13 July Monday

‘മയ്യിൽ മോഡൽ’ അഥവാ വിത്ത്‌ മുതൽ വിപണി വരെ

പി സുരേശൻUpdated: Saturday May 9, 2020


കണ്ണൂർ
മണ്ണറിഞ്ഞും വിത്തറിഞ്ഞും വിപണിയറിഞ്ഞുമുള്ള ‘മയ്യിൽ മോഡൽ’ നെൽകൃഷി രാജ്യത്തിനാകെ പ്രചോദനമെന്ന്‌ ‌വിശേഷിപ്പിച്ചത്‌ നബാർഡാണ്‌. ആ മാതൃക ഇന്നും തുടരുകയാണ്‌ ‌മയ്യിൽ പഞ്ചായത്ത്‌. ഈ കാർഷിക വിപ്ലവത്തിന്റെ ചാലക ശക്തി മയ്യിൽ റൈസ്‌ പ്രൊഡ്യൂസർ കമ്പനി (എംആർപിസി) യാണ്‌. ഇന്നിപ്പോൾ മയ്യിൽ പഞ്ചായത്ത്‌ സംസ്ഥാനത്തെ ആദ്യ സമ്പൂർണ തരിശുരഹിത പഞ്ചായത്തായി തലയുയർത്തി നിൽക്കുകയാണ്‌.

കോവിഡ്‌ കാലത്തും സ്വയം പര്യാപ്‌തതയിൽ വിട്ടുവീഴ്‌ചയ്ക്ക്‌ തയാറല്ല എംആർപിസി. ഇതിനായി മൂന്ന്‌ പ്രത്യേക പദ്ധതികളാണ്‌ കമ്പനി ആസൂത്രണം ചെയ്‌തത്‌. ‘ഒരുപിടി വിത്ത്‌ ഒരു മുറം നെ‌ല്ല്’ പദ്ധതിയാണ്‌ ഇതിൽ പ്രധാനം. പഞ്ചായത്തിലെ മുഴുവൻ വീട്ടുമുറ്റങ്ങളിലെയും ഒരു ഭാഗത്ത്‌ നെൽകൃഷി എന്നതാണ്‌ ലക്ഷ്യം. പയർ വർഗങ്ങളുടെയും കിഴങ്ങുവർഗങ്ങളുടയും കൃഷിയാണ്‌ മറ്റ്‌ രണ്ടു പദ്ധതികൾ. രണ്ടാംവിള നെൽ കൃഷിക്കുശേഷം കമ്പനിയുടെ നേതൃത്വത്തിൽ 314 ഏക്കറിൽ  വൻപയർ, ചെറുപയർ, ഉഴുന്ന്‌ എന്നിവ കൃഷിയിറക്കിയിരിക്കുകയാണ്‌. കിഴങ്ങു‌ കൃഷിക്കാണ്‌ ഇത്തവണ ഊന്നൽ‌. കണ്ണൂർ ജില്ലക്ക്‌ ആവശ്യമായ നെൽവിത്തിനുള്ള ‘വിത്തു‌ ഗ്രാമം’ പദ്ധതിയും തുടങ്ങിയിട്ടുണ്ട്‌.

2017 ജൂൺ എട്ടിനാണ്‌ മയ്യിൽ ആസ്ഥാനമായി റൈസ് പ്രൊഡ്യൂസർ കമ്പനി നിലവിൽവന്നത്‌. ഇപ്പോൾ 346 കൃഷിക്കാർ ഇതിന്റെ ഓഹരി ഉടമകളാണ്‌. പാടശേഖരങ്ങളുടെ അടിസ്ഥാന വികസനം, തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് കാർഷിക കർമസേന രൂപീകരിക്കൽ, ഗ്രൂപ്പ് ഫാമിങ്, ശാസ്ത്രീയ കൃഷി രീതി പ്രോത്സാഹിപ്പിക്കൽ, യന്ത്രവ‌ൽകൃത കൃഷി രീതി പരിശീലിപ്പിക്കൽ, മൂല്യവർധിത ഉൽപ്പന്നം നിർമിക്കൽ, ഉൽപ്പന്നങ്ങൾക്ക് യഥാസമയം ന്യായവില ലഭ്യമാക്കൽ, ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിക്കൽ  തുടങ്ങിയവയാണ്‌  കമ്പനിയുടെ പ്രധാന  ലക്ഷ്യമെന്ന്‌ എംഡി ടി കെ ബാലകൃഷ്‌ണൻ പറഞ്ഞു. 

നെൽകൃഷി ലാഭകരമല്ലെന്നു‌പറഞ്ഞ്‌ കർഷകർ പാടം വിടാൻ തുടങ്ങിയതോടെയാണ്‌ മയ്യിലിന്റെ കാർഷികസമൃദ്ധി അസ്‌തമിച്ചത്‌. 2017–-18ൽ 3092 ടൺ അരി ഉൽപ്പാദിപ്പിച്ച് സ്വയംപര്യാപ്‌തത വീണ്ടെടുത്തു. വീടുകളിൽ കുടിൽ വ്യവസായത്തിനായി 60 മിനി റൈസ് ‌മില്ലുകൾ തുടങ്ങി. ഇവിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ കമ്പനിയുടെ ഇക്കോ ഷോപ്പ്‌ വഴിയാണ്‌ വിൽക്കുന്നത്‌. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപുലീകരണത്തിന്‌ കൃഷി വിജ്ഞാൻ കേന്ദ്രയുടെ ശുപാർശയിൽ സംസ്ഥാന സർക്കാർ കമ്പനിക്ക്‌ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top