29 January Saturday

നിഴലിൽനിന്ന്‌ വെളിച്ചത്തിലേക്ക് എന്റെ പ്രയാണം

സൂര്യ / ഡോ. രശ്മി ജി, അനിൽ കുമാർ കെ എസ്Updated: Saturday Dec 11, 2021

സൂര്യ

സൂര്യയ്ക്കൊപ്പം നടന്ന വഴികൾ: ക്വീയർ പൊളിറ്റിക്‌സ് ഗ്രന്ഥപരമ്പരയുടെ  ഭാഗമായിട്ടാണ് സൂര്യയെ ഞങ്ങൾ കണ്ടുമുട്ടുന്നത്. കോമഡി സ്റ്റാർസിലൂടെ താരമായ സൂര്യയോട് അടുത്ത് ഇടപഴകുന്നത് ട്രാൻസ്‌ജന്റർ ബുക്ക് വർക്കിനോടനുബന്ധിച്ചാണ്. പിന്നീടിങ്ങോട്ട് സൂര്യയുടെ ജീവിതത്തോടൊപ്പം സഞ്ചരിക്കാൻ ഞങ്ങൾക്കു സാധിച്ചു... അതീവ സങ്കീർണമായ ജീവിതാവസ്ഥകളിലൂടെ കടന്നുവന്ന സൂര്യയുടെ അനുഭവങ്ങൾ അടുത്തറിയുവാൻ ഞങ്ങൾക്ക്‌ കഴിഞ്ഞു. ക്വീയർ ഗ്രൂപ്പിലെ (LGBTQI) ജന്റർ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് സൂര്യ. ട്രാൻസ്പേഴ്‌സ‌ൺ, സെലിബ്രിറ്റി ആർട്ടിസ്റ്റ്, ക്വീയർ ആക്‌ടിവിസ്റ്റ്,  ട്രാൻസ്‌ജന്റർ ജസ്റ്റിസ് ബോർഡ് മെമ്പർ എന്നീ നിലകളിൽ മലയാളികൾക്ക്‌ ഏറെ സുപരിചിതയായ സൂര്യ തന്റെ അതിജീവനത്തിന്റെ കഥ പറയുന്നു.  

ഇത് എന്റെ കഥ

ഞാൻ ഒരു ട്രാൻസ്‌പേഴ്‌സ‌ണാണ്. ജെന്റർ മൈനോറിറ്റി വിഭാഗത്തിലെ ഒരംഗം. അതിൽ ഞാൻ അഭിമാനിക്കുന്നു. അതിലൊരു കുറ്റമോ കുറവോ നാണക്കേടോ അപമാനമോ എനിക്ക്‌ തോന്നുന്നില്ല. പൊതുസമൂഹത്തിനിതൊരു കുറവായേക്കാം. ഞാനത് കാര്യമാക്കുന്നില്ല.

ഇത് എന്റെ കഥയാണ്... എന്റെ വർഗത്തിന്റെ കഥയാണ്...

സൂര്യ

സൂര്യ

ആൺ/പെൺ സങ്കൽപങ്ങൾക്കപ്പുറത്ത് മറ്റൊന്നുമില്ല എന്ന്‌ വിശ്വസിച്ചിരുന്ന ജനസമൂഹത്തിന്റെ പൊതുബോധങ്ങൾക്ക്‌ പുറത്തു നിൽക്കേണ്ടിവന്നവരാണ് ഞങ്ങൾ. ഓരോ പ്രദേശത്തും ഓരോരോ ജില്ലയിലും ഓരോരോ സംസ്ഥാനത്തും വിവിധ രാജ്യങ്ങളിലുമെല്ലാം ഞങ്ങൾക്ക്‌ ഓരോരോ പേരുകളാണുള്ളത്. അവയിൽ പലതും നിങ്ങൾക്ക്‌ പരിചയവുമുണ്ടാകും. കളിയാക്കലുകൾ, പരിഹാസങ്ങൾ, അവഹേളനങ്ങൾ, ആക്രമണങ്ങൾ, പീഡനങ്ങൾ, കൊലപാതകങ്ങൾ... ഇവ ആവർത്തിക്കുന്ന കാഴ്ചകളാണ്, അനുഭവങ്ങളാണ്. ദേശങ്ങളും കാലങ്ങളും വ്യക്തികളും മാത്രമേ മാറുന്നുള്ളൂ.

വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടാത്ത ജീവിതങ്ങൾ. ഭിക്ഷ യാചിച്ചും ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടും പട്ടിണിയകറ്റേണ്ടിവരുന്നവർ. അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും കഴിയേണ്ടിവരുന്നവർ, ചോര കിനിയുമ്പോഴും മറ്റൊരാളുടെ ഉപദ്രവങ്ങൾക്ക്‌ തുണിയുരിഞ്ഞുനിൽക്കേണ്ടിവരുന്ന ഗതികെട്ടവർ, അപമാനിക്കപ്പെടുന്നവർ, ആട്ടിയോടിക്കപ്പെടുന്നവർ, ലൈംഗികാതിക്രമങ്ങൾക്കിരയാക്കേണ്ടിവരുന്നവർ, ശരീരത്തിന്റെയും മനസ്സിന്റെയും സംഘർഷങ്ങൾ താങ്ങുവാൻ കഴിയാതെ ജീവിക്കേണ്ടിവരുന്നവർ.

കുത്തുവാക്കുകൾ കേൾക്കുമ്പോഴും ഒരുപിടി വറ്റിനായി കാത്തുനിൽക്കേണ്ടിവരുന്നവർ,  തെരുവിൽ മരിച്ചുവീഴേണ്ടിവരുന്നവർ, ഒടുവിലൊരുനാൾ ആരുമറിയാതെ മാഞ്ഞുപോകുന്ന ജീവിതങ്ങൾ... സിനിമകളിൽ, കഥകളിൽ, കവിതകളിൽ, നോവലുകളിൽ, തെരുവുകളിൽ, ബസ്സുകളിൽ, ട്രെയിനുകളിൽ, നഗരത്തിരക്കുകൾക്കിടയിൽ എല്ലാം ഞങ്ങളെപ്പോലുള്ളവരെ നിങ്ങൾ തീർച്ചയായും കണ്ടിരിക്കും. കാണാതിരിക്കാൻ വഴിയില്ല. കാരണം എല്ലായിടങ്ങളിലും ഞങ്ങൾ ഉണ്ടായിരുന്നു. ഒട്ടൊരു പരിഹാസത്തോടെ, ചുണ്ടിലൂറുന്ന പുച്ഛച്ചിരിയോടെ നിങ്ങളിൽ ഭൂരിപക്ഷംപേരും ഞങ്ങളെ തുറിച്ചുനോക്കിയിട്ടുണ്ട്.

മലയാളിയുടെ പൊതുബോധങ്ങൾക്ക്‌ പാകപ്പെടുന്നവരല്ല ഞങ്ങൾ. ഒരാൾ മറ്റൊരാളെപ്പോലെയാകണമെന്ന്‌ നിങ്ങൾ എന്തിന്‌ വാശിപിടിക്കുന്നു. എല്ലാവർക്കും അവരവരുടേതായ അവകാശങ്ങളുണ്ട്, സ്വാതന്ത്ര്യങ്ങളുണ്ട്. ഭരണഘടന പൗരന് അനുവദിച്ചു നൽകിയിട്ടുള്ളവ. ഞങ്ങൾക്കും അതു ലഭിക്കണമെന്നേ പറയുന്നുള്ളൂ. ആരുടെയും ഔദാര്യങ്ങൾ ഞങ്ങൾക്കാവശ്യമില്ല.

ഓരോ ട്രാൻസ്‌ജന്ററിനും പറയുവാൻ ഒരു നൂറു കഥകളെങ്കിലുമുണ്ടാകും. അത്‌ നിങ്ങൾ കണ്ടറിഞ്ഞതിനേക്കാൾ എത്രയോ ഇരട്ടിയുണ്ടാകും. മാധ്യമങ്ങളിൽ കണ്ട ജീവിതമല്ല ഞങ്ങളുടേത്. കഥകളിലും നോവലുകളിലും എഴുതപ്പെട്ട ജീവിതവുമല്ല. സിനിമകളിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളുമല്ല. സിനിമകളിലെ പിടിച്ചുപറിക്കാരും ക്രിമിനലുകളുമല്ല ഞങ്ങൾ. ലൈംഗികത്തൊഴിലിൽ ഏർപ്പെടാൻവേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെയ്ക്കപ്പെട്ടവരുമല്ല. അതിലൈംഗികതയുടെ പ്രതിരൂപങ്ങളുമല്ല ഞങ്ങൾ. അതിസങ്കീർണമായ, വൈവിധ്യങ്ങൾ നിറഞ്ഞ ജീവിതമാണ് ട്രാൻസ്ജന്ററുകളുടേത്. കൃത്യമായ, ചതുരവടിവുള്ള കള്ളികളിൽ ഒതുക്കിയെടുക്കാൻ പറ്റാത്തവർ. വെല്ലുവിളികൾ നേരിടുമ്പോഴും സാധാരണ മനുഷ്യരെപ്പോലെ തന്നെ ജീവിക്കാനാഗ്രഹിക്കുന്നവരാണ്.  

ഓർമയിലൊരു കുട്ടിക്കാലം

എന്റെ ഓർമകൾ തുടങ്ങുന്നത് തിരുവനന്തപുരം ജില്ലയിലെ കമലേശ്വരത്തുനിന്നാണ്. അവിടെയാണ് ഞാൻ പിച്ചവച്ചുതുടങ്ങുന്നത്. വിജയകുമാരൻ നായരുടെയും ഉഷ വിജയന്റെയും മകനായിട്ടാണ് ഞാൻ ജനിച്ചത്. അച്ഛനും അമ്മയും എനിക്കിട്ട പേര് വിനോദ് എന്നായിരുന്നു. ചേട്ടനും ഞാനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചേട്ടൻ നല്ല കറുത്ത് തടിയുള്ള ഒരാളായിരുന്നെങ്കിൽ ഞാൻ മെലിഞ്ഞ് വെളുത്തിട്ടായിരുന്നു. ചെറുപ്പത്തിലേ വളരെ സ്മാർട്ടായിരുന്നതുകൊണ്ടുതന്നെ ബന്ധുക്കൾക്കും നാട്ടുകാർക്കും എന്നെ വലിയ ഇഷ്ടമായിരുന്നു.

സൂര്യയുടെ കുടുംബം. (പഴയ കാല ചിത്രം) മുൻനിരയിൽ വലത്തേയറ്റത്ത് നിൽക്കുന്നത് സൂര്യ

സൂര്യയുടെ കുടുംബം. (പഴയ കാല ചിത്രം) മുൻനിരയിൽ വലത്തേയറ്റത്ത് നിൽക്കുന്നത് സൂര്യ

എല്ലാവരോടും കലപിലാന്ന് സംസാരിക്കും. ആരോടും കൂട്ടുകൂടും. എന്തും ചെയ്യും. അങ്ങനെയായിരുന്നു ഞാൻ. എനിക്ക്‌ ഒന്നിനോടും ഭയമില്ലായിരുന്നു. ചെറുപ്പം മുതലേ അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടാണ് ഞാൻ വളർന്നത്. അമ്മ എന്നും വേദനിക്കുന്ന ഒരു സ്ത്രീയായിരുന്നു. ഒരു സമയം കഴിഞ്ഞപ്പോൾ കമലേശ്വരത്തുനിന്ന്‌ ഞങ്ങൾ പാറ്റൂരിലേക്ക്‌ താമസം മാറി.

എന്റെ അമ്മ ത്യാഗശീലയായ സ്ത്രീയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും ഞങ്ങളുടെ കുടുംബത്തോടൊപ്പം അമ്മ, അമ്മയുടെ തറവാടിന്റെ കാര്യങ്ങൾകൂടി നടത്തിയിരുന്നു.

രാവെളുപ്പോളം അധ്വാനിക്കുന്ന അമ്മയെ കാണുമ്പോൾ ഉള്ളിൽ വലിയ വേദന തോന്നുമായിരുന്നു. അമ്മയെ സഹായിക്കണം, അമ്മയുടെ കഷ്ടപ്പാടുകൾ മാറ്റണം എന്ന ചിന്ത ഉള്ളിലുണ്ടായി. അങ്ങനെ എപ്പോഴും അമ്മയുടെ അടുത്തുതന്നെ നിൽക്കാൻ തുടങ്ങി. ചേട്ടൻ മറ്റു കുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിക്കാൻ പോകുമ്പോൾ ഞാൻ അമ്മയെ അടുക്കളപ്പണിയിൽ സഹായിക്കുകയായിരിക്കും. അല്ലെങ്കിൽ പശുവിനെ തീറ്റുകയായിരിക്കും. അമ്മ ചെയ്യുന്ന പണികൾ കണ്ടാണ് ഞാനും അവ ചെയ്യുവാൻ തുടങ്ങിയത്. അങ്ങനെ പണി ചെയ്യേണ്ടായെന്ന്‌ അമ്മ എന്നോട്‌ പറഞ്ഞില്ല. മാത്രമല്ല ഞാൻ സഹായിക്കുന്നതിൽ അമ്മയ്ക്ക്‌ സന്തോഷവുമുണ്ടായിരുന്നു. എനിക്ക്‌ തോന്നുന്നത് ഒരുപക്ഷേ, പെണ്ണായിട്ടുള്ള എന്റെ മാറ്റങ്ങൾ അവിടെ നിന്നായിരിക്കാം തുടങ്ങുന്നത്.

സ്കൂളിലെ സുന്ദരിക്കുട്ടി

തിരുവനന്തപുരം വഞ്ചിയൂർ സ്കൂളിലാണ് ഞാൻ പഠിച്ചത്. പഠനത്തിലും കലാപരിപാടികളിലും ഒക്കെ മികച്ചുനിന്നിരുന്നു. നാലാം ക്ലാസുവരെയുള്ള പഠനത്തിനുശേഷം ചേട്ടൻ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലേക്ക്‌ മാറിപ്പോയി. അപ്പോൾ വലിയ ഒറ്റപ്പെടലാണ് ഞാൻ അനുഭവിച്ചത്. അത് വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു. സ്കൂൾ വിട്ട് ഏറെ വിഷമത്തോടുകൂടിയാണ് വീട്ടിലെത്തുന്നത്. വീട് എത്തിക്കഴിഞ്ഞാൽ പഴയതുപോലെ അമ്മയെ സഹായിക്കുമായിരുന്നു. വൈകിട്ട് വീട് എത്തിക്കഴിയുമ്പോൾ ചേട്ടൻ സ്കൂളിലെ വിശേഷങ്ങൾ പറഞ്ഞുകേൾപ്പിക്കും. സെന്റ് ജോസഫ് വലിയ സ്കൂൾ ആണെന്നറിഞ്ഞപ്പോൾ എനിക്കും അവിടെ പഠിക്കണമെന്ന്‌ ആഗ്രഹം തോന്നി. ഒരു പാട്‌ കൂട്ടുകാരുമായി ചേർന്നുള്ള കളികൾ... വഴക്കുകൾ ഒക്കെ രസകരമായാണ് ചേട്ടൻ പറയുക. അതു കേൾക്കുമ്പോൾ അറിയാതെ അവിടെ പഠിക്കാൻ കൊതിച്ചുപോകും. എന്റെ നിർബന്ധങ്ങൾക്കൊടുവിൽ വീട്ടുകാർ ആ സ്കൂളിൽ എന്നെ ചേർക്കുകയും ചെയ്തു. സെന്റ് ജോസഫ്സ് സ്കൂളിൽവച്ചാണ് എനിക്ക് എന്റെ സ്ത്രൈണഭാവം കൂടുതൽ ബോധ്യപ്പെട്ടത്.

 

സ്ത്രൈണഭാവം കൂടിക്കൂടിവരുന്നത് സ്കൂളിലുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങി. അതോടുകൂടി എനിക്ക് സ്കൂളിൽ ഒരു 'വട്ടപ്പേര്' വീഴുകയുംചെയ്തു. 'സുന്ദരി'. സാധാരണ സഹപാഠികളോ സീനിയേഴ്സോ ആയിരിക്കും ഇത്തരത്തിൽ പേരിടുക. ആരെങ്കിലും ഒരാൾ പേരിടും. മറ്റുള്ളവർ അത് ഏറ്റുപിടിച്ച് പ്രചരിപ്പിക്കും. അതാണല്ലോ സ്കൂളുകളിലെ പതിവുരീതി.

 

സൂര്യ

സൂര്യ

സ്ത്രൈണഭാവം കൂടിക്കൂടിവരുന്നത് സ്കൂളിലുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങി. അതോടുകൂടി എനിക്ക് സ്കൂളിൽ ഒരു 'വട്ടപ്പേര്' വീഴുകയുംചെയ്തു. 'സുന്ദരി'. സാധാരണ സഹപാഠികളോ സീനിയേഴ്സോ ആയിരിക്കും ഇത്തരത്തിൽ പേരിടുക. ആരെങ്കിലും ഒരാൾ പേരിടും. മറ്റുള്ളവർ അത് ഏറ്റുപിടിച്ച് പ്രചരിപ്പിക്കും. അതാണല്ലോ സ്കൂളുകളിലെ പതിവുരീതി. പക്ഷേ, എന്റെ കാര്യത്തിൽ അതല്ല സംഭവിച്ചത്. 'സുന്ദരി'യെന്ന ആ പേര് എനിക്ക് ചാർത്തിത്തന്നത്  അമർനാഥ്  എന്ന അധ്യാപകനായിരുന്നു. അങ്ങനെയൊന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. അദ്ദേഹം ഏതോ കൗതുകത്തിന്റെയോ കാഴ്ചയുടെയോ പുറത്ത് ഇട്ട പേരാണത്. അത് അതിവേഗം സ്കൂളിൽ പടർന്നുപിടിച്ചു. സുന്ദരിയെന്ന പേര് പല കോണുകളിൽനിന്നും മുഴങ്ങുവാൻ തുടങ്ങി.  ഒരുപക്ഷേ, അവിടത്തെ വിദ്യാർഥികളും അധ്യാപകരും അതിനൊരു കാരണമായിത്തീർന്നു എന്നുപറയാം.

ആദ്യത്തെ ശമ്പളം

വീടിന്റെ ദാരിദ്ര്യാവസ്ഥകൾ കൂടുതൽ തിരിച്ചറിഞ്ഞപ്പോൾ അമ്മയോടൊപ്പം ഞാനും പണിക്കുപോവാൻ തുടങ്ങി. പണിക്കുപോയാൽ അത്ര വലിയ തുകയൊന്നും ലഭിക്കില്ലെങ്കിലും അന്ന്‌ ലഭിച്ച പൈസ വലിയ ആശ്വാസമായിരുന്നു. വീട്ടുപണികൾ ചെയ്യുക, വീട് വൃത്തിയാക്കുക, ചാണകം ശേഖരിക്കുക എന്നീ പണികളാണ് ഞാൻ ചെയ്തിരുന്നത്. ഒരു വീട് തൂത്തുതുടച്ച്  കഴുകി വൃത്തിയാക്കിയാൽ അന്ന് പതിനഞ്ചുരൂപ ലഭിക്കുമായിരുന്നു. വീടുപണി എന്നെ സംബന്ധിച്ചിടത്തോളം അത്ര കഷ്ടപ്പാടുള്ളതായിരുന്നില്ല. കാരണം അത് ഞാൻ എന്റെ വീട്ടിൽ ചെയ്യുന്നതാണല്ലോ.

ചാണകം ശേഖരിക്കൽ രസകരമായ പണിയായിരുന്നു. പറമ്പുകളിലും വഴികളിലും കിടക്കുന്ന ചാണകം ശേഖരിച്ച് ഉണക്കി ചാക്കുകളിലാക്കി ചന്തയിലെത്തിച്ച് വിറ്റിരുന്നു. ചന്തയിലേക്ക് ചാണകം തലച്ചുമടായിട്ടാണ് കൊണ്ടുപോയിരുന്നത്. വണ്ടി പിടിക്കുവാനോ അതിനായി കാശ് കൊടുത്തു ചിലവാക്കുവാനോ ഇല്ലായിരുന്നു. ഞാനും പണിക്കുപോയിരുന്നത് അമ്മയ്ക്ക്  ആശ്വാസമായിരുന്നു. പണിക്കൂലി കൈയിൽ വാങ്ങുമ്പോൾ വലിയ അഭിമാനം തോന്നി. കിട്ടുന്ന പൈസ അതേപടി അമ്മയുടെ കൈയിൽ കൊടുത്തു. പൈസ വാങ്ങുമ്പോൾ അമ്മയുടെ കൈവിറച്ചിരുന്നു.

ആ മുഖത്തെ തിളക്കം എന്റെ അഭിമാനത്തെ ഉയർത്തി. ഒരുപക്ഷേ, കുട്ടിക്കാലത്തെ അത്തരം പണികൾ ചെയ്തിരുന്നതുകൊണ്ട് പിൽക്കാലത്ത് എന്ത്‌ പണി ചെയ്യുവാനുമുള്ള മാനസികാവസ്ഥ എനിക്കുണ്ടായി. എന്നും മനസ്സിൽ കൊണ്ടുനടക്കുന്ന ഒത്തിരി നൊമ്പരങ്ങളിൽ ഒന്നാണ് പഠനം നിർത്തേണ്ടിവന്നത്. ഒരു നല്ല സാഹചര്യത്തിലുള്ള കുടുംബ പശ്ചാത്തലമാണ്‌  എന്റേതെങ്കിൽ കുറേക്കൂടി പഠിക്കാൻ കഴിഞ്ഞേനേ എന്ന്‌ തോന്നിയിട്ടുണ്ട്. അറിവ് നേടുവാനുള്ള ശ്രമങ്ങൾ 'എന്റേതല്ലാത്ത' കാരണങ്ങളാൽ പാതിവഴിയിൽ അവസാനിച്ചു.

ലൈവ് കളിക്കുന്ന ഫീമെയിൽ

തിരുവനന്തപുരത്തെ അറിയപ്പെടുന്ന മിമിക്സ് ട്രൂപ്പുകളിലൊന്നായിരുന്നു ഷോഗൺ. ആ ട്രൂപ്പിലേക്കുകിട്ടിയ ക്ഷണമാണ് എന്നിലെ കലാകാരിയെ വളർത്തിയത്. കേരളത്തിനകത്തും പുറത്തും അനവധി സ്റ്റേജ് ഷോകൾ നടത്തി തിളങ്ങിനിൽക്കുന്ന ട്രൂപ്പുകൂടിയാണ് തിരുമല ചന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഷോഗൺ.

ബാബാസ് സ്റ്റുഡിയോയിൽ എടുത്ത ഫോട്ടോയുമായി അമ്മയെയും കൂട്ടി തിരുമല ചന്ദ്രനെ ചെന്നു കണ്ടു. ട്രൂപ്പിലേക്കു സെലക്‌ഷൻ കിട്ടി. മിമിക്രി അവതരിപ്പിക്കുന്നതിനുമുമ്പ് റിഹേഴ്സൽ ക്യാമ്പ് ഉണ്ടായിരിക്കും. ക്യാമ്പ് ഒരു മാസത്തോളമുണ്ടാകും. അമ്മ അതിന്‌ സമ്മതിച്ചു. അങ്ങനെ എന്നെ തിരുമല ചന്ദ്രനെ ഏല്പിക്കുന്നു. എന്റെ ശമ്പളം നൂറ്റിയിരുപത്തഞ്ച്‌ രൂപയായിരുന്നു.   ഇരുപത്തഞ്ച്‌ കൊല്ലങ്ങൾക്കു മുമ്പാണ് അതെന്നോർക്കണം. അന്നത്‌ വലിയ തുകയായിരുന്നു.

ദ്വയ കൾച്ചറൽ സൊസൈറ്റി നൽകിയ ആദരിക്കൽ ചടങ്ങിൽ സൂര്യയ്‌ക്കും ഇഷാനും മമ്മൂട്ടി ഉപഹാരം നൽകുന്നു. ജയസൂര്യ സമീപം

ദ്വയ കൾച്ചറൽ സൊസൈറ്റി നൽകിയ ആദരിക്കൽ ചടങ്ങിൽ സൂര്യയ്‌ക്കും ഇഷാനും മമ്മൂട്ടി ഉപഹാരം നൽകുന്നു. ജയസൂര്യ സമീപം


ഷോഗണിന്റെ ക്യാമ്പിലേക്ക്‌ കയറിച്ചെല്ലുമ്പോൾ അവിടെയുള്ള ആളുകൾ എന്നെ ഒരു അത്ഭുതജീവിയെപ്പോലെ നോക്കി. പലരും അത്ഭുതം കൂറി. ചിലർ എന്നെ നോക്കി ശൃംഗാരഭാവത്തിൽ ചിരിക്കുന്നു. ചിലർ കണ്ണിറുക്കിക്കാട്ടുന്നു.

പുറത്ത് രക്ഷയില്ലാഞ്ഞിട്ടാണ് ഇവിടെ ജോലിക്കെത്തിയത്. ഇനി ഇവിടെയും രക്ഷയില്ലെന്നാണോ?  വൈക്കം അൻപുരാജാണ് ട്രൂപ്പിൽ എന്നെ ആദ്യം സ്വീകരിക്കുന്നത്. തൊട്ടുപിന്നാലേ ദിലീപും ഉണ്ണിയും എത്തി. ആ ട്രൂപ്പിൽ ഫീമെയ്ൽ ക്യാരക്ടറുകൾ ചെയ്യുന്നവരാണ് ദിലീപും ഉണ്ണിയും. രണ്ടാളും ലുക്കിൽ പുരുഷന്മാരാണ്. സ്ത്രൈണതയുടെ യാതൊരു അംശവുമില്ല. പക്ഷേ, മേയ്ക്കപ്പ് ഇട്ടാൽ രണ്ടാളും അതീവ സുന്ദരിമാരാണ്.

 സ്കിറ്റ് അവതരിപ്പിക്കാനുള്ള അവസരം 'ലൈവ് കളിക്കുന്ന ഫീമെയ്ൽ' എന്ന വിശേഷണം നേടിത്തരികയാണ് ചെയ്തത്. അതിന്‌ ഞാൻ തിരുമല ചന്ദ്രൻ ചേട്ടനോട്‌ കടപ്പെട്ടിരിക്കുന്നു. അന്നുവരെ ആണുങ്ങൾ പെൺവേഷം കെട്ടിയാണ് ഫീമെയ്ൽ ക്യാരക്ടർ അവതരിപ്പിച്ചിരുന്നത്. അവരുടെയൊക്കെ മീശ അതേപടി മുഖത്തുനിന്നിരുന്നു. ഫീമെയ്ൽ ലുക്കുള്ള എന്നെ തിരഞ്ഞെടുത്തത് ട്രൂപ്പിനും എനിക്കും പുതിയൊരു വഴിത്തിരിവായിരുന്നു. അന്നു ചന്ദ്രൻ ചേട്ടൻ ഇയാൾ ട്രൂപ്പിൽ പറ്റില്ല എന്ന്‌ പറഞ്ഞിരുന്നെങ്കിൽ സൂര്യയെന്ന ആർട്ടിസ്റ്റ് ഒരുപക്ഷേ, ഉണ്ടാകുമായിരുന്നില്ല.

എന്റെ ആദ്യത്തെ സ്കിറ്റ് ഒരു പൊലീസ് സ്റ്റേഷനെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു. ആ റോൾ ഞാൻ ഭംഗിയായി ചെയ്തു. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് നല്ല പ്രതികരണമാണ് സ്കിറ്റിന്‌ ലഭിച്ചത്.

ടിവി ചാനലിലേക്ക്‌

സ്റ്റേജ് ഷോകളിൽനിന്നാണ് ഞാൻ ടിവി ചാനലിലേക്ക് എത്തുന്നത്. ആദ്യമായി ഒരു ചാനലിൽ അവസരം കിട്ടുന്നത് കൈരളി ടിവിയിൽ ആണ്‌. കൈരളി ചാനലിലൂടെ വലിയൊരു ഓപ്പണിങ്ങാണ് എനിക്ക്‌ ലഭിച്ചത്.

കൈരളി ചാനലിലൂടെ വലിയൊരു ഓപ്പണിങ്ങാണ് എനിക്ക്‌ ലഭിച്ചത്. പ്രസാദ് ചേട്ടന്റെ (കെ എസ് പ്രസാദ്) കോമഡിയും മിമിക്സും പിന്നെ ഞാനും എന്ന ഷോയിലേക്കാണ്‌ എന്നെ വിളിച്ചത്. കേരളത്തിൽ മിമിക്രിയെന്ന കലയ്ക്ക് അടിത്തറയുണ്ടാക്കിയ സ്ഥാപനമാണ് കലാഭവൻ. അവിടെ കളിച്ചുതെളിഞ്ഞ പ്രതിഭയായിരുന്നു. പ്രസാദ് ചേട്ടൻ. 

പ്രസാദ് ചേട്ടന്റെ (കെ എസ് പ്രസാദ്) ‘കോമഡിയും മിമിക്സും പിന്നെ ഞാനും’ എന്ന ഷോയിലേക്കാണ്‌ എന്നെ വിളിച്ചത്. കേരളത്തിൽ മിമിക്രിയെന്ന കലയ്ക്ക് അടിത്തറയുണ്ടാക്കിയ സ്ഥാപനമാണ് കലാഭവൻ. അവിടെ കളിച്ചുതെളിഞ്ഞ പ്രതിഭയായിരുന്നു. പ്രസാദ് ചേട്ടൻ. കലാഭവൻ പ്രസാദ് എന്നാണദ്ദേഹം അറിയപ്പെടുന്നത്. അതിനുള്ള വഴിയൊരുക്കിയത് അരുൺ ചേട്ടനായിരുന്നു. സുരാജേട്ടന്റെ (ചലച്ചിത്രതാരം  സുരാജ് വെഞ്ഞാറമൂട്) സഹോദരനാണ് അദ്ദേഹം.

ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസിൽ പരിപാടികൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വേളയിൽ അരുൺ ചേട്ടൻ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്നും ഓരോ ചാനൽഷോയ്ക്കും നിൽക്കുമ്പോൾ ഞാൻ അദ്ദേഹത്തെ സ്മരിക്കാറുണ്ട്. കോമഡിയും മിമിക്സും എന്ന പരിപാടിയിൽ നന്നായി എനിക്ക്‌ പെർഫോം ചെയ്യുവാൻ കഴിഞ്ഞു. ചാനൽ പ്രോഗ്രാമിൽ ആദ്യമാണെങ്കിലും അത് എന്നെ ഭയപ്പെടുത്തിയില്ല. സ്റ്റുഡിയോ ഫ്ളോറിൽ ഞാൻ കൗതുകത്തോടെ നോക്കി. ഓപ്പൺ എയർ സ്റ്റേജുകളിൽ പെർഫോം ചെയ്തതിന്റെ ധൈര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ അണിയറ പ്രവർത്തകർ നല്ല സംതൃപ്തിയിലുമായിരുന്നു. 

തോമസ്‌ ഐസക്കിനൊപ്പം സൂര്യ

തോമസ്‌ ഐസക്കിനൊപ്പം സൂര്യ

കൈരളിയുടെ പ്രോഗ്രാമിനുശേഷം വലിയൊരു ഇടവേള വരുന്നു. അതിന്റെ ഇടയിലാണ് ഏഷ്യാനെറ്റ് ‘കോമഡി സ്റ്റാർസ് ’ എന്ന കോമഡി ഷോ ആരംഭിക്കുന്നത്. അതിന്റെ പ്രൊമോയൊക്കെ ഗംഭീരമായിരുന്നു. വലിയൊരു സംഭവം എന്ന നിലയിലാണ് ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിനെ അവതരിപ്പിച്ചതും. അതുകണ്ടിട്ട് പലരും ചോദിക്കാൻ തുടങ്ങി 'എന്നാ സൂര്യേ കോമഡി സ്റ്റാർസിൽ വരുന്നേ?'   കോമഡി സ്റ്റാറുകാർ എന്നെ വിളിച്ചിട്ടുപോലുമില്ല. അല്ല, അവരെന്താ വിളിക്കാത്തേ, ചിലപ്പം വിളിക്കുമായിരിക്കും ഇങ്ങനെ ഞാൻ ആഗ്രഹിച്ചു. അവരുടെ വിളി പ്രതീക്ഷിച്ച്‌ ഇരിക്കുമ്പോൾ അതാ ഏഷ്യാനെറ്റിൽനിന്ന്‌ വിളിവരുന്നു. ബിനു എന്ന ചേട്ടനാണ് എന്നെ വിളിക്കുന്നത്. ശശാങ്കേട്ടന്റെ (ശശാങ്കൻ മയ്യനാട്) ടീമിൽ ഒരു സ്കിറ്റ്‌ കളിക്കുന്നതിനുവേണ്ടിയാണ് എന്നെ വിളിക്കുന്നത്.

ആ സമയത്ത് ശശാങ്കേട്ടന്റെ ടീം എലിമിനേഷൻ റൗണ്ടിൽ ഡെയ്ഞ്ചർ സോണിൽ നിൽക്കുകയാണ്. അവർക്ക്‌ അതിൽനിന്ന്‌ രക്ഷപ്പെടേണ്ടതുണ്ട്. ഞാൻ പങ്കെടുത്തവേളയിൽ ഓട്ടൻതുള്ളലുകാരന്റെ സ്കിറ്റ് ആയിരുന്നു. ഒരു ഭാഗത്ത് ഓട്ടൻതുള്ളലുകാരൻ തുള്ളൽ അവതരിപ്പിക്കുമ്പോൾ മറുഭാഗത്ത് അതേ കാര്യങ്ങൾ നടക്കുന്ന രീതിയിലുള്ള രസകരമായ പരിപാടിയായിരുന്നു. അതിനിടയിൽ അതിവേഗം മൂന്നുവട്ടം കോസ്റ്റ്യൂം ചെയ്ഞ്ചു ചെയ്യേണ്ടിയിരുന്നു. എന്തായാലും പരിപാടി വിജയമായതോടുകൂടി ശശാങ്കേട്ടനും ടീമും രക്ഷപ്പെട്ടു. ഞാൻ അവിടെയെത്തുമ്പോൾ ഫീമെയ്ൽ ആർട്ടിസ്റ്റായി സജിചേട്ടനൊക്കെ (സജി ഓച്ചിറ)യുണ്ടായിരുന്നു. പക്ഷേ, അവരിൽനിന്ന്‌ വ്യത്യസ്തമായി എനിക്ക്‌ നല്ല നീളൻമുടിയുണ്ടായിരുന്നു. ശശാങ്കേട്ടന്റെ സ്കിറ്റ് വിജയിച്ചതോടുകൂടി ഞാൻ അന്തംവിട്ടുപോയി. ഓഫറുകളുടെ പെരുമഴ.

ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ആളുകൾ തന്നെ തിരിച്ചറിയുന്നതിന്‌ വഴിയൊരുക്കിയത് ഏഷ്യാനെറ്റും ഈ പ്രോഗ്രാമുമാണ്.
കോമഡി സ്റ്റാർസിൽ ഇരുപത്തിനാലോളം ടീമുകളുണ്ടായിരുന്നു. എല്ലാവരും അവരവരുടെ സ്കിറ്റുകളിലേക്ക് എന്നെ വിളിച്ചു. ലൈവ് കളിക്കുന്ന ഫീമെയ്ൽ ഞാനൊരാളേയുണ്ടായിരുന്നു. അതിന്റെ ഒരു സാധ്യതകൾ എനിക്ക്‌ ലഭിച്ചു. അതിന്‌ ആദ്യം നന്ദിപറയേണ്ടത് കോമഡി സ്റ്റാർസിന്റെ സംവിധായകൻ ബൈജു മേലിലയോടാണ്. സാർ അന്ന്‌ ഞങ്ങളെ വേണ്ട എന്ന്‌ പറഞ്ഞിരുന്നുവെങ്കിൽ സൂര്യയെന്ന താരം ഉണ്ടാകുമായിരുന്നില്ല. കൂടുതൽ സ്കിറ്റുകൾ ലഭിച്ചതോടുകൂടി കൂടുതൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. വലിയൊരു പേര് സ്വന്തമാക്കണമെന്ന്‌ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു.

ഞാൻ കാരണം അമ്മയൊക്കെ ഒരുപാട്‌ നാണക്കേടും അപമാനങ്ങളും അനുഭവിച്ചിരുന്നു. അതിനൊരു മാറ്റമുണ്ടാക്കണമെന്ന വാശി ഉള്ളിലുണ്ടായിരുന്നു. ആണും പെണ്ണും കെട്ടവന്റെ അമ്മയെന്ന്‌  കേൾക്കേണ്ടിവന്ന അമ്മ.

സൂര്യയുടെ മാതാപിതാക്കൾക്കൊപ്പം ഇഷാനും സൂര്യയും ഗുരുവായൂരിൽ

സൂര്യയുടെ മാതാപിതാക്കൾക്കൊപ്പം ഇഷാനും സൂര്യയും ഗുരുവായൂരിൽ

ആ അമ്മയെ കോമഡി സ്റ്റാർസിലെ സൂര്യയുടെ അമ്മ എന്ന്‌ മാറ്റി പറയിപ്പിക്കാൻ എനിക്ക്‌ സാധിച്ചു. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസ് അത്രയും പോപ്പുലാരിറ്റിയാണ് എനിക്ക്‌ നൽകിയത്. പരിപാടി കഴിഞ്ഞതിനുശേഷം പ്ലാറ്റ്ഫോമിൽ നിർത്തി നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോദിക്കുമായിരുന്നു. അതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ അനുഭവങ്ങളായിരുന്നു. ജഗദീഷേട്ടൻ, കല്പനചേച്ചി, ടിനി ടോം ചേട്ടൻ എല്ലാവരും വലിയ പിന്തുണയാണ് നൽകിയത്.

സർജറിക്കായി എത്തുമ്പോൾ

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനായി സ്റ്റേജ് ഷോകളിൽ നിന്ന്‌ ലഭിക്കുന്ന ചെറിയ തുകകൾ ഞാൻ ചേർത്തുവെച്ചിരുന്നു; ഉറുമ്പുകൾ വറുതിക്കാലത്തേക്ക്‌ അരിമണികൾ ശേഖരിച്ചു വയ്ക്കുന്നതുപോലെ. സർജറിക്ക്‌ ഭീമമായ തുക വേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. പ്രോഗ്രാമുകളിൽനിന്ന്‌ ലഭിക്കുന്ന തുകയിൽ ഒരു ഭാഗം ചിലവിലേക്ക് എടുക്കേണ്ടിവരുന്നു. ബാക്കിയുള്ളതാണ് നുള്ളിപ്പെറുക്കി എടുത്തുവെയ്ക്കുന്നത്.

ശസ്ത്രക്രിയ നടത്തുന്നതിനായി ഞാൻ കോയമ്പത്തൂർക്ക് തിരിക്കുന്നു. കൂടെ എന്നെ സഹായിക്കാനായി എത്തിയ ശ്യാമയുമുണ്ട്. എന്നെപ്പോലെയുള്ള ട്രാൻസുകൾ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അന്യസംസ്ഥാനങ്ങളിൽ ഹോസ്പിറ്റലുകളെയാണ് ആശ്രയിക്കുന്നത്. അതിന്‌ കാരണങ്ങൾ പലതായിരുന്നു. അക്കാലയളവിൽ ലിംഗമാറ്റശസ്ത്ര ക്രിയകൾ കേരളത്തിൽ ചെയ്തിരുന്നില്ല. അന്യസംസ്ഥാനങ്ങളിൽ ഈ സർജറിക്ക് വേണ്ടിവരുന്ന തുകയും കുറവായിരുന്നു. പക്ഷേ, റിസ്ക് കൂടുതലായിരുന്നു. ഞാൻ അത് ഏറ്റെടുക്കുവാൻ ധൈര്യം കാണിച്ചു. അങ്ങനെയാണ് കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തുന്നത്.

ഉർവശിക്കൊപ്പം

ഉർവശിക്കൊപ്പം

സർജറിക്ക്‌ മുന്നോടിയായി ഹോസ്പിറ്റലിൽ കൗൺസലിങ്‌ ഉണ്ട്. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച കുറച്ചുപേർ ചേർന്ന ഒരു വിദഗ്ധ സമിതിയാണ് കൗൺസലിങ്‌ നടത്തുന്നത്. വ്യത്യസ്തമായ മൂന്ന് സ്റ്റേജുകളിലൂടെയാണ് കൗൺസലിങ്‌  നടത്തപ്പെടുന്നത്. ഒന്നാംഘട്ട കൗൺസലിങ്ങിനായി ഡോക്ടേഴ്സ് ടീമിന്റെ മുമ്പിലേക്ക്‌ ഞാൻ ആനയിക്കപ്പെട്ടു. തിളങ്ങുന്ന തറയുള്ള വലിയ ഹാൾ. അതിനുള്ളിലൂടെ നടക്കുമ്പോൾ കാലടി ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു. വേറെ ഒരു ശബ്ദവും കേൾക്കാനുണ്ടായിരുന്നില്ല. മുറി നിറഞ്ഞുനിൽക്കുന്ന വെളിച്ചം. കൗൺസലിങ്‌  ടീമിലെ ഡോക്ടേഴ്സ് എന്നെ അടിമുടി സൂക്ഷിച്ചുനോക്കി. ഞാൻ അവരെയും... എന്താണ് നടക്കാൻ പോകുന്നതെന്ന്‌ എനിക്ക്‌ ധാരണയുണ്ടായില്ല. ധൈര്യം സംഭരിക്കുവാൻ ശ്രമിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയക്ക്‌ സ്വന്തം താല്പര്യമാണോ അതോ ആരെങ്കിലും നിർബന്ധപൂർവം ചെയ്യിക്കുന്നതാണോ എന്നായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. എന്റെ താല്പര്യപ്രകാരമാണ് എന്ന്‌ ഞാനവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയിൽനിന്ന്‌ പിന്മാറാനാണ് അവർ ആവശ്യപ്പെടുന്നത്. ഞാൻ അന്തംവിട്ടുപോയി. ഇവർ എന്താണ് സംസാരിക്കുന്നത്. ഞാനിത്രേം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഇവിടെവരെ വന്നത് ഇവരുടെ വാക്കുകേട്ട് തിരിച്ചുപോകാൻ വേണ്ടിയായിരുന്നോ? എനിക്ക്‌ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയേ പറ്റൂ. അല്ലാതെ തിരിച്ചുപോകാൻ പറ്റില്ല. ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിന്നു. കൗൺസലിങ്‌ ടീമിൽ ഉള്ളവർ പരസ്പരം നോക്കുന്നത് ഞാൻ കണ്ടു. അവർക്ക്‌ മുമ്പിൽനിന്ന് ഞാൻ തിരിച്ചുനടന്നു.

കൗൺസലിങ്ങിലെ മൂന്നാം ഘട്ടം ഹിപ്നോട്ടിസമാണ്. മയക്കിക്കിടത്തിക്കൊണ്ടുള്ള ചോദ്യങ്ങൾ, അന്വേഷണങ്ങൾ. എനിക്ക്‌ ആകെ ഭയമായി.  മനസ്സ് എന്നെ ചതിക്കുമോ? ഹിപ്നോട്ടിസത്തിൽ എന്റെ ലക്ഷ്യം മാറുമോ? ചെറിയ വെപ്രാളം എനിക്കുണ്ടാകാൻ തുടങ്ങി. ധൈര്യം അഭിനയിച്ചുകൊണ്ട് അവരുടെ മുമ്പിൽ ഞാനെത്തി. ഹിപ്നോട്ടിസത്തിലൂടെ അവർക്ക് എന്റെ മനസ്സുമാറ്റുവാൻ കഴിഞ്ഞില്ല. എനിക്ക്‌ ഭയങ്കര സന്തോഷമായി. മനസ്സും എന്റെ കൂടെ നിന്നു. ഞാനൊരു സ്ത്രീയായി മാറണമെന്ന്  ഉപബോധ മനസ്സും അതുപോലെ ആഗ്രഹിച്ചിരുന്നു.

പുതിയൊരു ശരീരനിലയിലേക്ക്... ഒരു ഉടൽമാറ്റം... വിനോദെന്ന ഉടലിൽനിന്ന്‌ സൂര്യയെന്ന ഉടലിലേക്കുള്ള ഉടൽമാറ്റം.

സൂര്യ

സൂര്യ

നമ്മൾ ധരിച്ച ഒരു ഉടുപ്പ് മാറാൻ എളുപ്പമാണ്. എവിടെവച്ചും എപ്പോൾ വെച്ചും നമുക്ക് നമ്മുടെ ഉടുപ്പുകൾ മാറാം. എന്നാൽ ഉടൽമാറ്റമോ? അത് എങ്ങനെ എളുപ്പത്തിൽ നടക്കുക? ഉടൽമാറ്റം അതിലളിതമായ ഒന്നല്ല. അതിന് എത്രയോ കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. ഓരോന്നോരോന്നായി കടന്ന് ഞാൻ അതിന്റെ പടിവാതിലിലെത്തി നിൽക്കുകയാണ്.  

ആശുപത്രിയിലെത്തി. സർജറിക്കുള്ള നീല ഉടുപ്പ്‌ ധരിച്ചു. ഞാൻ എന്റെ ലക്ഷ്യത്തെ മനസ്സിൽ നിറച്ചു. എന്ത്‌ സംഭവിച്ചാലും എനിക്ക്‌ സ്ത്രീയായേ പറ്റൂ. സർജറി റൂമിലേക്ക് ഒരു സ്ട്രെക്‌ചറിൽ കിടത്തി കൊണ്ടുപോയി. ശ്യാമയുടെ കൈകൾ എന്നെ മുറുകെ പിടിച്ചിട്ടുണ്ട്. അവളുടെ ഉടൽ വിറകൊള്ളുന്നത് അതിലൂടെ ഞാനറിഞ്ഞു. അടുത്ത ഗ്ലാസ് ഡോറിന്റെ കടമ്പയിൽ ആ കൈകൾ എനിക്ക്‌ നഷ്ടമായി. ഓപ്പറേഷൻ ഡ്യൂട്ടി ഡ്രസ് അണിഞ്ഞ ഡോക്ടർമാരും നഴ്സുമാരും. ഞാൻ അവരെ മാറി മാറി നോക്കി. അതിനിടയിൽ ഒരാൾ എന്റെ അടുത്തെത്തി. അനസ്തേഷ്യ നൽകുന്ന ഡോക്ടർ 'റ' രൂപത്തിൽ എന്റെ ശരീരത്തെ വളച്ചൊടിച്ചു. ഉടലിലൂടെ വേദന മിന്നൽ പിണർപോലെ പാഞ്ഞു. നടുവ് തകർന്നുപോകുന്നതുപോലെ... കണ്ണിൽ വേദനയും നനവും തിങ്ങിനിറഞ്ഞു. രണ്ട് ഇൻജക്ഷൻ പിറകുഭാഗത്ത്. കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ...

ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ കണ്ണുകളിൽ ഒരു തരിപ്പു വന്നുനിറയുന്നു. എന്റെ രണ്ടു കാലുകൾ പിടിച്ച് അകറ്റിവയ്ക്കപ്പെട്ടു. അതിന്റെ ഇടയിലേക്ക് എത്തുന്ന ഒരു ഡോക്ടറുടെ തല കിടന്ന കിടപ്പിൽ ഞാൻ കണ്ടു. എന്റെ കണ്ണുകൾ കൂമ്പിവന്നു. അവിടെ എന്റെ ഓർമ മറയുകയായിരുന്നു.

ഞങ്ങൾ വേഷം കെട്ടുന്നവരല്ല

സർജറിയിലൂടെ സ്ത്രീയായി മാറിയതോടുകൂടി എന്റെ ആത്മാഭിമാനം വർധിച്ചു. എന്റെ ശരീരത്തിൽ മറ്റൊരു വ്യക്തിത്വത്തിന്റെ ഉടൽ ബാധ്യതകൾ ഒന്നുംതന്നെ അവശേഷിച്ചിരുന്നില്ല. വേദനയുടെ നീണ്ട യാത്രകൾക്കൊടുവിൽ എന്റേത്‌ പെൺശരീരമായി! ബാഹ്യരൂപത്തിൽ സ്ത്രൈണതയെ പൂർണമാക്കാൻ ട്രാൻസ്ജന്ററുകൾക്കു കഴിയുന്നുണ്ട്. ഹോർമോൺ ട്രീറ്റ്മെന്റിന്റെ ഭാഗമായി ശരീരം കൂടുതൽ ഫ്ളെക്സിബിൾ ആകുന്നു. സ്തനങ്ങൾ വലുതായി വരുന്നു. അതോടൊപ്പം ശബ്ദത്തിലും കൂടുതൽ സ്ത്രൈണത കടന്നുവരുന്നു.

പൊതുജനത്തിന്റെ കാഴ്ചപ്പാടിൽ ട്രാൻസ്ജന്ററുകളെന്നാൽ ആണുങ്ങൾ പെൺവേഷം കെട്ടിനടക്കുന്നവരാണ് എന്നതാണ്. ജന്ററിന്റെ പ്രശ്നമാണിതെന്ന് തിരിച്ചറിയാത്ത എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. കേവലം വേഷം കെട്ടൽ നടത്തുന്നവരല്ല ട്രാൻസ്ജന്ററുകൾ.

സ്ത്രീരൂപത്തിലേക്ക്‌ മാറണമെന്ന ഉത്ക്കടമായ ആഗ്രഹത്തിന്റെ പിൻബലത്തിലാണ് ഭൂരിപക്ഷം ട്രാൻസ്ജന്ററുകൾ ക്രോസ് ഡ്രസ് ചെയ്യുന്നത്. നാടൻ വേഷങ്ങൾ മുതൽ അൾട്രാ മോഡേൺ വേഷങ്ങൾ വരെ തെരഞ്ഞെടുക്കുന്നവരുണ്ട്.


സ്ത്രീരൂപത്തിലേക്ക്‌ മാറണമെന്ന ഉത്ക്കടമായ ആഗ്രഹത്തിന്റെ പിൻബലത്തിലാണ് ഭൂരിപക്ഷം ട്രാൻസ്ജന്ററുകൾ ക്രോസ്ഡ്രസ് ചെയ്യുന്നത്. നാടൻ വേഷങ്ങൾ മുതൽ അൾട്രാ മോഡേൺ വേഷങ്ങൾവരെ തെരഞ്ഞെടുക്കുന്നവരുണ്ട്. ദാവണി, സാരി, ചുരിദാർ, മിഡി ടോപ്പ്, ജീൻസ് ടോപ്പ്, ലാച്ച എന്നിവയെല്ലാം ട്രാൻസുകൾ ഉപയോഗിക്കുന്നു. ട്രാൻസുകളെ സംബന്ധിച്ച് ഓവർ മേക്കപ്പ്‌ ചെയ്യുന്നവരാണ് എന്ന ആരോപണം പലരും ഉന്നയിക്കുന്നുണ്ട്.

വർണപ്പകിട്ടുള്ള സുന്ദരമായ ജീവിതമല്ല ഞങ്ങളുടേത്. കളർഫുൾ ആയ വസ്ത്രം ധരിക്കുന്നതുകൊണ്ട് ജീവിതം സുന്ദരമാകണമെന്നുണ്ടോ? പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദുരിതങ്ങൾക്കിടയിലാണ് ഭൂരിപക്ഷം ട്രാൻസുകളും കഴിഞ്ഞുകൂടുന്നത്. വഴിയിലിറങ്ങി നടക്കുമ്പോൾ ആളുകളുടെ പരിഹാസങ്ങൾ, കുടുംബത്തിൽ ചെന്നാലോ, അവർക്കാർക്കും വേണ്ട. എങ്ങനെ ജീവിക്കും? എങ്ങനെ ഭക്ഷണം കഴിക്കും?   അതിനെക്കുറിച്ചൊന്നും ആർക്കും അറിയേണ്ടതില്ലല്ലോ.

സർജറിയിലൂടെ സ്ത്രീയായി മാറുന്ന ട്രാൻസ്ജന്ററിന്‌ സ്ത്രീയെന്ന അർഥത്തിൽ പൊതുവെ ട്രാൻസ് വുമൺ എന്ന സ്ഥാനപ്പേരാണ് ലഭ്യമാകുന്നത്. സ്ത്രീയെന്ന നിലയിലേക്കു മാറിയാലും പെണ്ണുടലിന്റെ ജൈവികമായ ചില ചോദനകൾ ഞങ്ങളുടെ ശരീരത്തിൽ സൃഷ്ടിക്കപ്പെടാറില്ല. സ്ത്രൈണതയിലേക്ക്‌ മാറുന്നതിനായി സ്വീകരിക്കുന്ന ചികിത്സാരീതികൾ കൊണ്ടുതന്നെ ശരീരത്തിന്റെ സ്വാഭാവികമായ അവസ്ഥകൾക്ക്‌ മാറ്റമുണ്ടാകുന്നു. ഷുഗർ ലെവലിൽ മാറ്റങ്ങൾ വരും. ബിപിയിൽ മാറ്റങ്ങൾ വരും. ഓരോ സാഹചര്യത്തിലും അവ കൂടിയും കുറഞ്ഞും പ്രത്യക്ഷപ്പെടും. ആരോഗ്യനിലയിൽ തന്നെ മാറ്റങ്ങളുണ്ടാകും. മാനസികമായി അനുഭവിക്കുന്ന സംഘർഷങ്ങൾക്കൊപ്പം ശാരീരികമായുണ്ടാകുന്ന മാറ്റങ്ങളും ജീവിതത്തിൽ വലിയ പ്രശ്നങ്ങൾതന്നെ സൃഷ്ടിക്കും. അതിവൈകാരികമായ ഇടപെടലുകൾ പ്രശ്നമായി മാറുന്നത് ഹോർമോൺ ബാലൻസ്‌ തെറ്റുമ്പോഴാണ്. ഗർഭപാത്രമില്ലാത്തതിനാൽ പ്രസവിക്കാനും കഴിയില്ല.

രഞ്ജുമ്മ എന്ന അമ്മ

അമ്മയും മക്കളും തമ്മിലുള്ള ബന്ധം അതിതീവ്രമായ ബന്ധമാണ്. പത്തുമാസം ചുമന്ന്‌ പ്രസവിച്ച് പാലൂട്ടി വളർത്തുന്ന ഏതൊരമ്മയും മകൻ/മകളെ ജീവന്റെ ജീവനായി സ്നേഹിക്കുന്നു. എന്റെ അമ്മയും എന്നെ അത്രമേൽ സ്നേഹിക്കുന്നു. എന്റെ ഐഡന്റിറ്റിയുടെ പേരിൽ    ഒരുപാട് അവഹേളിക്കപ്പെട്ടപ്പോഴും എന്റെ അമ്മ എന്നെ വെറുത്തില്ല. എന്നെ കൂടുതൽ കൂടുതൽ സ്നേഹിച്ചു. കുട്ടിക്കാലത്ത് എന്റെ കലാവാസനകളെ പരിപോഷിപ്പിച്ചതും അമ്മയായിരുന്നു. ഉഷ വിജയൻ എന്റെ പെറ്റമ്മയാണ്. എന്നാൽ എനിക്ക്‌ മറ്റൊരു അമ്മ കൂടിയുണ്ട്. എന്റെ കമ്യൂണിറ്റിയിലെ അമ്മ. രഞ്ജു രഞ്ജിമാർ.

രഞ്ജുമ്മ എല്ലാവർക്കും സുപരിചിതയാണ്. ട്രാൻസ് കമ്യൂണിറ്റിയിലെ ഒരു മേക്കോവർ ആർട്ടിസ്റ്റ്. കൊല്ലം പുന്തലത്താഴം സ്വദേശിയാണ്. രഞ്ജുമ്മയുമായുള്ള എന്റെ ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ഡോ. രശ്‌മി ജി, അനിൽകുമാർ കെ എസ്‌ എന്നിവർ സൂര്യയ്‌ക്കൊപ്പം

ഡോ. രശ്‌മി ജി, അനിൽകുമാർ കെ എസ്‌ എന്നിവർ സൂര്യയ്‌ക്കൊപ്പം


ഏഷ്യാനെറ്റിൽ കോമഡി സ്റ്റാറിൽ പങ്കെടുക്കാൻ ചെല്ലുമ്പോൾ മുതലേ രഞ്ജുമ്മയെ പരിചയമുണ്ട്. അവതാരക മീരയ്ക്കും ഗായിക റിമി ടോമിക്കുമൊക്കെ മേക്കപ്പ് ഇട്ടുകൊടുക്കുന്നത് രഞ്ജുമ്മ ആയിരുന്നു. അങ്ങനെ അവിടെ കണ്ടാണ് പരിചയം ആരംഭിക്കുന്നത്. അത് സൗഹൃദമായി വളരുന്നു. ഇടയ്ക്ക് എനിക്ക് മേക്കപ്പൊക്കെ ഇട്ടുതരും. ചിലപ്പോഴൊക്കെ ഫുഡ് കൊണ്ടുതരും. അത് വലിയൊരു ബന്ധമായി വളർന്നു.

 ട്രാൻസ് സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ സ്ഥാനത്താണ് രഞ്ജു രഞ്ജിമാർ എന്ന രഞ്ജുമ്മാ നിൽക്കുന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യക്കു പുറത്തും ആഗോളതലത്തിൽത്തന്നെ മേക്കോവർ ആർട്ടിസ്റ്റാണ് എന്റെ അമ്മ എന്നത് എന്റെ ഏറ്റവും വലിയ അഭിമാനമാണ്. അയൽപക്കത്തെ കുട്ടികളെ കരിയും പൊട്ടുമെഴുതി പരിശീലിച്ചാണ് രഞ്ജുമ്മ ഇന്നത്തെ ആർട്ടിസ്റ്റായി മാറിയത്. ഭാവന, പ്രിയാമണി, മുക്ത, വിനു മോഹൻ, രജത് മേനോൻ എന്നിങ്ങനെയുള്ള അനവധി സെലിബ്രിറ്റികളുടെ മേക്കോവർ ആർട്ടിസ്റ്റാണ് അമ്മ.

പ്രണയനാളുകൾ  

എന്റെ ജീവിതപങ്കാളിയായ ഇഷാൻ ഒരു ട്രാൻസ്മെൻ ആണ്‌. തിരുവനന്തപുരം സ്വദേശിയാണ്. അരക്ഷിതമായൊരു ജീവിതാവസ്ഥയിലൂടെ കടന്നുപോകുന്ന സന്ദർഭത്തിലാണ് ഇഷാൻ എന്റെ ജീവിതത്തിലേക്ക്‌ കടന്നുവരുന്നത്. പ്രണയത്തിന്റെ രസകരമായ നാളുകൾ ഞാൻ അറിഞ്ഞത് ഇഷാനിലൂടെയാണ്. എന്നെ പ്രണയിക്കുന്ന നാളുകളിൽ വള്ളക്കടവിലെ വീട്ടിൽനിന്ന്‌ പുല്ലാനിവിളയിലെ വീട്ടിൽ എന്നെ കാണാൻ വരുമായിരുന്നു. അതും പാതിരാത്രിയിൽ... രാത്രിയിൽ എവിടെ വണ്ടി. ഇങ്ങേർക്കാണേൽ സ്വന്തം വണ്ടിയുമില്ല. പക്ഷേ, പാതിരാത്രിക്ക് എന്നെ കണ്ടേ മതിയാകൂ താനും. ഒടുവിൽ എന്താ വഴിയെന്നോ? വള്ളക്കടവിൽനിന്ന്‌ കിഴക്കേക്കോട്ടവരെ നടക്കും. തമ്പാനൂരിൽ സ്റ്റാൻഡിലെത്തി ആലപ്പുഴക്കോ തൃശൂരിനോ എറണാകുളത്തിനോ ഉള്ള സൂപ്പർ ഫാസ്റ്റ് ബസ് പിടിക്കും,

സൂര്യയും ഭർത്താവ്‌ ഇഷാനും

സൂര്യയും ഭർത്താവ്‌ ഇഷാനും

കാര്യവട്ടത്ത് ഇറങ്ങാൻ. പക്ഷേ, കാര്യവട്ടം ജങ്‌ഷനിൽ ഇറങ്ങാൻ കഴിയാറില്ല. കാരണം സൂപ്പർ ഫാസ്റ്റ് ബസ്സുകൾക്ക്‌ അവിടെ സ്റ്റോപ്പ് ഇല്ല.

കാര്യവട്ടം ക്യാമ്പസിന്റെ മുമ്പിലോ കഴക്കൂട്ടത്തോ ആണ് സ്റ്റോപ്പ് ഉള്ളത്. അവിടെ ഇറങ്ങി കാര്യവട്ടം ജങ്‌ഷനിലേക്ക് നടന്ന്, ഗവൺമെന്റ് കോളേജും എൽഎൻസിപിയും കടന്ന് പുല്ലാന്നിവിളയിലൂടെ പട്ടിയുടെയും പാമ്പിന്റെയും ഒന്നും വായിൽ ചാടാതെ എന്റെ വീട്ടിൽ എത്തും. ഞങ്ങൾ തമ്മിൽ വലിയ പ്രണയത്തിലായി. കമ്യൂണിറ്റിക്കുള്ളിൽ അറിയാതെ അതീവ രഹസ്യമായാണ് ഞങ്ങൾ അത്‌ സൂക്ഷിച്ചിരുന്നത്. ഞാൻ ഒരുപാടുസമയം ഫോണിൽ എൻഗേജ്ഡ് ആകുന്നത്  കൂടെയുള്ളവർ ശ്രദ്ധിച്ചിരുന്നു. സൂര്യ ഒരു പ്രണയത്തിൽ വീണു എന്നവർക്ക് മനസ്സിലായി. ചിലർ ഫോണിൽ ഇക്കാക്ക എന്ന പേരും കണ്ടെത്തി. പക്ഷേ, അത് ആരാണ് എന്ന് കണ്ടെത്താൻ അവർക്ക്‌ കഴിഞ്ഞിരുന്നില്ല. എന്റെ കൂടെ ഉള്ളവർ എന്റെ ഇക്കാക്കാനെ അന്വേഷിക്കുമ്പോൾ ഇഷാൻ വളരെ കൂളായി എന്റെ വീട്ടിൽ വന്നുപോയിരുന്നു.

 രഞ്‌ജുമ്മയെ ചെന്നു കണ്ട്‌ ഇഷാൻ ഞാനുമായുള്ള പ്രണയം തുറന്നുപറഞ്ഞു. അമ്മാ എനിക്ക്‌ സൂര്യയെ ഇഷ്ടമാണ്. വിവാഹം കഴിക്കണമെന്നുണ്ടെന്ന് അറിയിച്ചു. എന്നാൽ 'എടാ സൂര്യ അങ്ങനെയുള്ള ആൾ അല്ല. അവൾ നിന്നെപ്പോലെ ഒരാളെ അംഗീകരിക്കില്ല. സ്വീകരിക്കില്ല’ എന്നായിരുന്നു അമ്മയുടെ മറുപടി. രഞ്ജുമ്മ എന്നെ ഒരു ദിവസം വിളിച്ചു നിർത്തി കാര്യം ‘സൂര്യാ ഇവന്‌ നിന്നെ ഇഷ്ടമാ കല്യാണം കഴിക്കണമെന്നൊക്കെയാ പറയുന്നേ. നിനക്ക് എന്താ പറയാനുള്ളത് ’ എന്ന് ചോദിച്ചു. എനിക്ക് ഇഷ്ടക്കേട് ഒന്നുമില്ലെന്ന്  ഞാൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ ആഴത്തിൽ അടുപ്പമുള്ളതായി മറ്റാർക്കും അറിയില്ലായിരുന്നു.

പ്രണയം പങ്കുവെച്ച ഉടനെ തന്നെ ഇഷാൻ വിവാഹത്തിന്‌ തിടുക്കം കൂട്ടിയതിന് കാരണങ്ങളുണ്ട്. ഞങ്ങളുടെ ഈ ബന്ധം അറിഞ്ഞാൽ കമ്യൂണിറ്റിക്കുള്ളിലെ ആളുകൾ സ്വീകരിക്കണമെന്നില്ല. പലതരത്തിലുള്ള എതിർപ്പുകൾ, ഗോസിപ്പുകൾ ഒക്കെ ഉണ്ടാകും. സൂര്യ ഒരു സെലിബ്രിറ്റിയാണ്. സൂര്യക്ക് എതിരെ മോശമായ കമന്റുകൾ ഉയർന്നുവരരുത്. എന്നതായിരുന്നു ഇഷാന്റെ നിലപാട്. പിന്നെ വിവാഹം നീട്ടിക്കൊണ്ടുപോയാൽ അത് ആരെങ്കിലുമൊക്കെ മുടക്കിയെന്നും വരും. അതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു കൂട്ടിൽ കൂടുക. അതാണ് ഏറ്റവും നല്ലതെന്ന് തീരുമാനിച്ചു. രഞ്ജുമ്മ ഞങ്ങടെ ബന്ധത്തിന്റെ തീവ്രത മനസ്സിലാക്കി ഞങ്ങൾക്കൊപ്പം നിന്നു.

കെ കെ ശൈലജയ്‌ക്കൊപ്പം

കെ കെ ശൈലജയ്‌ക്കൊപ്പം

ഞങ്ങളുടെ ജീവിതം പറയുമ്പോൾ വിട്ടുപോകാതെ പറയേണ്ടുന്ന ഒരു പേരാണ് കെ കെ ശൈലജ ടീച്ചർ. ഞങ്ങളുടെ ടീച്ചറമ്മ. ഹൃദയത്തിൽ തൊട്ടുകൊണ്ടുതന്നെ ആ പേര് പറയാൻ കഴിയും. ഞങ്ങളുടെ കമ്യൂണിറ്റിയോട് ഏറ്റവും കൂടുതൽ സ്നേഹവും മര്യാദയും പ്രകടിപ്പിച്ചിട്ടുള്ള ആളാണ് ടീച്ചർ. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യവകുപ്പ് മന്ത്രിയായ ശൈലജ ടീച്ചർ ട്രാൻസുകളുടെ കാര്യത്തിൽ കൃത്യമായ ശ്രദ്ധ പുലർത്തിയിരുന്നു.

ഞങ്ങളുടെ വിവാഹത്തിന് ശൈലജ ടീച്ചറെ ക്ഷണിച്ചിരുന്നു. പക്ഷേ, തിരക്കുകൾ മൂലം ടീച്ചർക്ക് എത്താൻ കഴിഞ്ഞില്ല. അത് ഞങ്ങൾക്ക്‌ ചെറിയ സങ്കടമായി. പക്ഷേ, വലിയൊരു സന്തോഷം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. സാമൂഹ്യനീതിവകുപ്പിൽനിന്ന്‌ വിളി വരുമ്പോഴാണ് ഞങ്ങൾ അത് അറിയുന്നത്.
കേരള സർക്കാരിന്റെ ഒരു വിരുന്ന്. ഹോട്ടൽ അപ്പോളോ ഡിമോറയിലാണ് അത് ക്രമീകരിച്ചിരുന്നത്. കേരളത്തിലെ ആദ്യ ട്രാൻസ്ജന്റർ ദമ്പതികൾ എന്ന നിലയിലാണ് സർക്കാർ വിരുന്ന്‌ നൽകിയത്. അതിൽ ടീച്ചറമ്മ പങ്കെടുത്തിരുന്നു. ഒപ്പം സാമൂഹ്യനീതിവകുപ്പിലെ ഉദ്യോഗസ്ഥരും. പിന്നെ എന്റെയും ഇഷാന്റെയും ബന്ധുക്കളും. അതിൽ എന്റെ അമ്മയും മാമനും പങ്കെടുത്തിരുന്നു.

സോഷ്യൽ മീഡിയ ആക്രമണങ്ങൾ

‘സൂര്യ ഗർഭിണിയായോ?’
‘എപ്പോ?’
‘അതെങ്ങനെയാ നടക്കുന്നേ?'
‘ എന്തോന്നിതൊക്കെ?’
'അങ്ങിനെയൊക്കെയായാൽ ശരിയാകുമോ?'

 അനവധി ചോദ്യങ്ങളും കഥകളും ഒരു ദിവസം ഉയർന്നുവന്നു. തുടർന്ന് അന്വേഷണങ്ങളുടെ പ്രളയം. ചിലർ നേരിട്ടന്വേഷിച്ചു. മറ്റു ചിലർ ഞങ്ങളുടെ സുഹൃത്തുക്കളോട് വ്യാപകമായി അന്വേഷിക്കുന്നു. ചിലർ ഫോൺ വിളിച്ചിട്ട് ഇത് ചോദിക്കാൻ മടിച്ചുനിൽക്കുന്നു. പലർക്കും കൺഫ്യൂഷൻ. ചിലർക്ക് ആശങ്ക. അങ്ങനെയുള്ള കുറച്ച് ദിനങ്ങൾ ഞങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നു.

എന്താണിതിന്റെ ഉറവിടം? എങ്ങനെയാണ് ഇങ്ങനെയൊരു വിഷയം ഉണ്ടാകുന്നത്? അതിന്റെ യഥാർഥ വസ്തുത എന്താണ്. അത് എല്ലാവരെയും അറിയിക്കേണ്ടതുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.

സൂര്യയുടെയും ഇഷാന്റെയും വിവാഹചിത്രം

സൂര്യയുടെയും ഇഷാന്റെയും വിവാഹചിത്രം


ഒരു കുഞ്ഞ് ഞങ്ങളുടെ സ്വപ്നമാണ്. ആഗ്രഹമാണ്. അതു സത്യമാണ്. അതിലേക്ക് എത്തുവാൻ ഏറെ കടമ്പകൾ കടക്കേണ്ടതുണ്ട്. വിവാഹത്തിനു മുന്നേ കുട്ടികൾ വേണമെന്ന്‌ തീരുമാനിച്ചിരുന്നു. പിന്നീട് വിവാഹശേഷം അതിന്റെ ആവശ്യവുമായി ഞങ്ങൾ ഹോസ്പിറ്റലിലെത്തി. അന്വേഷണങ്ങൾ തുടങ്ങി. തിരുവനന്തപുരത്തെ സൺറൈസ് എന്ന ആശുപത്രിയിലെ ഗൈനക്കോളജി ഡിപ്പാർട്ടുമെന്റിലാണ് എത്തുന്നത്. ഐവിഎഫ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു. ഞങ്ങളുടെ സ്വപ്നങ്ങൾ നടക്കണം.

അവർ രണ്ടു മൂന്ന് ഓപ്ഷനുകൾ ഞങ്ങൾക്ക് നൽകി. ഇഷാന്‌ ഗർഭിണിയാകാം. കാരണം ഇഷാൻ യൂട്രസ് റിമൂവ് ചെയ്തിട്ടില്ല. അതുകൊണ്ടു നടക്കും. രണ്ട് സറോഗേറ്റ് മദർ (വാടക അമ്മമാർ), വാടകഗർഭപാത്രം. പക്ഷേ, കേരളത്തിൽ സറോഗേറ്റ് അമ്മമാർ അനുവദനീയമല്ല. ഈ രണ്ട് ഓപ്ഷനുകളും എനിക്ക് സ്വീകാര്യമല്ലായിരുന്നു, ഇഷാനും എന്റെ മനസ്സിലും മറ്റൊരു ഐഡിയ ഉണ്ടായിരുന്നു.

യൂട്രസ് ട്രാൻസ്പ്ലാന്റേഷൻ. അത്തരമൊരു രീതിയെക്കുറിച്ച്‌ ഞാൻ വായനയിലൂടെ അറിഞ്ഞിരുന്നു. അതിന്റെ സാധ്യതകൾ ഡോക്ടറോട് അന്വേഷിച്ചു. അവർ അതിന്റെ ഗുണദോഷങ്ങൾ പറഞ്ഞുതന്നു. ഇന്ത്യയിൽ ഒരേയൊരു യൂട്രസ് ട്രാൻസ്പ്ലാന്റേഷൻ നടത്തിയിട്ടുള്ളൂ. അത് ഒരു സ്ത്രീയായതുകൊണ്ട് വിജയമായിരുന്നു.

സൂര്യയും ഇഷാനും അഭിനയിച്ച ‘എൻ കണ്ണുക്കുള്ളെ നീ താനേ’ എന്ന മ്യൂസിക് ആൽബത്തിൽ നിന്ന്

സൂര്യയും ഇഷാനും അഭിനയിച്ച ‘എൻ കണ്ണുക്കുള്ളെ നീ താനേ’ എന്ന മ്യൂസിക് ആൽബത്തിൽ നിന്ന്


പക്ഷേ, എന്റെ കാര്യത്തിലോ? അത് എത്രത്തോളം സാധ്യതയുണ്ട്. എന്റേത് ട്രാൻസ്ജന്റർ ശരീരമാണ്. അതിനു ചേരുന്ന യൂട്രസ് ലഭിക്കണം. ആരോഗ്യമുള്ള ഒരു യുവതിയുടേതായിരിക്കണം അത്. യൂട്രസ് എന്റെ ശരീരത്തിൽ ചേർക്കുന്നതിനുമുന്നേ എന്റെ ശരീരം കൂടുതൽ ഫെമിനൻ ആകേണ്ടതുണ്ട്. അതിനായി ഒരുപാട് ട്രീറ്റ്മെന്റുകൾ നടത്തേണ്ടതുണ്ട്. അങ്ങനെ ഒരു ഘട്ടം കഴിഞ്ഞാൽ അടുത്തത് യൂട്രസ് ട്രാൻസ്പ്ലാന്റേഷനാണ്. ട്രാൻസ്പ്ലാന്റേഷനുശേഷം ആറുമാസത്തോളം ഹോസ്പിറ്റലിൽ തന്നെ കഴിയേണ്ടിവരും. ആറുമാസം കഴിഞ്ഞ് വെച്ചുപിടിപ്പിച്ച യൂട്രസ് എന്റെ ശരീരത്തിൽ ചേരുന്നുണ്ടോ ഇല്ലയോ എന്നറിയാൻ പറ്റൂ.

ഇനി ചേർന്നില്ലെങ്കിലോ? യൂട്രസ് തിരിച്ച് റിമൂവ് ചെയ്യേണ്ടിവരും.  കഥ പറഞ്ഞപ്പോൾ എന്തൊരു എളുപ്പം? ഒരു റേഡിയോയുടെയോ ടെലിവിഷന്റെയോ ചെറിയ ചെറിയ പാർട്സുകൾ മാറ്റി പുതിയത് വെക്കുംപോലെയുണ്ട്. ഉപകരണങ്ങളിൽ അത് എളുപ്പത്തിൽ നടക്കും. മനുഷ്യരിലോ? അത് അത്രയേറെ എളുപ്പമല്ലല്ലോ... ഞങ്ങളുടെ ഈ അന്വേഷണങ്ങൾ എങ്ങനെയോ പുറത്തറിഞ്ഞതിനുപിന്നാലെ വനിത സ്റ്റോറി ചെയ്യുകയായിരുന്നു. ഞങ്ങൾ ഏറെ പിൻതുണച്ചിരുന്ന, ഞങ്ങളേറെ സഹായിച്ച ആളുകൾ ഈ വിവാദങ്ങളെ തുടർന്ന് ഞങ്ങളെ തള്ളിപ്പറഞ്ഞു. അതിൽ എനിക്ക് വിഷമമില്ല. പതിനെട്ടു വർഷത്തിലധികമായി ഞാൻ ട്രാൻസ് കമ്യൂണിറ്റിക്കുവേണ്ടി പ്രവർത്തിക്കുന്നു. തിരിച്ചൊരു നല്ല വാക്കുപോലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, എന്റെ സ്വന്തമെന്നു വിശ്വസിച്ചിരുന്നവർ, എന്റെ സുഹൃത്തുക്കൾ അങ്ങനെയെല്ലാരും തന്നെ ഞങ്ങൾക്കെതിരെ തിരിഞ്ഞു.

സ്ത്രീയെന്ന അഭിമാനം

ഞാൻ മനസ്സിൽ കണ്ടതിനുമപ്പുറത്താണ് സ്ത്രീയുടെ ജീവിതം. സ്ത്രീവേഷം കെട്ടുമ്പോൾ ലഭിക്കാത്ത സംതൃപ്തി സ്ത്രീയായതിലൂടെ ലഭിക്കുന്നു. സമൂഹം സ്ത്രീക്കു കൊടുക്കുന്ന പരിഗണനകൾ പലപ്പോഴും മാറിനിന്ന് കണ്ടിട്ടുണ്ട്. സർജറിയിലൂടെ സ്ത്രീയായി മാറിയപ്പോൾ വല്ലാത്ത ആനന്ദം കണ്ടെത്തി. ഒരുപാടു സ്ത്രീകൾ എന്നെ അംഗീകരിക്കുവാൻ തുടങ്ങി. സമൂഹത്തോട് സ്ത്രീകൾക്ക്‌ ചില മര്യാദകളുണ്ട്. ആ രീതിയിൽ ഞാനും പെരുമാറാൻ തുടങ്ങി.

സ്ത്രീയായി മാറിയതിനുശേഷം എനിക്ക്‌ വലിയ സ്വീകാര്യതകളാണ് ലഭിച്ചത്. വനിതാ പാർലമെന്റിലെ അവാർഡ് എനിക്കാണ് ലഭിച്ചത്. എന്നേക്കാൾ പ്രഗത്ഭരായ എത്രയോ വനിതകൾ എന്നോടൊപ്പമുണ്ടായിരുന്നു. പക്ഷേ, അവാർഡ് എനിക്കാണ് ലഭിച്ചത്. അതോടൊപ്പം കേരളത്തിലെ വിവിധ കോളേജുകളിൽ സംസാരിക്കുവാൻ ഗസ്റ്റ് ആയി ക്ഷണിച്ചു.

‘ലിംഗപദവി സമത്വവും നീതിയും’ എന്ന ക്യാമ്പയിനിൽ സൂര്യ സംസാരിക്കുന്നു

‘ലിംഗപദവി സമത്വവും നീതിയും’ എന്ന ക്യാമ്പയിനിൽ സൂര്യ സംസാരിക്കുന്നു

സ്ത്രീയെന്ന നിലയിൽ അഭിമാനിക്കുമ്പോഴും ഉള്ളിൽ വേദനിക്കേണ്ടിവന്നിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയെങ്കിലും ഇപ്പോഴും പെൺവേഷം കെട്ടുന്നവനായി ഒരുപാടു പേർ എന്നെ കാണുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ എന്റെ ശരീരത്തിൽ എന്താണ് അവശേഷിക്കുന്നത് എന്ന് അറിയുവാനാണ് താല്പര്യം. അത് ആണിന്റെ കൗതുകങ്ങളാണ്.

എനിക്ക് ഒരു നല്ല വ്യക്തിത്വമുണ്ട്. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക്‌ നൽകുന്ന എല്ലാ അവകാശങ്ങളും എനിക്കുമുണ്ട്. എല്ലാ മനുഷ്യരെയും പോലെ വസ്ത്രങ്ങൾ ധരിക്കാനും സഞ്ചരിക്കാനും സംസാരിക്കാനും എനിക്കും അവകാശങ്ങളുണ്ട്.

ട്രാൻസും സ്വയം തൊഴിൽ പദ്ധതിയും

തിരുവനന്തപുരത്തുനിന്ന്‌ ആലുവയിലേക്ക് എത്തുമ്പോൾ ഏറെക്കുറെ കമ്യൂണിറ്റിയുമായുള്ള ബന്ധങ്ങൾ കുറച്ചിരുന്നു. ആരോടും യാത്ര പറയാതെയാണ് ഞങ്ങൾ ആലുവയിലേക്ക് പോയതും. യാത്ര പറയേണ്ട ആശ്യകതയോ സാഹചര്യമോ ഉണ്ടായിരുന്നില്ല.

കേരള സർക്കാർ ട്രാൻസ്ജന്ററുകളുടെ ഉന്നമനത്തിനായി അനവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. പക്ഷേ, ഒരു കാര്യം പറയാതെ വയ്യ. കേരളത്തിലെ ഉദ്യോഗസ്ഥ ഭരണസംവിധാനത്തിന് പല പരിമിതികളുമുണ്ട്. എന്റെയും ഇഷാന്റെയും അനുഭവം അത്തരത്തിലുള്ളതായിരുന്നു. ഞങ്ങൾ കരമനയിൽ താമസിക്കുന്ന കാലയളവിലാണ് അച്ചാർ നിർമാണം എന്ന സ്വയം തൊഴിൽ പദ്ധതിയിലേക്ക് ഇറങ്ങുന്നത്. അതിനുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ നൽകി.

മഞ്ജു വാര്യർക്കൊപ്പം

മഞ്ജു വാര്യർക്കൊപ്പം

ആവശ്യമായ രേഖകളും നൽകിയിരുന്നു. കുറച്ചു നാളുകൾക്കു ശേഷം ആദ്യ ഗഡുതുക അനുവദിച്ചുകിട്ടി. അച്ചാർ കച്ചവടം നന്നായി നടക്കുന്നതിനിടയിലാണ് ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ടാകുന്നത്. അങ്ങനെയാണ് ഞങ്ങൾ തിരുവനന്തപുരം വിടുന്നത്. ആലുവായിലെത്തി ഒന്നു സെറ്റായതിനു ശേഷം അച്ചാർ നിർമാണം പുനരാരംഭിച്ചു.

അപ്പോഴാണ് അതിന്റെ രണ്ടാം ഗഡുവിനായുള്ള അന്വേഷണങ്ങൾ നടത്തുന്നത്‌. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അന്വേഷണങ്ങൾ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഞങ്ങൾ കരമനയിൽനിന്ന്‌ ആലുവയിലേക്ക് സ്ഥലം മാറിയതായിരുന്നു പ്രശ്നം.

 പ്രതിസന്ധികളിലൂടെ നീങ്ങിത്തുടങ്ങുമ്പോഴാണ് ലോകമാകെ മാറിമറിയുന്ന കോവിഡ് 19 എത്തുന്നത്. 2019 ഡിസംബറിലാണ് കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ കണ്ടെത്തുന്നത്. തുടർന്ന് വൈറസ് ലോകമാകെ വ്യാപിക്കുന്നു. രാജ്യങ്ങൾ അടച്ചിടാൻ തുടങ്ങി. ഇന്ത്യയിലും സമ്പൂർണ ലോക്ഡൗൺ. വറുതിയുടെ നാളുകൾ. ആളുകൾക്ക് തൊഴിൽ ചെയ്യാൻ സാഹചര്യമില്ല. സ്ഥാപനങ്ങൾ എല്ലാം അടഞ്ഞുകിടന്നു. വീട്ടിനുള്ളിൽത്തന്നെ കഴിഞ്ഞുകൂടേണ്ടിവന്ന നാളുകൾ. ശരിക്കും മാനസിക സമ്മർദത്തിലായ നാളുകൾ.

ലോക്ഡൗണിൽ ഇളവുകൾ വന്നുതുടങ്ങിയപ്പോഴാണ് അച്ചാർ നിർമാണ പരിപാടികൾ ആരംഭിക്കുന്നത്. ആലുവ ഹൈവേ റോഡിൽ വെച്ച് അച്ചാർ കച്ചവടം ചെയ്യുവാൻ തീരുമാനിച്ചു. പറ്റിയൊരു സ്ഥലവും കണ്ടുപിടിച്ചു. വഴിയോരക്കച്ചവടം ഏറെ രസകരമാണ്; അതുപോലെ അപകടം പിടിച്ചതും. കസ്റ്റമേഴ്സിന്റെ വരവ് കാത്തിരിക്കുക. വരുന്നവർക്ക്‌ സാധനങ്ങൾ നൽകുക.

കാശ്‌ വാങ്ങുക. തികച്ചും മാന്യമായി ഇടപെടുന്ന പലതരം ആളുകളെയും കാണാം. അപകടം എന്നുപറയുന്നത് വിചിത്ര സ്വഭാവമുള്ള ആളുകളെ കാണേണ്ടിവരുമെന്നുള്ളതാണ്. അശ്ലീലമായ കമന്റുകൾ പറയുന്നവർ, അശ്ലീല ചേഷ്ടകൾ കാട്ടി കടന്നുപോകുന്നവർ ഒക്കെ ഇതിൽപ്പെടും. ഒരിക്കൽ ഒരുത്തൻ എന്റെ അച്ചാറു പാക്കറ്റുകൾ ഒക്കെ എടുത്ത് ഓടിക്കളഞ്ഞു. പിറകെ ഓടിയെങ്കിലും എനിക്ക് അവനെ പിടിക്കാനായില്ല.
കിതപ്പോടെ ഞാനവൻ പോയ വഴിക്കു നോക്കിനിന്നു. ചുട്ടുപൊള്ളുന്ന വഴിയരികിൽ കച്ചവടത്തിനായി നിൽക്കുമ്പോഴത്തെ അവസ്ഥ അല്പം ഭീകരമാണ്. ഒന്ന്‌ മൂത്രമൊഴിക്കുവാൻ പോലുമുള്ള സൗകര്യം ഇല്ല. വീർപ്പുമുട്ടലോടെയാണ് കഴിച്ചുകൂട്ടുക.

ഒരിടത്തൊരു ചാനൽ മുതലാളി

എനിക്കും ഇക്കാക്കയ്ക്കും ഒരു ചെറിയ ചാനലുണ്ട്. സൂര്യ ഇഷാൻ യൂട്യൂബ് ചാനൽ. ഇക്കയാണ്  നമുക്കൊരു യുട്യൂബ് ചാനൽ തുടങ്ങാമെന്ന് പറഞ്ഞത്. ഇക്ക ക്യാമറ ചെയ്യും. ഞാൻ സംസാരിക്കും. ആദ്യമായി ഞങ്ങൾ ആലുവയിലേക്കു പോന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തു. പിന്നെ ചെറിയ ചെറിയ വീഡിയോകൾ ചെയ്തു. സബ്സ്ക്രൈബേഴ്സ് വന്നുതുടങ്ങി.  വീഡിയോസിന്റെ എണ്ണം കൂടുന്നതനുസരിച്ച് വ്യൂവേഴ്സിന്റെ എണ്ണത്തിലും വർധന ഉണ്ടാകുന്നുണ്ടായിരുന്നു.
ശരിക്കും പറഞ്ഞാൽ ഈ കൊറോണക്കാലത്ത് ഞങ്ങൾക്ക്‌ തുണയായത് യുട്യൂബ് ചാനലാണ്. വറുതിയുടെ കാലത്താണ് യുട്യൂബിൽനിന്ന്‌ വരുമാനം ലഭിക്കുന്നത്‌. ഏകദേശം അമ്പതിനായിരത്തോളം രൂപ ലഭിച്ചു.

‘അർധനാരി’ എന്ന ചിത്രത്തിൽ സുകുമാരിയും സൂര്യയും

‘അർധനാരി’ എന്ന ചിത്രത്തിൽ സുകുമാരിയും സൂര്യയും

അതുവരെ ഞാൻ ചെയ്ത വീഡിയോകൾക്കെല്ലാമുള്ള പരസ്യ ഇനത്തിലുള്ള വരുമാനമായിരുന്നു അത്. സത്യത്തിൽ എന്റെ കണ്ണുനിറഞ്ഞുപോയി ആ പൈസ കണ്ടപ്പോൾ. ഞങ്ങൾ ശരിക്കും യാത്ര തുടങ്ങുന്നത് ഞങ്ങളുടെ വ്ളോഗിന്റെ ഭാഗമായിട്ടാണ്. ഒത്തിരി യാത്രകൾ നടത്താൻ കഴിഞ്ഞു. യാത്രയുടെ സന്തോഷങ്ങൾ ഒന്നു വേറെ തന്നെയാണ്.
ഈ ജീവിത യാത്രയിൽ കാണാൻ കഴിയുന്ന അത്രയും നാടുകൾ കാണണം. കാഴ്ചകൾ ആസ്വദിക്കണം. എന്നെ സംബന്ധിച്ചിടത്തോളം യാത്ര മറ്റൊരനുഭവമാണ്. ജന്ററിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട ഒട്ടനവധി ഇടങ്ങളുണ്ട്.

അവിടെയൊക്കെയും കടന്നുചെല്ലണമെന്ന് ആഗ്രഹിച്ചിരുന്നു... പ്രതീക്ഷിച്ചിരുന്നു. അത്‌ സാധ്യമായപ്പോൾ എനിക്കുണ്ടായ ആനന്ദം വിവരണാതീതമായിരുന്നു  .

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top