01 February Wednesday

എല്ലാം മറന്നുള്ള സന്തോഷം; 
പിടിവിട്ട്‌ ഭ്രാന്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 10, 2022


കോഴിക്കോട്  
മെലിഞ്ഞുണങ്ങി നിൽക്കാൻപോലും വയ്യാത്ത ശോഷിച്ച ശരീരം. തിളക്കം നഷ്ടപ്പെട്ട കണ്ണുകൾ. ആരെയെങ്കിലും കണ്ടാൽ കൊല്ലാൻ വരുന്നേ എന്ന്‌ നിലവിളിക്കുന്ന മാധവുമായാണ്‌ (പേര്‌ സാങ്കൽപ്പികം) അമ്മ വിമുക്തി കേന്ദ്രത്തിലെത്തിയത്‌. മിടുക്കനായ ആ പ്ലസ്‌ടുക്കാരനെ  ഈ അവസ്ഥയിൽ എത്തിച്ചത്‌ ആറ്‌ മാസം മുമ്പത്തെ പിറന്നാൾ ആഘോഷമാണ്‌.

പാട്ടും നൃത്തവുമായി കൂട്ടുകാരെല്ലാം പിറന്നാൾ ‘കളറാ’ക്കുമ്പോഴും മാധവ്‌ സന്തോഷത്തിലായിരുന്നില്ല. പരീക്ഷയിൽ ഒരു വിഷയത്തിൽ മാർക്ക്‌ കുറഞ്ഞതിന്റെയും തലേന്നാൾ അച്ഛൻ വഴക്ക്‌ പറഞ്ഞതിന്റെയുമെല്ലാം സമ്മർദം. എല്ലാം മറന്ന്‌ സന്തോഷിക്കാൻ കൂട്ടുകാരാണ്‌ പഞ്ചസാര തരിപോലുള്ള ലഹരി നൽകിയത്‌.

ഇതുപോലെ പലരും ലഹരിമരുന്നുകളുടെ ഉന്മാദത്തിലേക്ക്‌ എത്തുന്നത്‌ സൗഹൃദങ്ങളിലൂടെയാണ്‌. ക്ലാസ്‌ കഴിഞ്ഞശേഷമുള്ള ഒത്തുകൂടലിൽ, ആഘോഷങ്ങളിൽ... ഇങ്ങനെ തമാശയ്‌ക്കും ഹരത്തിനുമായി തുടക്കം. ‘ഇത്‌ ഉപയോഗിച്ചാൽ ഒരു കുഴപ്പവുമില്ല, ഞാൻ ഇത്രയും കാലം ഉപയോഗിച്ചതല്ലേ. വെറുതെ ഓരോന്ന്‌ പറഞ്ഞുണ്ടാക്കുന്നതാണ്‌’ ഇതൊക്കെ പ്രചോദനമാകുന്നതായി കോഴിക്കോട്‌ വിമുക്തിയിലെ സൈക്യാട്രിക്‌ സോഷ്യൽ വർക്കർ വി ഇ പ്രഭിഷ പറയുന്നു.

ആകാംക്ഷയും ആരാധനയും
ന്യൂജെൻ ലഹരിമരുന്നിൽ ക്രിസ്‌റ്റൽ മെത്താംഫെറ്റമിൻ, എംഡിഎംഎ എന്നിവ ഉപയോഗിക്കുന്നത്‌ 15– 25നും മധ്യേപ്രായമുള്ളവരാണ്‌. യുവാക്കൾക്കിടയിലെ ‘ട്രെൻഡ്‌’ അതിസാഹസികമായി പിൻപറ്റുവന്നവരും ഏറെ. ലഹരിയുടെ ഉന്മാദം അറിയാനുള്ള ആകാംക്ഷയും ആരാധനാപാത്രങ്ങളെ അനുകരിക്കാനുള്ള ശ്രമവുമാണ്‌ പലരെയും ഇതിലേക്ക്‌ നയിക്കുന്നത്‌. ലഹരി ഹാനികരമല്ലെന്ന മിഥ്യാധാരണയും കുടുംബങ്ങളിലെ താളപ്പിഴയും വഴിതെറ്റിക്കും. അനേകർക്ക്‌ സന്തോഷകരമല്ലാത്ത ബാല്യത്തിന്റെ ഭൂതകാലം പറയാനുണ്ട്‌. 

പഠനവൈകല്യവും എഡിഎച്ച്‌ഡിയും നേരത്തേ തിരിച്ചറിയണം
പഠനവൈകല്യം, അറ്റൻഷൻ ഡെഫിസിറ്റ്‌ ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്‌ഡി), പെരുമാറ്റ വൈകല്യം എന്നിവയുള്ളവർ ലഹരിയിലേക്ക്‌ എത്താൻ സാധ്യത കൂടുതലാണ്‌–- കോഴിക്കോട്‌ വിമുക്തി കേന്ദ്രത്തിലെ സൈക്യാട്രിസ്‌റ്റ്‌ ഡോ. ടോം വർഗീസ്‌ പറയുന്നു. എവിടെയും ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെയും അടങ്ങിനിൽക്കാൻ കഴിയാത്തതുമായ അവസ്ഥയാണ്‌ എഡിഎച്ച്‌ഡി. ഇത്‌ നാഡീവികാസത്തിലുണ്ടാകുന്ന വൈകല്യമാണ്‌. ഇത്‌ തിരിച്ചറിയാതെ കുട്ടികളെ നിരന്തരം വഴക്കുപറയുന്നത്‌ അവരിൽ ആഘാതമുണ്ടാക്കും. പഠനവൈകല്യവും സമാനരീതിയിലാണ്‌ തിരിച്ചറിയപ്പെടാതെ പോകുന്നത്‌. കുറ്റപ്പെടുത്തലും പരിഹാസവും മടുത്താകും ലഹരിയിൽ അഭയം തേടുക. ചികിത്സ തേടിയെത്തുന്നവരിൽ നല്ലൊരുപങ്ക്‌ ഈ വിഭാഗക്കാരാണ്‌. അഞ്ച്‌ വയസ്സിനുള്ളിൽ ഇത്‌ തിരിച്ചറിഞ്ഞ്‌ വേണ്ട ചികിത്സയും പരിചരണവും നൽകിയാൽ ലഹരിയിലേക്കെത്താനുള്ള സാധ്യത കുറയും.

ഇൻസ്‌റ്റഗ്രാം, ടെലഗ്രാം, 
വാട്‌സാപ് ഏറെ പ്രിയം
‘സാധനം’ വയ്‌ക്കേണ്ട സ്ഥലം സൂചിപ്പിച്ച്‌ വാട്‌സാപ്പിൽ സന്ദേശമെത്തും. പണം ഗൂഗിൾ പേ ചെയ്യണം. തൊട്ടുപുറകെ സ്ഥലത്തിന്റെ ഫോട്ടോ ലഭിക്കും. നേരിട്ട്‌ എടുക്കാം. ഇടനിലക്കാരനും വിൽക്കുന്നവനും ഉപയോഗിക്കുന്നവനും പരസ്‌പരം കാണാതെ എല്ലാം ഓൺലൈൻ. എളുപ്പത്തിലും രഹസ്യമായും ഉപയോഗിക്കാനുള്ള സാധ്യതയാണ്‌ സമൂഹമാധ്യമങ്ങൾ ഒരുക്കുന്നത്‌.  ഫോൺ നമ്പർപോലും കൈമാറാതെ ഇടപാട്‌ നടത്താമെന്നതിനാൽ ഇൻസ്‌റ്റഗ്രാം ഏറെ "സുരക്ഷിത'മായി കാണുന്നു. ടെലഗ്രാമിൽ ലഹരി ഉപയോഗിക്കുന്നവരുടെ ഗ്രൂപ്പുകളുണ്ട്‌. ഇതിൽ ഫോൺ ഹാക്കിങ്‌ ഉൾപ്പെടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുമുണ്ട്‌. ലഹരി  പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും സജീവം. അടുത്തിടെ കഞ്ചാവ്‌ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന പോസ്‌റ്റുകൾ യുട്യൂബ്‌ ചാനലിൽ പ്രചരിപ്പിച്ച മട്ടാഞ്ചേരി മാർട്ടിൻ എന്നയാളെ എക്‌സൈസ്‌ പിടികൂടിയിരുന്നു.
( തയ്യാറാക്കിയത്: എം ജഷീന )

‘ലഹരിപ്പഴ’ങ്ങൾ  
ഇനിയും വരുമെന്ന്‌ സൂചന
പഴം ഇറക്കുമതിയുടെ മറവിൽ ലഹരിമരുന്ന്‌ കടത്തിയതിന്‌ അറസ്‌റ്റിലായ കാലടി സ്വദേശി വിജിൻ വർഗീസിന്റെ പേരിൽ കൊച്ചി തുറമുഖത്ത്‌ കണ്ടെയ്‌നർ എത്തുമെന്ന്‌ സൂചന. ഇത്‌ പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് ഡിആർഐ. ഇയാളുടെ പേരിൽ വന്ന കണ്ടെയ്‌നറുകളുടെ വിവരവും അന്വേഷിക്കും. വിജിനെ മുംബൈയിൽ പിടികൂടിയതിന്റെ അടുത്തദിവസം കൊച്ചിയിലെത്തിയ പഴങ്ങൾ അടങ്ങിയ കണ്ടെയ്‌നർ അന്വേഷകസംഘം പരിശോധിച്ചിരുന്നു. തുടർച്ചയായി രണ്ടുതവണ വിജിന്റെ പേരിലെത്തിയ ലഹരിമരുന്ന്‌ പിടികൂടിയതിനാൽ ഇയാൾ റാക്കറ്റിന്റെ ഭാഗമാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ പറയുന്നു.

2017 മുതലാണ് കൊച്ചി തുറമുഖത്ത് കണ്ടെയ്നർ സ്കാനിങ് ഏർപ്പെടുത്തിയത്‌. വലിയ കണ്ടെയ്‌നറുകളിലുള്ള സാധനങ്ങൾക്കൊപ്പം ചെറിയ അളവിൽ ലഹരിവസ്തുക്കളോ മറ്റോ ഉണ്ടെങ്കിൽ കണ്ടെത്തുക ശ്രമകരമാണ്‌.  രേഖകളിൽ കാണിച്ചതല്ലാത്തവ കണ്ടെത്തിയാൽമാത്രമാണ്‌ തുറക്കുക.  നേരത്തേ സ്ക്രാപ്പ് ഇറക്കുമതിയുടെ മറവിൽ ലഹരി കടത്തിയത് കേന്ദ്ര ഏജൻസി പിടികൂടിയിരുന്നു.

സിനിമാ സ്‌റ്റൈൽ ചേസിങ് തലയോലപ്പറമ്പിൽ 
100 കിലോ കഞ്ചാവ്‌ പിടിച്ചു
ബംഗളൂരുവിൽനിന്ന്‌ കോട്ടയത്തേക്ക്‌ കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ്‌ സഹിതം രണ്ട്‌ പേരെ തലയോലപ്പറമ്പിൽ  പൊലീസ്‌ കാർപിന്തുടർന്ന്‌ പിടികൂടി.  കോട്ടയം കാണക്കാരി മാങ്കുഴക്കൽ രഞ്ജിത്‌ രാജു(26), ആർപ്പൂക്കര ചിറക്കൽ താഴെവീട്ടിൽ കെൻസ് സാബു(28) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഞായർ പുലർച്ചെ എറണാകുളം ഭാഗത്തുനിന്ന്‌ വന്ന കർണാടക രജിസ്ട്രേഷൻ എക്കോസ്പോട്ട് കാർ വെട്ടിക്കാട്ട് മുക്കില്‍ പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ച് മുന്നോട്ട്‌ പോയി. തുടര്‍ന്ന്‌ തലയോലപ്പറമ്പ് പൊലീസും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ആന്റി നാർക്കോട്ടിക് സ്ക്വാഡായ ഡെൻസാഫും ചേർന്ന്‌ ഡിബി കോളേജിന് സമീപം കാർ തടയുന്നതിനിടെ ഒരാള്‍ ഡോര്‍ തുറന്ന് ചാടി. ഇയാളെ ഓടിച്ചിട്ട് പിടിച്ചു. കെൻസ് സാബു നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top