരും 250ൽപരം എംപിമാരും 11 മുഖ്യമന്ത്രിമാരും അരലക്ഷത്തോളം ആർഎസ്‌എസ്‌ വളന്റിയർമാരും സർവസന്നാഹവുമായി രംഗത്തിറങ്ങിയിട്ടും ബിജെപിയ്‌ക്ക്‌ പിടിച്ചുനിൽക്കാനായില്ല.

തീവ്രവർഗീയതയും വിദ്വേഷവും ഇളക്കിവിട്ടും വോട്ടർമാർക്ക്‌‌ പണമടക്കം സമ്മാനങ്ങൾ വിതരണംചെയ്‌തും നടത്തിയ പ്രചാരണം ജനംതള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റിൽ ജയവും 56.58 ശതമാനം വോട്ടും നേടിയ ബിജെപിക്ക്‌ ഒരു വർഷത്തിനുള്ളിൽ 20 ശതമാനത്തോളം വോട്ട്‌ നഷ്ടപ്പെട്ടു. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 18 ശതമാനം വോട്ടുമാത്രം ലഭിച്ച എഎപിയുടെ വോട്ടുവിഹിതം ഇപ്പോൾ മൂന്നിരട്ടിയായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു നിയമസഭാ മണ്ഡലത്തിൽപ്പോലും മുന്നിലെത്താൻ എഎപിക്ക്‌ കഴിഞ്ഞിരുന്നില്ല. ലോക്‌സഭയിലേക്ക്‌ മത്സരിച്ച്‌ പരാജയപ്പെട്ട അതിഷി മർലേന, രാഘവ്‌ ഛദ്ദ അടക്കമുള്ള എഎപി നേതാക്കൾ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയുടെ എല്ലാ ഭാഗങ്ങളിലും മികച്ച വിജയം നേടാൻ എഎപിക്ക്‌ കഴിഞ്ഞു. പൂർവാഞ്ചൽ, ജാട്ട്‌, ഗുജ്ജർ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലും ദക്ഷിണേന്ത്യക്കാർക്ക്‌ സ്വാധീനമുള്ള പ്രദേശങ്ങളിലും ന്യൂനപക്ഷങ്ങൾ ധാരാളമുള്ള മണ്ഡലങ്ങളിലും എഎപി ഒരുപോലെ മുന്നിലെത്തി.


 

ജനസംഖ്യയിൽ  35 ശതമാനമുള്ള പൂർവാഞ്ചൽ സമുദായത്തിൽ ബിജെപി വലിയ പ്രതീക്ഷയിലായിരുന്നു. ഭോജ്‌പുരി നടൻകൂടിയായ മനോജ്‌‌ തിവാരിയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയത്‌ ഇത്‌ മനസ്സിൽവച്ചാണ്‌. പൂർവാഞ്ചലുകാർ വൻതോതിലുള്ള നരേല, ബുരാഡി, ബാദ്‌ലി, റിഥാല, സുൽത്താൻപുർ മജ്‌റ, ദിയോലി, അംബേദ്‌കർ നഗർ, സംഘം വിഹാർ എന്നിവിടങ്ങളിൽ എഎപിയാണ്‌ വിജയിച്ചത്‌. ഷഹീൻ ബാഗ്‌ ഉൾപ്പെടുന്ന ഓഖ്‌ലയിൽ എഎപി സ്ഥാനാർഥി അമാനത്തുള്ള ഖാൻ 83 ശതമാനം വോട്ട്‌‌ നേടി.

വൈദ്യുതി, കുടിവെള്ളം, ബസ്‌യാത്ര എന്നിവയിൽ നൽകിയ സൗജന്യങ്ങളും വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിൽ നടപ്പാക്കിയ ജനകീയ പദ്ധതികളും വോട്ടായി മാറി. അഴിമതിവിമുക്തമായ ഭരണം എന്ന പ്രതിച്ഛായ നിലനിർത്താൻ കെജ്‌രിവാൾ സർക്കാരിനു കഴിഞ്ഞു. 52 കിലോമീറ്റർ നീളവും 49 കിലോമീറ്റർ വീതിയുമുള്ള പ്രദേശത്തെ ഒന്നരക്കോടി വോട്ടർമാർ എഎപിയിൽ വിശ്വാസം ആവർത്തിച്ചുറപ്പിച്ചത്‌ ഈ സാഹചര്യത്തിലാണ്‌.


പ്രധാന വാർത്തകൾ
 Top