21 February Thursday

മുളപൊട്ടി പ്രതീക്ഷകൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

പ്രളയം സമ്മാനിച്ച വളക്കൂറുള്ള മണ്ണിൽ പ്രതീക്ഷയുടെ മുണ്ടകൻ വിളയിച്ച കർഷകർ ജില്ലയുടെ കാർഷികമേഖലയ‌്ക്ക‌് ഉണർവ‌് നൽകി പുഞ്ച വിതയ‌്ക്കാൻ തയ്യാറെടുക്കുന്നു. മുണ്ടകനിലെ വമ്പൻവിളവ‌് പ്രതീക്ഷയും കടന്ന‌് നൽകിയ വിജയത്തിന്റെ ആവേശത്തിലാണ‌് കർഷകർ.  പ്രളയം ഒഴുക്കിക്കൊണ്ടുവന്ന‌് പാടശേഖരങ്ങളിൽ നിക്ഷേപിച്ചുപോയ എക്കൽമണ്ണിന്റെ ബലത്തിൽ, മുൻവർഷത്തേക്കാൾ 10 മുതൽ 20 ശതമാനംവരെ വിളവ‌് കൂടുതൽ മുണ്ടകനിൽ നേടാനായെന്നതും കർഷകന്റെ പ്രതീക്ഷകൾക്ക‌് പുതിയ വിത്തുപാകി.

പ്രളയം കൂടുതൽ നാശം വിതച്ച ജില്ലയാണ‌് എറണാകുളം. സംസ്ഥാനത്താകെ 60,000 ഹെക്ടറിലായി 1,600 കോടിയുടെ കൃഷിനാശമാണുണ്ടായതെങ്കിൽ ജില്ലയിൽമാത്രം ഏകദേശം 204 കോടി രൂപയുടെ നഷ്ടമാണ്  വിലയിരുത്തിയത്. 13,500 ഹെക്ടർ നെൽക്കൃഷിയും 6481 ഹെക്ടറിലെ മറ്റു കൃഷികളും വെള്ളപ്പൊക്കത്തിൽ നശിച്ചു.

പ്രളയശേഷമാണ‌് ജില്ലയിൽ മുണ്ടകൻ വിതച്ചത‌്. പ്രളയം അവശേഷിപ്പിച്ച എക്കൽ മണ്ണുതന്നെയായിരുന്നു പ്രധാനവളം. 3942 ഹെക്ടറിലാണ‌് ജില്ലയിൽ മുണ്ടകൻ കൃഷി നടത്തിയത‌്. കരുമാല്ലൂർ, അങ്കമാലി, കാലടി, മലയാറ്റൂർ, മുളന്തുരുത്തി, പൂതൃക്ക, പിറവം, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, കീഴ‌്മാട‌്  മേഖലകളിലാണ‌് കൃഷിയിറക്കിയിരുന്നത‌്. ഉമ വിത്തിറക്കി ജില്ല മുണ്ടകനിൽ വിളയിച്ചെടുത്തത‌് 13,797 ടൺ നെല്ല‌്. കഴിഞ്ഞ വർഷത്തേക്കാൾ 10 മുതൽ 20 ശതമാനംവരെ വിളവ‌് കൂടി.

ഇപ്പോൾ പുഞ്ചക്കൃഷിയുടെ സമയമാണ‌്. ജില്ലയിൽ അറുന്നൂറിലേറെ ഹെക്ടറിലാണ‌് പുഞ്ചക്കൃഷിയിറക്കിയത‌്. ജില്ലയുടെ പ്രധാന പുഞ്ചക്കൃഷി തോട്ടറപ്പുഞ്ചയിലാണ‌്. മറ്റൊരു പ്രധാനകേന്ദ്രം കാഞ്ഞൂരും. കാഞ്ഞൂർ പഞ്ചായത്തിലെ പാഴൂർ, മനയ‌്ക്കപ്പാടം പാടശേഖരങ്ങളിലാണ‌് കൃഷി. കർഷകസംഘവും കൃഷിവകുപ്പും കിഴക്കുംഭാഗം, കാഞ്ഞൂർ സഹകരണസംഘങ്ങളും ഒത്തുചേർന്നാണ‌് പുഞ്ചക്കൃഷിയിറക്കുന്നത‌്. പിറവം സർവീസ‌് സഹകരണബാങ്കിന്റെ സഹായത്തോടെ അഞ്ചേക്കർ കളമ്പൂർ അമർകുളം പാടശേഖരത്തിലും കർഷകർ പുഞ്ചക്കൃഷിയിറക്കിയിട്ടുണ്ട‌്.
 

മനയ‌്ക്കപ്പാടത്തെ കൊയ‌്ത്തുപാട്ട‌്
കാഞ്ഞൂരിലെ മനയ‌്ക്കപ്പാടം പാടശേഖരമാണ‌് പുഞ്ചക്കൃഷിയുടെ മറ്റൊരു നിലം.  25 വർഷമായി തരിശിട്ടിരുന്ന പാടം കഴിഞ്ഞ ഒരുവർഷംമുമ്പ‌് ഏഴു കർഷകർചേർന്ന‌് സമിതിയുണ്ടാക്കി കർഷകസംഘത്തിന്റെ സഹായത്തോടെ വിത്തിറക്കുകയായിരുന്നു.

മനയ‌്ക്കപ്പാടം പാടശേഖരത്തിലെ വെള്ളാരപ്പിള്ളിച്ചാൽ പാടത്ത‌് 20 ഏക്കറിലാണ‌്  ‘ഐശ്വര്യ’ കർഷകകൂട്ടായ‌്മ പുഞ്ചക്കൃഷി ചെയ്യാനൊരുങ്ങുന്നത‌്. ഒരു കണ്ടത്തിൽ മുണ്ടകൻ വിളവെടുപ്പിന‌് പാകമായി കിടക്കുന്നുമുണ്ട‌്.

ടി ഡി ജോർജ‌് തേനായൻ എന്ന കർഷകന്റെ നേതൃത്വത്തിലാണ‌് ഏഴംഗസംഘം കൃഷിയിറക്കുന്നത‌്. സപ്ലൈകോയാണ‌് നെല്ല‌് ശേഖരിക്കുന്നത‌്. വിത്തും വളവും മറ്റ‌് സഹായങ്ങളുമൊക്കെ സബ‌്സിഡിയായി നൽകാൻ സഹകരണസംഘങ്ങളുമുണ്ട‌്.

 

ജില്ലയുടെ നെല്ലറ

ജില്ലയിലെ നെല്ലറയായ തോട്ടറപ്പുഞ്ചയിൽ ഈ വർഷവും കർഷകരുടെയും ജനങ്ങളുടെയും കൂട്ടായ്മയിൽ നെൽക്കൃഷി വ്യാപിപ്പിക്കുന്നു. എടയ്ക്കാട്ടുവയൽ ആമ്പല്ലൂർ, കോട്ടയം ജില്ലയിലെ വെള്ളൂർ എന്നീ  പഞ്ചായത്തുകളിലായി 1100 ഏക്കറിലാണ്  തോട്ടറപ്പുഞ്ചയിൽ ഇക്കുറി 5്50 ഹെക്ടർ കൃഷിയിറക്കുന്നത്. വർഷങ്ങളായി കൃഷി മുടങ്ങിക്കിടന്ന പുഞ്ചയിൽ രണ്ടുവർഷംമുമ്പ് സിപിഐ എം മുൻ ജില്ലാസെക്രട്ടറി പി രാജീവിന്റെ ഇടപെടലിനെ തുടർന്ന്  കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള പ്രത്യേക താൽപ്പര്യമെടുത്താണ് കൃഷി സജീവമായി പുനരാരംഭിച്ചത്. ആദ്യവർഷം 100 ഏക്കറിൽ ആരംഭിച്ച കൃഷി  കഴിഞ്ഞവർഷം 350 ഏക്കറിലേക്ക് വ്യാപിപ്പിച്ചിരുന്നു.

കൃഷിവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കർഷകരും പാടശേഖരസമിതികളും ചേർന്നാണ് കൃഷി നടത്തുന്നത്. ഈ വർഷം ജലസേചനത്തിനായി വിവിധ പ്രദേശങ്ങളിൽ മോട്ടോറുകൾ അടക്കം സ്ഥാപിച്ച് കൃഷി സുഗമമാക്കുന്നതിന് വിവിധ വകുപ്പുകൾ നടത്തുന്ന യോജിച്ച പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടുവർഷത്തെ കൃഷിയും മികച്ച വിളവ് നൽകിയതോടെ ഈ വർഷവും  കലക്ടർതന്നെ നടീൽ ഉത്സവത്തിന് എത്തിയിരുന്നു. തോട്ടറയിലെ നെല്ല് സംഭരിച്ച് തോട്ടറ ബ്രാൻഡ് അരിയും കഴിഞ്ഞവർഷം പുറത്തിറക്കിയിരുന്നു.

കതിരിന്റെ കരുത്തിൽ
പ്രളയം കാര്യമായ നാശംവിതച്ച കർഷക ഗ്രാമമാണ‌് കാഞ്ഞൂർ. മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന‌് പക്ഷേ, പ്രളയത്തകർച്ചകളെ അതിജീവിക്കാൻ പ്രളയംതന്നെ പ്രതിഫലം നൽകി. മഴപ്പെയ‌്ത്തുകഴിഞ്ഞതോടെ മുണ്ടകൻ കൊയ‌്തുകയറ്റി കർഷകർ തോൽക്കാനില്ലെന്ന‌് പ്രഖ്യാപിച്ചു. ഇപ്പോഴിതാ മുണ്ടകനുപുറമേ പുഞ്ചയിലും വിത്തിറക്കാനൊരുങ്ങുന്നു. കർഷകർക്ക‌് കൂട്ടായി കർഷകസംഘവും രണ്ടു സഹകരണബാങ്കുകളും പാടശേഖരസമിതികളും കർഷകക്ലബ്ബുകളും ഒപ്പം നിരന്നു.

കാഞ്ഞൂരിൽ ഇക്കുറി വിപുലമായതോതിൽ പുഞ്ചക്കൃഷിക്കൊരുങ്ങുകയാണ‌് ജൈവ കർഷകനായ ടി ഡി റോബർട്ട‌് തെക്കേക്കര. കാഞ്ഞൂർ പഞ്ചായത്തിലെ പടിഞ്ഞാറുഭാഗം പാഴൂർ പാടശേഖരത്തിലാണ‌് അദ്ദേഹം പൊൻമണിവിത്ത‌് വിതച്ചിരിക്കുന്നത‌്. ‘ടി കെ കതിര‌്’ എന്ന പേരിൽ തവിട‌ുകളയാത്ത ജൈവ അരി ബ്രാൻഡ‌്ചെയ‌്ത‌് കഴിഞ്ഞ മൂന്നുവർഷമായി മാർക്കറ്റിലെത്തിക്കുന്ന റോബർട്ടിന‌് സഹായവുമായി കാഞ്ഞൂർ, കിഴക്കുംഭാഗം സർവീസ‌് സഹകരണബാങ്കുകളും കർഷകസംഘവും രംഗത്തുണ്ട‌്.

പ്രളയത്തിനുശേഷം മുണ്ടകൻ കൃഷി 55 ഏക്കറിലായിരുന്നെങ്കിൽ പുഞ്ചക്കൃഷി 83 ഏക്കറിലേക്കാണ‌് വ്യാപിപ്പിച്ചിരിക്കുന്നത‌്. മുണ്ടകനിൽ അൽപ്പം പ്രയാസമുണ്ടായത‌് കൃഷിക്കു വെള്ളം കിട്ടാതായതാണ‌്. പ്രളയത്തിൽ കാഞ്ഞൂർ ലിഫ‌്ട‌് ഇറിഗേഷൻ പദ്ധതികളുടെ മോട്ടോറുകളെല്ലാം മുങ്ങിപ്പോയിരുന്നു. കർഷകസംഘവും നാട്ടുകാരും മറ്റും ചേർന്ന‌് മോട്ടോറുകൾ നന്നാക്കിയെടുക്കുകയും പമ്പ‌്‌ഹൗസുകൾ വൃത്തിയാക്കുകയും ചെയ‌്തെങ്കിലും നന വൈകി. ഒരു മാസവും 12 ദിവസവും കൃഷിക്കു വെള്ളം കിട്ടിയില്ല.  തൽക്കാലം തൊട്ടടുത്ത വീടുകളിലെ കിണറുകളിൽനിന്നും മറ്റും വെള്ളം പമ്പു ചെയ‌്താണ‌് പിടിച്ചുനിന്നതെന്ന‌് റോബർട്ട‌് പറയുന്നു. അങ്ങനെ പ്രളയം കഴിഞ്ഞ‌് ജില്ലയിൽ ആദ്യവിള കൊയ‌്ത ഗ്രാമമായി കാഞ്ഞൂർ മാറി. പ്രതികൂല സാഹചര്യത്തിലും 48 ടൺ നെല്ല‌് വിളയിച്ചു പാഴൂർ പാടശേഖരം. സാധാരണ 65–-70 ടൺ നെല്ല‌് ജൈവ ഇതരകൃഷിക്കു കിട്ടാറുണ്ട‌്.

സാങ്കേതികസഹായവും ലോൺ ഉൾപ്പെടെയുള്ള സാമ്പത്തികസഹായങ്ങളുമായി കാഞ്ഞൂർ സർവീസ‌് സഹകരണബാങ്കും കിഴക്കുംഭാഗം സർവീസ‌് സഹകരണബാങ്കും ഇടപ്പള്ളി സർവീസ‌് സഹകരണബാങ്കും റോബർട്ടിനൊപ്പമുണ്ട‌്. പൊടിവിതയാണ‌് ഇക്കുറി നടത്തിയിരിക്കുന്നത‌്. ആദ്യം മണ്ണ‌് ഉഴുതുമറിച്ച‌് ഉണക്കും. വീണ്ടും രണ്ടാം ചാൽ ഉഴുതിടും. അതിനുശേഷം വിത്തിടും. ട്രില്ലർകൊണ്ട‌് മണ്ണ‌് പാറിക്കും. ഞാറു മുളച്ചശേഷം വെള്ളം കെട്ടിനിർത്തി പറിച്ചുനടും. പഴയകാലത്ത‌് വിത്ത‌് വേനൽക്കാലത്ത‌് ആറ്റക്കിളിയും മറ്റും കൊത്തിക്കൊണ്ടുപോകാതിരിക്കാൻ ഈ രീതിയാണ‌് കർഷകർ പ്രയോഗിച്ചിരുന്നതെന്ന‌് റോബർട്ട‌് പറയുന്നു.

അമർക്കുളത്തും പുഞ്ച വിളയും

പിറവം മേഖലയിലെ പുഞ്ചപ്പാടങ്ങളിലും കൃഷിയിറക്കുകയാണ‌് കർഷകർ. 20 വർഷത്തിലേറെയായി തരിശുകിടന്ന കളമ്പൂർ അമർക്കുളം പാടശേഖരത്തിൽ നെൽക്കൃഷി ആരംഭിച്ചുകൊണ്ടാണ‌് പുഞ്ചക്കൃഷിക്ക‌് തുടക്കമിട്ടിട്ടുള്ളത‌്. പിറവം   സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ‌് കൃഷി.

  പ്രളയത്തെത്തുടർന്ന് ജില്ലയിൽ നെൽക്കൃഷി വ്യാപകമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കർഷകർക്ക് സഹായവുമായി പിറവം സർവീസ‌് സഹകരണബാങ്ക‌് മുന്നിട്ടിറങ്ങിയത്. കളമ്പൂരിലെ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ അഞ്ചേക്കർ ഭൂമിയിൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച അമർക്കുളം സ്വയംസഹായ സംഘമാണ് കൃഷി നടത്തുന്നത‌്.

കൃഷിക്കായി ബാങ്ക് പലിശരഹിതവായ്പയും അനുവദിച്ചിട്ടുണ്ട്.പിറവം പുഴയുടെ സമീപത്താണ‌് പാടശേഖരം. ഇവിടെനിന്ന‌് ചാലുകീറി കൃഷിക്കാവശ്യമായ ജലസേചനത്തിന‌് സൗകര്യവും ഒരുക്കുന്നുണ്ട‌്.
 


പ്രധാന വാർത്തകൾ
 Top