23 January Wednesday

ബഹിരാകാശം @ പുതുവർഷം

സാബു ജോസ്‌ Updated: Friday Jan 11, 2019

ബഹിരാകാശ പര്യവേക്ഷണരംഗത്ത് നിരവധി നേട്ടങ്ങളുണ്ടായ വർഷമാണ് കടന്നുപോയത്. ലോകത്ത് ഇന്നുവരെ നിർമിച്ച ഏറ്റവും വലിയ റോക്കറ്റായ ഫാൽക്കൺ ഹെവിയുടെ വിജയകരമായ വിക്ഷേപണം, ഛിന്നഗ്രഹത്തിൽ സഞ്ചരിച്ച് വിവരം ശേഖരിക്കുന്നതിന്‌ പുറപ്പെട്ട ജപ്പാൻ ബഹിരാകാശ ഏജൻസിയുടെ റോവർ, ബുധൻ ഗ്രഹത്തിൽ പര്യവേക്ഷണം നടത്തുന്നതിനായി വിക്ഷേപിച്ച യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പുതിയ ദൗത്യം, സൂര്യനെ അടുത്തറിയാൻ നാസ വിക്ഷേപിച്ച പാർക്കർ സോളാർ പ്രോബ്, ചൊവ്വയിൽ പേരെഴുതിച്ചേർക്കാൻ നാസ വിക്ഷേപിച്ച ഇൻസൈറ്റ് എന്നിവയെല്ലാം 2018ൽ സംഭവിച്ചതാണ്. 2019ൽ ബഹിരാകാശ പര്യവേക്ഷണം കഴിഞ്ഞവർഷത്തേക്കാളും ഉയർന്ന നിലയിലായിരിക്കുമെന്നാണ് ലോകത്തെ പ്രമുഖ ബഹിരാകാശ ഏജൻസികൾ പറയുന്നത്. 2019ലെ ബഹിരാകാശ പര്യവേക്ഷണ പരിപാടികൾ പരിശോധിക്കാം.

ജനുവരി
നാസയുടെ ന്യൂ ഹൈാറൈസൺസ് പേടകം ജനുവരി ആദ്യവാരത്തിൽ പ്ലൂട്ടോയുടെ തൊട്ടടുത്തെത്തും. പ്ലൂട്ടോയുടെ ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഹൈറസല്യൂഷൻ ചിത്രങ്ങൾ പേടകം ശേഖരിക്കും. 20 മാസത്തിനുശേഷമായിരിക്കും ചിത്രങ്ങളുടെ വിശദാംശങ്ങൾ നാസ പുറത്തുവിടുക. ജനുവരിയിൽ ആദ്യ ആഴ്ചയിൽത്തന്നെയാണ് ചൈനയുടെ ലൂണാർ റോവർ ദൗത്യമായ ചാങ്4 ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായി വരാത്ത വശത്ത് ഇറങ്ങിയത്. ചന്ദ്രന്റെ ഫാർസൈഡിൽ ഇറങ്ങുന്ന ആദ്യ റോവറാണ് ചാങ്4. ബഹിരാകാശസഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് വിക്ഷേപണ വാഹനത്തിന്റെ ആദ്യവിക്ഷേപണവും ജനുവരിയിലാണ് നടക്കുക. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണമായ ചാന്ദ്രയാൻ2 ജനുവരിയിൽ വിക്ഷേപിക്കുമെന്നാണ് കരുതുന്നത്. ചരിത്രത്തിൽ ആദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന റോവർ ദൗത്യമാണ്ചന്ദ്രയാൻ2

ഫെബ്രുവരി
നാസ വിക്ഷേപിച്ച ചൊവ്വ പര്യവേക്ഷണ പേടകമായ ഇൻസൈറ്റ് ചുവന്ന ഗ്രഹത്തിലെ മേൽമണ്ണ് 16 അടി ആഴത്തിൽ കുഴിച്ച് ഗ്രഹത്തിന്റെ ആന്തര താപനില അളക്കും. ഇത് ഗ്രഹത്തിന്റെ ആന്തരികഘടനയെക്കുറിച്ചും കോറിനെക്കുറിച്ചും കൂടുതൽ വിശ്വസനീയമായ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും. ഇസ്രയേൽ ബഹിരാകാശ ഏജൻസിയുടെ ആദ്യ ചാന്ദ്രദൗത്യമായ സ്പേസ് ഐഎൽ ചന്ദ്രനിലിറങ്ങുന്നതും ഫെബ്രുവരിയിലാണ്. സ്പേസ് എക്സിന്റെ ഫാൽക്കൺ9 റോക്കറ്റാണ് വിക്ഷേപണവാഹനം. നാസയുടെ വ്യാഴ പര്യവേക്ഷണ വാഹനമായ ജൂണോ വ്യാഴത്തിന്റെ തൊട്ടടുത്തെത്തി ചിത്രങ്ങൾ പകർത്തും. ജപ്പാന്റെ ഹയാബുസ2 ബഹിരാകാശപേടകം റ്യൂഗു എന്ന ഛിന്നഗ്രഹത്തിൽ ഇറങ്ങി സാമ്പിൾ ശേഖരിക്കുന്നതും ഫെബ്രുവരിയിലാണ്.

മാർച്ച്
സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശദൗത്യമായ അറബ്സാറ്റ്6 എ 2019 മാർച്ചിലാണ് വിക്ഷേപിക്കുന്നത്. സ്പേസ്എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുന്നത്.

ഏപ്രിൽ
നാസയുടെ പാർക്കർ സോളാർ പ്രോബ് സൂര്യന്റെ അന്തരീക്ഷമായ കൊറോണയുടെ തൊട്ടടുത്തെത്തുന്നത് 2019 ഏപ്രിൽ നാലിനാണ്. മനുഷ്യരെ ചൊവ്വയിലെത്തിക്കുന്നതിന്റെ പ്രാരംഭനടപടിയായി സ്പേസ് എക്സ് കോർപറേഷന്റെ സ്റ്റാർഷിപ് വാഹനത്തിന്റെ പരീക്ഷണ വിക്ഷേപണവും ഏപ്രിലിൽ നടക്കും.

മെയ്
റിച്ചാർഡ് ബ്രാൻസന്റെ ഉടമസ്ഥതയിലുള്ള വിർജിൻ ഓർബിറ്റ് കമ്പനി അവരുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നത് മേയിലാണ‌്. നാസയുടെയും മറ്റു ചില ബഹിരാകാശ ഏജൻസികളുടെയും മിലിട്ടറി, സയന്റിഫിക് കൃത്രിമ ഉപഗ്രഹങ്ങളെ സ്വകാര്യ സ്പേസ് ഏജൻസിയായ സ്പേസ്എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റ് ഉപയോഗിച്ച് ഭ്രമണപഥത്തിലെത്തിക്കുന്നതും മേയിലാണ‌്.

ജൂൺ
സ്പേസ് എക്സ് കോർപറേഷന്റെ ഡ്രാഗൺ2 ക്രൂ വെഹിക്കിൾ കേപ് കനാവറൽ വിക്ഷേപണത്തറയിൽനിന്ന് വിക്ഷേപിക്കും. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ബോബ് ബെൻകനും ഡഗ്ലസ് ഹാർലിയുമായിരിക്കും ഡ്രാഗൺ2 വാഹനത്തിലെ ആദ്യസഞ്ചാരികൾ. ബ്ലൂ ഒറിജിൻ എന്ന സ്വകാര്യ ബഹിരാകാശ ഏജൻസി ജൂണിൽത്തന്നെ ബഹിരാകാശസഞ്ചാരികളെ സ്പേസിലെത്തിക്കാൻ പദ്ധതിയിടുന്നുണ്ട്.

ജൂലൈ
ജൂലൈ രണ്ടിന‌് പൂർണ സൂര്യഗ്രഹണം സംഭവിക്കും. ചിലി, അർജന്റീന എന്നീ രാജ്യങ്ങളിൽനിന്ന് ഗ്രഹണം നിരീക്ഷിക്കാൻ കഴിയും. ജൂലൈ 21ന് മനുഷ്യന്റെ ആദ്യ ചാന്ദ്രസന്ദർശനത്തിന്റെ 50–-ാംവാർഷികമാണ്.

ആഗസ‌്ത‌്
സ്പേസ്എക്സിന്റെ ഡ്രാഗൺ2 സ്പേസ് ക്രാഫ്റ്റ് രണ്ട് ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കും. മൈക്ക് ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ എന്നീ ആസ്ട്രോനോട്ടുകളെയും വഹിച്ചാണ് ഡ്രാഗൺ2 പറക്കാനൊരുങ്ങുന്നത്.

സെപ്തംബർ
നാസ വിക്ഷേപിച്ച ഒസിറിസ്റെക്സ് എന്ന റോബോട്ടിക് ബഹിരാകാശപേടകം ബെനു എന്ന ക്ഷുദ്രഗ്രഹത്തിൽ ഇറങ്ങി സാമ്പിൾ ശേഖരിക്കും. ശേഖരിച്ച കല്ലും ധൂളിയുമായി 2023 ൽ പേടകം തിരിച്ച് ഭൂമിയിലെത്തും.

ഒക്ടോബർ
സൗരയൂഥത്തിന് വെളിയിലുള്ള ഗ്രഹങ്ങളെ കണ്ടുപിടിക്കാൻ നാസ വിക്ഷേപിക്കുന്ന ചിയോപ്സ് ബഹിരാകാശപേടകം ഒക്ടോബർ 15ന് വിക്ഷേപിക്കും.

നവംബർ
വംബർ 11ന് ബുധ സംതരണമാണ്. സൂര്യബിംബത്തിനു മുകളിലൂടെ ഒരു കറുത്ത പൊട്ടുപോലെ ബുധൻ കടന്നുപോകുന്ന ജ്യോതിശാസ്ത്ര പ്രതിഭാസം ഭൂമിയിൽ എല്ലായിടത്തുനിന്നും നിരീക്ഷിക്കാൻ കഴിയും.

ഡിസംബർ
ജപ്പാന്റെ ഹയാബുസ 2, റ്യൂഗു ഛിന്നഗ്രഹത്തിൽനിന്ന് മടക്കയാത്ര ആരംഭിക്കുന്നത് ഡിസംബറിലാണ്. 2020 ഡിസംബറിൽ  ഭൂമിയിൽ മടങ്ങിയെത്തും. ചൈനയുടെ ചാന്ദ്രദൗത്യമായ ചാങ്5 വിക്ഷേപിക്കുന്നതും ഡിസംബറിലാണ്. വളരെ അകലെയുള്ള നക്ഷത്രങ്ങൾക്കു ചുറ്റുമുള്ള ഗ്രഹങ്ങളെ കണ്ടുപിടിക്കുന്നതിനായി നാസ വിക്ഷേപിക്കുന്ന സ്റ്റാർഷേഡ്, ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ പര്യവേക്ഷണം നടത്തുന്നതിന് നാസ വിക്ഷേപിക്കുന്ന ഡ്രാഗൺ ഫ്ളൈ എന്നീ ദൗത്യങ്ങളും 2019ൽ നടക്കുമെന്നാണ് കരുതുന്നത്.
sabu9656@gmail.com

ചാങ് 4 ചന്ദ്രനില്‍
ചൈനയുടെ ബഹിരാകാശപേടകം ചാങ് 4 ഇക്കഴിഞ്ഞ ജനുവരി മൂന്നിന് ചന്ദ്രന്റെ ഇരുണ്ട ഭാഗത്തിറങ്ങി. ഭൂമിക്ക‌് അഭിമുഖമായി വരാത്ത പകുതി ഭാഗത്തെയാണ് ചന്ദ്രന്റെ ഇരുണ്ടവശം എന്നതുകൊണ്ട‌് ഉദ്ദേശിക്കുന്നത്. ചാങ്4 ദൗത്യത്തിൽ ഒരു ലാൻഡറും യൂടൂ2 എന്ന‌് വിളിക്കുന്ന ഒരു റോവറുമുണ്ട്. ആദ്യമായാണ‌് ചന്ദ്രന്റെ മറുവശത്ത‌് ഒരു റോവർ എത്തുന്നത്. 2018 ഡിസംബർ 12ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച പേടകം 2019 ജനുവരി മൂന്നിന് ചന്ദ്രനിലെ വോൺകാർമൻ എന്ന ഉൽക്കാഗർത്തത്തിൽ സോഫ്റ്റ് ലാൻഡിങ‌് നടത്തി.

ചാങ്4 ഇറങ്ങിയ ഉൽക്കാഗർത്തത്തിന് 13 കി.മീ. ആഴമുണ്ട്. ഈ ഭാഗത്തുള്ളചാന്ദ്രധൂളിയെക്കുറിച്ചും പാറകളെക്കുറിച്ചുമുള്ള പഠനമാണ് ചാങ്4 ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. അതുകൂടാതെ ചന്ദ്രന്റെ ഉപരിതല താപനില അളക്കുക, മണ്ണിന്റെയും പാറകളുടെയും രാസഗുണങ്ങളെക്കുറിച്ച് പഠിക്കുക, റേഡിയോ ടെലിസ‌്കോപ‌് ഉപയോഗിച്ച‌് ജ്യോതിശാസ്ത്ര നിരീക്ഷണം നടത്തുക. കോസ്മിക‌് കിരണങ്ങളെക്കുറിച്ചുള്ള പഠനം, സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ചും പ്ലാസ‌്മാ പ്രവാഹത്തെക്കുറിച്ചുമുള്ള പഠനം എന്നിവയും ചാങ്4ന്റെ ലക്ഷ്യമാണ്. ഒരു കമ്യൂണിക്കേഷൻ റിലേസാറ്റലൈറ്റും രണ്ട് മൈക്രോസാറ്റലൈറ്റുകളും ഒരു ലാൻഡറും ഒരു റോവറും ഉൾപ്പെടുന്നതാണ് ചാങ്4 ദൗത്യം.  1200 കിലോഗ്രാമാണ് ചാങ്4 പേടകത്തിന്റെ ആകെ പിണ്ഡം. ഒരു ലാൻഡിങ‌് ക്യാമറ, ഒരു ടെറേയ്ൻ ക്യാമറ, ഒരുലോഫ്രീക്വൻസി സ്പെക്ട്രോമീറ്റർ. ഒരു ന്യൂട്രോൺ ഡോസിമീറ്റർ, ഒരുലൂണാർമൈക്രോസിസ്റ്റം എന്നിവയാണ് ലാൻഡറിലുള്ള ഉപകരണങ്ങൾ. ലൂണാർ മൈക്രോസിസ്റ്റം ഒരു സീൽചെയ്ത സിലിണ്ടറാണ്. 18 സെ.മി. നീളവും. 16 സെ.മീ വ്യാസവും മൂന്നു കിലോഗ്രാം പിണ്ഡവുമുള്ള ഈ സിലിണ്ടറിൽ ഉരുളക്കിഴങ്ങും തക്കാളിവിത്തുകളും പട്ടുനൂൽപ്പുഴുവിന്റെ മുട്ടയുമുണ്ട്. ഗുരുത്വാകർഷണബലമൊഴികെ മറ്റു ഭൗതികസാഹചര്യങ്ങളെല്ലാം ഭൂമിയിലേതിനുസമാനമായാണ‌് സിലിണ്ടറിനുള്ളിൽ ക്രമീകരിച്ചിരിക്കുന്നത്. പട്ടുനൂൽപ്പുഴുവിന്റെ മുട്ട വിരിഞ്ഞ‌് ലാർവയുണ്ടായാൽ അത് പുറത്തുവിടുന്ന, കാർബൺഡയോക്സൈഡ് ഉപയോഗിച്ച‌് മുളച്ച വിത്തുകൾക്ക് പ്രകാശസംശ്ലേഷണം നടത്താൻ കഴിയും. സസ്യങ്ങളുടെ വളർച്ച പരിശോധിക്കുന്നതിന് ഒരു ചെറിയ ക്യാമറയും സിലിണ്ടറിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.

ചാങ് 5ഉം ചാങ് 6ഉം
2019 ഡിസംബറിൽ ചാങ‌്5 ദൗത്യവും 2020ൽ ചാങ് 6 ദൗത്യവും വിക്ഷേപിക്കും. ചന്ദ്രനിൽ ഇറങ്ങി മണ്ണും പാറയും ശേഖരിച്ച‌് തിരിച്ചുവരാൻ കഴിയുന്നതരത്തിലാണ് ഈ രണ്ട് റോവർദൗത്യങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.


പ്രധാന വാർത്തകൾ
 Top