08 July Wednesday

ദുരിതപ്പെയ്‌ത്ത്‌ തുടരുന്നു

സ്വന്തം ലേഖകൻUpdated: Sunday Aug 11, 2019


കൊച്ചി
മഹാപ്രളയത്തിന്റെ ഓർമകൾക്ക്‌ ഒരാണ്ട്‌ പൂർത്തിയാകാനിരിക്കേ ജില്ലയിൽ മഴ ദുരിതപ്പെയ്‌ത്ത്‌ തുടരുന്നു. ശനിയാഴ്‌ച പകൽ ചിലയിടങ്ങളിൽ നേരിയ കുറവുണ്ടായെങ്കിലും വൈകിട്ടോടെ  മഴ വീണ്ടും ശക്തി പ്രാപിച്ചു. ഭൂതത്താൻകെട്ട്‌ ഡാമിൽ ജലനിരപ്പിൽ നേരിയ കുറവുണ്ട്‌. കിഴക്കൻ പ്രദേശങ്ങളിൽ വ്യാഴാഴ്‌ച വെള്ളം കയറിയ സ്ഥലങ്ങളിൽ ജലനിരപ്പ്‌ താഴ്‌ന്നു. പെരിയാറിലും മൂവാറ്റുപുഴയാറിലും ശനിയാഴ്‌ച രാവിലെ ജലനിരപ്പ്‌ അൽപ്പം കുറഞ്ഞത്‌ സമീപവാസികൾക്ക്‌ ആശ്വാസമായി. എന്നാൽ വൈകിട്ടോടെ വീണ്ടും മഴ ശക്തമായിട്ടുണ്ട്‌. 133 ക്യാമ്പുകളിലായി 23,158 പേർ കഴിയുന്നു.

കൃത്രിമകാൽ ഘടിപ്പിച്ച ബെൻസിൽ മൂവാറ്റുപുഴ കായനാട് റോഡിലെ വെള്ളക്കെട്ടിലൂടെ വീട്ടിലേക്ക് പോകുന്നു

കൃത്രിമകാൽ ഘടിപ്പിച്ച ബെൻസിൽ മൂവാറ്റുപുഴ കായനാട് റോഡിലെ വെള്ളക്കെട്ടിലൂടെ വീട്ടിലേക്ക് പോകുന്നു

രണ്ടുദിവസമായി അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേയിൽനിന്ന്‌ വെള്ളം പൂർണമായും ഇറങ്ങിയതിനാൽ ഞായറാഴ്‌ച പകൽ 12ന്‌ പ്രവർത്തനം പുനരാരംഭിക്കുമെന്ന്‌ സിയാൽ അറിയിച്ചു. വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ ട്രെയിൻ ഗതാഗതം താറുമാറായത്‌ യാത്രക്കാരെ സാരമായി ബാധിച്ചു. കെഎസ്‌ആർടിസി ഭൂരിഭാഗം സർവീസുകളും മുടക്കമില്ലാതെ  നടത്തുന്നുണ്ട്‌.

കോതമംഗലം, മൂവാറ്റുപുഴ പട്ടണങ്ങളിൽ വെള്ളമിറങ്ങിയതോടെ ബസ്‌ സർവീസുകൾ പുനരാരംഭിച്ചു. മൂവാറ്റുപുഴ മാർക്കറ്റ്‌, കക്കടാശേരി, കോതമംഗലം കോഴിപ്പിള്ളി, തങ്കളം എന്നിവിടങ്ങളിലെ ജലനിരപ്പ്‌ താഴ്ന്നു. കുട്ടമ്പുഴ മണികണ്‌ഠൻചാൽ ചപ്പാത്തിൽ വെള്ളമിറങ്ങാത്തതിനാൽ ഉറിയംപെട്ടി, വെള്ളാരംകുത്ത്‌ ആദിവാസി കോളനികളിലുള്ളവർക്ക്‌ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. ഇവർക്ക്‌ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മരുന്നും ഭക്ഷ്യവസ്‌തുക്കളും എത്തിച്ചുനൽകി. ഇവിടെ ആറുപേർക്ക്‌ ചെറിയ പനി റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.

വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പറവൂർ പുത്തൻവേലിക്കര പാലത്തിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ

വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പറവൂർ പുത്തൻവേലിക്കര പാലത്തിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ

പെരുമ്പാവൂരിൽ വേങ്ങൂർ, വാഴക്കുളം പഞ്ചായത്തുകളിലും പട്ടണത്തിലെ കണ്ടന്തറ, വല്ലം ഉൾപ്പെടെയുള്ള ഭാഗങ്ങളിലും വീടുകളിൽ കയറിയ വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. പിറവം, രാമമംഗലം, തിരുമാറാടി പ്രദേശങ്ങളിലെ താഴ്‌ന്നഭാഗങ്ങളിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ആലുവയിൽ പെരിയാറിലെ ജലനിരപ്പ്‌ അൽപ്പം താഴ്‌ന്നെങ്കിലും ഒഴുക്ക്‌ ശക്തമാണ്‌. കടുങ്ങല്ലൂർ, കയന്റിക്കര, എടത്തല പഞ്ചായത്തിലെ മാലിയിൽഭാഗം, കീഴ്‌മാട്‌ എന്നിവിടങ്ങിൽ വെള്ളമിറങ്ങിയിട്ടില്ല. വെള്ളിയാഴ്‌ച രാത്രി പട്ടണത്തിലെ ടൗൺ ഷിപ് റോഡിലെ വെള്ളക്കെട്ടിൽ എൻജിൻ നിലച്ച കാറിൽനിന്ന്‌ യാത്രികരെ രക്ഷപ്പെടുത്തി. കാലടി പാലത്തിൽ ടാറിങ്ങിൽ കണ്ടെത്തിയ വിള്ളലിൽ ആശങ്കവേണ്ടെന്ന്‌ പൊതുമരാമത്ത്‌ ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്‌ച വൈകിട്ടാണ്‌ സ്‌പാനുകൾ ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലെ ടാറിങ്ങിൽ വിള്ളൽ കണ്ടത്‌. മുകൾനിരയിലെ ടാറിങ്ങിൽ മാത്രമാണ്‌ വിള്ളലെന്ന്‌ പരിശോധനയ്‌ക്കുശേഷം ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത്‌ ശനിയാഴ്‌ച രാവിലെ മുതൽ മഴ തുടരുകയാണ്‌. ചെങ്ങൽ തോടിന്റെ കരയിൽ കാഞ്ഞൂർ തുറവുങ്കര റോഡിന്റെ വശം ഇടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. 400 ലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്‌. സിയാൽ അധികൃതരെത്തി പരിശോധിച്ചു.

പറവൂർ താലൂക്കിലാണ്‌ ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്‌. പുഴയോരത്തുനിന്ന്‌ മുൻകരുതലെന്ന നിലയ്‌ക്ക്‌ ക്യാമ്പുകളിലേക്ക്‌ മാറ്റിയവരും ഇതിൽപ്പെടും. പട്ടണത്തിൽ ജലനിരപ്പ്‌ കുറഞ്ഞിട്ടുണ്ട്‌. ഉൾപ്രദേശങ്ങളിലെ ഇടറോഡുകളിൽ വെള്ളക്കെട്ട്‌ രൂക്ഷമാണ്‌. തീരമേഖലയിൽ വേലിയേറ്റ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരുകയാണ്‌. തൃപ്പൂണിത്തുറ എരൂർ പാമ്പാടിത്താഴം, മേക്കര എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറിയതോടെ ഇവിടങ്ങളിലെ കുടുംബങ്ങളെ തൃപ്പൂണിത്തുറ ബോയ്‌സ്‌ സ്‌കൂൾ ക്യാമ്പിലേക്ക്‌ മാറ്റി. 149 കുടുംബങ്ങളാണ്‌ ക്യാമ്പിലുള്ളത്‌. കളമശേരിയിൽ വിടാക്കുഴ പൈപ്പ്‌ ലൈൻ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

ഏലൂരിലും പരിസരത്തും വെള്ളംകയറിയ ഭാഗങ്ങളിൽ മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്കായുള്ള ക്യാമ്പുകൾ തുടരുകയാണ്‌. ദുരിതാശ്വാസ സാമഗ്രികൾ സമാഹരിക്കാൻ കുസാറ്റിൽ കലക്‌ഷൻ സെന്റർ തുറന്നു. ഏലൂർ വ്യവസായ മേഖലയിലേക്ക് ലോഡുമായി വന്ന ട്രക്കിന്റെ ഡ്രൈവർ തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ശരവണനെ (45) കമ്പനിയുടെ പുറകിലുള്ള മാലിന്യക്കുഴിയിൽ വെള്ളിയാഴ്‌ച രാത്രി അവശനിലയിൽ കണ്ടെത്തി. അഗ്‌നിശമനസേന ആലുവ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.  മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്‌ മാറ്റി.  വെള്ളപ്പൊക്കവുമായി സംഭവത്തിന് ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.

നഗരത്തിൽ ഇടപ്പള്ളി തോട്‌, ചമ്പക്കര കനാൽ എന്നിവിടങ്ങളിൽ വെള്ളം കയറിയതോടെ വെണ്ണല ഗവ. സ്‌കൂളിലും, ചളിക്കവട്ടം പി കെ മാധവൻ മെമ്മോറിയൽ വായനശാലയിലും ക്യാമ്പ്‌ തുറന്നു.


പ്രധാന വാർത്തകൾ
 Top