23 January Wednesday

പോരാട്ടങ്ങള്‍ക്ക് കണ്ണും കാതും നല്‍കാന്‍ 'സഖാവ് പുഷ്പന്‍'

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017

പുഷ്പന്‍ കൂത്തുപറമ്പ് വെടിവെപ്പ് ചിത്രീകരിച്ച ശില്‍പം കാണുന്നു (ഫയല്‍ചിത്രം)

'നിങ്ങളുടെമുന്നില്‍ ഇങ്ങനെ വന്നുനില്‍ക്കാനാവുമോ എന്നെനിക്കറിയില്ല. എന്റെ യൌവനം ബലിനല്‍കിയത് ഞാന്‍ സ്നേഹിച്ച പ്രസ്ഥാനത്തിനുവേണ്ടിയാണ്. ഇനിയെത്രകാലം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്ന് അറിയില്ല. ഒന്നറിയാം ഒരുപോരാട്ടവും വെറുതെയാവില്ല.

അവസാനിക്കുകയുമില്ല. ലാല്‍സലാം....'' പുഷ്പന്റെ വാക്കുകള്‍ അവസാനിക്കുമ്പോള്‍ ശുഭ്രപതാകയേന്തി സമരഭൂമിയുടെ ആവേശം ഏറ്റുവാങ്ങിയ സദസ്സിന്റെ മുദ്രാവാക്യം. പശ്ചാത്തലത്തില്‍ പടപ്പാട്ടുയരുമ്പോള്‍ സദസ് ജാഥപോലെ വേദിയിലെത്തി പുഷ്പനെ ഹൃദയത്തോട് ചേര്‍ക്കുന്നു. പുഷ്പന്റെ പോരാട്ട ജീവിതത്തെക്കുറിച്ച് ആവിഷ്കരിക്കുന്ന 'സഖാവ് പുഷ്പന്‍' എന്ന ഏകപാത്ര നാടകം അവതരിപ്പിച്ചത് പേരാമ്പ്രയിലെ കെ പി സജീവന്‍.

ചൊക്ളി മേനപ്രത്തെ പുഷ്പന്റെ ജന്മനാട്ടിലായിരുന്നു നാടകത്തിന്റെ ആദ്യ അവതരണം. നിറഞ്ഞ സദസ്സിനുമുന്നില്‍ പുഷ്പനായി സജീവന്‍ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. നാടകത്തിന് തിരശ്ശീലവീഴുമ്പോള്‍ സദസ്സില്‍നിന്ന് നടന് അഭിവാദ്യം അര്‍പ്പിച്ചുയര്‍ന്ന മുദ്രാവാക്യം മാത്രംമതി നാടകം എത്രമാത്രം ജനങ്ങള്‍ ഏറ്റെടുത്തുവെന്നതിന്. പുഷ്പന്റെ ജീവിതത്തിന്റെ രണ്ടുഘട്ടമാണ് 45 മിനിറ്റിനുള്ളില്‍ അവതരിപ്പിച്ചത്. ബാല്യംമുതല്‍ കൂത്തുപറമ്പ് സമരംവരെയുള്ള ഒന്നാംഘട്ടവും കൂത്തുപറമ്പ് സമരത്തിനുശേഷമുള്ള ജീവിതവും.

ബാലസംഘവും എസ്എഫ്ഐയുംകടന്ന് മറുനാട്ടില്‍ ജീവിതം തേടിപ്പോകുന്ന പുഷ്പന്റെ കാലത്തിലൂടെയാണ് സാമൂഹ്യമായ കുടുംബചുറ്റുപാടുകള്‍ മുന്നിലെത്തുന്നത്. കര്‍ഷകത്തൊഴിലാളി കുടുംബത്തിന്റെ അക്കാലത്തെ കഷ്ടപ്പാടിന്റെ ഓര്‍മപ്പെടുത്തല്‍കൂടിയാവുന്നു ഈഭാഗം. മൈസൂരുവില്‍നിന്ന് നാട്ടിലെത്തിയതിന്റെ ഇടവേളയില്‍ കൂത്തുപറമ്പ് വിളിച്ചപ്പോള്‍ ആവേശത്തോടെ കറുത്തതുണിയുമായി പ്രതിഷേധിക്കാന്‍ പോകുന്നു പുഷ്പന്‍.
വിദ്യാഭ്യാസക്കച്ചവടത്തിനും ജില്ലാ സഹകരണബാങ്കിലെ അഴിമതിക്കുമെതിരെ കത്തിപ്പടര്‍ന്ന വിദ്യാര്‍ഥിസമരത്തെക്കുറിച്ചുള്ള പരാമര്‍ശം കേരളവും കണ്ണൂരും തിളച്ചുമറിഞ്ഞ കാലത്തെ അടയാളപ്പെടുത്തുന്നു. 1994 നവംബര്‍ 25ന്റെ സമരഭൂമിയില്‍ പ്രതീകാത്മകമായി പ്രതിഷേധിക്കാന്‍ കറുത്ത തൂവാലയുമായെത്തിയവര്‍ക്കൊപ്പം നില്‍ക്കുമ്പോഴുള്ള പുഷ്പന്റെ ഓര്‍മ. സമരമുഖത്തുനിന്നുള്ള ലാത്തിച്ചാര്‍ജും വെടിവയ്പും, ഉയര്‍ന്നുകേള്‍ക്കുന്ന ഇങ്ക്വിലാബ് വിളികള്‍, പൊലീസ് വാഹനത്തിന്റെ ഇരമ്പം- കൂത്തുപറമ്പിലെ സമാനതയില്ലാത്ത യുവജനമുന്നേറ്റത്തിന്റെ നേര്‍ചിത്രമായി രംഗം മാറുന്നു. ആലക്കണ്ടി കോംപ്ളക്സിനുമുന്നില്‍ നില്‍ക്കുമ്പോള്‍ കെ കെ രാജീവന്‍ വെടിയേറ്റുവീഴുന്നു. താങ്ങിയെടുക്കുമ്പോള്‍ പുഷ്പനും.

കെ കെ രാജീവനും ഷിബുലാല്‍, ബാബു, മധു, റോഷനും രക്തസാക്ഷികളായ വാര്‍ത്ത. വെടിയേറ്റപുഷ്പനെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍. എനിക്കൊരിക്കലും എഴുന്നേല്‍ക്കാന്‍ കഴിയില്ലേ ശശിയേട്ടാ എന്ന ആദ്യകാലത്തെ പുഷ്പന്റെ ഇടനെഞ്ച് പിളര്‍ക്കുന്ന ചോദ്യം. അവിടെ പുഷ്പനെ കരുത്തോടെ നിര്‍ത്തിയ തെങ്ങില്‍നിന്ന് വീണുകിടപ്പിലായ മേക്കുന്നത്തെ സഖാവ് രവിയേട്ടനും നാടകകലാകാരന്‍ അജയനും മാമന്‍ വാസുവും സൈമണ്‍ബ്രിട്ടോയും അടക്കമുള്ളവര്‍. സ്നേഹത്തില്‍ പൊതിഞ്ഞ് പുപ്പാ എന്ന് വിളിച്ചെത്തുന്ന സുഹൃത്തുക്കള്‍. മേനപ്രത്തും ചൊക്ളിയിലെയും വിശേഷം തിരക്കുന്ന പുഷ്പന്‍. നിലവിളിക്കാന്‍ തോന്നിയ നിമിഷങ്ങളുണ്ട്. പക്ഷേ, ഞാന്‍ കരഞ്ഞിട്ടില്ല. കൂത്തുപറമ്പിലെ പോരാളി ഒരിക്കലും ദുര്‍ബലനാവില്ലെന്ന് പുഷ്പന്‍ പറയുന്നുണ്ട്.

പുഷ്പനെ അറിയാമോ... സവ്യസാചിയുടെ ഗാനവും നാടകത്തെ അനുഭവമാക്കി മാറ്റുന്നു.  കളിമുറ്റം നാടക തിയേറ്ററാണ് സഖാവ് പുഷ്പന്‍ അവതരിപ്പിക്കുന്നത്. രചന, അവതരണം, സംവിധാനം കെ പി സജീവന്‍. ബാലന്‍ വാളേരിയാണ് സംവിധാന സഹായം. തങ്കയം ശശികുമാര്‍, ബാബു ചെമ്പ്ര എന്നിവര്‍ ശബ്ദംനല്‍കി. സവ്യസാചിയുടെ ഗാനത്തിന് വിനോദ് നിസരി സംഗീതം പകരുന്നു. ദീപസംവിധാനം രൂപേഷ് സാഗര്‍.  കെ വി ബാലന്‍ നവോദയയാണ് ദീപനിയന്ത്രണം.

പുഷ്പനായി കെ പി സജീവന്‍.

പുഷ്പനായി കെ പി സജീവന്‍.


ചൊക്ളിക്കടുത്ത മേനപ്രത്ത് സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം എം സുരേന്ദ്രനും നാട്ടുകാരും ചേര്‍ന്ന് ജനകീയമായാണ് നാടകം ഉദ്ഘാടനംചെയ്തത്. നാല്‍പതോളം നാടകങ്ങള്‍ രചിച്ച സജീവന്‍ കളിമുറ്റം നാടകക്യാമ്പിലൂടെ ഏഷ്യാബുക്സ് ഓഫ് റെക്കോഡിലടക്കം ഇടംപിടിച്ച നാടക പ്രവര്‍ത്തകനാണ്. കാവാലം നാരായണ പണിക്കരുടെ സോപാനം, കെ ജെ ബേബിയുടെ നാടകസംഘം, കെ ടി മുഹമ്മദ്, മുഹമ്മദ് പേരാമ്പ്ര എന്നിവരില്‍നിന്ന് ലഭിച്ച അറിവും അനുഭവവുമാണ് ഈ നാടകപ്രവര്‍ത്തകനെ രൂപപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ഏകപാത്ര നാടകമാണിത്. 'പ്രകാശന്റെ പ്രശ്നങ്ങള്‍', 'ഒറ്റമുറിയിലെ മനുഷ്യര്‍' എന്നിവയാണ് മറ്റു നാടകങ്ങള്‍.

പ്രധാന വാർത്തകൾ
 Top