18 August Thursday

ഇന്ത്യയുടെ പിറക്കാതെ പോയ ആദ്യപത്രം... എന്‍. പി. ചന്ദ്രശേഖരന്റെ പംക്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 10, 2022

അടിയന്തിരാവസ്ഥ ദിനത്തിൽ ഇറങ്ങിയ പത്രവാർത്ത

സ്പന്ദിക്കുന്ന അസ്ഥിമാടം' എന്നത് മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രയോഗമാണ്. സ്വന്തം ശവകുടീരത്തെ ഭാവനയില്‍കണ്ട് കവി എഴുതി:
'പാലപൂത്ത പരിമളമെത്തി
പ്പാതിരയെപ്പുണര്‍ന്നൊഴുകുമ്പോള്‍;
മഞ്ഞണിഞ്ഞു, മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോള്‍;
മന്ദമന്ദം പൊടിപ്പതായ്ക്കേള്‍ക്കാം
സ്പന്ദനങ്ങളിക്കല്ലറയ്ക്കുള്ളില്‍!'
ആ സ്പന്ദനങ്ങള്‍ ഒരു കവിതയാകുമെന്നുംആ കവിത കവിയുടെ അഭാവത്തിലും കവിക്കുവേണ്ടി മുഴങ്ങുമെന്നുമാണ് ചങ്ങമ്പുഴ വിശദീകരിച്ചത്.

ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രവും വര്‍ത്തമാനവും എഴുതാനൊരുങ്ങുമ്പോള്‍ കാണുന്നതും ഇതുപോലൊരു കാഴ്ചയാണ്. നമ്മുടെ അച്ചുകൂടങ്ങള്‍, അവ അസ്ഥിമാടങ്ങളായി, എന്നിട്ടും സ്പന്ദിച്ചുകൊണ്ടിരിക്കുന്നു ആ സ്പന്ദനങ്ങള്‍ ഇപ്പോഴും നമ്മളോടൊക്കെ പലതും പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ഇന്ത്യയിലിന്ന് പത്രങ്ങള്‍, മാധ്യമമേഖലയാകെത്തന്നെ, ഒരു സവിശേഷഘട്ടത്തിലൂടെ കടന്നുപോവുകയാണ്. 2022ല്‍ 'പത്രസ്വാതന്ത്ര്യ സൂചിക'യില്‍ മൊത്തം 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 150 ആയി താഴ്ന്നിരിക്കുന്നു. 2021ല്‍ 154ല്‍ 142 ആയിരുന്നു. ഈ നൂറ്റാണ്ടിന്റെ രണ്ടാം വര്‍ഷമായ  2002ല്‍ ആകട്ടെ, 135 രാജ്യങ്ങളില്‍ 80 ആയിരുന്നു. ഇത് മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പതനത്തിന്റെ സൂചികയാണ്.

ആഗോളമാധ്യമസ്വാതന്ത്ര്യ സൂചികയുടെ ഇരുപതു വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യ കൈവരിച്ച ഏറ്റവും മോശം നിലയാണ് 2022ലേത്   'റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡര്‍' എന്ന കൂട്ടായ്മ 2002 മുതല്‍ ആഗോളപത്ര സ്വാതന്ത്ര്യസൂചിക പ്രസിദ്ധീകരിക്കുന്നു. ആര്‍എസ്എഫ് എന്നാണ് സംഘടനയുടെ ചുരുക്കപ്പേര്. 'റിപ്പോര്‍ട്ടേഴ്സ് സാന്‍സ്ഫ്രോണ്‍ടിയറെസ്' എന്ന ഫ്രഞ്ച് പേരിന്റെ ചുരുക്കം. മാധ്യമസ്വാതന്ത്ര്യം കാത്തുരക്ഷിക്കുക എന്ന ദൗത്യവുമായി പ്രവര്‍ത്തിക്കുന്ന ലാഭരഹിത സര്‍ക്കാരിതര സംഘടനയാണിത്. ഫ്രാന്‍സിലെ മോണ്ട് പെല്ലിയറില്‍ 1985ല്‍ ആണ് ഈ സംഘടന പിറന്നത്. പാരീസാണ് ആസ്ഥാനം. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും സാമൂഹികമാധ്യമങ്ങളില്‍ ഇടപെടുന്ന പൗരജനങ്ങള്‍ക്കും (നെറ്റിസണ്‍സ്) കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ അളവും പത്രസ്വാതന്ത്ര്യത്തെ മാനിക്കുന്നതില്‍ അധികാരികള്‍ പുലര്‍ത്തുന്ന സമീപനവുമൊക്കെ പരിഗണിച്ചാണ് ഓരോ രാഷ്ട്രത്തിന്റെയും സൂചിക കണക്കാക്കുക.

പത്രസ്വാതന്ത്ര്യത്തിന്റെ നില അനുസരിച്ച് (1) നല്ലത്, (2) തൃപ്തികരം, (3) പ്രശ്നങ്ങളുള്ളത്, (4) പ്രയാസകരം, (5) അപകടകരം എന്നിങ്ങനെ രാഷ്ട്രങ്ങളെ തിരിക്കുന്നു. ഇതില്‍ പ്രയാസകരമായ രാഷ്ട്രങ്ങളുടെ നിരയിലാണ്, നാലാം കിടയിലാണ്, ഇന്ത്യ. ഏറ്റവും വഷളായ മാധ്യമസ്വാതന്ത്ര്യനിലയുള്ള രാഷ്ട്രങ്ങളുടെ തൊട്ടുമുകളിലുള്ള വിഭാഗത്തില്‍!

മെയ് മൂന്നിനാണ് പട്ടിക പ്രസിദ്ധീകരിച്ചത്. യുഎന്‍ഒയുടെ നിര്‍ദ്ദേശപ്രകാരം മെയ് മൂന്ന് ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കപ്പെടുന്നു. ഈ ദിവസത്തിന് ലോക പത്രദിനം എന്ന പേരുമുണ്ട്. ദൈനംദിന വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസികയത്നത്തില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകര്‍ക്കും ജയില്‍വാസം അനുഭവിക്കുന്നവര്‍ക്കും അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നതിനായാണ് ദിനാചരണം. പക്ഷേ, ഇപ്പോഴത് ലോക മാധ്യമ മേഖലയെ നിരീക്ഷിക്കുകയും അന്താരാഷ്ട്ര സമൂഹത്തെ ആണ്ടോടാണ്ട് പത്രപ്രവര്‍ത്തന മൂല്യങ്ങളിലേക്ക് വിളിച്ചുണര്‍ത്തുകയും ചെയ്യുന്ന ആഗോളസംരംഭദിനമായി മാറിയിരിക്കുന്നു.

പത്രപ്രവര്‍ത്തനം നുണപ്രചാരണത്തിനെതിരായ ഏറ്റവും മികച്ച വാക്സിനാണ് എന്നുപറഞ്ഞു കൊണ്ടാണ് ആര്‍എസ്എഫ് സെക്രട്ടറി ജനറല്‍ ക്രിസ്റ്റോഫ്ഡിലോറി പുതിയ സൂചിക ലോകത്തിനു നല്‍കിയത്. ഡിസ്ഇന്‍ഫര്‍മേഷനെതിരായ ഏറ്റവും മികച്ച വാക്സിന്‍ എന്ന പ്രയോഗം ഏറെ പ്രസക്തമാണ്. ജനങ്ങളെ തെറ്റായ രീതിയില്‍ നയിക്കാനുള്ള നുണപ്രചാരണമാണ് ഡിസ്ഇന്‍ഫര്‍മേഷന്‍. പൊതുജനാഭിപ്രായത്തെ ദുഃസ്വാധീനിക്കാനുള്ള പ്രചാരവേലയാണത്. വിവിധ വാര്‍ത്താമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന പ്രത്യക്ഷവും പരോക്ഷവുമായ നുണയത്രയും അതിന്റെ പരിധിയില്‍വരും; കിംവദന്തികള്‍ പോലും.

ഡിസ്ഇന്‍ഫര്‍മേഷനും മിസ്ഇന്‍ഫര്‍മേഷനും രണ്ടാണ്. രണ്ടും അവാസ്തവ പ്രചാരണംതന്നെ. ഡിസ്ഇന്‍ഫര്‍മേഷന്‍ മനഃപൂര്‍വം നടക്കുന്നതാണെങ്കില്‍ മിസ്ഇന്‍ഫര്‍മേഷന്‍അറിയാതെ നടക്കുന്നതാണ്. മലയാളത്തിലെ നുണ, തെറ്റ് എന്നീ പ്രയോഗങ്ങളിലൂടെ ഇതു വിശദമാക്കാം. ഡിസ്ഇന്‍ഫര്‍മേഷന്‍ നുണപ്രചരിപ്പിക്കലാണെങ്കില്‍ മിസ് ഇന്‍ഫര്‍മേഷന്‍ തെറ്റു പ്രചരിപ്പിക്കലാണ്. മിസ് ഇന്‍ഫര്‍മേഷന്‍ ഡിസ് ഇന്‍ഫര്‍മേഷന്റെ വിത്തായി മാറാം എന്നും കാണണം.

ഗവണ്മെന്റുകളുടെ ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇന്‍ഫര്‍മേഷന്‍ സംഘടിപ്പിക്കുന്നത് എന്നായിരുന്നു ആദ്യകാല ധാരണ. ഇപ്പോള്‍ഗവണ്മെന്റിതര സ്ഥാപനങ്ങള്‍ മുതല്‍ കച്ചവടസ്ഥാപനങ്ങള്‍ വരെ ഡിസ് ഇന്‍ഫര്‍മേഷന്‍ നടത്തുന്ന ചിന്തയിലേയ്ക്ക് ലോകം എത്തിയിട്ടുണ്ട്. അതിനെ ഫലപ്രദമായി ചെറുക്കാനുള്ള ചുമതല മാധ്യമങ്ങള്‍ക്കാണ് എന്നാണ് ആര്‍എസ്എഫ് പറയുന്നത്. ഡിസ്ഇന്‍ഫര്‍മേഷന്റെപുതിയ ഘട്ടമാണ് ഇപ്പോള്‍ പരക്കെചര്‍ച്ചാവിഷയമായ ഫെയ്ക്ക്ന്യൂസ്.

വാര്‍ത്തയുടെ മുഖാവരണമിട്ട ഡിസ്ഇന്‍ഫര്‍മേഷനാണ് ഫെയ്ക്ക്ന്യൂസ്. ഫെയ്ക്ക് ന്യൂസുകളുടെ വാഹനങ്ങളായി മാധ്യമങ്ങള്‍ മാറിയ ഒരുകാലത്താണ് മാധ്യമങ്ങളുടെ യഥാര്‍ത്ഥ ധര്‍മം ഡിസ്ഇന്‍ഫര്‍മേഷനെതിരായ വാക്സിനായിരിക്കുക എന്നതാണെന്ന പരികല്‍പ്പന ആര്‍എസ്എഫ് മുന്നോട്ടു വയ്ക്കുന്നത്.

ആര്‍എസ്എഫിന്റെ നിഷ്പക്ഷതയും നിലപാടുകളും ചോദ്യം ചെയ്യപ്പെടാനാവാത്ത വിധംമികച്ചതൊന്നുമല്ല. അമേരിക്കയിലെ നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഡെമോക്രസി (എന്‍ഇഡി), സെന്റര്‍ ഫോര്‍ എഫ്രീക്യൂബഎന്നീസംഘടനകളില്‍നിന്ന് അവര്‍ പണം സ്വീകരിച്ചത് വിവാദമായിരുന്നു. ലോകരാജ്യങ്ങളില്‍ ജനാധിപത്യം വളര്‍ത്താന്‍ അമേരിക്ക രൂപംകൊടുത്ത സംഘടനയാണ് എന്‍ഇഡി. ഇത്ശീതയുദ്ധകാല നയങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ദൗത്യം ഏറ്റെടുത്ത സംഘടനയാണെന്നു വിമര്‍ശനമുണ്ട്.

സിഐഎയില്‍ നിന്നു പണം കൈപ്പറ്റാന്‍ ജനാധിപത്യസംഘടനകള്‍ക്കു പ്രയാസമുള്ളതിനാലാണ് എന്‍ഇഡിക്കുരൂപം കൊടുക്കേണ്ടി വന്നതെന്ന് എന്‍ഇഡി പ്രസിഡന്റ് തന്നെ 1986ല്‍ പറഞ്ഞിരുന്നു. എന്‍ഇഡിയില്‍നിന്നു സ്വീകരിച്ച തുക ആര്‍എസ്എഫ് ബജറ്റിന്റെ 0.92 ശതമാനമേ വരൂ എന്നും അതുതന്നെ ആഫ്രിക്കയിലെ പത്രപ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കുമായാണ് ഉപയോഗിച്ചത് എന്നുമായിരുന്നു ആര്‍എസ്എഫിന്റെ വിശദീകരണം. വിവാദത്തെതുടര്‍ന്ന് സെന്റര്‍ഫോര്‍ എഫ്രീ ക്യൂബയുമായുള്ള ബന്ധം സംഘടന 2008ല്‍ ഉപേക്ഷിച്ചു.

ഇസ്രയേലിലെ ഡാന്‍ഡേവിഡ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയഡാന്‍ഡേവിഡ് സമ്മാനം ആര്‍എസ്എഫ് സ്വീകരിച്ചതും വിവാദമായിരുന്നു. ഇങ്ങനെ ഭൗമരാഷ്ട്രീയ താല്പര്യങ്ങളില്‍നിന്ന് സമ്പൂര്‍ണ്ണമായി മോചിതമാണ് എന്ന് പറയാനാവില്ലെങ്കിലും ഇന്ന് മാധ്യമ സ്വാതന്ത്ര്യസംബന്ധിയായ നിലപാടുകളില്‍ ലോകത്ത് ഏറ്റവും വിലമതിക്കപ്പെടുന്ന ശബ്ദം ആര്‍എസ്എഫിന്റേതാണ്.

സമഗ്രാധിപത്യ ദേശീയവാദ സ്വഭാവം കൂടിക്കൂടിവരുന്ന ഗവണ്മെന്റുകളില്‍നിന്ന് മാധ്യമങ്ങള്‍ സമ്മര്‍ദ്ദം നേരിടുന്ന, താരതമ്യേന ജനാധിപത്യമുള്ള, രാജ്യങ്ങള്‍ക്ക് ഉദാഹരണമാണ് ഇന്ത്യഎന്ന് ആര്‍എസ്എഫിന്റെ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. അതുകൊണ്ട്, ഇന്ത്യയില്‍ മാധ്യമരംഗത്ത് എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ സൂചനയാണ് ഈ സൂചിക എന്ന് പറയാനാകും.

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കുമേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിടിമുറുകുകയാണെന്ന് സൂചികവിലയിരുത്തുന്നു. ജോലിചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. 2019ലെ പൊതു തിരഞ്ഞെടുപ്പിനുശേഷം മോദിയെ പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ ഹിന്ദുത്വ ആശയസംഹിതകള്‍ക്കു വഴങ്ങാന്‍ മാധ്യമങ്ങള്‍ സമ്മര്‍ദത്തിലാണെന്ന്  ആര്‍എസ്എഫ് റിപ്പോര്‍ട്ട്  വിശദീകരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ കൊളോണിയല്‍വിരുദ്ധ പ്രസ്ഥാനത്തിന്റെ ഒരുഉല്‍പ്പന്നമാണ് ഇന്ത്യന്‍ പ്രസ്. അതിനാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ തികച്ചും പുരോഗമനപരമായി കാണപ്പെട്ടിരുന്നു. എന്നാല്‍, 2010കളുടെ മധ്യത്തില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകുകയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബിജെപിയും മാധ്യമങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന വലിയ കുടുംബങ്ങളും തമ്മില്‍ അതിശയകരമായ അടുപ്പമുണ്ടാക്കുകയുംചെയ്തത് കാര്യങ്ങളെ മാറ്റിയെന്നുംബ്ദആര്‍എസ്എഫ്പറയുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ ആര്‍എസ്എഫ് എടുത്തുപറയുന്നു. കുറഞ്ഞത് എട്ടുകോടി ഇന്ത്യക്കാരെങ്കിലും പിന്‍തുടരുന്ന എഴുപതിലേറെ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയാണ് എന്നാണ് അവരുടെപരാമര്‍ശം. ഇന്ത്യയിലെ 70 ശതമാനം മാധ്യമങ്ങളെയും ഭരണകൂടത്തോട് അടുപ്പമുള്ള കോര്‍പ്പറേറ്റുകളാണ് നിയന്ത്രിക്കുന്നത് എന്നും ആര്‍എസ്എഫ് വിലയിരുത്തുന്നുണ്ട്.

ആര്‍എസ്എഫിന്റെ ചിഹ്നം

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാധ്യമ ചരിത്രം വീണ്ടും നോക്കുന്നത് പ്രസക്തമാണ്. ചരിത്രത്തിലേക്ക് നോക്കി അതില്‍നിന്നുകിട്ടുന്ന ഉള്‍ക്കാഴ്ച ഉള്‍ക്കൊണ്ടുമാത്രമേ വര്‍ത്തമാനകാലത്തെ കൃത്യമായി പഠിക്കാന്‍ നമുക്കാവൂ.
പിറക്കുന്നതിനും മുന്നേതന്നെ ചരിത്രമുണ്ട് ഇന്ത്യന്‍പ്രസ്സിന്. 1780ലാണ് ഇന്ത്യയിലെ ആദ്യത്തെ പത്രത്തിന്റെ പിറവി. പക്ഷേ, 12കൊല്ലംമുമ്പ്, ഇന്ത്യയുടെ പിറക്കാത്തപത്രം'പിറന്നു'. 1767സെപ്തംബറില്‍ കൊല്‍ക്കത്തയിലെ ബ്രിട്ടീഷ് കൗണ്‍സില്‍ ഹാളിന്റെ വാതില്‍ക്കല്‍ ഒരുനോട്ടീസ് പ്രത്യക്ഷപ്പെട്ടു.

തനിക്ക് പൊതുജനങ്ങളോട് ചിലതുപറയാനുണ്ട്, അവ അറിയാന്‍ താല്‍പര്യമുള്ളവര്‍ ദിവസവും രാവിലെ 10 മണിമുതല്‍ 12 മണിവരെ തന്റെ വീട്ടില്‍ വരണമെന്ന വില്യംബോള്‍ട്സ് എന്ന ഒരാളുടെ അറിയിപ്പ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു വില്യംബോള്‍ട്ട്സ്.

ഇന്ത്യാ ചരിത്രത്തില്‍ പാഠവും താക്കീതുമായി ഉയര്‍ന്നുനില്‍ക്കുന്ന പേരാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേത്. ഒരു ആദ്യകാല ജോയിന്റ് സ്റ്റോക്ക് കമ്പനി ആയിരുന്നു അത്. 1600 ഡിസംബര്‍ 31ന്  ഒന്നാം എലിസബത്ത് രാജ്ഞി, അവര്‍ക്ക് ഇന്ത്യയില്‍ കച്ചവട അവകാശങ്ങള്‍ അനുവദിച്ച് രാജകീയാനുമതിപത്രം കൊടുത്തു. ഇതോടെ കമ്പനിക്ക് ഇന്ത്യയടക്കമുള്ള കിഴക്കന്‍ രാജ്യങ്ങളിലെ എല്ലാ കച്ചവടങ്ങളുടെയും മുകളില്‍ 15 വര്‍ഷത്തെ കുത്തക കിട്ടി. പിന്നാലെയുണ്ടായത് ചരിത്രം.

കിഴക്കിന്റെ വ്യാപാരം കൈയടക്കാന്‍ ഒരേ സമയം രംഗത്തിറങ്ങിയ യൂറോപ്യന്‍ വ്യാപാരക്കമ്പനികള്‍ പരസ്പരം മത്സരിച്ചു. ആ മത്സരം യുദ്ധമായി. ആയുധമെടുത്ത കച്ചവടക്കാരെ ലോകം കണ്ടു;  കോട്ടകളായി മാറുന്ന പാണ്ടികശാലകളെയും. ഈ മത്സരത്തില്‍ നേട്ടം ഈസ്റ്റ് ഇന്ത്യാ കമ്പനിക്കായിരുന്നു. പിന്നാലേ, അവര്‍ ഇന്ത്യയടക്കമുള്ള ഏഷ്യയിലെ കോളനികളുടെ ഭരണാധികാരികളായി. ഈ നില മാറിയത് 1857ല്‍ നടന്ന ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷമാണ്. അതോടെ ഇന്ത്യ ബ്രിട്ടീഷ് കിരീടത്തിന്റെ നേരിട്ടുള്ള ഭരണത്തിലായി. വില്യം ബോള്‍ട്സ് ബ്രിട്ടീഷ് കൗണ്‍സില്‍ ഹാളിന്റെ വാതിലില്‍ അറിയിപ്പ് പതിച്ചത് 1767ലായിരുന്നല്ലോ.

അന്ന് ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുതന്നെയാണ്. കമ്പനിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന്1766ല്‍ അദ്ദേഹം കമ്പനി വിട്ടിറങ്ങിയിരുന്നു. കമ്പനിയുമായി കേസു നടത്തുന്നതിനിടെഒരു പത്രം തുടങ്ങാനുള്ള അനുമതിക്കായി അദ്ദേഹം അധികാരികള്‍ക്ക് അപേക്ഷ നല്‍കി. അന്ന് ഇന്ത്യയില്‍ പത്രം അച്ചടിക്കുന്നുണ്ടായിരുന്നില്ല. വിദേശത്തുനിന്നു വരുന്ന പത്രങ്ങളുണ്ട്. അവ ഒമ്പതു മാസത്തോളം വൈകിയേ ഇന്ത്യയിലെത്തൂ. ആ സാഹചര്യത്തില്‍ ഇന്ത്യയില്‍ പത്രമിറക്കാന്‍ ഒരാള്‍ തയ്യാറായി മുന്നോട്ടുവന്നാല്‍ അനുവദിക്കാവുന്നതേയുള്ളൂ. പക്ഷേ, ബോള്‍ട്സിന് ആ അനുമതി കിട്ടിയില്ല.

വില്യംബോള്‍ട്സ് (1738-1808)

അതേത്തുടര്‍ന്നാണ് സ്വന്തം വീട് വാര്‍ത്താവിതരണകേന്ദ്രമാക്കാനുള്ള, പൂര്‍വമാതൃകകള്‍ ഇല്ലാത്ത, ഒരു സംരംഭത്തിന് ബോള്‍ട്സ് മുതിര്‍ന്നത്.അദ്ദേഹത്തിന്റെ നോട്ടീസ് ഇങ്ങനെയായിരുന്നു:''പൊതുജനങ്ങള്‍ക്ക് ഈ നഗരത്തില്‍ ഒരു അച്ചുകൂടം വേണമെന്ന ആവശ്യം കച്ചവടപ്രശ്നങ്ങളാല്‍ തിരിച്ചടിയിലാണ്. ഓരോ ബ്രിട്ടീഷ് പ്രജയ്ക്കും സമൂഹത്തിനും അറിവു പകരുന്നത് അത്രയേറെ വിഷമകരമായി മാറിയിരിക്കുന്നു. അതിനാല്‍, മിസ്റ്റര്‍ ബോള്‍ട്സ് പൊതുജനങ്ങള്‍ക്കു വിവരം വിനിമയം ചെയ്യാനുള്ള ഈ രീതി സ്വീകരിക്കുന്നു.

അച്ചടിക്കച്ചവടത്തില്‍ വിദഗ്ധനായ ഏതൊരു വ്യക്തിക്കും വ്യക്തികള്‍ക്കും ഏറ്റവും നല്ല പ്രോത്സാഹനം നല്‍കാനും ഒരു അച്ചുകൂടത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനും അദ്ദേഹം തയ്യാറാണ്. ഇതിനുള്ള അച്ചുകളും അനുസാരികളും അദ്ദേഹത്തിന് നിര്‍മിക്കാനാകും.

അദ്ദേഹം ഇങ്ങനെയൊരു വിവരം കൂടി പൊതുജനങ്ങള്‍ക്കു കൈമാറാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പക്കല്‍ കൈയെഴുത്തുപ്രതികളായി ചിലതുണ്ട്. അവ അത്യധികം ഗാഢമായി എല്ലാവരെയും, ജിജ്ഞാസയോ മറ്റു  സ്തുത്യര്‍ഹമായ പ്രേരണയോ ഉള്ള ഏതൊരു വ്യക്തിയെയും, ബാധിക്കുന്നതാണ്. അവ വായിക്കാനും അവയുടെ പകര്‍പ്പെടുക്കാനും അവര്‍ക്ക് മിസ്റ്റര്‍ ബോള്‍ട്സിന്റെ വീട്ടില്‍ പ്രവേശനം അനുവദിക്കും.

അവര്‍ക്ക് എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 വരെ വീട്ടില്‍ അര്‍ഹമായ പരിഗണനയും നല്കും.''
കമ്പനി അപകടം മണത്തു. അദ്ദേഹത്തിന്റെ നടപടികള്‍ അവര്‍ ശ്രദ്ധിച്ചു. നോട്ടീസ് അനുസരിച്ച് വിവരരേഖകള്‍ വായിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ആളുകളെത്തി. അധികാരികള്‍ നടപടിയുമെടുത്തു. ബോള്‍ട്സ് ബംഗാളില്‍നിന്നു നാടുകടത്തപ്പെട്ടു. 1767 സെപ്തംബര്‍ 23ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കപ്പലില്‍ മദിരാശിയിലെത്തിച്ച് ഇംഗ്ലണ്ടിലേയ്ക്കയച്ചു.

ആംസ്റ്റര്‍ഡാമില്‍ ജനിച്ച ബ്രിട്ടീഷുകാരനായിരുന്നു ബോള്‍ട്സ്. അധികാരികള്‍ക്കെതിരെ വെറുപ്പുപരത്താനും വിഭാഗീയതയും അസംതൃപ്തിയും വളര്‍ത്താനും ശ്രമിച്ചു എന്നതുകൂടി അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റ കൃത്യങ്ങളില്‍പ്പെട്ടിരുന്നു.

1772ല്‍ ബോള്‍ട്സ്' കണ്‍സിഡറേഷന്‍സ് ഓണ്‍ ഇന്ത്യാ അഫയേഴ്സ്: പര്‍ട്ടിക്കുലര്‍ലി റെസ്പെക്ടിംഗ് ദി പ്രസന്റ് സ്റ്റേറ്റ് ഓഫ് ബംഗാള്‍ ആന്‍ഡ് ഇറ്റ്സ് ഡിപ്പന്‍ഡന്‍സീസ് വിത്ത് എ മാപ്പ് ഓഫ് ദോസ് കണ്‍ട്രീസ് ചീഫ്ലി ഫ്രം ആക്ച്വല്‍ സര്‍വെയ്സ്' എന്ന ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. ബംഗാളിലെ ഈസ്റ്റ് ഇന്ത്യാ ഭരണത്തെ വിമര്‍ശിക്കുന്നുണ്ട് ഈ പുസ്തകം. കമ്പനി അധികാരികളുടെ സ്വേഛാപരമായ നടപടികളെ ചോദ്യം ചെയ്യുന്നുണ്ട്.

തന്റെ തന്നെ നാടുകടത്തലും പരാമര്‍ശിക്കുന്നുണ്ട്.1757ലെ പ്ലാസി യുദ്ധത്തിനു പിന്നാലെ ബംഗാളില്‍ കാലുറപ്പിച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണചരിത്രമാണ് ഈ പുസ്തകത്തിലുള്ളത്. ബംഗാളിലെ കമ്പനി വാഴ്ചയുടെ സ്വഭാവത്തിലേയ്ക്കു വിരല്‍ചൂണ്ടുന്ന വിവരങ്ങളാല്‍ സമ്പന്നമാണ് ഈ പുസ്തകം.

'വില്യം ബോള്‍ട്സ്: എ ഡച്ച് അഡ്വഞ്ചറര്‍ അണ്ടര്‍ ജോണ്‍ കമ്പനി' എന്നൊരു പുസ്തകം 1920ല്‍ പുറത്തിറങ്ങിയിട്ടുണ്ട്. നോര്‍മന്‍ ലെസ്ലി ഹാള്‍വാര്‍ഡിന്റേതാണ് അത്. ബോള്‍ട്ട്സിന്റെ രേഖാനുസൃത ജീവചരിത്രം. ജോണ്‍ കമ്പനി എന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മറ്റൊരു പേരാണ്. ഇന്ത്യയില്‍ കമ്പനി ബഹദൂര്‍ എന്നൊരു പേരും അവര്‍ക്കുണ്ടായിരുന്നു.  ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രവര്‍ത്തനമേഖലയിലെ പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ സൈനികേതര സാഹസികന്‍ എന്നാണ് പുസ്തകം ബോള്‍ട്സിനെ വിശേഷിപ്പിക്കുന്നത്.

സ്വകാര്യകച്ചവടത്തിലൂടെ ആറു കൊല്ലം കൊണ്ട് 90,000 പൗണ്ട് സമ്പാദിച്ചയാള്‍, രണ്ടു കൊല്ലത്തോളം ഏകാകിയായിനിന്ന് ബംഗാളിലെ സൈനിക þ സൈനികേതര ഉദ്യോഗസ്ഥരെ ധിക്കരിച്ചയാള്‍, ഒരു മുന്‍ഗവര്‍ണറെ നിയമനടപടികളിലൂടെ തകര്‍ത്തയാള്‍ എന്നൊക്കെയുള്ള വിശേഷണങ്ങളും പുസ്തകം അദ്ദേഹത്തിനു നല്‍കുന്നു. തന്നെ ബലമായി നാടുകടത്തിയതിന് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് അദ്ദേഹം രണ്ടു തരത്തില്‍ പ്രതികാരം ചെയ്തു. ഒന്ന്, തന്റെ പുസ്തകത്തിലൂടെ. രണ്ട്, ആസ്ട്രിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഈസ്റ്റ് ഇന്‍ഡീസില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരേ കമ്പനികള്‍ നടത്തിക്കൊണ്ട്.

അദ്ദേഹത്തെ കമ്പനി നാടുകടത്തിയത് പത്രം പ്രസിദ്ധീകരിക്കാനുള്ള നിശ്ചയം പ്രസിദ്ധപ്പെടുത്തിയതിനല്ല. അച്ചടിക്കാത്ത പത്രം എന്നോ കൈയെഴുത്തു വാര്‍ത്തകള്‍ എന്നോ പറയാവുന്ന പത്രമല്ലാപ്പത്രം ഏര്‍പ്പെടുത്തിയതിനുമല്ല.നാടുകടത്താനുള്ള തീരുമാനം നേരത്തേ ഉണ്ടായിരുന്നു. അത് ആ നോട്ടീസിനു പിന്നാലേ നടപ്പാക്കി എന്നേയുള്ളൂ. ആദ്യത്തെ നാടുകടത്തല്‍ തീരുമാനത്തിനു പിന്നിലുള്ളത് കമ്പനിയും അദ്ദേഹവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ്. പക്ഷേ, ഏറെക്കാലം നടപ്പാക്കാതെ നിന്ന നാടുകടത്തല്‍ അദ്ദേഹം വിവാദ നോട്ടീസ് പതിച്ചതിനു പിന്നാലേ നടപ്പാക്കിയത് പത്രപ്പേടികൊണ്ടുതന്നെയായിരുന്നു എന്നത് അവിതര്‍ക്കിതമാണ്.

വില്യം ബോള്‍ട്സ് പത്രം തുടങ്ങിയിരുന്നെങ്കില്‍ അത് എങ്ങനെയുണ്ടാകും എന്ന ചോദ്യത്തിന് ചരിത്രത്തില്‍ ഇടമില്ല. പക്ഷേ, വര്‍ത്തമാനത്തില്‍ അങ്ങനെയുള്ള ചോദ്യങ്ങളും പ്രസക്തമാണ്. ബോള്‍ട്സിന്റെ പുസ്തകം സാക്ഷ്യപ്പെടുത്തുന്നത് അദ്ദേഹം പത്രം തുടങ്ങിയിരുന്നെങ്കില്‍ അത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സ്തുതി പാടുന്ന പത്രമായിരിക്കില്ല എന്നാണ്. അന്നത്തെ ഒരു ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനില്‍നിന്ന്, കമ്പനിയോടു പൊരുത്തപ്പെടാനാവാതെ പോയ ഒരാളില്‍നിന്ന്, കമ്പനിയോട് കേസു പറഞ്ഞിരുന്ന ഒരാളില്‍നിന്ന്, ഒരു കച്ചവടക്കാരനില്‍നിന്ന് കിട്ടുമായിരുന്ന ഒരു പത്രം നമുക്ക് കിട്ടിയേനെ എന്ന് കരുതാം.

അതോടൊപ്പം, അദ്ദേഹത്തിന്റെ രണ്ടു സിദ്ധികള്‍ ആ പത്രത്തിന് പുതിയ വിതാനങ്ങള്‍ കൊടുക്കുകയും ചെയ്യുമായിരുന്നു. ഒന്ന്, അദ്ദേഹത്തിന്റെ ധൈര്യം. പട്ടാളക്കാര്‍ അദ്ദേഹത്തെ വീടു വളഞ്ഞ് പിടികൂടി നാടുകടത്തുകയാണുണ്ടായത്. തന്നെ പിടികൂടാനെത്തിയ സംഘത്തിന്റെ തലവനുമായി ബോള്‍ട്സ് വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നുണ്ട്. തടവുകാരനാക്കുകയും ബലം പ്രയോഗിച്ചുകൊണ്ടുപോവുകയും ചെയ്താലേ താന്‍ വരൂ എന്ന് അദ്ദേഹം ക്യാപ്റ്റന്‍ റോബര്‍ട്ട് കോക്സേയോട് പറയുന്നുണ്ട്. അങ്ങനെയാണ് അദ്ദേഹത്തെ കൊണ്ടുപോയതും.

രണ്ട്, അക്കാലത്ത് മിക്ക ഇംഗ്ലീഷുകാരും അപരരോട് കാണിച്ചിരുന്ന പുച്ഛം അദ്ദേഹം കാണിച്ചിരുന്നില്ല എന്നത്. അദ്ദേഹത്തിന് പല ഭാഷകള്‍ കൈകാര്യം ചെയ്യാനാകുമായിരുന്നു. 1759 നവംബറില്‍ ബംഗാളിലെത്തിയപ്പോള്‍ത്തന്നെ അദ്ദേഹം ബംഗാളി പഠിച്ചിരുന്നു. ഇംഗ്ലീഷുകാര്‍ അക്കാലത്ത് ചെയ്യാതിരുന്ന ഒരു കാര്യമായിരുന്നു അത്. കമ്പനിയുടെ ജോലി അന്യരാജ്യങ്ങളില്‍ ചെന്ന് കച്ചവടം നടത്തലും അതില്‍നിന്നു ലാഭമുണ്ടാക്കലും അവിടെ ഭരിക്കലുമാണെങ്കിലും അവിടങ്ങളിലെ ഭാഷയോട് അവര്‍ക്ക് പുച്ഛമായിരുന്നു.

അങ്ങനെയുള്ള ഒരു കാലത്ത് ബംഗാളിലേയ്ക്കു വരുമ്പോള്‍ ബംഗാളി പഠിച്ചുകൊണ്ടെത്തിയ ബോള്‍ട്സില്‍ ഒരു വ്യത്യസ്തത കാണാം. ബംഗാളി സംസാരിക്കാനുള്ള ബോള്‍ട്സിന്റെ കഴിവ് ബംഗാളിലെ അദ്ദേഹത്തിന്റെ വ്യാപാരവിജയങ്ങളെ സഹായിച്ചിരുന്നു. അതിന്റെ അഭിമാനവും അദ്ദേഹത്തിനുണ്ടായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയോടു നിയമയുദ്ധം നടത്തുമ്പോള്‍ കമ്പനി മേധാവികളെ നാട്ടുഭാഷയറിയാത്തവര്‍, അതിനാല്‍ കാര്യങ്ങളില്‍ അജ്ഞര്‍ എന്ന് അദ്ദേഹം ഇകഴ്ത്തി യിട്ടുണ്ട്. ഇങ്ങനെ നാട്ടുഭാഷയും അതിലൂടെ നാടിനെയും അറിയുന്ന ബോള്‍ട്സ് ഇംഗ്ലീഷിലാണെങ്കില്‍പ്പോലും കൊല്‍ക്കത്തയില്‍ ഒരു പത്രം നടത്തിയിരുന്നെങ്കില്‍ അത് ഒരു തനി സായിപ്പുപത്രമാകുമായിരുന്നില്ല എന്നും നമുക്കുറപ്പിക്കാം.

വില്യം ബോള്‍ട്സിന്റെ പുസ്തകം (1772)

വില്യം ബോള്‍ട്സിന്റെ പത്രം അച്ചടിക്കാതെ പോയി. അദ്ദേഹത്തിന്റെ അച്ചുകൂടം ഉയര്‍ത്തപ്പെടാതെ പോയി. പക്ഷേ, ചരിത്രത്തില്‍ അത് അടിച്ചുവീഴ്ത്താനാവാതെ ഉയര്‍ന്നുനില്‍ക്കുന്നു. നമ്മുടെ നാടിന്റെ പത്രപ്രവര്‍ത്തനചരിത്രം പത്രങ്ങള്‍ ജനിക്കുംമുമ്പേ തുടങ്ങി എന്ന് അതു നമ്മളോടു പറയുന്നു. അതേ, പിറക്കാത്ത പത്രത്തിന്റെ ബലിച്ചോരയില്‍ നനഞ്ഞാണ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം പിറന്നത്.

(തുടരും)

(ചിന്ത വാരികയിൽ നിന്ന്)

 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top