26 January Tuesday

വിധി ദിനം

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020

കൊച്ചി
തീരദേശ നിയന്ത്രണമേഖലാ ചട്ടങ്ങൾ ലംഘിച്ച്‌ നിർമിച്ച മരടിലെ അഞ്ച്‌ പാർപ്പിട സമുച്ചയങ്ങൾ  സുപ്രീംകോടതി വിധിയനുസരിച്ച്‌ നിലംപൊത്താൻ ഇനി നിമിഷങ്ങൾ. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്രയും വലിയ പാർപ്പിട സമുച്ചയങ്ങൾ സുപ്രീംകോടതി നിർദേശപ്രകാരം ഒന്നിച്ച്‌ പൊളിച്ചുനീക്കുന്നത്‌. ശനി, ഞായർ ദിവസങ്ങളിലായി നടത്തുന്ന  നിയന്ത്രിത സ്‌ഫോടനത്തിലൂടെ അഞ്ച്‌ ഫ്ലാറ്റുകൾ പൊടിക്കൂനയാകും. അതോടെ 2006 മുതൽ ആരംഭിച്ച വ്യവഹാരത്തിന്‌ രാജ്യത്തെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധി പ്രകാരമുള്ള പരിഹാരവുമാകും. നിയമം ലംഘിച്ച്‌ ഫ്ലാറ്റുകൾ നിർമിച്ചവർക്കും അതിന്‌ അനുമതി നൽകിയവർക്കും നിയമലംഘനങ്ങൾക്ക്‌ കൂട്ടുനിന്നവർക്കുമെതിരായ വിജിലൻസിൽ ഉൾപ്പെടെയുള്ള കേസുകൾ നടന്നുവരുന്നു.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയുമെല്ലാം ഭാഗമായി ലോകമാകെ നേരിടുന്ന പ്രശ്‌നങ്ങളുടെകൂടി പശ്‌ചാത്തലത്തിലാണ്‌ ഏറെ ചർച്ചകൾക്കിടയാക്കിയ സുപ്രീംകോടതി വിധിയുണ്ടായത്‌. തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച പാർപ്പിടസമുച്ചയങ്ങൾ പൊളിച്ചുനീക്കാതെയുള്ള ഒരു പരിഹാരത്തിനും കോടതി തയ്യാറായില്ല. 2019 മെയ്‌ എട്ടിലെ സുപ്രീംകോടതി വിധിക്കുശേഷം ഫ്ലാറ്റ്‌ ഉടമകൾ ഉൾപ്പെടെ വിവിധ ഹർജിയുമായി സമീപിച്ചെങ്കിലും കോടതി വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറായില്ല.  വിധി നടപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ ആരാഞ്ഞ്‌ സംസ്ഥാന ചീഫ്‌ സെക്രട്ടറിയെ വിളിച്ചുവരുത്തിയ സന്ദർഭം പോലുമുണ്ടായി.


 

കോടതിവിധിയെ സ്വാഗതം ചെയ്‌തപ്പോൾ തന്നെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കുമ്പോൾ കുടിയൊഴിയേണ്ടിവന്ന പാർപ്പിട ഉടമകളുടെ ആശങ്കകളും പൊതുപ്രശ്‌നമായി ഉയർന്നുവന്നു. അതിനെല്ലാം വലിയൊരളവ്‌ പരിഹാരം കണ്ടാണ്‌ സർക്കാർ തുടർനടപടികളിലേക്ക്‌ കടന്നത്‌. സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യൽ കമീഷന്റെ നേതൃത്വത്തിൽ താമസക്കാരുടെ പട്ടിക തയ്യാറാക്കി ആദ്യഘട്ടമായി എല്ലാവർക്കും 25 ലക്ഷം രൂപ വീതം നൽകി. ഇതിനായി ഫ്ലാറ്റ്‌ നിർമാതാക്കളെകൊണ്ട്‌ 20 കോടി രൂപ കെട്ടിവയ്‌പിച്ചു. നിശ്‌ചിത സമയത്തിനുള്ളിൽ തന്നെ മുഴുവൻ താമസക്കാർക്കും നഷ്‌ടപരിഹാരം നൽകി ഒഴിപ്പിച്ചു.

ഫ്ലാറ്റുകൾ ഒഴിപ്പിക്കാനും പൊളിച്ചു നീക്കാനുമുള്ള സമയപരിധി സുപ്രീംകോടതി നിശ്‌ചയിച്ചതിനെത്തുടർന്ന്‌ കഴിഞ്ഞ സെപ്‌തംബർ അവസാനവാരത്തിലാണ്‌ താമസക്കാരെ ഒഴിപ്പിക്കാൻ ആരംഭിച്ചത്‌. ഒക്‌ടോബർ ആദ്യവാരത്തോടെ ആകെയുള്ള 343 താമസക്കാരിൽ ഏറെയും ഒഴിഞ്ഞെങ്കിലും സാധനസാമഗ്രികൾ നീക്കാൻ കൂടുതൽ സമയം നൽകി. ഒഴിഞ്ഞവർക്ക്‌ പകരം താമസസൗകര്യവും  നൽകി. തുടർന്ന്‌ ഫ്ലാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള നടപടികളുടെ മുന്നോടിയായി ഇടഭിത്തികൾ പൊളിച്ചു തുടങ്ങി. ഈ സമയം പരിസരവാസികളുടെ വീടുകളും മറ്റും അപകടാവസ്ഥയിലായത്‌  കാര്യങ്ങൾ സങ്കീർണമാക്കി.

പ്രദേശത്ത്‌ പ്രതിഷേധം ഉയർന്നു. പരിസരവാസികളുടെ ആശങ്കപരിഹരിക്കാൻ 60 കോടി രൂപയുടെ തേർഡ്‌പാർട്ടി ഇൻഷുറൻസ്‌ ഉൾപ്പെടെ പരിരക്ഷ ഉറപ്പാക്കി.
ചെന്നൈ ആസ്ഥാനമായ വിജയ്‌ സ്‌റ്റീൽസ്‌, ദക്ഷിണാഫ്രിക്കയിലെ ജെറ്റ്‌ ഡിമോളിഷനുമായി ചേർന്ന്‌  മുംബെ ആസ്ഥാനമായ എഡിഫെസ്‌ എൻജിനിയറിങ് എന്നീ സ്ഥാപനങ്ങൾക്ക്‌ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള കരാർ കൈമാറി. രണ്ടരക്കോടി രൂപയാണ്‌ കെട്ടിടങ്ങൾ സ്‌ഫോടനത്തിലൂടെ പൊളിക്കാൻ മാത്രമുള്ള ചെലവ്‌. ബുധനാഴ്‌ചയോടെയാണ്‌ അഞ്ചു കെട്ടിടങ്ങളിലും സ്‌ഫോടകവസ്‌തുക്കൾ നിറച്ചുകഴിഞ്ഞത്‌. ചുറ്റുപാടേക്കും പൊട്ടിത്തെറിക്കാതെ, സമ്പൂർണമായി തകർന്ന്‌, കോൺക്രീറ്റാകെ നിലത്തേക്ക്‌ അമർന്നിരിക്കും വിധമാണ്‌ സ്‌ഫോടനങ്ങൾ ആസൂത്രണംചെയ്‌തിട്ടുള്ളത്‌. അംഗീകൃത ഏജൻസികളിലെ വിദഗ്‌ധരുടെ സാന്നിധ്യത്തിലായിരിക്കും സ്‌ഫോടനങ്ങൾ നടത്തുക.  സമീപത്തെ ജനവാസകേന്ദ്രങ്ങൾ ഒഴിപ്പിച്ചു. ഫ്ലാറ്റുകൾക്ക്‌ 200 മീറ്റർ ചുറ്റളവിൽ സുരക്ഷാമേഖലയാക്കി. രണ്ടായിരത്തോളം പൊലീസ്‌ സേനാംഗങ്ങളെ പ്രദേശത്താകെ വിന്യസിച്ചു. ആംബുലൻസ്‌ ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങളും തയ്യാർ. സ്‌ഫോടനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ പഠിക്കാൻ ചെന്നൈ ഐഐടി ഉൾപ്പെടെ സ്ഥാപനങ്ങളും സ്ഥലത്തുണ്ട്‌. രാജ്യത്തുതന്നെ ആദ്യമാണ്‌  ഇത്തരമൊരു സംഭവം. വമ്പൻ നിർമാണങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങളും ജനവാസകേന്ദ്രങ്ങളുമുള്ള പ്രദേശം സാക്ഷിയാകാൻ പോകുന്ന സംഭവങ്ങളിലേക്ക്‌ രാജ്യമാകെ കണ്ണുതുറന്നിരിക്കുന്നു.

ശനിയാഴ്‌ച പൊളിക്കുന്ന കുണ്ടന്നൂരിലെ ഹോളി ഫെയ്‌ത്‌ എച്ച്‌ 2ഒയും നെട്ടൂരിലെ ആൽഫ സെറിൻ ഇരട്ടസമുച്ചയവും    ഫോട്ടോ/ എ ആർ അരുൺരാജ്‌

ശനിയാഴ്‌ച പൊളിക്കുന്ന കുണ്ടന്നൂരിലെ ഹോളി ഫെയ്‌ത്‌ എച്ച്‌ 2ഒയും നെട്ടൂരിലെ ആൽഫ സെറിൻ ഇരട്ടസമുച്ചയവും ഫോട്ടോ/ എ ആർ അരുൺരാജ്‌


 

ആയിരങ്ങളെത്തും
ഫ്ലാറ്റുകൾ പൊളിക്കുന്നത് നേരിട്ടു കാണാൻ ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും വെള്ളിയാഴ്ചതന്നെ മരടിലേക്ക് ആളുകൾ എത്തിത്തുടങ്ങി. ഫ്ലാറ്റ് പൊളിക്കുന്നത്, എവിടെ നിന്നാൽ വ്യക്തമായി കാണാനാകുമെന്ന തെരച്ചിലിലായിരുന്നു ഭൂരിഭാഗവും. നിർമാണം നടക്കുന്നതും പാതിവഴിയിൽ നിർമാണം നിർത്തിയതുമായ കെട്ടിടങ്ങൾ സ്‌ഫോടനക്കാഴ്ചയ്ക്കായി കണ്ടെത്തിയെങ്കിലും ശനിയാഴ്ച ഇവിടേക്ക് പൊലീസ് കയറ്റിവിടുമോയെന്ന ആശങ്കയിലാണ് പലരും. 200 മീറ്റർ പരിധിയിൽ കരയിലും കായലിലും ആകാശത്തും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നതിനാൽ കായലിൽ ബോട്ടിലെത്തി സ്‌ഫോടനക്കാഴ്ച കാണാമെന്ന ആഗ്രഹം വിഫലമായി. ഡ്രോൺ ഉപയോഗിച്ച് സ്‌ഫോടനദൃശ്യം പകർത്താനിരുന്നവർക്കും പണികിട്ടി.

ചിലരാകട്ടെ, ഇതെല്ലാം മുന്നിൽ കണ്ട് സ്‌ഫോടനക്കാഴ്ച വ്യക്തമായി കാണാവുന്ന ഹോട്ടലുകളും ഫ്ലാറ്റുകളും ബുക്ക് ചെയ്ത് താമസവും ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനക്കാഴ്ച കാണാൻ പൊലീസ് അനുവദിക്കുന്ന ഇടങ്ങൾ മുൻകൂട്ടി അറിയാത്തതിനാൽ സ്‌ഫോടനം നേരിട്ടു കാണണമെന്ന മോഹം ഉപേക്ഷിച്ചവരും നിരവധിയാണ്. അവരാകട്ടെ വെള്ളിയാഴ്ച തേവര–-കുണ്ടന്നൂർ പാലത്തിനടുത്തും പൊളിക്കാൻ പോകുന്ന ഫ്ലാറ്റുകളുടെ ഗേറ്റിനടുത്തുനിന്നും സെൽഫിയും ഫോട്ടോയുമെടുത്ത് മടങ്ങി. പരീക്ഷയ്ക്കും അഭിമുഖത്തിനും മറ്റാവശ്യങ്ങൾക്കുമായി എറണാകുളത്തെത്തിയവരും ഫ്ലാറ്റ് കണ്ടാണ് മടങ്ങുന്നത്. 

കേരളചരിത്രത്തിൽ ആദ്യമായി ഇത്ര ഉയരമുള്ള ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ അതു കാണുന്നതിലെ കൗതുകത്തിലായിരുന്നു ഇവർ. ശനിയാഴ്ച ഹോളിഫെയ്ത്ത് എച്ച്2ഒയും ആൽഫ സെറീനും നിയന്ത്രിത സ്‌ഫോടനത്തിൽ തകരുമ്പോൾ, കൊച്ചിയിൽ വിനോദസഞ്ചാരത്തിനെത്തിയ വിദേശികൾ ഉൾപ്പെടെ കാഴ്ചക്കാരായെത്തും.
 

ഒരുക്കങ്ങൾ പൂർത്തിയായി: കലക്ടർ
മരടിലെ സ്‌ഫോടനത്തിനുശേഷം ഉണ്ടാകുന്ന പൊടിപടലങ്ങൾ നീക്കംചെയ്യാൻ മരട്‌ മുൻസിപ്പാലിറ്റിയെ ചുമതലപ്പെടുത്തിയതായി കലക്ടർ എസ്‌ സുഹാസ്‌ അറിയിച്ചു. ജില്ലാ ഭരണനേതൃത്വം അതിനുവേണ്ട സഹായങ്ങൾ ചെയ്യുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊടി പറക്കുന്നത്‌ കാറ്റിനനുസരിച്ചാണ്‌. അത്‌ നിയന്ത്രിക്കാനാകില്ല. സ്‌ഫോടന സമയത്ത്‌ കാറ്റിന്റെ ദിശ കിഴക്കോട്ടാകാനാണ്‌ സാധ്യത. സ്ഫോടനം നടന്ന്‌ പത്തു മിനിറ്റിനുള്ളിൽ പൊടി  ശമിക്കും.

ശനിയാഴ്‌ച രാവിലെമുതൽ പരിസരവാസികളെ ഒഴിപ്പിക്കും. രാവിലെ 7.30 മുതൽ മുൻ നിശ്‌ചയിച്ച പ്രകാരമുള്ള പിക്‌അപ്‌ പോയിന്റുകളിൽനിന്ന്‌ ബസിൽ കയറാം. ഇതിനായി പ്രത്യേക ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്‌. മാറുന്നവർക്ക്‌ താൽക്കാലികമായി തങ്ങാൻ എസ്‌എച്ച്‌ കോളേജിലും ഫിഷറീസ്‌ കോളേജിലും താൽക്കാലിക കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്‌. മുതിർന്നവർക്കും വൈദ്യസഹായം ആവശ്യമായവർക്കും പ്രത്യേകം യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.  ബാരിക്കേഡുകൾ നീക്കിയാൽ  വീട്ടിലേക്കു മടങ്ങാം. രാവിലെ എട്ടിന്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും പരിസരത്തെ വീടുകൾ സന്ദർശിക്കും. ആളുകൾ വീട്‌  വിടുംമുമ്പ്‌ മുഴുവൻ വൈദ്യുത ഉപകരണങ്ങളും സ്വിച്ച്‌ ഓഫ്‌ ചെയ്യണം. വാതിലുകളും ജനാലകളും അടയ്‌ക്കണം.

എസ്‌ ബി സർവാത്തേ ഫ്ലാറ്റുകൾ സന്ദർശിക്കുന്നു

എസ്‌ ബി സർവാത്തേ ഫ്ലാറ്റുകൾ സന്ദർശിക്കുന്നു


 

ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു. ആംബുലൻസും ആരോഗ്യ വിഭാഗം ജീവനക്കാരെയും തയ്യാറാക്കിയിട്ടുണ്ട്‌. മരട്‌ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂം പ്രവർത്തിക്കും. സിസിടിവി ക്യാമറകൾ വച്ചിട്ടുണ്ട്‌. ഇതുവഴി തൽസമയം കൺട്രോൾ റൂമിലും സ്‌ഫോടനം കാണാം. ഉദ്യോഗസ്ഥർ മാത്രമായിരിക്കും ഇവിടെ ഉണ്ടാകുക. സ്‌ഫോടനം കാണേണ്ടവർക്ക്‌ 200 മീറ്ററിന്‌ പുറത്തുനിന്ന്‌ കാണാൻ അനുവാദം ഉണ്ട്‌.

വിജയകരമായി മോക്‌ഡ്രിൽ
സമയം പകൽ 1.35. മരടിൽ ആദ്യം പൊളിക്കുന്ന ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ ഫ്ലാറ്റിനു സമീപം സൈറൺ മുഴങ്ങി. ഫ്ലാറ്റിനു മുന്നിലെ കുണ്ടന്നൂർ–--തേവര റോഡിലൂടെ ഗതാഗതം നിരോധിച്ച്‌ പൊലീസുകാർ അണിനിരന്നു. പാലത്തിനു മുകളിൽനിന്ന്‌ ഫ്ലാറ്റ്‌ കാണാനെത്തിയവരെ പൊലീസ്‌ മാറ്റി... ശനിയാഴ്‌ച ഫ്ലാറ്റുകൾ പൊളിക്കുന്നതിന്‌ മുന്നോടിയായി വെള്ളിയാഴ്‌ചയാണ്‌ മോക്‌ഡ്രിൽ നടത്തിയത്‌.

രണ്ട്‌ മിനിറ്റ്‌ നീണ്ട ആദ്യ സൈറൺ മുഴങ്ങിയ ശേഷം വീണ്ടും 1.45ന്‌ അടുത്ത സൈറൺ. 1.55ന്‌ മൂന്നാമത്തേതും 2.02ന്‌ നാലാമത്തേതും. 2.05ഓടെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.  പൊലീസിന്റെ സുരക്ഷാക്രമീകരണ യോഗത്തിന് ശേഷമായിരുന്നു മോക്ഡ്രിൽ.

രാവിലെ എട്ടുമുതൽ അഞ്ചുവരെ നിരോധനാജ്ഞ
ശനിയാഴ്‌ച സ്‌ഫോടനം നടക്കുന്ന ഹോളിഫെയ്‌ത്‌ എച്ച്‌2ഒ, ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റ്‌ സമുച്ചയങ്ങൾക്ക്‌ ചുറ്റും 1600 പൊലീസുകാരെയാണ്‌ നിയോഗിക്കും. വ്യാഴാഴ്‌ച രാവിലെ സിറ്റി പൊലീസ്‌ കമീഷണർ വിജയ്‌ സാഖറെയുടെ നേതൃത്വത്തിൽ അവലോകന യോഗംചേർന്നു.

ആയിരക്കണക്കിനു പേർ സ്‌ഫോടനം കാണാൻ എത്തുമെന്നാണ് പൊലീസ്‌ പ്രതീക്ഷിക്കുന്നത്‌. ഇവർക്ക്‌ സുരക്ഷിതമായി സ്‌ഫോടനം കാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനം നടക്കുന്ന ഫ്‌ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ വ്യാഴാഴ്‌ച്ച രാവിലെ എട്ട്‌ മുതൽ അഞ്ചു വരെ നിരോധനാജ്ഞ പ്രഖ്യാപിക്കും. ഇത്‌ കരയിലും വെള്ളത്തിലും ആകാശത്തിലും ബാധകമായിരിക്കും. സമീപത്തെ വീടുകളിൽ എല്ലാവരെയും ഒഴിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ്‌ പരിശോധിക്കും.

പത്ത്‌ ഫയർ എൻജിനുകളും രണ്ട്‌ സ്‌കൂബാ വാനുകളും ഫ്‌ളാറ്റുകളുടെ സമീപത്ത്‌ സജ്ജമാക്കി നിറുത്തും. നൂറോളം അഗ്‌നിശമന സേനാംഗങ്ങളും സമീപത്തുണ്ടാകും. സ്‌ഫോടനത്തിന്‌ മേൽനോട്ടം വഹിക്കുന്ന എസ്‌ ബി സർവാത്തേ നാലു ഫ്ലാറ്റുകളും സന്ദർശിച്ചു.

സേവനത്തിന്‌ കനിവ്‌ ആംബുലൻസും
കനിവ്‌ ആക്ഷൻ ഫോഴ്‌സിന്റെ രണ്ട്‌ ആംബുലൻസും 11 വളന്റിയർമാരും പൂർണ സജ്ജരായി മരടിൽ ഉണ്ടായിരിക്കും. ശനിയാഴ്‌ചയും ഞായറാഴ്‌ചയും കനിവിന്റെ സേവനം ലഭിക്കുമെന്ന്‌  സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അറിയിച്ചു. ഫോൺ: 9895812688, 9847154739.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top