23 May Thursday

ഉമ്മന്‍ചാണ്ടി അറിയും

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2017


തിരുവനന്തപുരം > സരിത എസ് നായരെ അറിയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്ന് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് അടിവരയിടുന്നു. സരിതാനായരെ വ്യക്തിപരമായി അറിയാമെന്ന കാര്യം കമീഷന്‍മുമ്പാകെ ഉമ്മന്‍ചാണ്ടി നിഷേധിച്ചു. അവര്‍ ആയിരത്തിലൊരാളാണ് എന്നായിരുന്നു നിലപാട്. സരിത കണ്ട അവസരങ്ങള്‍ കമീഷന്‍ വ്യക്തമാക്കിയിട്ടും, പാലാ കടപ്ളാമറ്റത്തെ വേദിയില്‍ സരിത മുഖ്യമന്ത്രിയുടെ അടുത്തുനിന്ന് ചെവിയില്‍ സംസാരിച്ചത് പറഞ്ഞശേഷവും ഉമ്മന്‍ചാണ്ടി നിലപാട് മാറ്റാന്‍ തയ്യാറായില്ല.

സരിതയെ ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ആദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപയുടെ ചെക്ക് നല്‍കുന്നതിനും, പിന്നീട് ടീം സോളാര്‍ കേരളത്തിലെ പട്ടികവിഭാഗകോളനികളില്‍ സ്ഥാപിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് രണ്ടു പ്രാവശ്യംകൂടി സരിത തന്നെ കണ്ടെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. അങ്ങനെയെങ്കില്‍ ഉമ്മന്‍ചാണ്ടിയെപ്പോലുള്ള ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ അദ്ദേഹം കണ്ടിട്ടുള്ള ആയിരങ്ങളില്‍ ഒരാളായാണ് സരിതയെ കണക്കാക്കുന്നതെന്ന് കരുതാനാകുമോ എന്ന ചോദ്യമാണ് കമീഷന്‍ ഉന്നയിക്കുന്നത്.

സരിതയുടെ മെഗാപദ്ധതികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഉമ്മന്‍ചാണ്ടി സരിതയെ ഊര്‍ജമന്ത്രിയായ ആര്യാടന്‍ മുഹമ്മദുമായി പരിചയപ്പെടുത്തി എന്നതിന് കെഎസ്ഇബി എന്‍ജിനിയേഴ്സ് അസോസിയേഷന്റെ കോടിമതയില്‍ നടന്ന സമ്മേളനവുമായി ബന്ധപ്പെട്ട സിഡി തെളിവായി കമീഷന് നല്‍കിയിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത് ആര്യാടന്‍ പ്രസംഗിക്കുമ്പോള്‍ സരിതയും വേദിയിലുണ്ടായിരുന്നു. സോളാര്‍പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ച ആളായാണ് സരിതയെ സദസ്സില്‍ ആര്യാടന്‍ പരിചയപ്പെടുത്തിയത്. ഈ സംഭാഷണം കേള്‍പ്പിച്ചപ്പോള്‍ ആര്യാടന്റെ ശബ്ദമാണിതെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചു. ഡല്‍ഹിയിലും സരിത ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് തോമസ് കുരുവിളയും മൊഴി നല്‍കി.

തിരുവനന്തപുരം > സരിത എസ് നായരെ പരിചയമില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം പൊളിച്ച് അന്വേഷണ കമീഷന്‍. ഉമ്മന്‍ചാണ്ടിക്ക് സരിതയുമായി നല്ല പരിചയമുണ്ടെന്നും കമീഷനുമുമ്പാകെ അവ മറച്ചുവച്ചത് മുഖ്യമന്ത്രിക്ക് അനുയോജ്യമായതായിരുന്നില്ലെന്നും കമീഷന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.

സരിതയില്‍നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ട്. 2011 അവസാനം മുതലെങ്കിലും ഉമ്മന്‍ചാണ്ടിക്ക് സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ടീം സോളാര്‍ കമ്പനിയെക്കുറിച്ച് വളരെ നന്നായി അറിയാം. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിന് മുഖ്യമന്ത്രിയെ കാണാനായി ടീം സോളാര്‍ കമ്പനിയുടെ ജിഎം എന്ന നിലയില്‍ സരിത ക്ളര്‍ക്ക് ടെന്നി ജോപ്പനെ ബന്ധപ്പെട്ടു. മുഖ്യമന്ത്രിയോട് സംസാരിച്ചശേഷം അടുത്ത ദിവസം രാവിലെ വരാന്‍ ടെന്നി ആവശ്യപ്പെട്ടു.

കൂടിക്കാഴ്ചയ്ക്കിടെ ടീം സോളാറിന്റെ സിഇഒ, ജീവനക്കാര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. സരിത ഈ ഫോട്ടോയിലുള്ള കാര്യം കമീഷനോട് ഉമ്മന്‍ചാണ്ടി നിഷേധിച്ചു. പി എസ് ശ്രീകുമാരനാണ് ഇത് വ്യക്തമാക്കുന്ന മൊഴി നല്‍കിയത്. പിന്നീട് മുഖ്യമന്ത്രിയും ഇത് സമ്മതിച്ചു.

ദുരിതാശ്വാസനിധിയിലേക്ക് 2012 ജൂലൈ 10ന് രണ്ടുലക്ഷം രൂപയുടെ മറ്റൊരു ചെക്ക് ലഭിച്ചതായി മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കത്തില്‍ തീയതിയും ഒപ്പും സഹിതം ടീം സോളാര്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്. ടീം സോളാറിന്റെ സിഇഒ ബിജു രാധാകൃഷ്ണന്‍ 2012 സെപ്തംബറില്‍ എറണാകുളം ഗവ. ഗസ്റ്റ് ഹൌസില്‍ മുഖ്യമന്ത്രിയെ കണ്ടു. മാതൃഭൂമി ജീവനക്കാരനായ ശിവദാസനും ഒപ്പം ഉണ്ടായിരുന്നതായി മുഖ്യമന്ത്രിതന്നെ പറയുന്നു. ശിവദാസനാണ് ഇക്കാര്യങ്ങള്‍ കമീഷനുമുമ്പാകെ വെളിപ്പെടുത്തിയത്.

ടീം സോളാറിലെ ആര്‍ ബി നായര്‍ മുഖ്യമന്ത്രിയെ കാണാന്‍ വരുന്നതായി എം ഐ ഷാനവാസ് എംപി ഫോണ്‍വഴി മുഖ്യമന്ത്രിയോട് പറഞ്ഞെന്നും അവര്‍ ഇരുവരും ചേര്‍ന്ന് ഗസ്റ്റ് ഹൌസിലെ സ്യൂട്ടില്‍ മുഖ്യമന്ത്രിയെ കണ്ടെന്നും ശിവദാസന്റെ മൊഴിയിലുണ്ട്. ബിജുവും മുഖ്യമന്ത്രിയും പരിചയപ്പെടുകയും 45 മിനിറ്റ് സംസാരിക്കുകയും ചെയ്തു. ഒരു വലിയ കമ്പനിയുടെ എംഡി ഷാനവാസ് എംപിവഴി തന്നെ കാണാന്‍ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രിയും പറഞ്ഞു.

ഈ സാഹചര്യങ്ങളില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ലക്ഷ്മി നായര്‍ എന്ന സരിത എസ് നായരെ നന്നായി അറിയാമെന്ന് വെളിവാകുന്നു എന്ന കാര്യം പറയേണ്ടതില്ല എന്നാണ് കമീഷന്റെ കണ്ടെത്തല്‍.

പ്രധാന വാർത്തകൾ
 Top