22 July Monday

കുമ്മനത്തിന്റെ മടക്കം അടി പിള്ളയ്ക്ക്

ഇ എസ‌് സുഭാഷ‌്Updated: Saturday Mar 9, 2019

കൊല്ലം
കുമ്മനം രാജശേഖരൻ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതോടെ ബിജെപി ആർഎസ്എസിന്റെ പൂർണ നിയന്ത്രണത്തിലാകും. സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള പോലും അറിയാതെയാണ് കുമ്മനത്തിന്റെ മടങ്ങിവരവ്. പിള്ള അടക്കമുള്ളവർ വിവരം അറിഞ്ഞത് വാർത്താചാനലുകളിലൂടെയാണ്.  കുമ്മനത്തെ കേരളത്തിൽനിന്നു മാറ്റുന്നതിന് പ്രധാന ചരടുവലി നടത്തിയ വി മുരളീധരൻ പക്ഷെ, വരവ് സ്വാഗതം ചെയ്തു.  ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നതിന്റെ സൂചനയാണിത്. മുരളീധരപക്ഷത്തെ പ്രമുഖനായ കെ സുരേന്ദ്രൻ ആർഎസ്എസിന് സ്വീകാര്യനുമായി.

കുമ്മനംതിരിച്ചെത്തിയതോടെ കനത്ത നഷ്ടം പി എസ് ശ്രീധരൻപിള്ളയ്ക്കും ആർഎസ്എസ് ദേശീയ നേതൃത്വത്തിലെ കേരളത്തിൽനിന്നുള്ള ഒരു വിഭാഗത്തിനുമാണ്. നിലവിൽ ഗ്രൂപ്പ് പോര് മൂർച്ഛിച്ച ബിജെപി കേരളഘടകത്തിൽ കുമ്മനത്തിന്റെ വരവ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് കുമ്മനത്തെ എതിർക്കുന്ന വിഭാഗങ്ങളുടെ വിമർശനം. നിലവിലുള്ള ഭാരവാഹികളെ അപമാനിക്കുകയാണ് കേന്ദ്രനേതൃത്വമെന്നും ഒരുവിഭാഗം ആരോപിക്കുന്നു.

കുമ്മനത്തെ തിരിച്ചുകൊണ്ടുവരണമെന്ന് ആദ്യം ആവശ്യപ്പെട്ട പാർടി വക്താവ് എം എസ് കുമാറിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയത് പിള്ളയായിരുന്നു. പി ഗോപാലൻകുട്ടിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിന് എതിരായ നിലപാടെടുക്കുന്ന ദേശീയ കാര്യകാരി അംഗം എസ് സേതുമാധവനും ഈ തീരുമാനം കനത്ത അടിയായി. സേതുമാധവൻ ശ്രീധരൻപിള്ളപക്ഷത്തിനു വേണ്ടി നിലകൊള്ളുമ്പോൾ കേരള ഘടകം കുമ്മനത്തിനുവേണ്ടി നിലകൊള്ളുകയാണ്. ശ്രീധരൻപിള്ള പാർടി പ്രസിഡന്റായതിനു ശേഷം മുരളീധര വിഭാഗത്തെ ഒതുക്കുകയായിരുന്നു.

കെ സുരേന്ദ്രനെ യുവമോർച്ചയുടെ ചുമതലയിൽനിന്നു മാറ്റി. പാർടി, മോർച്ച ഭാരവാഹികളായ അഞ്ചോളം പേരെ സ്ഥാനത്തുനിന്ന് നീക്കി. കുമ്മനം ഒരു പരിധിവരെ എല്ലാവരെയും ഉൾക്കൊണ്ടിരുന്നുവെന്ന് ഇപ്പോൾ മുരളിവിഭാഗം പറയുന്നു. എന്നാൽ, ശോഭാ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ എന്നിവർ പിള്ളയോടൊപ്പം സജീവമാണ്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top