19 September Thursday

ഗിരീഷ് കർണാട് : പ്രതിബദ്ധതയുടെ ചുരുക്കപ്പേര‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019


2018  സെപ‌്തംബർ അഞ്ചിന‌് ബംഗളൂരുവിൽ നടന്ന ഗൗരി ലങ്കേഷ‌് അനുസ്‌മരണദിനത്തിൽ  ‘ഞാനും  അ‍ർബൻ നക്‌സൽ’ എന്നെഴുതിയ പ്ലക്കാർഡ‌് കഴുത്തിലേന്തി പങ്കെടുത്ത ഗിരീഷ് കർണാടിന്റെ  മുഖം ആരും മറന്നുകാണില്ല.  ഇടതുപക്ഷ അനുഭാവമുള്ള നേതാക്കളെയും സാമൂഹ്യപ്രവർത്തകരെയും നക്‌സൽബന്ധമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിന്റെ  തൊട്ടടുത്ത ആഴ്ചയായിരുന്നു കർണാടിന്റെ പ്രതിഷേധം. തുറന്നുപറയുന്നതുകൊണ്ടാണ‌്  അർബൻ നക‌്സൽ ആകുന്നതെങ്കിൽ താനും അർബൻ നക‌്സലാണ‌് എന്നാണ‌്  പിന്നീട‌് അദ്ദേഹം പ്രതികരിച്ചത‌്. ഭീഷണികൾക്ക‌ു മുന്നിൽ അടിയറവയ്ക്കാത്ത  നിലപാടുള്ള  80 വയസ്സുകാരൻ ഒരു വാക്കുപോലും മിണ്ടാതെ എന്നാൽ പ്രതിഷേധത്തിന്റെ ഉറച്ച ശബ്ദമായി മാറിയതിനു പിന്നിൽ രാജ്യത്ത‌് നിലനിൽക്കുന്ന വലിയ അരക്ഷിതാവസ്ഥയുടെ  ഇരുണ്ട ചരിത്രമുണ്ടായിരുന്നു.

മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് അഞ്ച‌് മനുഷ്യാവകാശപ്രവർത്തകരെയാണ‌് പുണെ പൊലീസ് അറസ്റ്റ‌് ചെയ്‌ത‌ തെലുങ്ക് കവിയും മനുഷ്യാവകാശപ്പോരാളികളായ വരവരറാവു, അഭിഭാഷക സുധ ഭരദ്വാജ്, സന്നദ്ധപ്രവർത്തകരായ വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര, മാധ്യമ പ്രവർത്തകൻ ഗൗതം നവ്ലാഖ എന്നിവരാണ് അറസ്റ്റിലായത്. അവരെ കസ്റ്റഡിയിൽ വയ്‌ക്കരുതെന്നും വേണമെങ്കിൽ വീട്ടുതടങ്കലിലാക്കാമെന്നും സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. വിയോജിപ്പുകൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. പുണെ പൊലീസിന്റെ നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ തുടങ്ങിയ പ്രചാരണം ‌ഏറെ ശ്രദ്ധയാകർഷിച്ചു. ആർഎസ്എസ് അനുകൂല മാസികയായ സ്വരാജിൽ വിവേക് അഗ്നിഹോത്രി എഴുതിയ  ലേഖനത്തിലാണ് ‘അർബൻ നക്‌സലുകളെ’ നിർവചിച്ചത‌്. നഗരങ്ങളിലെ ബുദ്ധിജീവികളെയും ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന ആക്ടിവിസ്റ്റുകളെയുമാണ് അദ്ദേഹം അർബൻ നക്‌സലുകൾ എന്ന് ചിത്രീകരിച്ചത്. അവർ ഇന്ത്യയുടെ അദൃശ്യശത്രുക്കളാണെന്നും ലേഖനത്തിൽ പറഞ്ഞു. അതിനുശേഷമാണ‌് സാമൂഹ്യമാധ്യമങ്ങളിൽ ‘മീ ടു അർബൻ നക്‌സൽ’ ക്യാമ്പയിൻ സജീവമാകുന്നത‌്.
അതിന‌് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ ക‍ർണാട് രാജ്യത്തെ ആദിവാസികൾക്കും പീഡനം അനുഭവിക്കുന്നവ‍ർക്കുംവേണ്ടി പ്രവ‍ർത്തിക്കുന്നവരെ അർബൻ നക്സൽ എന്ന‌് മുദ്രകുത്തി ജയിലിലടയ‌്ക്കുന്നതിനെതിരെ ശക്തമായി രംഗത്തെത്തി.

അ‍ർബൻ നക്സൽ എന്ന വാക്കിന് ഇന്ത്യൻ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്രമേൽ പൊള്ളുന്ന അ‍ർഥം ഉണ്ടായി വന്ന സമയത്തായിരുന്നു കർണാടിന്റെ പ്രതിഷേധം. അതിന്റെ  പേരിൽ പൊലീസ് കേസ് ഫയൽ ചെയ്തിട്ടും പിന്മാറാൻ തയ്യാറല്ലായിരുന്നു. ഗൗരി ലങ്കേഷ്, കലബുർഗി കൊലപാതകങ്ങളിൽ പ്രതിഷേധിക്കാനും സമരപരിപാടികളിൽ പങ്കെടുക്കാനും അദ്ദേഹം എന്നുമെത്തിയിരുന്നു. അസുഖബാധിതനായിരുന്നിട്ടും ശ്വസനസഹായിക്കുഴലുമായി തെരുവുകളിൽ ഇറങ്ങി സംസാരിക്കാനും പ്രതിഷേധിക്കാനും തയ്യാറാവുകയും ചെയ്തു. മതപരമായ ആചാരങ്ങളോ ആൾക്കൂട്ടങ്ങളോ ഇല്ലാതെ തന്റെ  മൃതദേഹം സംസ്കരിക്കപ്പെടണമെന്ന‌് അദ്ദേഹം നിബന്ധനവച്ചിരുന്നു.
വാക്കുകൾക്കപ്പുറം പ്രവൃത്തിയിലൂടെ വെളിവാക്കപ്പെടുന്ന നിലപാടുകളുടെ കരുത്തായിരുന്നു കർണാടിന്റെ  ജീവിതത്തെ നയിച്ചത‌്.


പ്രധാന വാർത്തകൾ
 Top