16 February Saturday

മോഹൻലാൽ വന്നില്ല ; ഐ എം വിജയനും വരില്ല

പ്രത്യേക ലേഖകൻUpdated: Sunday Feb 10, 2019

തിരുവനന്തപുരം
സ്ഥാനാർഥിക്കുപ്പായം അണിയാനില്ലെന്ന‌്  മോഹൻലാലിന‌ു പിന്നാലെ ഫുട‌്ബോൾ താരം ഐ എം വിജയനും  വെളിപ്പെടുത്തിയതോടെ ബിജെപിയും കോൺഗ്രസും  അടുത്തയാളെ തേടി നടക്കുകയാണ‌്. താരപ്പൊലിമയുടെ പേരിൽ അഭ്യൂഹം പരത്തി മുതലെടുക്കാമെന്ന ഇരുകൂട്ടരുടെയും മോഹമാണ‌് ചീട്ടുകൊട്ടാരംപോലെ തകർന്നടിഞ്ഞത‌്.

മോഹൻലാലിനെ ബിജെപിയും ഐ എം വിജയനെ കോൺഗ്രസുമാണ‌് സ്ഥാനാർഥികളാക്കാൻ കരുനീക്കം തുടങ്ങിയത‌്. ലാൽ തിരുവനന്തപുരത്തും വിജയൻ ആലത്തൂരിലും കളത്തിലിറങ്ങുമെന്നായിരുന്നു അഭ്യൂഹം. ‘മോഹൻലാൽ വരുമോ’ എന്ന‌് ആളുകൾ ചോദിച്ചുതുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ തലസ്ഥാനത്തെ ചില സംഘപരിവാറുകാരായ ചങ്ങാതിമാരും പ്രചാരണം കൊഴുപ്പിച്ചു. സിനിമാപ്പണിയൊക്കെ നിർത്തി വീട്ടിലിരിക്കുന്നവരാണ‌് ഇവരിൽ പലരും. മോഹൻലാൽ സ്ഥാനാർഥിയാകുമെന്ന‌് പ്രചരിപ്പിച്ച‌് രാഷ‌്ട്രീയ മുതലെടുപ്പ‌് നടത്താനായിരുന്നു ബിജെപിയുടെ ശ്രമം.

മാതാപിതാക്കളുടെ ഓർമയ‌്ക്കായുള്ള ഒരു ട്രസ‌്റ്റുമായി ബന്ധപ്പെട്ട‌് ഏതാനും നാൾ മുമ്പ‌് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദർശിച്ചതാണ‌് ലാലിന‌് വിനയായത‌്. ഒടുവിൽ താൻ സ്ഥാനാർഥിയാകാനില്ലെന്ന‌് മോഹൻലാൽ തീർത്തുപറഞ്ഞതോടെ ശ്രുതി പരത്തിയവർ മാളത്തിൽ കയറി. ഐ എം വിജയനെ ആലത്തൂരിൽ ഇറക്കാനായി ചില കോൺഗ്രസ‌് നേതാക്കൾ കിണഞ്ഞു ശ്രമിച്ചതായാണ‌് വിവരം. ‘ജോലി വിട്ട‌് സ്ഥാനാർഥിക്കാര്യം ചിന്തിക്കാൻ സമയമായിട്ടില്ലെന്ന‌്’ വിജയൻ വ്യക്തമാക്കി. തന്നെ രാഷ‌്ട്രീയക്കാരനായി കാണാൻ ആളുകൾ ഇഷ്ടപ്പെടുന്നില്ലെന്ന അദ്ദേഹത്തിന്റെ പ്രതികരണം സ്ഥാനാർഥികളെ പരതിയിറങ്ങിയവർക്കുള്ള ചുട്ട അടിയാണ‌്.

 

കോൺഗ്രസ് നേതാക്കൾ പലതവണ സമീപിച്ചു
തൃശൂർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അന്താരാഷ്ട്ര ഫുട്ബോൾ താരം ഐ എം വിജയൻ. ആലത്തൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ട് പലതവണ കോൺഗ്രസ് നേതാക്കൾ സമീപിച്ചിരുന്നു. തൃശൂർ ഡിസിസി പ്രസിഡന്റ് ടി എൻ പ്രതാപനും അനിൽ അക്കര എംഎൽഎയും തന്റെ വീട്ടിലും വന്ന് സ്ഥാനാർഥിയാകണമെന്നു പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ താൻ തയ്യാറല്ലെന്ന് ഐ എം വിജയൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. വിജയന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അഭ്യൂഹമുണ്ടായ  സാഹാചര്യത്തിലാണ് വിശദീകരണം.

താൻ ഫുട്ബോൾ കളിക്കാരനായതുകൊണ്ടാണ് ജനം  ഇഷ്ടപ്പെടുന്നത്. അതിനെ സ്പോർട്മാകളൻ സ്പിരിറ്റായി കാണുന്നു.  ജനങ്ങളുടെ സ്നേഹം എന്നുമുണ്ടാകണമെന്നാണ് ആഗ്രഹം. എല്ലാ രാഷ്ട്രീയ പാർടി നേതാക്കളുമായും തനിക്ക് ബന്ധമുണ്ട്. ഇപ്പോൾ ഐ എം വിജയൻ എന്നപേരിൽ ആരെയും പോയി കാണാം. വെറുതെ സ്ഥാനാർഥിയായി അതു കളയാൻ ആഗ്രഹിക്കുന്നില്ല‐ കേരള പൊലീസിൽ ഓഫീസർ റാങ്കിൽ ജോലി ചെയ്യുന്ന ഐ എം  വിജയൻ പറഞ്ഞു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top