19 August Monday

തൊഴിലുറപ്പ‌് പദ്ധതി: കൂലിയിലും വിതരണത്തിലും സംസ്ഥാനം മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 9, 2019

 

തൊഴിലുറപ്പു   പദ്ധതിപ്രകാരം ഉയർന്ന കൂലി കൂടുതൽ വേഗത്തിൽ കൊടുത്തുതീർക്കുന്ന കാര്യത്തിൽസംംസ്ഥാനം ശ്രദ്ധ പുലർത്തുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ‌് പദ്ധതിയുടെ ഔദ്യോഗിക വെബ‌്സൈറ്റിൽ ഏറ്റുവും പുതുതായി ചേർത്ത കണക്കുകളാണ്‌ ഇതു വ്യക്തമാക്കുന്നത്‌.
ദേശീയ തൊഴിലുറപ്പ‌്  പദ്ധതിയിൽ പങ്കെടുക്കുന്ന തൊഴിലാളികൾക്ക‌് ഏറ്റവും കൂടുതൽ തുക (274.24 രൂപ) കൂലിയായി കൊടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ‌് കേരളം. അതോടൊപ്പം കൃത്യസമയത്ത‌് കൂലി ലഭ്യമാക്കുന്നതിലും കേരളം മുന്നിൽത്തന്നെയാണ‌്. ഈ കണക്കുപ്രകാരം 96 ശതമാനത്തിലധികം തൊഴിൽകാർഡ‌് ഉടമകളുടെ കൂലിയും കേരളം 15 ദിവസത്തിനകം കൊടുത്തുതീർത്തു.

കേരളത്തിനുപുറമെ ആന്ധ്രപ്രദേശ‌്, ഒഡീഷ, ഉത്തരാഖണ്ഡ‌്, തമിഴ‌്നാട‌്, ജാർഖണ്ഡ‌് എന്നീ സംസ്ഥാനങ്ങളും തൊഴിലാളികൾക്ക‌് കൃത്യസമയത്ത‌് കൂലി ലഭ്യമാക്കുന്നതിൽ ശ്രദ്ധാലുക്കളാണ‌്. ഗോവ, കേരളം, ഹരിയാണ എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ‌് 250 രൂപയിലധികം കൂലിയുള്ളത‌്. ഏറ്റവും ഉയർന്ന കൂലിയുള്ള (281.05 രൂപ) ഹരിയാനയിൽ 89 ശതമാനത്തിലധികം തൊഴിൽകാർഡ‌് ഉടമകളുടെ കൂലി മാത്രമേ ജോലി കഴിഞ്ഞ‌് 15 ദിവസത്തിനകം കൊടുത്തുതീർത്തിട്ടുള്ളൂ.

വികേന്ദ്രീകൃത ഭരണ സംവിധാനത്തിൽ, കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിന‌് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക‌് ചെറുതല്ല. ഗ്രാമീണ വികസന പദ്ധതികളിൽ പ്രധാനമായ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ‌് പദ്ധതി സുതാര്യമായും ഗ്രാമീണ മേഖലയിലെ ആളുകൾക്ക‌് ഏറ്റവും പ്രയോജനകരവുമായും നടത്തുന്നതിൽ അതത‌ു സംസ്ഥാന സർക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഇടപെടലുകൾ നിർണായകമാണ‌്. സ്രോതസ്സ‌്: www.nrega.nic.in

 

തയ്യാറാക്കിയത്‌ :
അഞ്്‌ജു മുരളി
സെന്റർ ഫോർ സോഷ്യോ എക്കണോമിക്‌ ആൻഡ്‌ എൻവയൺമെന്റൽ സ്‌റ്റഡീസ്‌ , കൊച്ചി   
 www.csesindia.org
 


പ്രധാന വാർത്തകൾ
 Top