20 August Tuesday

പിള്ളേച്ചന്റെ കെണി

ദിനേശ്‌ വർമUpdated: Wednesday Apr 10, 2019


‘മീശമാധവൻ’ സിനിമയിൽ പിള്ളേച്ചൻ കണ്ട കണി ഓർമയുണ്ടാകും. ഒന്ന‌്, രണ്ട‌്, മൂന്ന‌്... എന്ന‌് എണ്ണീട്ട‌് ‘എന്റെ അഞ്ച‌് വർഷം പോയീ’ എന്നൊരു കമന്റും. മലയാളം ചാനലുകൾ നടത്തിയ സർവേകൾ കണ്ട‌് വിശ്വസിച്ചാൽ അഞ്ചല്ല, എത്ര വർഷം പോയീന്ന‌് ചോദിച്ചാൽ മതി. സോഷ്യൽ മീഡിയ തുറന്നാൽ മതി; ‘മ’ –-സർവേകളുടെ പണിക്കുറ്റം തീർക്കുന്ന ഉശിരൻ ട്രോളുകളാണ‌്. സർവേയുടെ ഭാഗമായി മാന്യവിശകലനക്കാർ വിളമ്പിയ കണക്കുകളിലെ വൈരുധ്യങ്ങളുടെ ഘോഷയാത്ര. ഞായറാഴ‌്ചത്തെ സർവേയെക്കുറിച്ച‌്  കണ്ട കമന്റ‌്: ‘ തിരോന്തോരത്തെ ജനങ്ങർ 70 ശതമാനത്തിൽ അധികം പേർ കേന്ദ്രത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നു. തിരോന്തോരത്തെ ഭൂരിഭാഗം ജനങ്ങളും രാഹുൽഗാന്ധി പ്രധാനമന്ത്രിയാകണമെന്ന‌് ആഗ്രഹിക്കുന്നു. പക്ഷേ, ഇവിടെ ഭൂരിഭാഗം ജനങ്ങളും കുമ്മനം രാജശേഖരൻ ജയിക്കണമെന്നും ആഗ്രഹിക്കുന്നു.’

പ്ലിങ‌് !

മറ്റൊരു ട്രോൾ:  വയനാട‌് എന്താണ‌് സ്ഥിതി ?
‘അവിടെ രാഹുൽ തരംഗമാണ‌്. ’
എന്നിട്ട‌് തരംഗമെവിടെ ?
അതിപ്പൊ, വടക്കേ ഇന്ത്യയിലാണ‌്.
എന്നാ സർവേ എടുത്തത‌് ?
‘അത‌് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനുമുമ്പാണ‌്. ’

പ്ലിങ‌്, പ്ലിങ‌്

നിവരാനാണ‌് കുനിഞ്ഞത‌് എന്ന‌ു പറഞ്ഞത‌ുപോലെയാണ‌് സ്ഥിതി. പക്ഷേ, കുനിഞ്ഞതേ ഓർമയുള്ളൂ, അപ്പോഴേക്കും ‘പുരുഷു’ അനുഗ്രഹിച്ചു.
പണ്ടത്തെ കാലമല്ല ‘മ’ സർവേക്കാരേ. സോഷ്യൽ മീഡിയയിൽ തെളിവുകൾ സഹിതം ഉരുളയ‌്ക്ക‌് ഉപ്പേരിയല്ല, ലഡുവാണ‌് ലഡു!

വോട്ടിങ‌് പഠന സമ്പ്രദായംതന്നെ ആദ്യം അവതരിപ്പിച്ച പ്രണോയ‌് റോയ‌് അടക്കമുള്ളവർ പറഞ്ഞിട്ടുള്ളത‌്: അതി സൂക്ഷ‌്മമായി പഠിച്ചാൽ ചില ട്രെൻഡുകൾ പറയാനാകും. പക്ഷേ, അതിനൊക്കെ വോട്ടർമാരെ കൃത്യമായി തരംതിരിച്ചുവേണം. ഗ്രാമീണരാണ‌് പ്രധാന വോട്ടിങ‌് സമൂഹം. വോട്ടെടുപ്പിന‌് ഏറ്റവും അടുത്തുള്ള ദിവസങ്ങളിലെ സംഭവങ്ങൾ സ്വാധീനിക്കുന്ന വോട്ടർമാർവരെയുണ്ട‌്. മ സർവേക്കാരൊന്നും ഗ്രാമീണരെ സമീപിച്ചിട്ടേയില്ല. മാത്രമല്ല, സോഷ്യൽ മീഡിയയുടെ തുടർച്ചയായ അന്വേഷണങ്ങളിലൊന്നും ഏതെങ്കിലും സർവേകളിൽ പങ്കെടുത്തവരെ കണ്ടുമുട്ടിയിട്ടില്ല, മരുന്നിനുപോലും. ഇംഗ്ലീഷും ഹിന്ദിയുമറിയാവുന്ന രണ്ട‌് പേരെ പിടിച്ചിരുത്തി നടത്തുന്ന സർക്കസിൽ ഒരു നേട്ടമുണ്ട‌്, പക്ഷെ, ഇവർക്ക‌്; ആ സമയങ്ങളിൽ വലിയ റേറ്റിങ്ങായിരിക്കും. മാത്രമല്ല, ഈ സർവേയൊക്കെയാകുമ്പോ ഇതൊരു ആചാരമാണല്ലോ. മ്മ‌്ളെ ജനങ്ങള‌് വിശ്വാസമില്ലാന്ന‌് മ്മക്കറിയാമല്ലോ. അപ്പൊ ഒരു ഇതിന‌്....

ശബരിമല കണ്ടെത്തലുകളും പിള്ളേച്ചനെ ചിരിപ്പിച്ച‌് കിടത്തിക്കളഞ്ഞു.  ചില മണ്ഡലങ്ങളിൽ ബിജെപിക്ക‌് സഹായം ചെയ്യുമെന്ന‌് സർവേ. അതെങ്ങനെ? അത‌് വിശ്വാസികൾ സഹായിക്കും. ഏത‌് വിശ്വാസികൾ? സിപിഐ എം വിശ്വാസികൾ.

പ്ലിങ‌്!!!

അല്ല, ഇതിനുമുമ്പ‌് ഏതെങ്കിലും സർവേ ശരിയായിട്ടുണ്ടോ? ഇൻഫോഗ്രാഫിക‌്സ‌ുവഴി സോഷ്യൽമീഡിയ അതിനും ഉത്തരം നൽകുന്നു. എല്ലാം വേണ്ട. 2004, 2014, 2011 തുടങ്ങി തെരഞ്ഞെടുപ്പുകളിലെ സർവേകളിലെ ‘മാർജിൻ ഓഫ‌് എറർ’ അതായത‌് തെറ്റാനുള്ള സാധ്യതയുടെ ശരാശരി 300 ശതമാനം ആയിരുന്നു. യുപിയിൽ ബിഎസ‌്പിക്ക‌് 17 സീറ്റ‌് കൊടുത്ത‌ു സർവേ,  വട്ടപ്പൂജ്യമായിരുന്നു ഫലം. അതിൽ മാർജിൻ ഓഫ‌് എറർ ആയിരം! കേരളത്തിൽ 2004ൽ എൽഡിഎഫിന‌് ഇവര‌് കനിഞ്ഞത‌് 4 സീറ്റ‌്. ഫലം വന്നപ്പോൾ കോൺഗ്രസിന‌് മോഹാലസ്യം. കോൺഗ്രസിന‌് ഒറ്റ സീറ്റില്ല. എൽഡിഎഫിന‌് 18 സീറ്റ‌്!
പിന്നെന്താണ‌് ഇവിടത്തെ സർവേക്കല്ലുകാരുടെ ഒരു ‘ഗയിം പ്ലാൻ’ ?

അത‌് പിള്ളേച്ചന്റെ ഒരു കെണിയാണ‌്. മിണ്ടാതേം ഉരിയാടാതേം മുങ്ങി കിടക്കുന്ന യുഡിഎഫ‌് പ്രവർത്തകരെ ഒന്നു ആഞ്ഞ‌് പിടിച്ച‌് കരക്കെത്തിക്കാമോ എന്ന‌്. അവറ്റീങ്ങൾക്ക‌് നാല‌് ചക്രം ആരെങ്കിലും കൊടുക്ക്വാണെങ്കിൽ കൊടുത്തോട്ടെ. പിന്നെ, ഞങ്ങടെ വരുതിക്ക‌് വരാത്ത ഈ ഇടതന്മാർക്ക‌് ഒരു പണീം.


പ്രധാന വാർത്തകൾ
 Top