18 September Wednesday

സാംസ്കാരിക പോരാളി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019


ആധുനിക ഇന്ത്യൻ നാടകവേദിയിലെ ഉന്നതശീർഷനായ കലാകാരൻ. ഗിരീഷ് കർണാട് ഒരു കാലഘട്ടത്തിന്റെ പ്രബുദ്ധതയുടെ മാതൃക കൂടിയായിരുന്നു.  സമകാലിക ജീവിത പ്രമേയങ്ങളെ നാടോടി കലാസങ്കേതങ്ങളുമായി ഇണക്കിച്ചേർത്ത് കലയെ ജനകീയമാക്കുന്നതിന് ശ്രമങ്ങൾനടന്ന കാലത്താണ് നാടകവേദിയിലും പുത്തനുണർവ്.  ബി വി കാരന്ത്, ബാദൽസർക്കാർ, വിജയ് ടെണ്ടുൽക്കർ, ഇബ്രാഹിം അൽകാസി തുടങ്ങിയവർ നാടകവേദിയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഈ പാരമ്പര്യത്തിൽ ഉയർന്നുവന്ന ഗിരീഷ് കർണാടാകട്ടെ രംഗവേദിയിലും സിനിമയിലും ഒരുപോലെ തിളങ്ങി. നാടകരചനയിലും സംവിധാനത്തിലും ശ്രദ്ധേയനായശേഷമാണ് അഭിനേതാവും തിരക്കഥാകൃത്തുമായി സിനിമയിലെത്തിയത്. തുടർന്ന് സംവിധാന രംഗത്തും മികച്ച സംഭാവനകൾ. സിനിമയിൽ സജീവമായ കാലത്തും നാടകവേദിയിൽ മടങ്ങിയെത്തി.

മഹാരാഷ്ട്രയിലെ പഴയ മുംബൈ പ്രസിഡൻസിയിലെ മഥേരനിൽ 1938 മെയ് 19ന് ജനനം. അച്ഛൻ ഡോ. രഘുനാഥ് കർണാട് മുംബൈയിൽ ഡോക്ടറായിരുന്നു.  അമ്മ കൃഷ്ണാബായ് നീ മണിക്കർ. ഗിരീഷിന്റെ പ്രാഥമിക വിദ്യാഭ്യാസം മറാത്തി സ്കൂളിൽ. തുടർന്ന് കർണാടകത്തിൽ. 1958ൽ ദാർവാദിലെ കർണാടക ആർട്സ് കോളേജിൽനിന്ന് ഗണിതത്തിൽ ബിരുദം.  തുടർന്ന് ഇംഗ്ലണ്ടിലെ ഓക്ഫോിെർഡ് സർവകലാശാലയിൽനിന്ന് തത്വശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദം. അവിടെ റോഡ്സ് സ്കോളർ. ഓക്ഫോദാർഡ് യൂണിയൻ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. ചെന്നൈയിലെ ഓക്ഫോണിർഡ് യൂണിവേഴ്സിറ്റി പ്രസ്ത മാനേജരായി ഏഴ് കൊല്ലം പ്രവർത്തിച്ചു. 70ൽ രാജിവച്ച് മുഴുവൻ സമയ എഴുത്തിലേക്ക്. അക്കാലത്ത് ചെന്നൈയിലെ അമച്വർ തിയറ്റർ ഗ്രൂപ്പായ മദ്രാസ് പ്ലെയേഴ്സുമായി ബന്ധം പുലർത്തി. ചിക്കാഗോ സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായത് നാടകരചനയ്ക്കുള്ള ഫുൾബ്രൈറ്റ് സ്കേളർഷിപ്പോടെ.

കർണാടകത്തിലെ സിർസിയിലേക്കുള്ള ഗിരീഷിന്റെ യാത്രകൾ നാടകമണ്ഡലി എന്ന തിയറ്റർ ഗ്രൂപ്പിന്റെ കൂടെ. കർണാടകത്തിലെ പാരമ്പര്യ ദൃശ്യകലാരൂപമായ യക്ഷഗാനം കർണാടിനെ കാര്യമായി സ്വാധീനിച്ചു. പതിനാല് വയസ്സുള്ളപ്പോൾ കുടുംബം ദാർവാദിലേക്ക് താമസം മാറ്റി. മൂന്ന് സഹോദരങ്ങൾക്കൊപ്പം അവിടെയാണ് വളർന്നത്.   1951ൽ ഇറങ്ങിയ സി രാജഗോപാലാചാരിയുടെ മഹാഭാരത പുനരാഖ്യാനം കർണാടിനെ നന്നായി സ്വാധീനിച്ചു. അതിലെ കഥാപാത്രങ്ങൾ കന്നടയിൽ സംഭാഷണം ചെയ്യുന്നത് താൻ ഉൾക്കാതിൽ കേൾക്കുതിനെക്കുറിച്ച് അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. മഹാഭാരത കഥാതന്തു അടിസ്ഥാനമാക്കി രചിച്ച "യയാതി'നാടകം 1961ൽ പുറത്തുവന്നു. അരങ്ങിൽ വിജയം നേടിയ ആ നാടകം നിരവധി ഇന്ത്യൻ ഭാഷകളിലേക്ക്  മൊഴിമാറ്റി അവതരിപ്പിക്കപ്പെട്ടു. അടുത്തത് തുഗ്ലക്ക്. 14–ാം നൂറ്റാണ്ടിൽ ഡൽഹി ഭരിച്ച മുഹമ്മദ്ബിൻ തുഗ്ലക്ക് എന്ന ചക്രവർത്തിയെക്കുറിച്ച്. നെഹ്റുവിയൻ ഭരണത്തിലെ ആന്തരിക വൈരുധ്യങ്ങളെ തുറന്നുകാണിക്കുകയായിരുന്നു ആ നാടകത്തിലൂടെ കർണാട്. 26–ാം വയസ്സിനുള്ളിൽ പുറത്തുവന്ന ആ നാടകങ്ങൾ മതിയായിരുന്നു ഇന്ത്യൻ നാടകകൃത്തായി കർണാട് അറിയപ്പെടാൻ. ജർമൻ നോവലിസ്റ്റ് തോമസ് മൻ രചിച്ച മാറ്റിവച്ച തലകളുടെ നാടകരൂപമായ ഹയവദനയും അരങ്ങിൽ വൻ വിജയം നേടി. യക്ഷഗാനത്തിന്റെ ദൃശ്യപരതയെ രംഗവേദിയിലേക്ക് സന്നിവേശിപ്പിച്ചതിലൂടെ ശ്രദ്ധേയമായ നാടകമായിരുന്നു അത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യൻ അരങ്ങിലെ ഏറ്റവും ശക്തമായ നാടകമെന്ന് ഹയവദന വിലയിരുത്തപ്പെട്ടു. 1988ൽ അരങ്ങിലെത്തിയ "നാഗമണ്ഡല'യും നാടോടി രംഗവേദിയുടെ കരുത്ത് തെളിയിച്ചു. പിന്നീട് അഗ്നിയും ജലവും തലേദന്ത, ടിപ്പുവിന കനസഗളു(ടിപ്പുസുൽത്താന്റെ സ്വപ്നങ്ങൾ) തുടങ്ങിയവയെല്ലാം മികച്ചു. ആകെയുള്ള പതിനാല് നാടകത്തിൽ മിക്കതും ഇന്ത്യക്ക്ല പുറത്തും ശ്രദ്ധനേടി.

നിരവധി കന്നട, ഹിന്ദി, തമിഴ് സിനിമകളിൽ വേഷമിട്ടു. ആർ കെ നാരായണന്റെ മാൽഗുഡി ഡെയ്സ് അടിസ്ഥാനമാക്കി ടെലിവിഷൻ പരമ്പരയിൽ സ്വാമിയുടെ വേഷമിട്ടത് കർണാട്.1990ൽ ദൂരദർശനിൽ "ടേണിങ് പോയിന്റ്' എന്ന പേരിൽ ശാസ്ത്രമാസിക ഒരുക്കി. കന്നടത്തിലെ മധ്യകാല ഭക്തകവികളായ പുരന്ദരദാസൻ‐ കനകദാസൻ, ആധുനിക കവി ഡി ആർ ബേന്ദ്ര, ഭക്തി‐സൂഫി പ്രസ്ഥാനങ്ങൾ എന്നിവയെക്കുറിച്ച് ഡോക്യുമെന്ററികൾ തയ്യാറാക്കി. ഫിലിം ആൻഡ്ൾ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സംഗീത നാടക അക്കാദമി ചെയർമാൻ, കർണാടക നാടക അക്കാദമി ചെയർമാൻ എന്നീ പദവികൾ വഹിച്ചു. 1974ൽ പത്മശ്രീയും 92ൽ പത്മഭൂഷണും 98ൽ ജ്ഞാനപീഠ പുരസ്കാരവും ലഭിച്ചു. മറ്റ് അവാർഡുകൾ: സംഗീത നാടക അക്കാദമി അവാർഡ്, കന്നട സാഹിത്യപരിഷത് അവാർഡ്, സാഹിത്യ അക്കാദമി അവാർഡ്, കാളിദാസ സമ്മാൻ, രാജ്യോത്സവ അവാർഡ്. സിനിമാ രംഗത്ത് കന്നടത്തിൽ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡുകൾ നിരവധിതവണ.
 


പ്രധാന വാർത്തകൾ
 Top